അടൂര്‍ പിന്നെയും പിന്നെയും പിന്നോട്ട്; അടൂരിനെ വിമര്‍ശിച്ചു ഡോ.ബിജു രംഗത്ത്

അടൂരിനെ വിമര്‍ശിച്ചു ഡോ.ബിജു രംഗത്ത്

അടൂര്‍ പിന്നെയും പിന്നെയും പിന്നോട്ട്; അടൂരിനെ വിമര്‍ശിച്ചു ഡോ.ബിജു രംഗത്ത്

ദിലീപ്–കാവ്യ മാധവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിഅടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു രംഗത്ത്. അടൂരിനെ പോലെ വിശ്വോത്തര ചലച്ചിത്രകാരനില്‍ നിന്നും 'പിന്നെയും' പ്രതീക്ഷിച്ചില്ലയെന്ന് ബിജു പറയുന്നു.നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമച്വർ സിനിമയാണ് പിന്നെയും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

"പിന്നെയും കണ്ടു ...അടൂരിലെ തിയറ്ററിൽ തന്നെയാണ് കണ്ടത് , കൂടുതലൊന്നും പറയാനില്ല. സാങ്കേതികമായി പോലും ഏറെ മോശമായ ഒരു സിനിമ ആണ് ഇത് , അതി നാടകീയത , കൃത്രിമത്വം. അസ്വാഭാവികമായ സംഭാഷണങ്ങൾ , ബാലിശമായ രംഗങ്ങൾ തുടങ്ങി മൊത്തത്തിൽ പത്തിരുപത് വർഷം മുൻപുള്ള ചില മോശം അമച്വർ സ്‌കൂൾ നാടകങ്ങൾ കാണുന്ന ഒരു തോന്നൽ. ദുബായിയിൽ എത്തുന്ന നായകനെ ഒരു ഫ്രയിമിൽ പോലും കാട്ടാതെ ദുബായിയുടെ സ്റ്റോക്ക് ഷോട്ട് കാട്ടി വോയിസ് ഓവറിൽ കഥ പറയുന്ന എളുപ്പത്തിലുള്ള തട്ടിപ്പ് പരിപാടികൾ സിനിമയിൽ ധാരാളം." ഡോ. ബിജു പറയുന്നു


വിധേയൻ എന്ന സിനിമയ്ക്ക് ശേഷം അടൂർ ചെയ്തു കൊണ്ടിരിക്കുന്നത് മലയാളത്തിലെ സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തലാണ് എന്ന് പറഞ്ഞ ഡോ. ബിജു ലോകമെമ്പാടുമുള്ള സമാന്തര സിനിമാ സങ്കൽപ്പം പ്രമേയപരമായും ആഖ്യാനപരമായും ഒട്ടേറെ മാറിയിട്ടും ലോക സിനിമയുടെ മാറ്റത്തോടൊപ്പം മാറാൻ സ്വയം കഴിയാതെ പോയ ഒരു മാസ്റ്റർ സംവിധായകനാണ് അടൂർ എന്നും പറയുന്നു.

ഒരു മാസ്റ്റർ ഫിലിം മേക്കർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകൾ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലയെന്നും  അമിത ഭക്തിയും വിധേയത്വവും ഭയവും കൊണ്ട് പിന്നെയുമെന്ന സിനിമ മഹത്തരം ആണെന്ന് സമർത്ഥിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവര്‍  മലയാള സിനിമയുടെ വർത്തമാനത്തോടും ഭാവിയോടും ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റ കൃത്യത്തിനാണ് കൂട്ട് നിൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.