ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ രഹസ്യ രാഖികെട്ടല്‍ ; വിമര്‍ശിച്ച എഐഎസ്എഫ് നേതാവിന്‍റെ വീട്ടില്‍കയറി ആക്രമണം

ഒരു വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐയിലേക്ക് കൂറുമാറിയ ആര്‍എസ്എസ് അംഗങ്ങള്‍ക്ക് വേണ്ടിയാണ് കമ്മിറ്റി രാഖികെട്ടല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് സൂചന

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ രഹസ്യ രാഖികെട്ടല്‍ ; വിമര്‍ശിച്ച എഐഎസ്എഫ് നേതാവിന്‍റെ വീട്ടില്‍കയറി ആക്രമണം

ശാസ്താംകോട്ട : ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രഹസ്യമായി രാഖി കെട്ടല്‍. ചടങ്ങിന്റെ ചിത്രം ഫെയിസ് ബുക്കില്‍ പോസ്റ്റുചെയ്ത് വിമര്‍ശിച്ചതിന് എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയുടെ വീടുകയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയും ബിടെക്ക് വിദ്യാര്‍ത്ഥിയുമായ അഖിലിന്റെ മാതാപിതാക്കളായ ശൂരനാട് വടക്ക് കണ്ണംമ്പള്ളില്‍ രാമചന്ദ്രന്‍ നായര്‍ക്കും ലൈലക്കുമാണ് മര്‍ദ്ദനമേറ്റത്.


ശൂരനാട് ഡിവൈഎഫ്‌ഐ ഏരിയാ ട്രഷറര്‍ അനുവിന്റെ നേതൃത്വത്തിലാണ് രാഖികെട്ടല്‍ നടന്നത്. ഇതിന്റെ ഫോട്ടോ സഹിതമാണ് അഖില്‍ ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന്. വ്യാഴാഴ്ച രാത്രിയോടെ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് അരുണ്‍, ഡിവൈഎഫ്‌ഐ ശൂരനാട് വില്ലേജ് സെക്രട്ടറി മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം അഖിലിന്റെ വീട്ടില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ സിപിഐ വിമര്‍ശനത്തിനെതിരെ ശൂരനാട് ഗവ.എച്ച്എസ്എസിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ആദില്‍ ഫെയിസ് ബുക്കില്‍ പോസ്റ്റിടുകയും ഇതിനെചൊല്ലി വ്യാഴാഴ്ച രാവിലെ ആദിലിന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാജ്, യൂണിറ്റംഗം രഞ്ജിത്ത് എന്നിവരെ സ്‌ക്കൂളില്‍നിന്നും സസ്‌പെന്റ്  ചെയ്യുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.  ഇതിനിടെയാണ് അഖിലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.


വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റുകഴിയുന്ന രാമചന്ദ്രന്‍ നായരുടെ കാലിനും കൈകള്‍ക്കും ചതവേറ്റ് നീരുവച്ച നിലയിലാണ്. അമ്മയുടെ തലയ്ക്കാണ് പരിക്ക്. എന്നാല്‍ ഈ വിഷയത്തില്‍ ശൂരനാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. രാഖികെട്ടി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച ഡിവൈഎഫ്‌ഐയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ഇതുവരെ സിപിഎം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.ഒരു വര്‍ഷം മുമ്പ് ആര്‍എസ്എസിലെ ചില പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയിലേക്ക് ചേര്‍ന്നിരുന്നു. ഇവര്‍ക്കുവേണ്ടിയാണ് കമ്മിറ്റി രാഖികെട്ടല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന.