ദുബായ് ഐവിഎസ് ഗ്ലോബല്‍ അറ്റസ്‌റ്റേഷന്‍ സെന്ററിനെതിരെ പരാതിയുമായി പ്രവാസികള്‍

അറ്റസ്റ്റേഷന്‍ അടക്കമുള്ള ലളിതമായ സേവനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്നും ഐവിഎസ് കനത്ത ഫീസ് ഈടാക്കുന്നതായാണ് ആക്ഷേപം.

ദുബായ് ഐവിഎസ് ഗ്ലോബല്‍ അറ്റസ്‌റ്റേഷന്‍ സെന്ററിനെതിരെ പരാതിയുമായി പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ എംബസിയുടെ ഔട്ട് സോഴ്‌സിംഗ് ഏജന്‍സിയായ ഐവിഎസ് ഗ്ലോബല്‍ സെന്ററിനെതിരെ വ്യാപക പരാതി. അറ്റസ്റ്റേഷന്‍ അടക്കമുള്ള ലളിതമായ സേവനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്നും ഐവിഎസ് കനത്ത ഫീസ് ഈടാക്കുന്നതായാണ് ആക്ഷേപം.

ഇന്ത്യയില്‍ 300 രൂപയ്ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ദുബായിലെ ഐവിഎസ് ഗ്ലോബല്‍ സെന്ററില്‍ രണ്ടായിരത്തിലധികം രൂപ ഈടാക്കിയാണ് നല്‍കുന്നതെന്ന് പ്രവാസികള്‍ ആരോപിക്കുന്നു.

പത്ത് വര്‍ഷമായി ദുബായില്‍ കഴിയുന്ന പ്രവാസി അഷ്‌റഫ് മാലൂരാന്‍ സ്വകാര്യ ആവശ്യത്തിനായി 15 പേജോളം വരുന്ന രേഖകള്‍ ഐവിഎസില്‍ അറ്റസ്റ്റേഷനായി നല്‍കിയപ്പോള്‍ 153 ദിര്‍ഹം(2,750 ഇന്ത്യന്‍ രൂപ)യാണ് കേന്ദ്രം ഈടാക്കിയത്.


ദിവസേന 1500 ഓളം പേര്‍ എത്തുന്ന സ്ഥാപനത്തില്‍ സേവനങ്ങള്‍ക്കായുള്ളത് ആറ് കൗണ്ടറുകള്‍ മാത്രമാണ്. ആയിരം സ്‌ക്വയര്‍ഫീറ്റില്‍ താഴെ മാത്രം സ്ഥല സൗകര്യമുള്ള സ്ഥാപനത്തില്‍ ഷാര്‍ജ, അജ്മാന്‍, ഫുജെയ്‌റ, അബുദാബി, റാസ് അല്‍ ഖയ്മ, അല്‍ അയ്ന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്.

താപനില പലപ്പോഴും 50 ഡിഗ്രി വരെ ഉയരുന്ന ദുബായില്‍ ഈ സ്ഥാപനത്തില്‍ എസി പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്ക് കൃത്യമായ മറുപടിയും അധികൃതര്‍ നല്‍കുന്നില്ലെന്നും അഷ്‌റഫ് പറയുന്നു.

ജോലിക്കായി രേഖകള്‍ അറ്റസ്‌റ്റേഷന് നല്‍കിയ സ്‌നേഹയ്ക്കും പറയാനുള്ളത് സമാനമായ അനുഭവം തന്നെ. കൈക്കുഞ്ഞുമായി അഞ്ച് ദിവസമായി സ്‌നേഹ ഐവിഎസ് ഓഫീസ് കയറിയിറങ്ങുകയാണ്.

'സാധാരണക്കാരായ ഇന്ത്യക്കാരില്‍ നിന്നും പണം പിഴിയുകയാണ് ഐവിഎസ്. സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റ് വൃത്തിഹീനമായ അവസ്ഥയിലാണ്. ഓഫീസിലെ ഫോട്ടോകോപ്പി മെഷീന്‍ ഉപയോഗിക്കണമെങ്കില്‍ പോലും ഒരു ദിര്‍ഹം നല്‍കണം'. സ്‌നേഹ നാരദാന്യൂസിനോട് പറഞ്ഞു.

ദിവസേന 1500 ഓളം പേര്‍ എത്തുന്ന സ്ഥാപനത്തില്‍ 50 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമേ ഒരുക്കിയിട്ടുള്ളൂ.

പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ പ്രവാസികള്‍ക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സാധാരണക്കാരായ ഇന്ത്യക്കാരുടെ പണം അപഹരിക്കാന്‍ ഇന്ത്യന്‍ എംബസിയും സ്വകാര്യ സ്ഥാപനവും ചേര്‍ന്നുള്ള നാടകമാണിതെന്നും സ്‌നേഹ ആരോപിച്ചു.

നേരത്തേ, അറ്റസ്റ്റേഷന്‍ കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി നേരിട്ട് കൈകാര്യം ചെയ്തിരുന്നപ്പോള്‍ സ്ഥാപനത്തില്‍ 18 കൗണ്ടറുകള്‍ ഉണ്ടായിരുന്നുവെന്നും വേഗത്തില്‍ കാര്യങ്ങള്‍ നടന്നിരുന്നുവെന്നും അഷ്‌റഫ് പറയുന്നു.

2 മില്യണോളം ഇന്ത്യക്കാരുള്ള ദുബായില്‍ പ്രവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ് ഐവിഎസ് ഗ്ലോബല്‍ സെന്റര്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും ഔട്ട് സോഴ്‌സിംഗ് ഏജന്‍സിയെ പ്രവര്‍ത്തനം ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയോ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.