തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

തെരുവുനായ ശല്യത്തിന് കാരണം ശരിയായ രീതിയിലുള്ള വന്ധ്യംകരണ പദ്ധതികള്‍ നടക്കാത്തതാണെന്നും നായ്ക്കളെ കൊന്നൊടുക്കിയല്ല പ്രശ്‌ന പരിഹാരം കാണേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രശാന്ത് ഭൂഷണ്‍ കത്തയച്ചു. തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ കത്തില്‍ പറയുന്നു.

അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിച്ചതായി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെയും മന്ത്രി കെ രാജുവിന്റെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രശാന്ത് ഭൂഷണ്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കത്തില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.


മൃഗങ്ങളെ കൊല്ലരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രശാന്ത് ഭൂഷണിന്റെ കത്തില്‍ പറയുന്നു. തെരുവുനായ ശല്യത്തിന് കാരണം ശരിയായ രീതിയിലുള്ള വന്ധ്യംകരണ പദ്ധതികള്‍ നടക്കാത്തതാണെന്നും നായ്ക്കളെ കൊന്നൊടുക്കിയല്ല പ്രശ്‌ന പരിഹാരം കാണേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡും രംഗത്തെത്തിയിരുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്നും നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നുമായിരുന്നു മൃഗക്ഷേമ ബോര്‍ഡ് വ്യക്തമാക്കിയത്.

തെരുവുനായ്ക്കളുടെ ശല്യം നഗരത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മൃഗഡോക്ടര്‍മാരുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ച് നിയമം അനുശാസിക്കുന്ന രീതിയില്‍ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കാഞ്ഞിരംകുളത്ത് ശിലുഅമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്ന സംഭവത്തെത്തുടര്‍ന്ന് അക്രമകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊന്നുകളയാന്‍ തീരുമാനിച്ചതായി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിക്കുകയായിരുന്നു.

Read More >>