കന്നുകാലി ലോറികൾ തട്ടിയെടുത്ത് കാലികളെ ഗോശാലകളിലേയ്ക്ക് കടത്തുന്നതായി പരാതി; കാലികളെ ഗോശാലക്കാർ ബീഫ് കയറ്റുമതി കമ്പനികൾക്ക് വിൽക്കുന്നതായും ആരോപണം

ജന്തു പീഡനം ആരോപിച്ച് ഇന്ത്യയിൽ എവിടെ നിന്നും മൃഗങ്ങളെ പിടികൂടാൻ ഇത്തരം രജിസ്ട്രേഷൻ ഉളള സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നാണ് തട്ടിക്കൊണ്ടുപോകുന്നവരുടെ അവകാശവാദം.

കന്നുകാലി ലോറികൾ തട്ടിയെടുത്ത് കാലികളെ ഗോശാലകളിലേയ്ക്ക് കടത്തുന്നതായി പരാതി; കാലികളെ ഗോശാലക്കാർ ബീഫ് കയറ്റുമതി കമ്പനികൾക്ക് വിൽക്കുന്നതായും ആരോപണം

പാലക്കാട്: കേരളത്തിലേക്ക് ഇറച്ചിയ്ക്കു കൊണ്ടുവരുന്ന കന്നുകാലികളെ ലോറിയടക്കം തട്ടിയെടുത്ത് തമിഴ്നാട്ടിലും കർണാടകത്തിലുമുളള വമ്പൻ ഗോശാലകളിലേയ്ക്കു കടത്തുന്നതായി ആരോപണം. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 150 ലോഡുകൾ തട്ടിക്കൊണ്ടുപോയതു മൂലം ഏതാണ്ട് 40 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് കാലിക്കച്ചവടക്കാരുടെ പരാതി. തട്ടിക്കൊണ്ടു പോകുന്ന കന്നുകാലികളെ ഗോശാലകൾ ഉത്തരേന്ത്യയിലെ ബീഫ് കയറ്റുമതി കമ്പനികള്‍ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെന്നും അവർ ആരോപിക്കുന്നു.


പശുക്കളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനുമായി സ്ഥാപിച്ചിരിക്കുന്ന ഗോശാലകളിലേയ്ക്കാണ് ഇത്തരത്തിൽ തട്ടിയെടുക്കുന്ന പോത്തിനെയും എരുമയെയും മൂരിയെയും കൊണ്ടുപോകുന്നത്. അനിമല്‍വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ള ഗോശാലകൾക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് വലിയ ഫണ്ടു ലഭിക്കും. പശുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് ഫണ്ടും കൂടും. ഇതിനായി എണ്ണം പെരുപ്പിച്ചു കാട്ടാനാണ് മൃഗപീഡനം ആരോപിച്ച് മൂരിയെയും പോത്തിനെയും എരുമയെയും തട്ടിക്കൊണ്ടു പോകുന്നത്.

ജന്തു പീഡനം ആരോപിച്ച് ഇന്ത്യയിൽ എവിടെ നിന്നും മൃഗങ്ങളെ പിടികൂടാൻ ഇത്തരം രജിസ്ട്രേഷൻ ഉളള സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നാണ് തട്ടിക്കൊണ്ടുപോകുന്നവരുടെ അവകാശവാദം. മൃഗക്ഷേമം ഉറപ്പാക്കാനാണ് എന്നു വാദിക്കുന്നതുകൊണ്ട് പോലീസും ഇടപെടാറില്ല. കർണാടകത്തിലെ വമ്പൻ ഗോശാലകളുടെ സമീപത്തേക്ക് അപരിചതർക്ക് പ്രവേശിക്കാനാവില്ല. ഉന്നതരാഷ്ട്രീയക്കാരും പോലീസും അവർക്കു പിന്തുണ നൽകുന്നുണ്ട്.

കാലികളുമായി വരുന്ന ലോറികളെ ആഡംബര കാറുകളിലെത്തുന്ന ഗുണ്ടകളാണ് തട്ടിക്കൊണ്ടുപോകുന്നത്. ലോറി ഡ്രൈവറെയും ക്ലീനറെയും പിടിച്ചിറക്കി പണവും മൊബൈലും തട്ടിയെടുത്ത് ലോറിയുമായി അവർ കടന്നുകളയും. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ലോറി ജീവനക്കാർക്ക് മണിക്കൂറുകൾ കഴിഞ്ഞേ വിവരം മറ്റുളളവരെ അറിയിക്കാൻ കഴിയൂ. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നിട്ടും വലിയ കാര്യമില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഇനിയഥവാ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്താലും കേസു നടത്തി കാലികളെ വീണ്ടെടുക്കുന്നത് വൻ നഷ്ടക്കച്ചവടമാണ്.

cowകോടതിയുടെ കസ്റ്റഡിയിലുളള ഓരോ കന്നിനും പ്രതിദിനം 500 രൂപയോളം നോക്കുകൂലി കൊടുക്കേണ്ടി വരും. കേസിൽ തീർപ്പാകാൻ രണ്ടു മാസമെങ്കിലും പിടിക്കും. ഒരു കന്നിനു മാത്രം 30000 രൂപ സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടി വരും. ഒരു ലോറിയിൽ 25 കന്നുണ്ടെങ്കിൽ ഈ തുക ലക്ഷങ്ങളായി ഉയരും. അതുകൊണ്ട് തട്ടിക്കൊണ്ടു പോകുന്ന ലോറിയ്ക്കു പിന്നാലെ പോയി കന്നിനെ വീണ്ടെടുക്കുന്നത് കച്ചവടക്കാർക്ക് പിന്നെയും ഭാരിച്ച സാമ്പത്തികബാധ്യത വരുത്തും. അതുകൊണ്ട് ആരും അതിനു ശ്രമിക്കാറില്ല.

കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോറികള്‍ അതേ പോലെ തട്ടിക്കൊണ്ടു പോകുന്നത് തമിഴ്‌നാട്ടിലേയും കര്‍ണാടത്തിലേയും ഗോശാലകളിലേക്കാണ്. ബാഗ്ലൂര്‍ ഗോരക്ഷാന്‍ ശാല (ആര്‍), ശ്രീഭവന്‍ മഹാവീര്‍ ഗോശാല കോയമ്പത്തൂര്‍, ശിവഗണേഷ് ഗാര്‍ട്ട്യാന്‍ വെല്ലിഗോരി ഗോശാല, അരുണ്‍ പ്രസന്ന കാറ്റില്‍ ഓഫ് ഇന്ത്യ തുടങ്ങി 15 ലേറെ ഗോശാലകള്‍ പ്രവർത്തിക്കുന്നുണ്ട്.

ബാംഗ്ലൂരൂരില്‍ ബൊമ്മനഹല്ലിയില്‍ മങ്ക മാറണ പാല്യ റോഡില്‍ എല്‍.ഐ ക്രോസ്സില്‍ താമസിക്കുന്ന ജോഷിന്‍ ആന്റണി എന്ന സ്ത്രീയും കൂട്ടരുമാണ് ഒട്ടു മിക്ക ഗോശാലകളുടേയും ഉടമസ്ഥര്‍. ഇവരുടെ ഗോശാലകള്‍ക്ക് അനിമല്‍വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും ഉണ്ട്. 343/40 41 എന്ന രജിസ്ട്രേഷൻ നമ്പരിൽ പ്രവർത്തിക്കുന്ന ഗോശാലയിൽ ആയിരത്തി അഞ്ഞൂറോളം പശുക്കളുണ്ട്. ആയിരത്തി അഞ്ഞൂറിലേറെ കന്നുകാലികളുമായി നല്ല രീതിയില്‍ നടത്തുന്ന ഗോശാലയാണെന്നും ട്രസ്റ്റാണ് ഇത് നടത്തുന്നതെന്നും പ്രത്യേകിച്ച് ഉടമസ്ഥരില്ലെന്നുമായിരുന്നു നാരദാ ന്യൂസിനോടു മാനേജരുടെ മറുപടി. എന്നാൽ വിശദമായ ചോദ്യങ്ങളിൽ നിന്ന് മാനേജര്‍ ഒഴിഞ്ഞു മാറി. കന്നുകാലികളെ തങ്ങൾ പിടിച്ചു കൊണ്ടു വരുന്നില്ലെന്നും മൃഗങ്ങള്‍ക്ക് ദോഷം വരുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇടപെടാറുണ്ടെന്നും അയാള്‍ പറഞ്ഞു. ഈ ഇടപെടലുകളാണ് തങ്ങൾക്ക് 40 കോടിയുടെ നഷ്ടമുണ്ടാക്കിയത് എന്നാണ് പാലക്കാട്ടെ കന്നുകാലി കച്ചവടക്കാരുടെ പരാതി.

Read More >>