പിറന്നാള്‍ മെഡല്‍ തേടി ദീപ കര്‍മ്മാക്കര്‍ ഇന്ന് റിയോയില്‍ ഇറങ്ങും

ഇന്ത്യയില്‍ നിന്നും ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരം എന്ന സവിശേഷത സ്വന്തമാക്കിയ ദീപ ചരിത്രത്തിലേക്കാണ് പറന്നുയരുന്നത്. ഏത് പ്രതിബദ്ധങ്ങളേയും നേരിടാനുള്ള മനസ് കൊണ്ടുമാത്രം റിയോയിലേക്ക് യോഗ്യത നേടിയ പെണ്‍കുട്ടി ഒളിമ്പിക് മെഡല്‍ കഴുത്തില്‍ അണിഞ്ഞാലും അത്ഭുതപ്പെടാനില്ല.

പിറന്നാള്‍ മെഡല്‍ തേടി ദീപ കര്‍മ്മാക്കര്‍ ഇന്ന് റിയോയില്‍ ഇറങ്ങും

നിരഞ്ജന്‍
മറ്റെന്നാള്‍ ദീപ കര്‍മ്മാക്കറിന് 23 വയസ് തികയും. അന്നവള്‍ ഒരു ഒളിമ്പിക് മെഡല്‍ കഴുത്തില്‍ അണിഞ്ഞു നില്‍ക്കണം. സ്വപ്നം കാണാന്‍ ഈ ത്രിപുരക്കാരി പെണ്‍കുട്ടിക്ക് അവകാശമുണ്ട്, കാരണം 52 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം ജിംനാസ്റ്റിക്സ് എന്നയിനത്തില്‍ ഒളിമ്പിക്സിന് ഇറങ്ങുന്നത് ഇവളിലൂടെയാണ്. 1964ല്‍ ടോക്യോയില്‍ ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ഇറങ്ങിയ ശേഷം കായികക്ഷമതയേറെ വേണ്ട ജിംനാസ്റ്റിക്സില്‍ ഒരു ഇന്ത്യന്‍ താരം ഇറങ്ങുന്നത് ഇപ്പോള്‍ റിയോയിലാണ്.


ഇന്ത്യയില്‍ നിന്നും ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരം എന്ന സവിശേഷത സ്വന്തമാക്കിയ ദീപ ചരിത്രത്തിലേക്കാണ് പറന്നുയരുന്നത്. രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷ കൂടിയാണ് ദീപ. ഇന്ന് വൈകീട്ട് ആറിനാണ് ദീപ തന്റെ പ്രാഥമിക റൗണ്ടിനായി റിയോയില്‍ ഇറങ്ങുന്നത്. ഏത് പ്രതിബദ്ധങ്ങളേയും നേരിടാനുള്ള മനസ് കൊണ്ടുമാത്രം റിയോയിലേക്ക് യോഗ്യത നേടിയ പെണ്‍കുട്ടി ഒളിമ്പിക് മെഡല്‍ കഴുത്തില്‍ അണിഞ്ഞാലും അത്ഭുതപ്പെടാനില്ല.

പ്രൊഡുനോവ വോള്‍ട്ട്

വോള്‍ട്ടിന് മുകളിലൂടെ രണ്ടുതവണ കരണം മറിഞ്ഞ് നിലത്ത് രണ്ടു കാലില്‍ ലാന്‍ഡ് ചെയ്യുന്ന അപൂര്‍വ ഇനമാണ് പ്രൊഡുനോവ വോള്‍ട്ട്. ജിംനാസ്റ്റിക്സിലെ തന്നെ ഏറ്റവും വിഷമകരമായ ഐറ്റം. 2014 ഗ്ലാസ്ഗോ കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ തന്റെ 20-ആം വയസില്‍ തന്നെ ഈ ഐറ്റം ചെയ്ത് ദീപ ലോകത്തെ ഞെട്ടിച്ചിരുന്നു. ആ ഗെയിംസില്‍ വെങ്കലവും ദീപ നേടി. പ്രൊഡുനോവ വോള്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയ ലോകത്തെ മൂന്ന് ജിംനാസ്റ്റുകളില്‍ ഒരാള്‍ എന്ന അപൂര്‍വ ബഹുമതിയും അന്ന് കൗമാരം വിടാത്ത പെണ്‍കുട്ടി സ്വന്തമാക്കി. യോഗ്യതാ മത്സരങ്ങളില്‍ 59.698 പോയിന്റ് നേടിയാണ് റിയോ ഒളിമ്പിക്സിലെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലെ വ്യക്തിഗത വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

ഇന്ത്യയുടെ അത്ഭുതം

deepa-karmakar-1

2014ലെ ഗ്ലാസ്ഗോ കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ ദീപ കര്‍മ്മാക്കറെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അത്ഭുതമെന്ന് ആദ്യം വിശേഷിപ്പിച്ചത്. കായികലോകത്തില്‍ ഇന്ത്യയുടെ അത്ഭുതം തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ദീപ. തന്റെ 13 ാം വയസിനുള്ളില്‍ 67 സ്വര്‍ണ്ണം ഉള്‍പ്പെടെ 77 മെഡലുകളാണ് ഈ ജിംനാസ്റ്റിസ്റ്റ് നേടിയത്. 2010 കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തെങ്കിലും ദീപയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. പിന്നീട് ഗ്ലാസ്ഗോയിലാണ് ദീപ വെങ്കലം അണിഞ്ഞത്. 2011ല്‍ നടന്ന ദേശീയ ഗെയിംസില്‍ ത്രിപുരയ്ക്ക് വേണ്ടി ഫ്ളോര്‍, വോള്‍ട്ട് ഇനത്തില്‍ അഞ്ചു സ്വര്‍ണ്ണമാണ് ദീപ നേടിയത്. പിന്നീട് 2015ല്‍ ഹിരോഷിമയില്‍ നടന്ന ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ദീപ വെങ്കലം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയ പ്രകടനമാണ് ഒളിമ്പിക്സ് യോഗ്യത നല്‍കിയത്. കോച്ച് കൂടിയായ അച്ഛന്റെ മാര്‍ഗനിര്‍ദേശമാണ് ആറാം വയസില്‍ തന്നെ ജിംനാസ്റ്റിക്സ് പരിശീലനത്തിലേക്ക് ദീപയെ നയിച്ചത്. ആ പരിശ്രമങ്ങള്‍ ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിലൂടെ ഫലപ്രാപ്തിയിലെത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

മറ്റിനങ്ങള്‍ ഇന്ന്

ഡബിള്‍സ് ടെന്നീസ് മത്സരങ്ങളിലും ടേബിള്‍ ടെന്നീസ് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ന് വനിതാ ഹോക്കി ടീം ഇറങ്ങുകയാണ്. വനിതാ ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെങ്കിലും 1980ലെ മോസ്‌കോ ഒളിമ്പിക്സിന് 36 വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യത നേടിയ വനിതകള്‍ നില മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. ഇന്ന് രാത്രി 7.30നാണ് ജപ്പാനുമായുള്ള വനിതാ ഹോക്കി ടീമിന്റെ ആദ്യ മത്സരം.

ഷൂട്ടിംഗില്‍ ട്രാപ് വിഭാഗത്തില്‍ മാനവ്ജീത്ത് സിംഗും ഖ്ന്യാനും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. വനിതാ വിഭാഗം ഷൂട്ടിംഗില്‍  10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇറങ്ങുന്ന ഹീന സിദ്ദു ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന താരമാണ്. 5.30നാണ് ഹീനയുടെ ക്വാളിഫിക്കേഷന്‍ റൗണ്ട്. വൈകീട്ട് ആറിന് പുരുഷന്‍മാരുടെ ട്രാപ് റൗണ്ടും നടക്കും. ഇതിലാണ് മാനവ്ജീത്തും ഖ്ന്യാനും മത്സരിക്കുന്നത്.

ക്വാര്‍ട്ടര്‍ പ്രവേശനം തേടി ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് സംഘവും ഇന്ന് റിയോയിലെ മൈതാനത്ത് ഇറങ്ങും. അവസാന എട്ടില്‍ ഇടം നേടുകയെന്ന ലക്ഷ്യവുമായി കൊളംബിയക്കെതിരെയാണ് ദീപിക കുമാരിയും ബോംബെയ്ലാ ദേവിയും ലക്ഷ്മിറാണി മാജിയും അടങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുന്നത്. ഇന്ന് വൈകീട്ട് 6.45നാണ് മത്സരം. അമ്പെയ്ത്ത് വനിതാ ടീം ഫൈനല്‍സും ഇന്ന് രാത്രി തന്നെ നടക്കുന്നതിനാല്‍ ഇന്ത്യ മത്സരത്തെ ഉറ്റുനോക്കുകയാണ്. രാജ്യത്തിന് വേണ്ടി ആദ്യ മെഡല്‍ ആര് നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യമൊട്ടാകെയുള്ള കായികപ്രേമികള്‍.