മമ്മൂട്ടിയുടെ 'കസബ'യ്‌ക്കെതിരെ കസബ പൊലീസ് സ്റ്റേഷനില്‍ പരാതി: വനിതാ തഹസില്‍ദാറും പൊലീസുകാരും സിനിമ കാണും

മമ്മൂട്ടി നായകനായി അഭിനയിച്ച കസബ സിനിമക്കെതിരെ കസബ പൊലീസ് സ്റ്റേനില്‍ പരാതി. സ്ത്രീത്വത്തെ അവഹേളിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചേവായൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്

മമ്മൂട്ടിയുടെ

കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച 'കസബ' സിനിമക്കെതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി. സ്ത്രീത്വത്തെ അവഹേളിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചേവായൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചിത്രം കണ്ടതിനു ശേഷം അശ്ലീല ദൃശ്യങ്ങളും പരമാര്‍ശങ്ങളും ഉണ്ടെങ്കില്‍ കേസെടുക്കുമെന്ന് കസബ സിഐ പി പ്രമോദ് നാരാദാ ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ വനിതാ തഹസില്‍ദാറിന്റെ സാന്നിധ്യത്തില്‍ സിനിമ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഐ പറഞ്ഞു.


അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കസബ സിനിമയുടെ നിര്‍മ്മാതാവിനും വിതരണക്കാരനും ചിത്രം പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്റേറിനും എതിരെ കേസെടുക്കാനാണ് നീക്കം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുളള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. ആരോപണം പരിശോധിക്കാനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് കളക്ടര്‍ക്ക് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതു വരെ ചിത്രം കണാന്‍ സാധിച്ചില്ലെന്നും കേസെടുത്തുവെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും സിഐ പറഞ്ഞു.

കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെ സി റോസക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി ടീച്ചര്‍ പ്രതികരിച്ചിരുന്നു. അത്തരം സംഭാഷണങ്ങള്‍ തിരക്കഥയില്‍ ഉണ്ടെങ്കില്‍ തിരുത്താനുളള ആര്‍ജ്ജവം മമ്മൂട്ടിയെ പോലെയുളള ഒരു നടന്‍ കാണിക്കണമായിരുന്നുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.