ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍..

ഏതുതരം ഷാംപൂ ഉപയോഗിച്ചാലും അത് മുഴുവനായി കഴുകി കളയാന്‍ മടിക്കരുത്.

ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍..

അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന അഴുക്കും പൊടിയും തലമുടിയുടെ ആരോഗ്യത്തെ ബാധിക്കും എന്നുള്ളതിന് സംശയമില്ല. എന്നാല്‍ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് ഏതു തരമാണ് എന്ന് ശ്രദ്ധിക്കുന്നത് പോലെ തലമുടി കഴുകാന്‍ ഏതു ഷാംപൂവാണ് ഉപയോഗിക്കേണ്ടതെന്ന് നമ്മള്‍ ശ്രദ്ധിക്കാറില്ല. പലപ്പോഴും മികച്ച പരസ്യങ്ങള്‍ നല്‍കുന്ന ഉത്പന്നങ്ങള്‍ തന്നെ തലമുടി വൃത്തിയാക്കാന്‍ വേണ്ടി നമ്മള്‍ ഉപയോഗിക്കുന്നു.

ഒരേ കമ്പനി തന്നെ വിവിധ തരത്തിലുള്ള മുടികള്‍ക്കായി ഷാംപൂ വിപണിയില്‍ എത്തിക്കുമ്പോള്‍, തലമുടിയുടെ ആരോഗ്യവും ഷാംപൂവും തമ്മില്‍ ഒരു അഭേദ്യമായ ഒരു ബന്ധം ഉണ്ടെന്ന് ഓര്‍ക്കുക.


ഷാംപൂ തിരഞ്ഞെടുക്കും മുന്‍പേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

മുടിയുടെ തരവും, ശിരോചര്‍മ്മത്തിന്‍റെ ആരോഗ്യവും:

എല്ലാ ആളുകളുടെയും മുടിയുടെ തരം ഒരുപോലെയല്ല. അത് പോലെ തന്നെയാണ് ശിരോചര്‍മ്മത്തിന്‍റെ (നാടന്‍ പ്രയോഗത്തില്‍ ഇത് തലയോട്ടി എന്നാണ് പറയപ്പെടുന്നത്‌) ആരോഗ്യവും. ഷാംപൂ വാങ്ങുന്നത് ഇവ രണ്ടും മനസ്സില്‍ വച്ചുകൊണ്ടാകണം.

തലമുടിയുടെ മാര്‍ദ്ദവം:

ശരിയായ തരത്തിലുള്ള ഷാംപൂ ഉപയോഗിച്ചില്ലെങ്കില്‍, മുടിയുടെ മാര്‍ദ്ദവം നഷ്ടപ്പെടുകയും, അത് തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

എണ്ണമയമുള്ള മുടിക്ക്:

pH ബാലന്‍സ്‌ ചെയ്യുന്ന ഷാംപൂ ഉപയോഗിക്കുന്നതാണ് എണ്ണമയമുള്ള തലമുടിയുടെ ശുചീകരണത്തിന് നല്ലത്. എണ്ണമയം കൂടുതലുള്ള മുടി ഇടയ്ക്കിടെ ഷാംപൂ ഉപയോഗിച്ചു കഴുകേണ്ടി വരുന്നതിനാലാണിത്. എണ്ണമയം അടിഞ്ഞുകൂടുന്നത് ശിരോചര്മ്മതിന്നു ദോഷം ചെയ്യും എന്നുള്ളത് കൊണ്ട്, പതിവായി മുടി വൃത്തിയാക്കാന്‍ ശ്രമിക്കുക.

സാധാരണ മുടിക്ക്:

ഇത്തരക്കാര്‍ക്ക് മുടികൊഴിച്ചില്‍ ഗുരുതരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ശ്രദ്ധിക്കേണ്ടത് ശിരോചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലാണ്. ടീ ട്രീഓയില്‍ അടങ്ങിയ ഷാംപൂവാണ് ഇത്തരം തലമുടി ഉള്ളവര്‍ക്ക് നല്ലത്. സമയമുണ്ടെങ്കില്‍ ഇക്കൂട്ടര്‍ക്ക്, പ്രകൃതിദത്തമായ ചെമ്പരത്തി താളിയും മുടി വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

വരണ്ട മുടിക്ക്:

ഇത്തരം മുടിയുള്ളവര്‍ തലമുടി വൃത്തിയാക്കാന്‍ മോയിസ്ചുറൈസിംഗ് ഗുണങ്ങള്‍ ഉള്ള ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. വരണ്ട മുടി പെട്ടെന്ന് അറ്റം പിളര്‍ന്നു പോകാനുള്ള സാധ്യതയുള്ളതിനാല്‍, ഹെയര്‍ ഡ്രൈയര്‍ പോലെയുള്ളവയുടെ ഉപയോഗം കുറയ്ക്കണം.

ഏതുതരം ഷാംപൂ ഉപയോഗിച്ചാലും അത് മുഴുവനായി കഴുകി കളയാന്‍ മടിക്കരുത്. ഷാംപൂ ഉപയോഗിച്ചതിനു ശേഷം കണ്ടിഷണര്‍ ഉപയോഗിച്ചു തലമുടി കഴുകുന്നതും നല്ലതാണ്.