"നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളത് ?": കറുത്ത വര്‍ഗ്ഗക്കാരോട് ട്രംപ്

അമേരിക്കക്കാര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതിനെക്കാള്‍ അധികമായി അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനാണ് ഹില്ലരി ക്ലിന്റണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തിയ ട്രംപ് ഇക്കുറി അധികാരത്തില്‍ വന്നാല്‍ 2020-ലെ ഇലക്ഷനില്‍ 95 ശതമാനം ആഫ്രിക്കന്‍ വംശജരുടെ വോട്ടുനേടുമെന്നും അവകാശപ്പെടുന്നു

"നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളത് ?": കറുത്ത വര്‍ഗ്ഗക്കാരോട് ട്രംപ്


ആഫ്രിക്കന്‍ വംശജരെ ആകര്‍ഷിക്കാന്‍ ശ്രമവുമായി ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രാചാരണവിഭാഗം തലവന്‍ പോള്‍ മാനഫോര്‍ട്ട് രാജിവച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ശ്രമമെന്നത് ശ്രദ്ധേയമാണ്.


മാനഫോര്‍ട്ടിന്റെ പ്രവര്‍ത്തനരീതികള്‍ ട്രംപിന് ദോഷമാണെന്ന അഭിപ്രായം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുയര്‍ന്നുവന്നതോടെയാണ് അദ്ദേഹത്തിന് പുറത്തേക്ക് വഴിതെളിഞ്ഞത്. ട്രംപിന്റെ പ്രചാരണരീതികളെപ്പറ്റി മോശം ധാരണ പരത്തുന്ന ചില ലേഖനങ്ങള്‍ വന്നതടക്കം റഷ്യന്‍-ഉക്രൈന്‍ കമ്പനികളും വ്യക്തികളുമായുള്ള മാനഫോര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


മാനഫോര്‍ട്ടിനെ 'ഊര്‍ജ്ജമില്ലാത്തവന്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാനഫോര്‍ട്ടിന്റെ രാജിയെത്തുടര്‍ന്ന് ട്രംപിന്റെ പ്രചാരണ രീതിയില്‍ കാര്യമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചത്തെ മാനഫോര്‍ട്ടിന്റെ രാജിക്കുശേഷം ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗം ശ്രദ്ധേയമായി.


കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ട് ലക്ഷ്യമാക്കി നടത്തിയ പ്രസംഗത്തില്‍ "നിങ്ങളുടെ സ്‌കൂളുകള്‍ നല്ലതല്ല, നിങ്ങള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്, നിങ്ങള്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്" എന്ന് ട്രപ് ചോദിച്ചിരുന്നു. ആഫ്രോ-അമേരിക്കക്കാരുടെ വോട്ടുകള്‍ ആകര്‍ഷിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ 2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിക്ക് കറുത്തവര്‍ഗ്ഗക്കാരുടെ ആറ് ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.


അമേരിക്കക്കാര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതിനെക്കാള്‍ അധികമായി അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനാണ് ഹില്ലരി ക്ലിന്റണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇക്കുറി അധികാരത്തില്‍ വന്നാല്‍ 2020-ലെ ഇലക്ഷനില്‍ 95 ശതമാനം ആഫ്രിക്കന്‍ വംശജരുടെ വോട്ടുനേടുമെന്നും അവകാശപ്പെട്ടു.


എന്നാല്‍ ട്രംപിന്റെ പ്രചാരണ ഗതിയിലുണ്ടായ വഴിത്തിരിവാണ് വെള്ളിയാഴ്ചത്തെ പ്രസംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മാനഫോര്‍ട്ട് രാജിവച്ചതോടെ ട്രംപിന്റെ പ്രചാരണ രീതികളില്‍ നിര്‍ണ്ണായകമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Story by
Read More >>