ജിംനാസ്റ്റി‌ക്സില്‍ നാലാം സ്ഥാനം; ജനഹൃദയങ്ങള്‍ കീഴടക്കി ദിപ മടങ്ങുന്നു

ദിപ കര്‍മാകറിനു തലനാരിഴയ്ക്കു മെഡല്‍ നഷ്ടമായി. ഒളിംപിക്‌സ് ജിംനാസ്റ്റി‌ക്സില്‍ ഇന്ത്യയ്ക്കു നാലാം സ്ഥാനം.

ജിംനാസ്റ്റി‌ക്സില്‍  നാലാം സ്ഥാനം; ജനഹൃദയങ്ങള്‍ കീഴടക്കി ദിപ മടങ്ങുന്നുറിയോ: ഒളിംപിക്‌സ് ജിംനാസ്റ്റി‌ക്സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ദിപ കര്‍മാകറിന് ഫൈനലില്‍ തലനാരിഴയ്ക്കു മെഡല്‍ നഷ്ടമായി. മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി ജന ഹൃദയങ്ങള്‍ കീഴടക്കിയാണ് ദിപ റിയോ വിടുന്നത്.

എട്ട് പേര്‍ മത്സരിച്ച ഫൈനലില്‍ 15.066 പോയിന്റ് നേടിയാണ് ദിപ നാലാമതെത്തിയത്. അമേരിക്കയുടെ സൈമണ്‍സ് ബൈല്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.  റഷ്യയുടെ മരിയ പസേക്ക വെള്ളിയും സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഗ്യുലിയ സ്റ്റെയിന്‍ഗുര്‍ബെര്‍ വെങ്കലവും നേടി.

ജിംനാസ്റ്റിക്‌സില്‍ ഒരു താരം പോലും മത്സരിക്കാനില്ലാത്ത രാജ്യത്തുനിന്ന് നാലാംസ്ഥാനം വരെയെത്തിയ ദിപയുടെ പ്രകടനത്തിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ഒളിമ്പിക് ജിംനാസ്റ്റിക്കില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമാണ് ദിപ. യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായിയാണ് ദിപ ഫൈനലിന് യോഗ്യത നേടിയത്.

ഫൈനലില്‍ ആറാമതായി മത്സരിച്ച ദീപ വോള്‍ട്ട് ഒന്നില്‍ 14.866 പോയിന്റും വോട്ട് രണ്ടില്‍ 15.266 പോയിന്റും നേടി. തന്റെ രണ്ട് ശ്രമങ്ങള്‍ക്ക്‌ ശേഷം രണ്ടാമതായിരുന്ന ദിപ പിന്നീട് മൂന്നാം സ്ഥാനത്തായി.പക്ഷെ അവസാനം മത്സരിക്കാനെത്തിയ അമേരിക്കയുടെ സിമോണ്‍ ബെയ്ല്‍സ് 15.966 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതോടെ ദിപ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ദിപയുടെ പ്രകടനത്തെ അഭിനന്ദിച്ചു ഒട്ടനവധി പ്രമുഖര്‍ രംഗത്തെത്തി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, ഗായിക ശ്രേയ ഘോഷാല്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ, ഷൂട്ടിങ് താരങ്ങളായ അഭിനവ് ബിന്ദ്ര, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബോളിവുഡ് താരങ്ങളായ അതിഥി റാവു, നേഹ ധൂപിയ എന്നിവരെല്ലാം ദിപയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു.നീ എന്റെ ഹീറോ ആണ് എന്നായിരുന്നു അഭിനവ് ബിന്ദ്രയുടെ ട്വീറ്റ്.