അപമാനക്കടല്‍ കടന്ന് ദ്യുതിയിറങ്ങുന്നു, ഇന്ത്യയുടെ അഭിമാനമാകാന്‍

ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണെന്ന് പറഞ്ഞ് രണ്ടു വര്‍ഷം മുന്‍പ് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ ദ്യുതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഗ്ലാസ്ഗോ കോമ്മണ്‍വെല്‍ത്ത് ഗെയിംസും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസും നഷ്ടമായി. പിന്നീട് നടന്ന മാരത്തണ്‍ നിയമപോരാട്ടത്തിലൂടെ ലോക കായിക ആര്‍ബിട്രേഷന്‍ കോടതി ഒഡിഷയിലെ ജയ്പുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി.

അപമാനക്കടല്‍ കടന്ന് ദ്യുതിയിറങ്ങുന്നു, ഇന്ത്യയുടെ അഭിമാനമാകാന്‍

നിരഞ്ജന്‍
അപമാനവും നാണക്കേടും മറികടന്ന് ദ്യുതി ഇന്ന് ട്രാക്കില്‍ ഇറങ്ങുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം 100 മീറ്ററില്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യന്‍ വനിതാ താരമായ ദ്യുതിയുടെ ഇന്നലെകള്‍ അത്രയ്ക്ക് സുഖകരമായിരുന്നില്ല. ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണെന്ന് പറഞ്ഞ് രണ്ടു വര്‍ഷം മുന്‍പ് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ ദ്യുതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഗ്ലാസ്ഗോ കോമ്മണ്‍വെല്‍ത്ത് ഗെയിംസും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസും നഷ്ടമായി. പിന്നീട് നടന്ന മാരത്തണ്‍ നിയമപോരാട്ടത്തിലൂടെ ലോക കായിക ആര്‍ബിട്രേഷന്‍ കോടതി ഒഡിഷയിലെ ജയ്പുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ കുറ്റവിമുക്തയാക്കി. ലോക കായിക കോടതിയുടെ വിധിയോടെ വനിതാ താരങ്ങളുടെ ശരീരത്തില്‍ അനുവദനീയമായ  ടെസ്റ്റോസ്റ്റിറോണിന്റെ അളവും ഐ.എ.എഫിന് പുനര്‍നിര്‍ണ്ണയിക്കേണ്ടിവന്നു. വിലക്ക് പിന്‍വലിച്ച ശേഷം നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ദ്യുതി മികച്ച പ്രകടനം നടത്തി. ഒടുവില്‍ കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന മീറ്റിലാണ് ഇന്ത്യയുടെ ഈ വനിതാ സ്പ്രിന്റ് താരത്തിന് ഒളിമ്പിക് യോഗ്യത കിട്ടിയത്. ഒറ്റദിനത്തില്‍ തന്റെ റെക്കോര്‍ഡ് രണ്ടുതവണ തിരുത്തിയ അത്ഭുത പ്രകടനത്തോടെയായിരുന്നു അത്.


പയ്യോളി എക്സ്പ്രസിന് ശേഷം

സാക്ഷാല്‍ പി.ടി. ഉഷയ്ക്ക് ശേഷം 36 വര്‍ഷം കഴിഞ്ഞ് നൂറുമീറ്റര്‍ ഇനത്തില്‍ ഒരാള്‍ യോഗ്യത നേടുമ്പോള്‍ അതിന് പ്രത്യേകതകളേറെ. 1980 മോസ്‌കോ ഒളിമ്പിക്സിലാണ് അവസാനമായി പി.ടി. ഉഷയിലൂടെ രാജ്യം നൂറുമീറ്ററില്‍ മത്സരിച്ചത്. ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്തിന്റെ ഉണര്‍വ് എന്നതിനപ്പുറം നൂറു മീറ്ററില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിത കൂടിയാണ് ദ്യുതി ചന്ദ്. പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് കണ്ടെത്തി ആണോ പെണ്ണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷന്‍ ദ്യുതിയെ മാറ്റി നിറുത്തിയപ്പോള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഈവിധം മാറ്റിനിറുത്തപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് കാസ്റ്റര്‍ സെമന്യ അവിടത്തെ അത്ലറ്റിക് ഫെഡറേഷന്റെ സഹായത്തോടെ നിയമപോരാട്ടം നടത്തി വിജയിച്ചിരുന്നു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗോപാല്‍പുരിലെ ദരിദ്ര കുടുംബാംഗമായ ദ്യുതിയെന്ന 20കാരിയും അന്താരാഷ്ട്ര ഫെഡറേഷനോട് നിയമം മൂലം കൊമ്പുകോര്‍ത്തത്. തന്റേതല്ലാത്ത കാരണത്താല്‍ അപമാനവും അവഗണനയും ദുരന്തവും പേറിയ ദ്യുതിക്ക് അനുകൂലമായി ലോക കായിക ലോകത്ത് നിന്നും മുറവിളിയുണ്ടായി. മനുഷ്യാവകാശ ലംഘനത്തിനെതിരെ പൊരുതി നേടിയ വിജയം വനിതാ അത്ലറ്റുകള്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ്.
സഹോദരി സരസ്വതിയുടെ പ്രേരണ കൊണ്ടാണ് ദ്യുതി ട്രാക്കില്‍ ഇറങ്ങിയത്. 2013ല്‍ 17-ആം വയസില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലം നേടിയതോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 2014ലെ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടി കോമ്മണ്‍വെല്‍ത്ത് ഗെയിംസിന് തയ്യാറെടുക്കുമ്പോഴാണ് നിരാശയിലാഴ്ത്തി വിലക്ക് വന്നത്. വിലക്കിന് ശേഷം പിന്നീട് ആദ്യമായി 2015ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിലാണ് പങ്കെടുത്തത്. മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശേഷം  മാധ്യമങ്ങളോട ദ്യുതി പ്രതികരിച്ചതിങ്ങനെ.എന്റെ രണ്ടാം ജന്മമാണിത്, ഞാന്‍ ആരെയും വഞ്ചിട്ടിട്ടില്ല. അര്‍ഹമല്ലാത്തതൊന്നും കവര്‍ന്നെടുത്തിട്ടില്ല. എന്റെ അസ്തിത്വം തെളിയിക്കാന്‍ എനിക്ക് ജയിക്കണമായിരുന്നു. പിന്നീടങ്ങോട്ട് ദ്യുതി തന്റെ പ്രകടനം ഓരോന്നായി മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. റിയോയില്‍ ദ്യുതി മത്സരിക്കാനിറങ്ങുമ്പോഴും ലോകം ഉറ്റുനോക്കുമെന്നുറപ്പ്. ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യന്‍ അത്ലറ്റും ദ്യുതി ചന്ദ് തന്നെയാകും.


എളുപ്പമാകില്ല മത്സരം

കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന കൊസാനോവ് മെമ്മോറിയല്‍ അന്താരാഷ്ട്ര മീറ്റില്‍ 11.30 സെക്കന്‍ഡില്‍ നൂറുമീറ്റര്‍ ഓടിത്തീര്‍ത്താണ് ദ്യുതി ഒളിമ്പിക്സ് യോഗ്യത കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ ഏപ്രില്‍ അവസാനം നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ 11.33 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും സെക്കന്‍ഡിന്റെ നൂറില്‍ ഒരംശം കൊണ്ട് യോഗ്യത നേടാനായില്ല. 11.32 സെക്കന്‍ഡ് എന്നതായിരുന്നു ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. എന്നാല്‍ അല്‍മാട്ടിയില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ച് താരം അതും സ്വന്തമാക്കി. എന്നാല്‍ ഒളിമ്പിക്സിലെ വേഗമേറിയ വനിതയെ കണ്ടെത്തുന്ന മത്സരത്തില്‍ കൂടുതല്‍ അദ്ധ്വാനിച്ചാല്‍ മാത്രമേ ഹീറ്റ്സില്‍ നിന്നും സെമിയിലെത്താന്‍ കഴിയൂ. ജമൈക്കന്‍ ആധിപത്യമാണ് വനിതാ സ്പ്രിന്റ് വിഭാഗത്തിലും തുടരുന്നത്. ജമൈക്കന്‍ ഫ്ളവര്‍ ഗേള്‍ എന്നറിയപ്പെടുന്ന ഷെല്ലി ആന്‍ഫ്രേസറും ജമൈക്കയുടെ തന്നെ എലാനി തോംസനും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന നൂറുമീറ്ററില്‍ നമ്മുടെ ദ്യുതിയും മിന്നിത്തിളങ്ങട്ടെ.