ദീപാ നിശാന്തിന്റെ വി കെ എന്നും ബഷീറും: പാളുന്ന സ്ത്രീഭാഷ

ദീപാ നിഷാന്തിനെ പയ്യനുമായി ഉപമിച്ചത് കമല്‍ ആണ്. സത്യത്തില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കില്‍ത്തന്നെ വരേണ്ടിയിരുന്നത് എഴുത്തുകാരിയില്‍ നിന്ന് തന്നെയായിരുന്നു. പക്ഷെ പാകത വരാത്തത് കൊണ്ടാകണം, ഇത് താന്‍ഡ്രാ പോലീസ് എന്ന മുറയ്ക്ക് ദീപ തന്നെ, 'ബഷീര്‍ ആണെടാ ബഷീര്‍' എന്ന് വിളിച്ചു കൂവുന്നത്. വേണ്ടായിരുന്നു എന്ന് തോന്നും.

ദീപാ നിശാന്തിന്റെ വി കെ എന്നും ബഷീറും: പാളുന്ന സ്ത്രീഭാഷ

ജോണി എം എല്‍

ശില്പി അശോകന്‍ പൊതുവാളാണ് വി കെ എന്നിനെ ഗൗരവമായി വായിക്കാന്‍ പഠിപ്പിച്ചത്. തൊണ്ണൂറുകളുടെ തുടക്കമായിരുന്നു അത്. വി കെ എന്നിനെ അതിനു മുന്‍പും വായിച്ചിരുന്നു. മദനന്‍ മാതൃഭൂമിയില്‍ വരച്ച വരയ്ക്കൊപ്പം. വരയുടെ പരമശിവനായ നമ്പൂതിരി വി കെ എന്‍ കഥാപാത്രങ്ങളെ വരയ്ക്കുന്നത് തൊണ്ണൂറ്റി ഏഴു മുതലാണ് കാണുന്നത്; എസ്.ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരുന്ന മലയാളം വാരികയില്‍. അക്കാലത്തു ഞാന്‍ എഴുതിയ കഥകള്‍ വി കെ എന്‍ ചുവയുള്ളവയായിരുന്നെന്നു ആദ്യ വായനക്കാരനായ അശോകന്‍ പൊതുവാള്‍ പറഞ്ഞതോടെ ഞാന്‍ കഥയെഴുത്ത് തന്നെ നിറുത്തി എന്ന് പറയാം. അശോകന്‍ മരിച്ചു പോയി. വി കെ എന്നും. പക്ഷെ രണ്ടു പേരും ഒപ്പമുണ്ടിപ്പോഴും. മനസ് മടുക്കുമ്പോള്‍ ഒരു വി കെ എന്‍ പുസ്തകം ഷെല്‍ഫില്‍ നിന്നെടുക്കും. അതോടെ ഒരു മഹായുദ്ധത്തെ നേരിടാനുള്ള ആത്മവിശ്വാസം വരും; ചിരിച്ചു കൊണ്ട് നേരിടാനുള്ള ആത്മവിശ്വാസം.


വി കെ എന്‍ സ്ത്രീ വിരുദ്ധന്‍ ആണെന്ന് പറയുന്ന വിമര്‍ശകരുണ്ട്. നമ്പൂതിരി സ്ത്രീ വിരുദ്ധനായ ചിത്രകാരന്‍ ആണെന്ന് പറയുന്നവരും ഉണ്ട്. നമ്പൂതിരിയുടെ വര കണ്ടു 'അവളെ ഇങ്ങോട്ടയയ്ക്ക്' എന്ന് പറയുന്ന വി കെ എന്‍ സ്ത്രീ വിരുദ്ധന്‍ ആണെന്ന് തോന്നിയിട്ടില്ല. നങ്ങേമയെ നന്നായി അറിയുന്നവര്‍ അവര്‍ കുടുംബത്തിനുള്ളിലും പുറത്തും വിധേയ ആണെന്ന് പറയില്ല. പക്ഷെ പയ്യന്‍ സ്ത്രീ ജിതനാണ്. എന്ന് കരുതി അയാള്‍ സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നതു കാണുന്നില്ല എങ്ങും. വെളുത്ത സാരി ഉരിഞ്ഞു മാറ്റുന്ന സുനന്ദയെ പയ്യന്‍ കാണുന്നത് മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വരുന്ന ചന്ദ്രനെ പോലെയാണ്. പയ്യന്‍ സര്‍വൈവര്‍ ആണ്. അത് കൊണ്ടാകണം ഈ അടുത്തിടെ ഒരു എഴുത്തുകാരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് അവരെക്കുറിച്ചു 'പെണ്‍പയ്യന്‍' എന്ന് വിശേഷിപ്പിച്ച മുഖ്യാതിഥിയെയും എഴുത്തുകാരിയെയും ഫേസ്ബുക്കില്‍ വി കെ എന്‍ ഫാനുകള്‍ ഊറായ്ക്കിട്ടത്.

പരാമൃഷ്ടയായ എഴുത്തുകാരിയുടെ പേര് ദീപ നിഷാന്ത്. പരാമൃഷ്ടനായ മുഖ്യാതിഥി സിനിമാ സംവിധായകന്‍ കമല്‍. രണ്ടു പേരുടെയും പുസ്തകങ്ങള്‍ (നനഞ്ഞു തീര്‍ത്ത മഴകള്‍ - ദീപ നിഷാന്ത്, ആത്മാവിന്‍ പുസ്തകത്തില്‍- കമല്‍. ആത്മാവിന്‍ പുസ്തകത്തില്‍ എന്ന പ്രയോഗം കമലിന്റെ തന്നെ തൊണ്ണൂറ്റി മൂന്നാം ആണ്ടിലെ മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്ന്. ഈ രണ്ടു പേരെയും ഇണക്കിയത് മഴ എന്നത് ഒരു വിധിവിളയാട്ടം) ഇറങ്ങുന്ന കാലം ആകയാല്‍ വിമര്‍ശനം പരോക്ഷ വിളംബരം കൂടിയായി. നല്ലത്.

book

രണ്ടു അര്‍ത്ഥങ്ങളില്‍ ആകാം ദീപ നിഷാന്തിനെ പെണ്‍പയ്യന്‍ എന്ന് കമല്‍ വിശേഷിപ്പിച്ചത്. ഒന്ന് വി കെ എന്നിന്റെ പയ്യനെ അനുസ്മരിപ്പിക്കുന്ന അതിജീവന തന്ത്രങ്ങള്‍.  രണ്ട്, വി കെ എന്നിനെ അനുസ്മരിപ്പിക്കുന്ന നര്‍മ്മബോധം. ഞാന്‍ ദീപാ നിഷാന്തിന്റെ പുസ്തകങ്ങള്‍ വായിക്കാത്ത വ്യക്തി ആയതിനാല്‍ സാഹിത്യഗുണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അധികാരം എനിയ്ക്കില്ല (സാഹിത്യ ഗുണത്തെ ശയ്യാ ഗുണം എന്നും പറയാറുണ്ട്. ഒരു എഴുത്തുകാരിയുടെ സാഹിത്യ സന്ദര്‍ഭത്തില്‍ ആ വാക്കു ഉപയോഗിച്ചാല്‍ സ്ത്രീ വിരുദ്ധതയ്ക്കു കേസുണ്ടാകും). പക്ഷെ
എന്നെ അതിശയിപ്പിച്ചത് മലയാള സാഹിത്യാസ്വാദകരിലെയും എഴുത്തുകാരിലെയും പാരമ്പര്യ വാദികളുടെ പ്രതികരണങ്ങളെയാണ്.
ദീപാ നിശാന്തിനും വി കെ എന്നും തമ്മിലൊരു താരതമ്യം അസാധ്യം. ഇനി അഥവാ അത് ചെയ്താല്‍ അത് അക്ഷന്തവ്യമായ തെറ്റല്ലേ എന്നീ നിലകളിലാണ് പ്രതികരണങ്ങളുടെ പോക്ക്. കമല്‍ വി കെ എന്നിനെ വായിച്ചത് ശരിയായിട്ടല്ലെന്നും ഒന്ന് കൂടി വായിക്കണം എന്നുള്ള നിര്‍ദ്ദേശവും സുബുദ്ധ്യാ ചിലര്‍ ഉപദേശിക്കുന്നുണ്ട്. കമലിനിതു നല്ല കാലമല്ല. നല്ല സിനിമകള്‍ കുറച്ചെണ്ണം ചെയ്തിട്ട് കൂടി, കമലിനെ കമാല്‍ ആക്കാന്‍ ഈ അടുത്തിടെ ശ്രമം ഉണ്ടായി. ദീപാ നിഷാന്തിന്റെ നേര്‍ക്കുള്ള സമീപനം ഒരു താരം യക്ഷി വേട്ടയ്ക്ക് സമമാണ്. അവരുടെ സാമൂഹികമായ ഇടപെടലുകളെ ഇഷ്ടമില്ലാത്തവരാണ് മിക്കവാറും സാഹിത്യ വിമര്‍ശകരുടെ അങ്കി (ലുങ്കി എന്നും വായിക്കാം) അണിഞ്ഞു വന്നിരിക്കുന്നത്.

ഫേസ്ബുക് സാഹിത്യ സദാചാര തൊഴിലാളികള്‍ക്ക് ദീപാ നിഷാന്തിനെ ഇഷ്ടപ്പെടാന്‍ വഴിയില്ല. എന്റെ ഓര്‍മ്മയില്‍ ദീപാ നിഷാന്ത് നില്‍ക്കുന്നത് 'അയ്യേ' എന്ന വാക്കിലാണ്. തെറ്റിദ്ധരിക്കരുതേ. അവര്‍ പതിനഞ്ചാം ആണ്ട് ഒക്ടോബറില്‍ ഒരു വിവാദത്തില്‍ പെടുന്നതോടെയാണ് പ്രശസ്തയാകുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയ ദീപ നിഷാന്ത് കോളേജ് ആരാധനാലയം അല്ല എന്ന് പോസ്റ്റ് ഇട്ടതിനു പിന്നാലെ ഉണ്ടായ വിവാദമാണ് അവരെ മാധ്യമ ശ്രദ്ധയില്‍ എത്തിച്ചത്. അവര്‍ക്കു ധാരാളം പിന്തുണ ഫേസ്ബുക്കില്‍ നിന്ന് തന്നെ ലഭിക്കുകയുണ്ടായി. അവരുടെ ഒരു ചിത്രം, വളരെ ബോധപൂര്‍വം തെരെഞ്ഞെടുത്തു പബ്ലിക് കണ്‍സംപ്ഷന്‍ അഥവാ പൊതു ഉപഭോഗത്തിനു വേണ്ടി ഫേസ്ബുക്കില്‍ അവര്‍ തന്നെ ഇട്ടത്, പ്രചരിച്ചതോടെയാണ് പിന്തുണ ഇരട്ടിച്ചത്. ഇതിനിടെ ഏതോ ഒരു വിരുതന്‍ അവരുടെ മറ്റൊരു ആംഗിളില്‍ ഉള്ള ഒരു ചിത്രം കണ്ടെത്തി പോസ്റ്റ് ചെയ്തു. അതിനു കിട്ടിയ ഫേസ്ബുക് കമന്റില്‍ ഏറ്റവും അധികം കണ്ട വാക്കായിരുന്നു 'അയ്യേ' .ദീപാ നിഷാന്തിന്റെ ആദ്യ ചിത്രം തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഗ്ലാമര്‍ കോഷ്യന്റ് തന്നെയാകണം കാരണം. അത് അവര്‍ക്കും
അറിയാം. കാരണം ഇവിടെ ഇമേജ് കണ്‍ട്രോള്‍ ചെയ്തിരിക്കുന്നത് അവ തന്നെയാണ്. യൂസഫലി കേച്ചേരിയുടെ ചിത്രം സാഹിത്യ കുതുകികള്‍ ഓര്‍ക്കുന്നുണ്ടാകും.

വി കെ എന്റെ മരണാന്തര പ്രതിച്ഛായ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്ന ഫേസ്ബുക് ടീമുകള്‍ വി കെ എന്‍ ഒരു കാലത്തും കാട്ടാതിരുന്ന സ്ത്രീ വിരുദ്ധത ആണ് കാണിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ദീപാ നിഷാന്തിനെ പയ്യനുമായി ഉപമിച്ചത് കമല്‍ ആണ്. സത്യത്തില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കില്‍ത്തന്നെ വരേണ്ടിയിരുന്നത് എഴുത്തുകാരിയില്‍ നിന്ന് തന്നെയായിരുന്നു. പക്ഷെ പാകത വരാത്തത് കൊണ്ടാകണം, ഇത് താന്‍ഡ്രാ പോലീസ് എന്ന മുറയ്ക്ക് ദീപ തന്നെ,
'ബഷീര്‍ ആണെടാ ബഷീര്‍'
എന്ന് വിളിച്ചു കൂവുന്നത്. വേണ്ടായിരുന്നു എന്ന് തോന്നും. ഈ അടുത്തിടെ ആണ് സാനിയാ മിര്‍സയുടെ ആത്മകഥ ഇറങ്ങിയത്. പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി 'എന്നാണു ഒരു അമ്മയാകുന്നത് ' എന്ന് സാനിയയോട് പ്രകാശന ചടങ്ങില്‍ ചോദിച്ചു. സാനിയ തിരികെ ചോദിച്ചത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. 'ഞാന്‍ ലോകത്തിലെ മികച്ച ടെന്നീസ് കളിക്കാരിയാവുക എന്നതിനേക്കാള്‍ നിങ്ങള്‍ ആകാംക്ഷപ്പെടുന്നത് എന്ത് കൊണ്ട് ഞാന്‍ അമ്മയാകുന്നില്ല എന്നതാണ്' ഇത് പുരുഷ നോട്ടമാണ്. സര്‍ദേശായി നിരുപാധികം മാപ്പു പറഞ്ഞു. അതാണ് ഇരുവരുടെയും സംസ്‌കാരം. അത് ദീപയ്ക്കില്ല. വി കെ എന്‍ അല്ലടാ ബഷീറാണെടാ എന്ന ഭള്ളു പറച്ചില്‍ ദീപ കൂടി പ്രതിനിധീകരിക്കുന്ന ഫെമിനിസ്റ്റ് വാദങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നു. എന്ത് കൊണ്ട് ദീപയ്ക്കു വി കെ എന്‍ അല്ലെങ്കില്‍ ബഷീറിന്റെ ഊന്നുവടി വേണ്ടി വരുന്നു? പ്രകാശനചടങ്ങില്‍ത്തന്നെ കമലിനോട് പൊതുവെ പറയാമായിരുന്നു, 'ആ പരാമര്‍ശം ഞാനൊരു അംഗീകാരമായി കണക്കാക്കുന്നു. പക്ഷെ എനിയ്ക്ക് അത് വേണ്ട എന്ന് സവിനയം പറയേണ്ടി വരുന്നു. പക്ഷെ ദീപ ഫെമിനിസ്റ്റ് ചിന്ത എന്തെന്ന് അറിയുന്ന ആളല്ല.

ഇത് പറയുക വഴി ഞാന്‍ ദീപയെ വി കെ എന്റെ പേരില്‍ ക്രൂശിക്കുന്നവരുടെ പാളയത്തില്‍ ചേരുകയല്ല ചെയ്യുന്നത്. വി കെ എന്‍ അവരുടെ ആരുടേയും കുത്തക അല്ല. വി കെ എന്നിനെ പോലെ എഴുതിയ മാര്‍ഷല്‍ മോഹന്‍ലാലിനെതിരെ വിനയന്‍ കൊണ്ട് വന്ന മദന്‍ലാലിനെ പോലെ അപ്രസക്തമാവുകയായിരുന്നു. വി കെ എന്‍ പരാമര്‍ശങ്ങള്‍ ദീപയുടെ സന്ദര്‍ഭത്തില്‍ ആയിക്കൂടാ എന്ന് പറയുന്നവര്‍ സാഹിത്യത്തിലെ താലിബാനുകളാണ്. അവര്‍ ദീപയെ മാത്രമല്ല ലളിതാംബികാ അന്തര്‍ജ്ജനത്തെ പോലും തിരുത്തിക്കളയും. പക്ഷെ ദീപയ്ക്കു തെറ്റി എന്ന് തന്നെ ഞാന്‍ പറയും കാരണം ദീപ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യബോധം (അത് സ്ത്രീവാദ പരമെന്നു ഞാന്‍ ധരിക്കുന്നു) ഭാഷയെ ആണ് ആദ്യമായി വിശകലനം ചെയ്യുന്നത്. ഭാഷ പ്രത്യയശാസ്ത്രത്തിന്റെ ഉപകരണം ആകയാല്‍, ഭാഷയിലാണ് പുരുഷ മേധാവിത്തവും സ്ത്രീ മേധാവിത്വവും ഒക്കെ കാണുന്നത്. യുഗങ്ങളായി പാകപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചുരുക്കെഴുത്താണ് ഭാഷ. ഈ കാഴ്ചയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ വി കെ എന്‍ സ്ത്രീ വിരുദ്ധ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ബഷീര്‍ സ്ത്രീകളുടെ ഭാഷയെ സഹാനുഭൂതിയോടെ കണ്ടവനാണെങ്കിലും മാനുഷിക ബന്ധങ്ങളെ അപനിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന് തിടുക്കം. അനുരാഗത്തിന്റെ ദിനങ്ങളില്‍ ആദ്യ ചുംബന സമയത്തു ബഷീര്‍ ഓര്‍ക്കുന്നത് അവളുടെ വായില്‍ നിന്ന് വന്ന ഗന്ധത്തെ ആയിരുന്നല്ലോ. ഒരു ഉദാഹരണം എടുത്തു കാട്ടി ദീപയുടെ ബഷീര്‍ അവകാശപ്പെടലിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ ബഷീര്‍ പോലും ദീപയുടെ സ്ഥായീഭാവം അല്ല എന്ന് എനിയ്ക്കു തോന്നുന്നു. ഭാഷയെ സ്വന്തം സന്ദര്‍ഭത്തില്‍ അപനിര്‍മ്മിക്കുകയോ ചോദ്യം ചെയ്യുകയോ ദീപ ചെയ്യുന്നില്ല.ദീപയുടെ കൃതികള്‍ വായിക്കാത്ത ഞാന്‍ എങ്ങിനെ ഇത് പറയും? വി എസ് നൈപാള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാദത്തില്‍ പെട്ടു: ഒരു കൃതിയുടെ ആദ്യത്തെ നാല് വാരി വായിച്ചാല്‍ അതെഴുതിയത് പെണ്ണാണോ ആണാണോ എന്നറിയാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. ലോകമായ ലോകങ്ങളിലുള്ള ഫെമിനിസ്റ്റുകള്‍ അദ്ദേഹത്തെ ചവിട്ടിക്കൂട്ടി. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ഒരു ശരിയുണ്ടായിരുന്നു. ഒരു ഫെമിനിസ്റ്റ് എഴുത്തുകാരി പുരുഷഭാഷ അല്ലെങ്കില്‍ പുരുഷന് അഭിമതമായ ഭാഷ ഉപയോഗിക്കില്ല. അല്ലാത്ത സ്ത്രീകള്‍ എഴുതുന്നതെല്ലാം ഒറ്റയടിയ്ക്കു മനസ്സിലാകും. നൈപാള്‍ പറഞ്ഞതില്‍ അല്‍പം സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നത് വാസ്തവം ആണെങ്കിലും സ്ത്രീകള്‍ എഴുതുന്നതിനെ തീര്‍ച്ചയായും ഒരാള്‍ക്ക് വേഗം മനസ്സിലാകും. അതില്‍ത്തന്നെയും മൂന്നു പ്രധാന എഴുത്തു രീതികള്‍ ഉണ്ട്. ഒന്ന്, പുരുഷന്റെ ഭാഷയില്‍ എഴുതുന്ന സ്ത്രീകള്‍, രണ്ടു, സ്ത്രീകളുടെ ഭാഷ എന്ന് വിളിച്ചു പറയുന്ന രീതിയില്‍ എഴുതുന്നവര്‍, മൂന്ന്, സ്ത്രീകളുടെ സൈദ്ധാന്തികവും വൈകാരികവും രാഷ്ട്രീയവും ഒക്കെ ആയ വിവിധ വിഷയങ്ങളെ എഴുതാന്‍ വേണ്ടി ഒരു സ്ത്രീ ബോധ്യം ഉള്ള ഭാഷ സൃഷ്ടിച്ചെടുക്കുന്നവര്‍. അതില്‍ മൂന്നാമത്തെ വിഭാഗത്തെയാണ് പൊതുവെ ഗൗരവമായി എടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ദീപ ഇതില്‍ രണ്ടാം വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുന്നത്.

ദീപയുടെ ഭാഷയെ ഞാന്‍ പഠിച്ചത് അവരുടെ ഫേസ്ബുക് ഉദീരണങ്ങളില്‍ നിന്നാണ്. ഫേസ്ബുക് ഭാഷയും അവര്‍ എഴുതുന്ന സാഹിത്യവും തമ്മില്‍ വലിയ വ്യത്യാസം ഇല്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്. പള്ളിയ്ക്ക് വേണ്ടി ഇങ്ങനെയും പള്ളിക്കൂടത്തിനു വേണ്ടി അങ്ങനെയും നമ്മള്‍ ഭാഷ മാറ്റാറില്ല. ദീപയുടെ ഫേസ്ബുക് ഉദീരണങ്ങള്‍ ആഘോഷപരമാണ്. അത് തെറ്റല്ല. അതില്‍ സ്വയം പൈങ്കിളിയാണ് എന്ന് അഭിമാനിക്കുന്നുണ്ട്. അതും തെറ്റല്ല. ആരോ അവര്‍ പൈങ്കിളി ആണെന്ന് പറഞ്ഞത് കൊണ്ടാകുമല്ലോ അതാകുന്നതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്നത്. അതൊരു രാഷ്ട്രീയ നിലപാടാണ്. ആരോടോ എന്തോ വിളിച്ചു പറയുകയാണ് ദീപ. വിദ്യാര്‍ത്ഥികളുടെ പ്രിയ അധ്യാപിക എന്ന ഒരു പ്രതിച്ഛായയെ ജീവിക്കാനുള്ള ശ്രമം ഈ എഴുത്തുകളില്‍ കാണാം. മാധവിക്കുട്ടിയുടെ ആത്മപരതയെ മറിച്ചിട്ടാല്‍ ദീപയായി. മാധവിക്കുട്ടിയുടെ പില്‍ക്കാല രചനകള്‍ പൈങ്കിളികളുടെ കൂട്ടക്കളി ആണ്. ഇത് പറയാന്‍ ഒരു മടിയുമില്ല എനിയ്ക്ക്. അതിനെ മാതൃകയാക്കി എഴുതുന്ന പെണ്ണെഴുത്തുകള്‍ സത്യത്തില്‍ അരോചകങ്ങളാണ്. ജെ ദേവിക, പ്രവീണ കോടോത്ത്, സാവിത്രി രാജീവന്‍ തുടങ്ങിയ വളരെ കുറച്ച് എഴുത്തുകാരികളേ കേരളത്തില്‍ ഭാഷയെ പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളൂ. കെ. ആര്‍ മീരയുടേത് ആണെഴുതുന്ന എഴുത്താണ് . മീരയുടെ സമകാലികരില്‍ പ്രിയ എ എസ് ആണ് സ്ത്രീ ഭാഷ ഉപയോഗിച്ചിട്ടുള്ളത്.
ദീപയുടെ ഭാഷ എടാ പോടാ ഭാഷയാണ്. അത് പ്രതിരോധത്തിന് പാകപ്പെടാത്ത ഭാഷയാണ്.


[caption id="attachment_35220" align="alignleft" width="300"]d ദീപ നിശാന്ത്[/caption]

ഫേസ്ബുക്കിലെ നിയോജകമണ്ഡലം, അവിടെ കിട്ടുന്ന ലൈക്കുകള്‍ തുടങ്ങിയവ പലരെയും തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഞാനെഴുതുന്ന മലയാളം രചനകള്‍ക്ക് നിരുപാധികം ലൈക്കടിക്കുന്ന പഞ്ചാബി സുഹൃത്തുക്കള്‍ എനിക്കുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ ഒരു പടമോ പോസ്റ്റോ ഇട്ടാല്‍ കിട്ടുന്ന ലൈക്കുകളുടെ എണ്ണം സച്ചിദാനന്ദന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് പോലും കിട്ടാറില്ല. ദീപ നിഷാന്തിന്റെ ഫാന്‍ ഫോളോവിങ് അവരുടെ സാഹിത്യത്തിനുള്ളതല്ല. ചില ഫേസ്ബുക്ക് കവികള്‍ ഒരു പത്തു ലൈക്കിനു വേണ്ടി ദിവസം മൂന്നു നേരം കവിത എഴുതി ഇടാറുണ്ട്. കൂടുതല്‍ ലൈക്ക് എന്നത് എഴുത്തുകാരെ തെറ്റിദ്ധരിപ്പിക്കും. ഓര്‍ഹന്‍ പാമുക് എഴുതുന്നത് എത്ര ലൈക് ഇന്ന് കിട്ടും എന്നുദ്ദേശിച്ചല്ല. പക്ഷെ ദീപ നിഷാന്തിന്റെ എഴുത്തു ഫേസ്ബുക് ഉദ്ദേശിച്ചുള്ളതാണ്. മീനാക്ഷി റെഡ്ഡി മാധവന്‍ പോലും പൊളിഞ്ഞു പോയ മേഖലയാണിത്. കഴിഞ്ഞ വര്‍ഷം ഒരു സ്റ്റേജ് വിവാദത്തില്‍ 'പ്രശസ്തയായ'ശ്രീദേവി കര്‍ത്തായും കഴിഞ്ഞ വാരം പടച്ചോന്റെ പേരില്‍ ഇടി കൊണ്ട ജിംഷാറും ഇന്ന് വിസ്മൃതരായിരിക്കുന്നു. ദീപയ്ക്ക് ആ ഗതി വരരുതെന്ന് വിചാരിക്കുന്നു (പട്രോനൈസ് ചെയ്യേണ്ട എന്ന് ഉത്തരം കിട്ടും എന്ന ഉറപ്പ് എനിയ്ക്കുണ്ട്). ആഴമില്ലാത്ത രചനകള്‍ക്കും വായനക്കാരുണ്ടാകും. കാലാതീതവര്‍ത്തികള്‍ക്കു വായനക്കാര്‍ ഉടനടി ഉണ്ടാകണം എന്നില്ല. 'ക്ഷൗരകീയമായ നാണത്തോടെ വായുവില്‍ ഒരു അമ്പട്ടന്‍ കത്തി പോലെ' ഉയര്‍ന്നു നില്‍ക്കുന്ന ഫേസ്ബുക് വിമര്‍ശനങ്ങളെ വിഗണിച്ച് കൊണ്ട് ദീപ നിഷാന്ത് തന്റെ ഭാഷയെ പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടത്.

പിന്‍കുറിപ്പ് : ഉഗ്രം തങ്കം കഥാം മേം (തൂറാന്‍ മുട്ടുന്നു)

നാണ്വര്  തൂറിക്കോളൂ. കോസടിയിലും നിലത്തുമെല്ലാം. ആകെ നാറട്ടെ.

(വി കെ എന്‍ )

Read More >>