കെ എം മാണി യുഡിഎഫ് വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി; മാണി രാജിവെക്കണമെന്ന് പിപി തങ്കച്ചന്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം കെ എം മാണിയെ ചുമന്നതാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. മാണി പോയതോടെ യുഡിഎഫില്‍ ശുക്രദശയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

കെ എം മാണി യുഡിഎഫ് വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി; മാണി രാജിവെക്കണമെന്ന് പിപി തങ്കച്ചന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് മാണിയെ ഇത്തരമൊരു തീരുമാനെടുക്കാന്‍ പ്രേരിപ്പിച്ചത് . ബാര്‍ കോഴ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച രണ്ട് റിപ്പോര്‍ട്ടിലും കെ എം മാണിയ്ക്ക് എതിരെ പരാമര്‍ശമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിലെ ഒരു കക്ഷിക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരുടെ മാത്രം പ്രശ്‌നമായല്ല കാണുന്നത്. എന്നാല്‍ ഇങ്ങനെ ഒരു പ്രശ്‌നം മാണി മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഘടകകക്ഷികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പണം മുടക്കി എന്ന ആരോപണം ഉമ്മന്‍ചാണ്ടി നിഷേധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പോലും പണം ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണത്തില്‍ അര്‍ത്ഥമില്ല.


അതേ സമയം ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ രംഗത്തെത്തി. പ്രത്യേക ബ്ലോക്കാകുമെന്ന് പറഞ്ഞ് പുറത്ത് പോകുന്നതിന് പകരം ലഭിച്ച സീറ്റുകള്‍  കൂടി രാജിവെക്കുകയാണ് വേണ്ടതെന്ന് തങ്കച്ചൻ ആവശ്യപ്പെട്ടു. യുഡിഎഫ് വിടാന്‍ കെ എം മാണി തീരുമാനിച്ചിരുന്നെങ്കില്‍ അത് തെരഞ്ഞെടുപ്പിന് മുന്‍പേ ആകാമായിരുന്നു എന്ന് വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം കെ എം മാണിയെ ചുമന്നതാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു. മാണി പോയതോടെ യുഡിഎഫില്‍ ശുക്രദശയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.