ദുബായ് വിമാനാപകടത്തിന്‍റെ കാരണം വ്യക്തമല്ല, യാത്രക്കാര്‍ സുരക്ഷിതര്‍, ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു

ലോകത്തെ നടുക്കിയ അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളം 4 മണിക്കൂറോളം അടച്ചിട്ടു. ഇന്ന് രാത്രിയോടെ ദുബായിലേക്കുള്ള ആകാശഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമം നടന്നു വരുന്നു.

ദുബായ് വിമാനാപകടത്തിന്‍റെ കാരണം വ്യക്തമല്ല, യാത്രക്കാര്‍ സുരക്ഷിതര്‍, ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്ടായ തീപിടുത്തത്തില്‍ മലയാളികളെല്ലാം സുരക്ഷിതരെന്ന് കേരള സര്‍ക്കാരിനെ ദുബായ് വിമാനത്താവള അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തിയ ഇകെ 521 വിമാനത്തിനാണ് ഇന്ന് ഉച്ചയോടെ ദുബായ് സമയം 12.55 ന് തീപിടിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.


വിമാനത്തില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് അഗ്നിശമന സേനാ ഉദ്യോഗസ്ഥനായ ജാസിം എന്ന യുഎഇ സ്വദേശി കൊല്ലപ്പെട്ടു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് എങ്കിലും, വിമാനം തീ പിടിക്കുവാനുള്ള കാരണം ഇനിയും വ്യക്തമല്ല.

20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 282 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. ഏകദേശം 60-ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വിമാന ജീവനക്കാര്‍ക്കും പരുക്കില്ല.

ലോകത്തെ നടുക്കിയ അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളം 4 മണിക്കൂറോളം അടച്ചിട്ടു. ഇന്ന് രാത്രിയോടെ ദുബായിലേക്കുള്ള ആകാശഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമം നടന്നു വരുന്നു.

വിമാനം ക്രാഷ് ലാന്‍ഡ്‌ ചെയ്യുന്നതിനു മുന്‍പായി പൈലറ്റ് യാതൊരു വിധ മുന്നറിയിപ്പുകളും നല്‍കിയില്ല എന്ന് യാത്രക്കാര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ടു, പൈലറ്റ് പതിവ് റണ്‍വെയില്‍ നിന്നും മാറ്റി വിമാനത്താവളത്തില്‍ നിന്നും ദൂരെ മാറിയാണ് ക്രാഷ് ലാന്‍ഡ്  ചെയ്തത്. അപകടത്തിന്‍റെ തീവ്രത കുറയ്ക്കാനും ഇതുമൂലം സാധിച്ചു എന്നും പറയപ്പെടുന്നു. അപകടകാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.