ധാക്ക കഫെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനടക്കം മൂന്ന് പേരെ ബംഗ്ലാദേശ് പോലീസ് വെടിവെച്ചുകൊന്നു

ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ ജമാഅത്തുള്‍ മുജാഹിദിന്‍ ബംഗ്ലാദേശ് എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഒളിത്താവളങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

ധാക്ക കഫെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനടക്കം മൂന്ന് പേരെ ബംഗ്ലാദേശ് പോലീസ് വെടിവെച്ചുകൊന്നു

ധാക്ക: ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ 28 പേരുടെ മരണത്തിനിടയാക്കിയ ധാക്ക കഫെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തമീം ചൗധരി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലും കാനഡയിലും പൗരത്വമുള്ള ഇയാളുടെ രണ്ട് കൂട്ടാളികളെയും ബംഗ്ലാദേശ് പോലീസ് വെടിവെച്ചുകൊന്നു. ധാക്കയിലെ ഒളിത്താവളത്തിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടലുണ്ടായത്. ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ ജമാഅത്തുള്‍ മുജാഹിദിന്‍ ബംഗ്ലാദേശ് എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഒളിത്താവളങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത്.


കാനഡയില്‍ സ്ഥിരതാമസമാക്കിയിരുന്ന ചൗധരി വിദേശ രാജ്യങ്ങളിലെ പൗരന്‍മാരുമായി സാമ്പത്തിക വിനിമയം നടത്തിയിരുന്നു. 2013ലാണ് ഇയാള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം ടാക്ക (17 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.

ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി അരിസ്റ്റണ്‍ കഫെയിലാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്നത്. ക്രൂഡ് ബോംബുകളും തോക്കുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരിയായ താരിഷി ജയിന്‍ അടക്കം 28ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഏറ്റെടുത്തിരുന്നു.

Read More >>