സ്വപ്നനഗരിയിലെ കോമഡിയും ബൈപ്പാസിലെ മൃതശരീരവും; കേരളം എന്ന തിരക്കഥ

ജീവിച്ചിരിക്കെ തങ്ങളുടെ ബലതന്ത്രങ്ങൾക്കും ഭാവുകത്വങ്ങൾക്കും വിധേയനായി നിന്ന ഒരാളുടെ മൃതദേഹം തങ്ങളുടെ തീരുമാനത്തിന് കീഴ്‌പ്പെട്ട് കുറച്ചധികം മണിക്കൂർ ആശുപത്രിയിലും ബൈപ്പാസിലും കാത്തുകെട്ടിക്കിടന്നാൽ എന്താണ് അതിൽ തെറ്റുള്ളത് എന്നാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന അധികാരികളും സംഘടനക്കാരും ചോദിച്ചത്. തങ്ങൾ പറയുമ്പോൾ നിങ്ങൾ ചിരിച്ചുകൊള്ളണം, അല്ലെങ്കിൽ കരഞ്ഞു കൊള്ളണം, അതുമല്ലെങ്കിൽ രോഷം കൊള്ളണം എന്ന ആജ്ഞ പോലെയാണ് മിക്ക സിനിമാകച്ചവടക്കാരുടെയും മനോഭാവം. അതുകൊണ്ടാണ്, പത്തു മണിക്കൂർ നേരം തങ്ങളിൽ തന്നെ ഒരുവനായ ഒരാളുടെ മരണത്തെ രഹസ്യമാക്കി വെച്ച്, കോമഡി ഷോ തുടരാനും വിജയിപ്പിക്കാനും ഇവർ തീരുമാനിച്ചത്. ജി പി രാമചന്ദ്രന്‍ എഴുതുന്നു.

സ്വപ്നനഗരിയിലെ കോമഡിയും ബൈപ്പാസിലെ മൃതശരീരവും; കേരളം എന്ന തിരക്കഥ

ജി പി രാമചന്ദ്രൻ

സ്വന്തം ജീവിതത്തിനിടെ അഭിമുഖീകരിച്ച വിചിത്രമായ യാഥാർത്ഥ്യങ്ങളാണ് ടി എ റസാക്ക് തന്റെ കഥകൾക്കും തിരക്കഥകൾക്കും ഉപോദ്ബലകമാക്കിയത്. മുഖ്യധാരയോട് ചേർന്നു നിന്ന് അതിന്റെ നിയമങ്ങളും നിബന്ധനകളും അധികാരവാഴ്ചകളും താരാധിപത്യവും എല്ലാം അംഗീകരിച്ചുകൊണ്ട് പ്രവർത്തിച്ച ഒരു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കെ തങ്ങളുടെ ബലതന്ത്രങ്ങൾക്കും ഭാവുകത്വങ്ങൾക്കും വിധേയനായി നിന്ന ഒരാളുടെ മൃതദേഹം തങ്ങളുടെ തീരുമാനത്തിന് കീഴ്‌പ്പെട്ട് കുറച്ചധികം മണിക്കൂർ ആശുപത്രിയിലും ബൈപ്പാസിലും കാത്തുകെട്ടിക്കിടന്നാൽ എന്താണ് അതിൽ തെറ്റുള്ളത് എന്നാണ് മലയാള സിനിമയെ നിയന്ത്രിക്കുന്ന അധികാരികളും സംഘടനക്കാരും ചോദിച്ചത്. തങ്ങൾ പറയുമ്പോൾ നിങ്ങൾ ചിരിച്ചുകൊള്ളണം, അല്ലെങ്കിൽ കരഞ്ഞു കൊള്ളണം, അതുമല്ലെങ്കിൽ രോഷം കൊള്ളണം എന്ന ആജ്ഞ പോലെയാണ് മിക്ക സിനിമാകച്ചവടക്കാരുടെയും മനോഭാവം. അതുകൊണ്ടാണ്, പത്തു മണിക്കൂർ നേരം തങ്ങളിൽ തന്നെ ഒരുവനായ ഒരാളുടെ മരണത്തെ രഹസ്യമാക്കി വെച്ച്, കോമഡി ഷോ തുടരാനും വിജയിപ്പിക്കാനും ഇവർ തീരുമാനിച്ചത്.


അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച മൂർത്തിയായ ഇന്ദുചൂഡൻ എന്ന നരസിംഹം (മോഹൻലാൽ), ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്യാനായി കൊണ്ടുവന്ന ഒരു പരേതാത്മാവിന്റെ ചിതാഭസ്മത്തെ അതിനനുവദിക്കാതെ ആട്ടിയോടിക്കുന്ന ദൃശ്യം നരസിംഹ (രഞ്ജിത്/ഷാജി കൈലാസ്/2000)ത്തിലുണ്ട്. പവിത്രാ, ഒരു മകന്റെ കർമ്മമാണ്, അച്ഛന് യഥാവിധി അന്ത്യകർമ്മങ്ങൾ ചെയ്യുക എന്നത്. പക്ഷേ, മണപ്പുള്ളി മാധവൻ നമ്പ്യാർ എന്ന മഹാപാപിയും സർവോപരി നാറിയുമായ നിന്റെ തന്തയുടെ എല്ലിൻ പൊടിയും മാംസം കത്തിയ ചാരവും പവിത്രമായ ഈ നദിയിൽ വീഴരുത്. അത് കളങ്കപ്പെട്ടു പോവും. ഒരു പിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ ഈ മണൽത്തിട്ട മാധവൻ നമ്പ്യാർക്ക് ഇനി ജന്മങ്ങൾ പലതു ജനിച്ചു മരിച്ചാലും തീണ്ടാപ്പാടകലെയാണ്. അതോണ്ട് പോ. പോയി വീടിന്റെ കന്നിക്കോണിലെ തെക്കെതൊടിയിലുള്ള തെങ്ങിന് തടംകോരി അതിലിട്ട് മൂട്.
എന്നൊക്കെയാണ് നരസിംഹം വെച്ചു കാച്ചിയത്. പോ മോനേ ദിനേശാ എന്നത് ഫ്രീ സമ്മാനവും.

ഇത്തരം ഡയലോഗുകളും മേധാവിത്തങ്ങളും കൊണ്ട് മലയാള സിനിമയുടെ തിരശ്ശീല നിറഞ്ഞാടിയ താര-സംവിധായക-തിരക്കഥാ രാജാക്കന്മാരാണ് കേരളത്തിൽ എന്ത് നടക്കണം എന്ന് തീരുമാനിക്കുക എന്ന സ്ഥിതി സംജാതമായിരിക്കുന്നു എന്നാണ് നടന്ന സംഭവം തെളിയിക്കുന്നത്. റസാഖ് അടക്കമുള്ള അവശകലാകാരന്മാരെ രക്ഷിക്കാനായി പാട്ടും കൂത്തും സ്‌കിറ്റും മിമിക്രിയുമടക്കമുള്ള സ്റ്റേജ് ഷോ തീരുമാനിച്ചതിനിടെ അതേ റസാഖ് മരിച്ചാൽ, തങ്ങളുടെ തിരക്കഥ മാറ്റിയെഴുതാൻ ഇതെന്താ സിനിമാ ഷൂട്ടിങ്ങാണോ എന്നായിരിക്കും പണ്ഡിതരുടെ മറുചോദ്യം.
അലി അക്ബറും
വിനയനും അടക്കമുള്ളവർ ഉന്നയിച്ചതും ഓൺലൈൻ പോർട്ടലുകളിലും അപൂർവം ചില ചാനലുകളിലും വന്ന ഈ വാർത്ത അഥവാ ഗോസിപ്പ് അഥവാ ആരോപണം നിഷേധിക്കാൻ ആരും തന്നെ തയ്യാറായില്ലെന്നു മാത്രമല്ല, ഇതിന്റെ കമന്റ് ബോക്‌സിലും ഈ വാർത്ത ഷെയർ ചെയ്തവരിൽ ചിലരുടെ സ്വകാര്യ ചാറ്റ് ബോക്‌സിലും ചില വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും ഇങ്ങനെ ചെയ്തതിനെ ന്യായീകരിച്ച് ചിലർ രംഗത്തു വരികയും ചെയ്തു.

കേരളത്തിൽ കഴിഞ്ഞ സർക്കാർ നിലനിന്നിരുന്ന കാലത്ത്, അതിനെ വാഴ്ത്തി ലാലിസം എന്ന ഒരു പരിപാടി തിരുവനന്തപുരത്ത് ഇക്കൂട്ടർ നടത്തുകയുണ്ടായി. ബീഭത്സവും അത്യന്തം പരിതാപകരവുമായ പരാജയമാണ് ലാലിസം നേരിട്ടത്. മോഹൻലാൽ എന്ന ചലച്ചിത്രതാരത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ വേണ്ടി ഉണ്ടാക്കിയ ഒരു ഗൂഢാലോചനയായി ഈ പരാജയത്തെയോ പരാജയാരോപണത്തെയോ കരുതേണ്ടതില്ല. അദ്ദേഹം മികച്ച കഴിവുകളുള്ള ഒരു അഭിനേതാവാണെതിൽ സംശയമില്ലെങ്കിലും; കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി മോഹൻലാലിന്റെ കഥാപാത്രങ്ങളെ പിന്തുടർന്നു പോരുന്ന ഒരാളെന്ന നിലയിൽ അവ കേരള സമൂഹത്തിന്റെ പുരോഗമന-മതേതര-മതസൗഹാർദ- സംസ്‌ക്കാരത്തിനും ലിംഗനീതിക്കും വിപരീതമായിട്ടാണ് നിലകൊണ്ടതെന്ന കാര്യം ഇവിടെ എടുത്തു പറയാതിരിക്കാനാവില്ല. അതുകൊണ്ടു തന്നെ മഹാനടൻ, കാലാതീതൻ തുടങ്ങിയ പതിവു വിശേഷണങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുമില്ല. 1986ൽ രാജാവിന്റെ മകൻ എന്ന ചിത്രം പുറത്തുവന്നതോടെ, അധോലോക നായകന്റെ പരിവേഷമുള്ള അതിശക്തിമാന്മാരായ നായകന്മാരും തമ്പുരാക്കന്മാരും മറ്റുമായി മോഹൻലാൽ പരിണാമവിധേയനായി. സാധാരണത്വം നഷ്ടപ്പെടുത്തി അദ്ദേഹത്തെ അതിമാനുഷനായ ഒരു താരമാക്കി തിരശ്ശീലയുടെ ചതുരങ്ങൾക്കു പുറത്തേക്കു വ്യാപിപ്പിച്ചു. ഭൂമിയിലെ രാജാക്കന്മാർ, അടിവേരുകൾ, വാർത്ത, ചെപ്പ്, സർവകലാശാല, ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ, ആര്യൻ, നാടുവാഴികൾ, അധിപൻ, ദൗത്യം എന്നീ ചിത്രങ്ങളിലെ അതിനായക കഥാപാത്രങ്ങളും ഇതിനു പുറകെ വാണിജ്യവിജയം നേടി.

1987ൽ തൂവാനത്തുമ്പികളിലൂടെ ഒറ്റപ്പാലത്തിറങ്ങിയ മലയാള സിനിമാത്തീവണ്ടികളിലൊന്ന് പിന്നെ ആ പ്ലാറ്റ്ഫോം അധികം വിട്ടുപോയിട്ടില്ല. ജയകൃഷ്ണനായി അവിടെയിറങ്ങിയ മോഹൻലാൽ, മലയാള സിനിമയെ വിറപ്പിക്കുകയും ഐക്യകേരളം തന്നെ ശിഥിലീകരിച്ചില്ലാതാവുകയോ അറബിക്കടലിൽ താണു പോകുകയോ ആണ് ഭേദം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അറുപിന്തിരിപ്പൻ/വലതുപക്ഷ/ഫാസിസ്റ്റ് സിനിമകളിൽ നിറഞ്ഞാടുകയും ചെയ്തു. ജസ്റ്റിസ് തമ്പുരാന്റെ മകനായിപ്പിറക്കുകയും ഗ്രാമത്തിൽ നാടുവാഴിക്കർഷക സദാചാരമാന്യനും നഗരത്തിൽ അധോലോകരക്ഷിതാവും ആയി ഇരട്ട വേഷമണിയുന്ന ജയകൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ, തങ്ങൾ എന്നു വിളിക്കപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരനാണ് (ബാബു നമ്പൂതിരി).

ദേവാസുരം, നരസിംഹം, ആറാംതമ്പുരാൻ, ഉസ്താദ് എന്നീ സിനിമകളിലൊക്കെയുമായി മോഹൻലാൽ ആർത്തട്ടഹസിച്ച ഫ്യൂഡൽ തെമ്മാടിയുടെ ആദ്യപ്രരൂപം തൂവാനത്തുമ്പികളിലാണ് രൂപീകരിക്കപ്പെട്ടത്. 'കേരളീയത'യുടെ മുഖമുദ്രയായി ഇതിനകം നമ്മുടെ പൊതുബോധം സ്വാംശീകരിച്ച ഗ്രാമീണത, നിഷ്‌ക്കളങ്കത, സവർണ/ബ്രാഹ്മണ ഹൈന്ദവത, സ്ത്രീക്കുമേലുള്ള രക്ഷാകർതൃത്വം തുടങ്ങിയ മൂല്യങ്ങളെ നായകത്വത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന തമ്പുരാനായി മോഹൻലാൽ വാഴിക്കപ്പെട്ടു. നവഹൈന്ദവവാദത്തിന്റെ ആശയമേൽക്കോയ്മയും തൊണ്ണൂറുകളിൽ മോഹൻലാൽ നിറഞ്ഞാടിയ തമ്പുരാൻ കഥകളും തമ്മിലുള്ള പാരസ്പര്യം പ്രകടമായ ദേവാസുരം, അഭിമന്യു, അദ്വൈതം, രാജശിൽപി, കമലദളം, മായാമയൂരം, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, പവിത്രം, കാലാപാനി, ഗുരു, ആറാം തമ്പുരാൻ, ഹിസ് ഹൈനസ് അബ്ദുള്ള, അയാൾ കഥയെഴുതുകയാണ്, ഉസ്താദ്, വാനപ്രസ്ഥം, നരസിംഹം, ശ്രദ്ധ, പ്രജ, ഒന്നാമൻ, രാവണപ്രഭു, താണ്ഡവം, ചതുരംഗം, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഉടയോൻ, നരൻ, വടക്കുംനാഥൻ, കീർത്തിചക്ര, കുരുക്ഷേത്ര എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ, സവർണ്ണനും അതിമാനുഷനും തമ്പുരാനും ആയി മേലാളവേഷങ്ങളാടിത്തിമിർത്ത മോഹൻലാലിന്റെ പ്രതികാരവേഷങ്ങൾ കേരളീയ സാമൂഹ്യജീവിതത്തിലെ പുനരുത്ഥാനപ്രക്രിയക്ക് ആക്കം കൂട്ടി.

ഈ വലതുപക്ഷ/ഫാസിസ്റ്റ് വിജയാഘോഷം തിരശ്ശീലയിലെതു പോലെ പുറം സമൂഹത്തിലും നിലനിൽക്കുന്നുണ്ടെന്നാണ് മോഹൻലാലും ഫാൻസ് അസോസിയേഷൻകാരും അദ്ദേഹത്തെ സ്ഥാനത്തും അസ്ഥാനത്തും പ്രശംസിച്ചു നടക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും കരുതിയത്. ആ ചീട്ടുകൊട്ടാരം കൂടിയാണ് ചീഞ്ഞ കോഴിമുട്ട പോലെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനായി അവതരിപ്പിച്ചപ്പോൾ പൊട്ടിപ്പൊളിഞ്ഞത്. അത്രയും നല്ലതു തന്നെ.

എന്നാൽ മുഖ്യധാരാ വൃത്താന്ത പത്രങ്ങളും ചാനലുകളും ലാലിസം എന്ന ഈ അറുബോറൻ പരിപാടി മഹത്തരമാണെന്ന് കൈയും മെയ്യും മറന്ന് വിളിച്ചു കൂവി.

ചില ഉദാഹരണങ്ങൾ നോക്കുക:

lalisom1. ഉദ്ഘാടനത്തിനു പിന്നാലെ കാണികളെ കലാസ്വാദനത്തിന്റെ മാസ്മരികതയിലേക്ക് ആനയിച്ച അതിമനോഹരമായ കലാവിരുന്നായിരുന്നു പിന്നീട്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തേയും കണ്ണിമ പൂട്ടാതെ കണ്ട മനോഹരക്കാഴ്ചകളാണ് മോഹൻലാലും സംഘവും കരുതിവെച്ചിരുന്നത്. ഇന്ത്യൻ സിനിമയുടെ നാളിതു വരെയുള്ള ചരിത്രം പ്രതിപാദിച്ച ലാലിസം ഇന്ത്യ സിങ്ങിങ് കേരളക്കരയുടെ അഭിമാനപ്രകടനമായി.

2. ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പൽ നിറഞ്ഞു നിന്ന ചടങ്ങിന്, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരന്മാർ അണി നിരന്ന സംഗീത, ദൃശ്യ വിരുന്ന് ലാലിസം മാറ്റു കൂട്ടി.

3. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കലാപ്രകടനമായിരുന്നു പിന്നീട്. ആദ്യം കുഞ്ഞാലിമരക്കാരായി ചരിത്രത്തിലൂടെ സഞ്ചരിച്ച ലാൽ, പിന്നീട് ലാലിസം ബാൻഡ് ഷോയിലൂടെ ഇന്ത്യൻ സിനിമയുടെ പരിച്ഛേദം ഗ്യാലറികൾക്കു മുമ്പിൽ അവതരിപ്പിച്ചു. ഇവയിൽ കേരളത്തിന്റെ സംഗീതവും സംസ്‌ക്കാരവും കലയും പെരുമയോടെ നിറഞ്ഞാടി. ചാനലുകളിലും സമാനമായ വർണനകളായിരുന്നു.

ഫേസ്ബുക്കും വാട്‌സ് അപ്പും ട്വിറ്ററും ഗൂഗിൾ പ്ലസുമില്ലായിരുന്നെങ്കിൽ ഇതൊക്കെ വാസ്തവം എന്നല്ലേ സാമാന്യ മലയാളി വിശ്വസിച്ചിട്ടുണ്ടാവുക. രണ്ടായിരത്തി പതിനഞ്ചിലെ കേരളീയ ജീവിതം തന്നെ അതുവഴി അപ്രസക്തമാകുമായിരുന്നു. എന്നാൽ, നമ്മുടെ വിവേകവും ചരിത്രബോധവും കലാസ്വാദനമികവും വീണ്ടെടുത്തുകൊണ്ട് ഈ നവമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് മലയാളികൾ ലാലിസം എന്ന അശ്ലീലത്തിനെതിരെ ഒന്നടങ്കം രംഗത്തിറങ്ങി.

ചില ഉദാഹരണങ്ങൾ നോക്കുക:

1. ഇപ്പോൾ മനസ്സിലായി മോഹൻലാലിനെ എന്തിനു പട്ടാളത്തിൽ എടുത്തുവെന്ന്. അതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധം ഉണ്ടാകുമ്പോൾ അതിർത്തിയിൽ ലാലിസം അവതരിപ്പിച്ചാൽ അവർ സ്വയം വെടിവെച്ച് ചത്തോളും.

2. ഒറ്റ രാത്രി കൊണ്ടാണ് പണ്ട് ധാരാവി ഒഴിപ്പിച്ചതെങ്കിൽ തിരുവനന്തപുരത്ത് 2 മണിക്കൂർ ധാരാളം.

3. നാണമില്ലേ ലാലിസത്തെ കളിയാക്കി പോസ്റ്റ് ഇട്ട് നേരം കളയാൻ. ഒരു സംഗീത പരിപാടി ആയി കാണുന്നത് കാരണമാണ് ഈ പ്രശ്‌നങ്ങൾ എല്ലാം. അതിനെ ഒരു കോമഡി ഷോ ആയി കണ്ടു നോക്ക്. പ്രശ്‌നം തീർന്നില്ലേ!

4. ഈ ലാലിസം നാളുകൾക്ക് മുമ്പേ തുടങ്ങേണ്ട പരിപാടിയാണ്. ഈ ഗാനമേള ബാൻഡ് ഉള്ളിടത്തോളം കാലം താലിബാൻ പോയിട്ട് മാവോയിസ്റ്റുകൾ വരെ കേരളത്തിന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്.

5. മോഹൻലാൽ തന്നെ പാടാൻ വേദിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ മൈക്ക് എത്തും മുൻപേ റെക്കോർഡ് ചെയ്ത പാട്ട് തുടങ്ങിയപ്പോൾ ഗ്യാലറി കൂവി വിളിച്ചു. മോഹൻലാൽ ചുണ്ട് അനക്കി തുടങ്ങിയപ്പോൾ റെക്കോർഡ് മ്യൂസിക്ക് ഓഫാക്കുകയും ചെയ്തു. ഇതോടെ ലിപ്‌സിങ്കിന്റെ കള്ളി വെളിച്ചത്തായി. ഉദ്ഘാടനച്ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദർശൻ സ്റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ് ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.

6. വെറുപ്പിക്കൽ എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ടെങ്കിലും ആ വാക്ക് ഒരു അത്ഭുതമായി തോന്നിയത് ഇന്നലെയാണ്.

7. സെക്രട്ടറിയേറ്റിന് മുന്നിൽ ലാലിസത്തിന് ഒരു സ്ഥിരം വേദി കൊടുക്കാമായിരുന്നു, എങ്കിൽ സമരക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയോ ലാത്തിയോ ഒന്നും വേണ്ടിവരില്ല. (അമാന്യമായ വാക്കുകളും പ്രയോഗങ്ങളും നിറഞ്ഞ എത്രയോ കമന്റുകൾ ഇവിടെ എടുത്തെഴുതുന്നത് ശരിയല്ലല്ലോ).

പരമ്പരാഗത മാധ്യമങ്ങളായ വൃത്താന്ത പത്രങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും മേൽ നവ മാധ്യമങ്ങൾ നേടിയ അസാമാന്യമായ വിജയമാണ് ഈ പ്രശ്‌നത്തിൽ ചിന്തനീയമായി ശേഷിച്ചു നിൽക്കുന്നത്. പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് ഇത് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്:

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച അഭിപ്രായങ്ങൾ കേരളത്തിൽ പരമ്പരാഗത മാധ്യമങ്ങൾ പൂഴ്ത്തി വെക്കാൻ ശ്രമിച്ച അഭിപ്രായങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം പത്രത്താളുകളുടെ അതിരുകൾ ഭേദിച്ച് എങ്ങനെ പുറംലോകത്ത് എത്തുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സോഷ്യൽ മീഡിയ കാണിച്ചു തന്നത്. ഇതൊരു പാഠമായിരിക്കട്ടെ. ഒരു പത്രം കയ്യിലുണ്ടെങ്കിൽ ഈ ഭൂമി തലകീഴായി മറിക്കാം എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയി മക്കളെ. ലാലിസം എപ്പിസോഡിൽ നിന്നും മോഹൻലാലിനേക്കാൾ കൂടുതൽ പാഠം പഠിക്കേണ്ടത് പരമ്പരാഗത മാധ്യമങ്ങളാണെതാണ് വാസ്തവം. സമൂഹം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറാൻ ശ്രമിക്കാത്ത പക്ഷം പഴയ പ്രതാപത്തോടെ ഒരിഞ്ച് പിടിച്ചു നിൽക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഓർക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീന്റ്‌മെന്റുകൾ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്.


ആ എപ്പിസോഡ് എല്ലാവരും മറന്നു. ആ സർക്കാരും പിന്നീട് നിലംപതിച്ചു.

അതിനിടെ, കേന്ദ്ര സർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ജെഎൻയുവിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും സജീവമായ കാലത്താണ് മോഹൻലാൽ കുപ്രസിദ്ധമായ ബ്ലോഗെഴുതി പ്രസിദ്ധീകരിച്ചത്. ഇന്ത്യ മരിച്ചിട്ട് നാം ജീവിച്ചിട്ടെന്തു കാര്യം എന്നാരോ പറഞ്ഞിട്ടുണ്ടെന്നാണ് അതിലദ്ദേഹം പറഞ്ഞത്. ആരോ അല്ല, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യ മരിക്കുമ്പോൾ ആരാണ് ജീവിക്കുന്നത് എന്നും ഇന്ത്യ ജീവിക്കുമ്പോൾ ആരാണ് മരിക്കുന്നത് എന്നും ചോദിച്ചത്.

മോഹൻലാലിന് ആരോ ആയ നെഹ്‌റു, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമുന്നത നേതാവും സ്വതന്ത്ര ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്നു. ആധുനിക ഇന്ത്യയെ സംബന്ധിച്ച് ധിഷണാപരവും ആത്മാർത്ഥവും ഭാവനാത്മകവുമായ അനേകം ധാരണകളും പദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തെ ചേരിചേരാ രാഷ്ട്രങ്ങളെ സംഘടിപ്പിച്ച് അതിന്റെ നേതൃപദവിയിലിരുന്നതിലൂടെ ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുമ്പിൽ എത്രയോ മടങ്ങ് ഉയർത്താൻ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. ആര് ആർക്കെഴുതി എന്ന് വ്യക്തമാക്കാതെ ലാൽ സാർ പറയുന്ന ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, നെഹ്‌റു തന്റെ മകൾ ഇന്ദിരക്കയച്ച കത്തുകളുടെ സമാഹാരമാണ്.

സ്വാതന്ത്ര്യത്തെ സംബന്ധിച്ചും ജനാധിപത്യത്തെ സംബന്ധിച്ചും ദേശീയതയെ സംബന്ധിച്ചും ജീവിതത്തെ സംബന്ധിച്ചും മാനവികതയെ സംബന്ധിച്ചും രാഷ്ട്രത്തെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും എല്ലാം ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നിറഞ്ഞ ഈ കത്തുകൾ ലാൽ സാർ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവുമല്ലോ. ഇനി സമയം കിട്ടുമ്പോൾ, നെഹ്‌റു തന്നെ എഴുതിയ ലോകചരിത്ര സംഗ്രഹവും ഇന്ത്യയെ കണ്ടെത്തലും കൂടി ഒന്നു വായിക്കുന്നത് നല്ലതാണ്. അപ്പോൾ, നെഹ്‌റുവിന്റെ ദർശനങ്ങളും ലോകവീക്ഷണവും അനുസരിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നതിന് എന്ന് രേഖാമൂലം നിയമമുണ്ടാക്കിയിട്ട് സ്ഥാപിക്കപ്പെട്ട ദില്ലിയിലെ ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിൽ ചേരുന്നവരും പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പഠിച്ച് കഴിഞ്ഞ് പുറത്തിറങ്ങുന്നവരും പ്രകടിപ്പിക്കുന്ന സ്വതന്ത്ര-ജനാധിപത്യ-മാനവിക ബോധത്തിന്റെ അടിസ്ഥാനം എന്തെന്ന് മനസ്സിലാവും. ഫയർസൈഡിൽ അലസമായി കിടന്ന് വിസ്‌കി നുണഞ്ഞ് സർവകലാശാലയിലേക്ക് കാറോടിച്ചെത്തുന്നവരല്ല അവരിൽ ബഹുഭൂരിപക്ഷവും. അവർ രാത്രികളിൽ ഉറങ്ങുകപോലും ചെയ്യാതെയാണ് തങ്ങളുടെ പഠനകാര്യങ്ങളിൽ മുഴുകുന്നതെന്ന് ഒരിക്കലെങ്കിലും ജെഎൻയു സന്ദർശിച്ചാൽ അദ്ദേഹത്തിന് ബോധ്യമായേനെ.

അദ്ദേഹം നുണഞ്ഞ് പരിചയമുള്ള കോണ്യാക്ക് ബ്രാൻഡി ഒരു ലാർജ് കുടിക്കണമെങ്കിൽ, പഞ്ചനക്ഷത്ര ഹോട്ടലിൽ കൊടുക്കേണ്ട അതിന്റെ വിലയുടെയത്രയും സംഖ്യ മാസശമ്പളമായി ലഭിക്കുന്ന ഒരംഗൻവാടി അധ്യാപിക, ബീഹാറിലെ ബെഗുസരായ് ജില്ലയിലെ ചെറ്റക്കുടിലിൽ ജീവിച്ചിരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായിരുന്ന ഭർത്താവ് ശരീരം തളർന്ന് കിടപ്പിലാണ്. തണുപ്പകറ്റാൻ അവിടെ ഫയർസൈഡും ഇല്ല. പക്ഷേ ആ അമ്മയുടെ കനലിൽ കത്തുന്ന തീയുണ്ട്. കാരണം അവരുടെ മകന്റെ പേരാണ് കനയ്യകുമാർ. എഐഎസ്എഫുകാരനായതിനാൽ സഖാവ് എന്നും സംബോധന ചെയ്യാം. അയാൾ ഇന്ത്യയിലാകെ നടക്കുന്ന പ്രതിരോധ സമരങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഫയർസൈഡും വിസ്‌കിയും എവിടെപ്പോയെന്നറിയില്ല.

ഇപ്പോഴിതാ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമടക്കമുള്ള അവശകലാകാരന്മാരെ സംരക്ഷിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുക്കാൻ ഈ താരത്തമ്പുരാക്കന്മാരും തിരക്കഥാ രാജാക്കന്മാരും സംവിധായക ചക്രവർത്തിമാരും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. അതിന് തടസ്സം നിൽക്കുന്നത്, അതേ അവശകലാകാരന്മാരിലൊരാളുടെ മൃതദേഹമാണെങ്കിൽ അതും ബൈപ്പാസിൽ പിടിച്ചുവെക്കാൻ തങ്ങൾക്കവകാശമുണ്ടെന്നാണ് ഈ തമ്പുരാക്കന്മാരും രാജാക്കന്മാരും ചക്രവർത്തിമാരും വീമ്പടിക്കുന്നത്. ശബരിമലയിലും മലയാറ്റൂരും ഗുരുവായൂരുമടക്കമുള്ള ആളും ഭക്തജനങ്ങളും തിങ്ങിക്കൂടുന്ന ഇടങ്ങളിൽ യാചകരെ കൂട്ടത്തോടെ ഇറക്കി പണം കോരിയെടുത്ത് അതേ യാചകരെ ഉപദ്രവിക്കുന്ന മാഫിയകളെക്കുറിച്ച് ഇതേ സിനിമാക്കാർ തന്നെയാണ് നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. അതൊക്കെ വിശ്വസിച്ച് നാം സിനിമ ഇറങ്ങുന്ന ദിവസം മറ്റൊരു പണിക്കും പോകാതെ ആദ്യത്തെ ഷോ കണ്ട് സായൂജ്യമടയുകയും വൈകീട്ട് ചാനലുകളിലെ സ്തുതിപാഠങ്ങൾ കണ്ട് ആനന്ദിക്കുകയും ചെയ്തു പോന്നു. ഈ യാചകരുടെ അതേ സ്ഥിതിയിലല്ലേ സാർ, ജീവിച്ചവരും മരിച്ചവരുമായ കലാകാരന്മാരെ ഈ കച്ചവടക്കാർ പരിഗണിച്ചിരിക്കുന്നത്? അവരെ സ്റ്റേജുകളിലും വിദേശ അരങ്ങുകളിലും ചാനലുകളിലും അണി നിരത്തി കോമാളിത്തം കാട്ടിയും ചുണ്ടനപ്പിച്ചും പണം വാരിക്കൂട്ടുന്നതിന്റെ ഓഡിറ്റിംഗ് ആരാണ് നടത്തുന്നത്?

ഇപ്രകാരം നടത്തുന്ന പരിപാടികളുടെ എത്ര ടിക്കറ്റ് വിറ്റു, അതിന് നികുതിയുണ്ടോ, ഉണ്ടെങ്കിൽ അത് കൃത്യമായി അടച്ചിട്ടുണ്ടോ, അവശർക്കും രോഗികൾക്കും പ്രഖ്യാപിക്കപ്പെട്ട സഹായധനം വിതരണം ചെയ്യുന്നുണ്ടോ, ഇല്ലെങ്കിൽ ആരാണിതൊക്കെ പരിശോധിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും ഉയർന്ന് വരാറേ ഇല്ല; പിന്നല്ലേ ഉത്തരങ്ങൾ.

കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി സജീവമായിക്കൊണ്ടിരിക്കുന്ന താരസംഘടനയും സിനിമാ രംഗത്തുള്ള മറ്റ് ട്രേഡ് സംഘടനകളും വലിയ ജനസ്വാധീനവും അഭിപ്രായ രൂപീകരണമികവുമുള്ള ശക്തികളായി വളർന്നിട്ടുണ്ട്. ചാനലുകൾക്ക് താരങ്ങളെയും അവരെ മുന്നിൽ നിർത്തി കളിക്കുന്ന മറ്റ് സിനിമാക്കാരെയും പിണക്കാനാവില്ല. ഇറങ്ങാൻ പോകുന്ന സിനിമകളുടെ പാട്ടും തുണ്ടും കിട്ടിയാലേ അവരുടെ ജനപ്രിയത വർദ്ധിപ്പിക്കാനാവൂ. വാർത്താ ചാനലുകൾക്ക് കോമഡി പരിപാടി കെട്ടിയുണ്ടാക്കാൻ സന്ദേശം പോലുള്ള സിനിമകളും അതിലെ വളിച്ച ഹാസ്യങ്ങളും അനിവാര്യം. പിന്നെ വില കൊടുത്തു വാങ്ങുന്ന സിനിമകളുടെ കാര്യം പറയുകയും വേണ്ട. ഇത്തരം വ്യവസ്ഥകൾ അട്ടിമറിച്ചുകൊണ്ട് സിനിമാക്കാരെ കുഴപ്പത്തിലാക്കുന്ന ഒരു വാർത്തയും പുറത്തുവരേണ്ടതില്ല എന്ന ശപഥത്തിലാണ് ചാനലുകൾ. പത്രങ്ങൾക്കാകട്ടെ കോടിക്കണക്കിന് രൂപയുടെ പരസ്യവരുമാനം ഇപ്പോഴും സിനിമാ റിലീസിംഗ് വേളയിൽ ലഭ്യമാണ്. അതു നഷ്ടപ്പെടുത്താൻ ഒരുക്കമില്ലാത്തതിനാൽ അവർക്കും സിനിമയെയോ സിനിമാക്കാരെയോ വിമർശിക്കാനാവില്ല.

പത്രങ്ങളുടെ തന്നെ അനുബന്ധമാണ് മറ്റ് ആനുകാലികങ്ങൾ എന്നതിനാൽ അവിടെയും മറിച്ചൊരു നയം പറ്റില്ല. ഇപ്പോൾ ട്രെൻഡിലുള്ള ഏറ്റവും ഭീകരമായ തമാശ, സിനിമാക്കാരുടെ ജീവചരിത്രം എന്ന പേരിൽ നീട്ടിവലിച്ചെഴുതുന്ന കോമഡികൾ എല്ലാ വാരികക്കാരെയും കുടുക്കിയിരിക്കുന്നു എന്നതാണ്. അടുത്ത കാലത്ത്, മോഹൻലാലിന്റെ കഥാപാത്രങ്ങളുടെ വിവരണം തങ്ങളുടെ വാരികയിൽ തുടരനായി കൊടുക്കുന്നു എന്ന പരസ്യം ഒരു പ്രമുഖ വാരിക, മാസങ്ങളോളം കളർ പരസ്യമടിച്ച് പുറംചട്ടയിലും ഫ്രണ്ട് ഇന്നറിലും ബാക്ക് ഇന്നറിലും കൊടുത്തുകൊണ്ടേ ഇരുന്നു. അവസാനം ജീവചരിത്രവുമില്ല, കോമഡിയുമില്ല. പത്തോ അമ്പതോ രൂപ കൂടുതൽ കിട്ടിയപ്പോൾ കൂലിയെഴുത്തുകാരൻ അത് മറ്റൊരു പ്രസിദ്ധീകരണത്തിന് മറിച്ചു വിറ്റു. അദ്ദേഹത്തിന് ഈയടുത്ത ദിവസം ടാഗോർ സെന്റിനറി ഹാളിൽ വെച്ച് മോഹൻലാൽ തന്നെ അവാർഡ് സമ്മാനിക്കുകയുണ്ടായി.

ഇതൊക്കെ നടന്നിട്ടും കോഴിക്കാട് നഗരം കടലിൽ താഴാതിരിക്കുന്നത്, അവിടത്തെ ജനങ്ങളുടെ നന്മയാണെന്നു കരുതിയാൽ മതി. ആ പാവങ്ങളുടെ നെഞ്ചത്താണ് സ്വപ്നനഗരിയിൽ കോമഡിയും ബൈപ്പാസിൽ മൃതദേഹവും എന്ന പാരലൽ ആക്ഷൻ പരീക്ഷിക്കപ്പെട്ടത്.

ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും സകലമാന രാഷ്ട്രീയക്കാരും ഈ ജനവഞ്ചന തുറന്നുകാണിക്കാതിരിക്കുന്നതിന്റെ അശ്ലീലം, കേരളത്തിലെ സാധാരണക്കാർ തിരിച്ചറിയുക തന്നെ ചെയ്യും. വക്കീലന്മാർ അതിക്രമം കാണിക്കുതിന്റെ പേരിൽ പ്രകോപിതരായ മാധ്യമ പ്രവർത്തകർക്ക് നിയമം അറിയുമെന്നുണ്ടെങ്കിൽ അവരോ, അതല്ലെങ്കിൽ വക്കീലന്മാരോ ഒരു കാര്യം ഒന്ന് വ്യക്തമാക്കിത്തരണം. താരരാജാക്കന്മാർക്ക് ഡേറ്റു തെറ്റാതിരിക്കാനും യാത്ര മുടങ്ങാതിരിക്കാനും കോമഡി മുഴുവനാക്കാനും വേണ്ടി ഇപ്പോൾ നടന്നതായി ആരോപിക്കപ്പെടുന്ന മൃതദേഹം വെച്ചുള്ള നാടകം അഥവാ കള്ളക്കളി നിയമപരമായി സാധുവാണോ; അതല്ല അതിൽ വിചാരിച്ചത്ര കുഴപ്പമൊന്നുമില്ല എന്നാണോ?

ജന്മനക്ഷത്രം ശരിയായിക്കിട്ടാൻ പ്രസവം വൈകിപ്പിക്കുകയോ നേരത്തെയാക്കുകയോ ചെയ്യുന്നവരാണ് നാം മലയാളികൾ. ആ വകയിലുള്ള സിസേറിയൻ തന്നെ ആയിരക്കണക്കിനുണ്ടത്രേ. ഇനി; ഹെയർഡ്രസ്സർ വരുന്നതു വരെ, കോമഡി തീരുന്നതു വരെ മരണം നീട്ടിവെക്കാൻ യമകണ്ടകാലനുമായി ഒരു കരാർ ഒപ്പിട്ടാലോ?