സന്തോഷ് എച്ചിക്കാനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനു ആനന്ദ്

വിമാനം പ്രമേയമായി വരുന്ന പൃഥ്വിരാജ്-വിനീത് ശ്രീനിവാസൻ സിനിമകൾ തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ വിനു ആനന്ദ്. വിനീത് ശ്രീനിവാസനെ നായകനാക്കി അനൗൺസ് ചെയ്തിരിക്കുന്ന പുതിയ ചിത്രമായ എബിയുടെ കഥയുമായി ബന്ധപ്പെട്ടാണ് സംവിധായൻ വിനു ആനന്ദ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

സന്തോഷ് എച്ചിക്കാനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിനു ആനന്ദ്

വിമാനം പ്രമേയമായി വരുന്ന പൃഥ്വിരാജ്-വിനീത് ശ്രീനിവാസൻ സിനിമകൾ തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ വിനു ആനന്ദ്. വിനീത് ശ്രീനിവാസനെ നായകനാക്കി അനൗൺസ് ചെയ്തിരിക്കുന്ന പുതിയ ചിത്രമായ എബിയുടെ കഥയുമായി ബന്ധപ്പെട്ടാണ് സംവിധായൻ വിനു ആനന്ദ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇപ്പോൾ ഷൂട്ടിങ്ങ് പ്രഖ്യാപിച്ചിരിക്കുന്ന വിനീത് ശ്രീനിവാസൻ- സന്തോഷ് എച്ചിക്കാനം- ശ്രീകാന്ത് മുരളി ചിത്രത്തിന്റെ കഥയുടെ യഥാർത്ഥ അവകാശി താനാണെന്നും സന്തോഷ് എച്ചിക്കാനം തന്നെ വഞ്ചിച്ചാണ് കഥയും തിരക്കഥയും സ്വന്തമാക്കിയത് എന്നുമാണ് സംവിധായകൻ വിനു ആനന്ദിന്റെ ആരോപണം.


പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രവും വിനീത് നായകനാകുന്ന എബി എന്ന ചിത്രവും തമ്മിലുള്ള കോപ്പി റൈറ്റ് വിവാദം അടുത്തിടെ വാർത്തയായിരുന്നു. തങ്ങൾക്ക് കോപ്പിറൈറ്റ് ഉള്ള കഥ എബി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മോഷ്ടിച്ചുവെന്ന പരാതിയുമായി ആദ്യം ഫെഫ്കയെ സമീപിച്ചത് വിമാനത്തിന്റെ സംവിധായകൻ പ്രദീപ് എം നായരാണ്. ഫെഫ്ക വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിൽ തങ്ങളുടേത് ഒറിജിനൽ തിരക്കഥയെന്ന വാദത്തിൽ സന്തോഷ് എച്ചിക്കാനം ഉറച്ചു നിന്നിരുന്നു. സംവിധായകൻ വിനു ആനന്ദിനുവേണ്ടി താൻ 2014 ൽ എഴുതിയതാണ് ഇപ്പോഴുള്ള തിരക്കഥയെന്നും അത് തികച്ചും ഭാവനാ സൃഷ്ടിയാണെന്നുമായിരുന്നു സന്തോഷ് എച്ചിക്കാനം ഫെഫ്കയിൽ വെളിപ്പെടുത്തിയത്. എന്നാൽ സന്തോഷ് എച്ചിക്കാനത്തിന്റെ ഫെഫ്കയിലെ വെളിപ്പെടുത്തലിനെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് വിനു ആനന്ദ് മുന്നോട്ട് വെയ്ക്കുന്നത്.

സ്വന്തമായി വിമാനം ഉണ്ടാക്കി പറപ്പിച്ച തൊടുപുഴ സ്വദേശി സജി തോമസിന്റെ കഥയാണ് 'വിമാനം' എന്ന സിനിമയ്ക്ക് ആധാരം. സജിയിൽ നിന്ന് ജീവിതകഥയും വ്യക്തി സവിശേഷതകളും സിനിമയാക്കാനുള്ള അവകാശം അണിയറ പ്രവർത്തകർ രേഖാമൂലം നേടിയിരുന്നു. ഇതേ ആവശ്യവുമായി സജിയെ തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനവും സമീപിച്ചപ്പോൾ തന്റെ ജീവിതം സിനിമയാക്കാൻ ധാരണയായെന്നും പൃഥ്വിരാജ്-പ്രദീപ് എം നായർ ടീമാണ് അത് ചെയ്യുന്നതെന്നും സജി അറിയിച്ചിരുന്നു. അന്ന് സംവിധായകൻ വിനു ആനന്ദാണ് സന്തോഷ് എച്ചിക്കാനത്തെ സജിയുടെ അടുത്ത് അവകാശം വാങ്ങാനായി കൊണ്ട് പോയത്.

ഒരുവൻ, പേരിനൊരു മകൻ, ഹാർട്ട്ബീറ്റ്‌സ് എന്നീ സിനിമകളുടെ സംവിധായകനാണ് വിനു ആനന്ദ്. വിദേശ മലയാളിയായ ഒരു നിർമാതാവ് തന്റെ മകന്റെ ജീവിത കഥ സിനിമയാക്കാനുള്ള ആഗ്രഹവുമായി സംവിധായകനെ സമീപിച്ചത് 2013ലാണ്. മകന്റെ ശ്രവണ വൈകല്യം കുട്ടിക്കാലത്തെ തിരിച്ചറിയാൻ സാധിക്കാതെ പോയ അച്ഛന്റെ വേദനകളായിരുന്നു കഥാസാരം. തിരക്കഥ തയ്യാറായ സിനിമയിൽ സംഭാഷണം എഴുതാൻ വന്ന സന്തോഷ് തന്നെ ചതിച്ച കഥയാണ് വിനു ആനന്ദിന് പറയാനുള്ളത്.

സംവിധായകൻ പദ്മകുമാറാണ് സംഭാഷണം എഴുതാനായി സന്തോഷ് എച്ചിക്കാനത്തിന്റെ പേര് നിർദേശിച്ചത്. തിരക്കഥ നേരത്തെ പൂർത്തിയായിരുന്നു. സന്തോഷിനെ വിളിച്ചപ്പോൾ അച്ഛന് സുഖമില്ലെന്നും ചികിത്സയ്ക്കായി മൂന്നുലക്ഷം രൂപ അഡ്വസ് നൽകണമെന്നും പറഞ്ഞു. ഒരു ലക്ഷം മാത്രംകൊടുക്കാൻ ഉദ്ദേശിച്ചിരുന്ന നിർമാവിനെക്കൊണ്ട് ഞാൻ സന്തോഷ് പറഞ്ഞ തുക കൊടുക്കാൻ സമ്മതിപ്പിച്ചു.

വായിക്കുക:


മലയാള സിനിമയിൽ വീണ്ടും കോപ്പി റൈറ്റ് വിവാദം; സജി തോമസിന്റെ സിനിമ ചെയ്യാനുള്ള കോപ്പി റൈറ്റ് അവകാശം പ്രദീപ്- പൃഥ്വിരാജ് ടീമിന്; അവരെ വെട്ടി സിനിമ ചെയ്യാൻ ശ്രീകാന്ത് മുരളി- സന്തോഷ് എച്ചിക്കാനം- വിനീത് ശ്രീനിവാസൻ ടീം


ബധിരനും മൂകനുമായ ഒരു പയ്യൻ. അവൻ പഠനത്തിൽ പിന്നോക്കമാണെങ്കിലും ഇലട്രോണിക്‌സിൽ താത്പര്യമുണ്ട്. പിതാവുമായി അഭിപ്രായ വ്യത്യസമുണ്ടായപ്പോൾ നാടുവിട്ടു പോയ അവൻ പിന്നീട് നാട്ടിൽ തിരിച്ചെത്തി ഏവരുടേയും പ്രീയപ്പെട്ടവനാകുന്നതയിരുന്നു കഥാസാരം. ക്ലൈമാക്‌സ് തീർച്ചപ്പെടുത്തിയിരുന്നില്ല. അപ്പോഴാണ് സജി തോമസ് വിമാനം പറത്തിയ വാർത്ത മനോരമയിൽ കണ്ടത്. സന്തോഷ് കാഞ്ഞങ്ങാടായിരുന്നു. ഞാൻ സന്തോഷിനെ വിളിച്ചു വരുത്തി. സജി തോമസിനെ ഞങ്ങൾ രണ്ടാളും തൊടുപുഴയിൽ പോയി കണ്ടു. സിനിമയുടെ കാര്യം സംസാരിച്ചു. അപ്പോൾ തന്റെ ഗുരു എസ് കെ ജെ നായരുടെ സുഹൃത്ത് വിമാനം എന്നാ സിനിമയ്ക്കായി തന്നെ വന്നു കണ്ട കാര്യം സജി പറഞ്ഞിരുന്നു.

എസ് കെ ജെ നായരുടെ ആ സുഹൃത്താണ് പൃഥ്വിരാജ് സിനിമയുടെ സംവിധായകൻ പ്രദീപ് എം നായർ.

സജിയെ കണ്ടു തിരിച്ചെത്തിയ ശേഷം സന്തോഷ് തിരക്കഥയിൽ സമൂലമാറ്റം വേണമെന്ന് നിർദേശം വച്ചു. ക്ലൈമാക്‌സിൽ വിമാനം പറത്തൽ മാത്രം സിനിമയിൽ ഉൾപ്പെടുത്താം എന്ന് പറഞ്ഞു ഞാനത് നിരുൽസാഹപ്പെടുത്തി. പക്ഷെ സന്തോഷ് സജിയുടെ അനുവാദം പോലും തേടാതെ പത്ര സുഹൃത്തുക്കളെ വിളിച്ചു സജിയുടെ ജീവിതം താൻ സിനിമയാക്കുന്നു എന്ന് പ്രസിദ്ധപ്പെടുത്തിയപ്പോൾ തനിക്കും കൂടെ നില്‌ക്കേണ്ടി വന്നു. നിർമാതാവിന്റെ കഥയിൽ സജിയുടെ ജീവിതം കൂടി ചേർത്ത് തിരക്കഥ മാറ്റി എഴുതി. ഏറെക്കുറെ പൂർത്തിയായ തിരക്കഥയിൽ അവസാനം വന്ന സന്തോഷിന്റെ നിലപാടുകൾ അവിടെ മുതൽ മാറുകയായിരുന്നു. കഥയുടെ മുഴുവൻ അവകാശവും തനിക്ക് എഴുതി തന്നാൽ മാത്രമേ ഇനി മുന്നോട്ടു പോകാനാവൂ എന്ന് ശാഠ്യം പിടിച്ചപ്പോൾ തർക്കമായി. ഫെഫ്ക ഇടപെട്ടു അവകാശം എഴുതി നല്കി. പിന്നെ സന്തോഷിനു എന്നെ വേണ്ടാതായി. ഞാൻ വിളിച്ചാൽ ഫോൺ ഇടുക്കില്ല. സിനിമ പ്രതിസന്ധിയിലായി, ഏതാണ്ട് നിലച്ച മട്ടായി. പിന്നെ കേൾക്കുന്നത് ഏതോ പുതിയ സംവിധായകന് വേണ്ടി ഇതേ തിരക്കഥയിൽ സിനിമ പിറക്കുന്ന വാർത്തയാണ്.

ഇപ്പോഴത്തെ വിവാദത്തിൽ സത്യം പൃഥ്വിരാജ്-പ്രദീപ് എം നായർ ടീമിനൊപ്പമാണെന്നും സന്തോഷ് പറയുന്നത് മുഴുവൻ കളവാണെന്നും വിനു ആനന്ദ് നാരദ ന്യൂസിനോട് പറഞ്ഞു. സജിയുടെ ജീവിതം ചിത്രീകരിക്കാനുള്ള നിയമപരമായ അവകാശം പൃഥ്വിരാജ് നായകനാകുന്ന സിനിയ്ക്കാണ്. കേസ് കോടതിയിലെത്തിയാൽ ഞാൻ സന്തോഷിനെതിരെ കക്ഷി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളുടെ നിജസ്ഥിതി വിനീത് ശ്രീനിവാസനെയും ധരിപ്പിക്കും. ആദ്യത്തെ കഥസാരത്തിന്റെ രജിസ്‌ട്രേഡ് കോപ്പി എന്റെ കയിലുണ്ട്. സന്തോഷ് എഴുതിക്കൊണ്ടിരുന്ന കഥയിൽ യാദൃശ്ചികമായി വന്ന സാദൃശ്യമാണ് സജിയുടെ ജീവിതം എന്ന വാദം പൊളിയാൻ അതുമതി. ഫെഫ്കയെയും സന്തോഷ് കബളിപ്പിചിരിക്കുകയാണ്. അവിടെയും ഞാൻ കത്ത് നല്കുമെന്നും വിനു ആനന്ദ് പറഞ്ഞു.

പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വിമാനത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും. അതിനു മുൻപ് വിനീത് ശ്രീനിവാസൻ ചിത്രമായ എബിയുടെ ഷൂട്ട് തുടങ്ങാനുള്ള നീക്കത്തിലാണ് സന്തോഷ് എച്ചിക്കാനവും സംവിധായകൻ ശ്രീകാന്ത് മുരളിയും. ഈ ചിത്രം നിർമിക്കാൻ മുന്നോട്ടു വന്ന ഇറോസ് ഇന്റർനാഷണൽ കോപ്പിറൈറ്റ് വിഷയങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്ന് അഡ്വാൻസ് തിരികെ വാങ്ങി പിന്മാറിയിരുന്നു. ഇപ്പോൾ സുവിൻ വർക്കി എന്ന നിർമാതാവിന്റെ പേരിലാണ് ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിനീത് ശ്രീനിവാസൻ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.