'ലിബർട്ടി ലീഡിംഗ് ദി പീപ്പിൾ' ; പോരാട്ടത്തിന്റെ നിറച്ചാർത്ത്

അടിസ്ഥാന വർഗ പ്രതിനിധിയായി വരുന്ന ലിബർട്ടിക്ക് നഗ്നമായ പാദവും നഗ്നമായ മാറിടങ്ങളുമാണ് ഉള്ളത്. തലയിൽ ധരിച്ചിരിക്കുന്ന 'ഫ്രീജിയൻ' തൊപ്പി 1789 ലെ ഫ്രഞ്ചുവിപ്ലവകാല സ്മരണകളുയർത്തുന്നതാണ്. ലിബർട്ടിയോടൊപ്പമുള്ള പോരാളികൾ വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്.

ഗോപകുമാർ ടി (ചിത്രദർശനം)


സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഫ്രഞ്ച് ജനത നടത്തിയ ഫ്രഞ്ച് വിപ്ലവത്തിന്റെ ശക്തമായ ദൃശ്യാവിഷ്കാരമാണ് ഊജിൻ ഡെലാക്വ യുടെ 'ലിബർട്ടി ലീഡിംഗ് ദി പീപ്പിൾ' എന്ന ഐതിഹാസികമായ പെയിൻറിംഗ്. ഡെലാക്വയെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർത്തിയ ചിത്രമായിരുന്നു ഇത്. അതിനേക്കാൾ ഫ്രഞ്ച് വിപ്ലവത്തിന്റെ അടയാള ചിത്രം എന്ന രൂപത്തിലും ലോകത്തെങ്ങുമുള്ള ജനകീയ മുന്നേറ്റങ്ങൾക്ക് ആവേശം പകരുന്ന ശക്തി സ്രോതസ്സായും ലിബർട്ടി മാറിയിരിക്കുന്നു.


ലിബർട്ടി അഥവാ സ്വാതന്ത്ര്യം ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് , വിപ്ലവത്തെ നേതൃത്വം കൊടുത്ത് മുന്നോട്ട് നയിക്കുന്ന ഒരു സ്ത്രീ ആയിട്ടാണ്. ഇതിനു ഒരു കാരണമുണ്ട്. ഒരു അമൂർത്ത ആശയത്തെ ദൃശ്യവൽക്കരിക്കുന്നതിനായി ഇത്തരം പ്രതീകാത്മക മനുഷ്യരൂപ നിർമ്മിതി ഫ്രാൻസിൽ നടന്നുവന്നിരുന്നു. ആദ്യകാലത്ത് ഇത് ദൈവീക കാര്യങ്ങളിൽ ആയിരുന്നു. അതിമനോഹരങ്ങളായ ദേവീ-ദേവ വിഗ്രഹങ്ങളും ചിത്രങ്ങളും ഉണ്ടാകുന്നതിനു ഇത് കാരണമായി. 1789 ലെ ഫ്രഞ്ച് വിപ്ലവത്തോടുകൂടി ഈ രീതിയിൽ നടത്തുന്ന ആശയങ്ങളുടെ മനുഷ്യ പ്രതീക വൽക്കരണം പുതിയ വിഷയങ്ങൾ ഏറ്റെടുത്തുതുടങ്ങി. സ്വാതന്ത്ര്യവും (liberty) ആശയങ്ങളും (reasons) രണ്ട് പ്രധാന വിഷയങ്ങൾ ആയിരുന്നു. ഈ രണ്ടു വിഷയങ്ങളും ചേർത്ത് പിൽക്കാലത്ത് ഒരു സ്ത്രീ രൂപ ചിത്രം ആയി. സ്വാതന്ത്ര്യം, ദേശസ്നേഹം മാതൃഭൂമി, റിപ്പബ്ലിക് തുടങ്ങിയ സംജ്ഞകളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ത്രീ രൂപം 1972 സെപ്തംബറിൽ ദേശീയ കൺവെൻഷൻ ഇത് ദേശീയ അടയാളമാക്കാൻ തീരുമാനിച്ചു. അങ്ങനെ 'മാരിയൻ' (Marianne) എന്ന ദേശീയ ഉണ്ടായി. എന്നാൽ ഇത് ശക്തമായൊരു സാന്നിധ്യമായി ഫ്രഞ്ച് ജനതയ്ക്കിടയിൽ വ്യാപകമായത്, പുതിയ രൂപത്തിൽ 'മാരിയൻ' ഡെലാക്വേയുടെ ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടപ്പോഴാണ്.

[caption id="attachment_36876" align="alignnone" width="640"]image-1 'ലിബർട്ടി ലീഡിംഗ് ദി പീപ്പിൾ' കടപ്പാട്: വിക്കി മീഡിയ കോമൺസ്[/caption]ഒരു കയ്യിൽ നീലയും വെള്ളയും ചുവപ്പും നിറത്തിലുള്ള വിപ്ലവ പതാകയും മറുകയ്യിൽ ബയണറ്റു ഘടിപ്പിച്ച തോക്കും പേറി വീണുകിടക്കുന്ന പോരാളികൾക്ക് മുകളിലൂടെ അതിശക്തമായി മുന്നോട്ടുവരുന്ന അർധനഗ്നയായി 'മാരിയൻ' ആണ് ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന 'ലിബർട്ടി'.

അടിസ്ഥാന വർഗ പ്രതിനിധിയായി വരുന്ന ലിബർട്ടിക്ക് നഗ്നമായ പാദവും നഗ്നമായ മാറിടങ്ങളുമാണ് ഉള്ളത്. തലയിൽ ധരിച്ചിരിക്കുന്ന 'ഫ്രീജിയൻ' തൊപ്പി 1789 ലെ ഫ്രഞ്ചുവിപ്ലവകാല സ്മരണകളുയർത്തുന്നതാണ്. ലിബർട്ടിയോടൊപ്പമുള്ള പോരാളികൾ വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒരു യുവാവ് ഉയർന്ന തൊപ്പിയും തോക്കുമായാണ് സമരത്തിലുള്ളത്. വലതു കയ്യിൽ പിസ്റ്റൾ ഉയർത്തിപ്പിടിച്ച് ആവേശപൂർവം ലിബർട്ടിയോടൊപ്പം മുന്നേറുന്ന ഒരു ആൺകുട്ടിയുടെ രൂപം ചിത്രത്തിന് നൽകുന്ന ശിൽപഭദ്രതയും ആശയ ഗാംഭീര്യവും  ചെറുതല്ല. അവൻ പുതുതലമുറയുടെ പ്രതീകവും വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലിലെ 'ഗവ്‌റോഷ്' (Le Gavroche) എന്ന കഥാപാത്രമാണെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. മുഖത്ത് സ്ഫുരിച്ചുനിൽക്കുന്ന നിശ്ചയ ദാർഢ്യവും നിർഭയത്വവും ലിബർട്ടിയെയും കുട്ടിയെയും ഒരുമിച്ചു നിർത്തുന്നു. പിന്നിൽ കാണുന്നത് നോത്രദാനം നഗരത്തിലെ ഉയർന്ന കെട്ടിടങ്ങളാണ്. മുന്നിൽ, കാൽക്കീഴിൽ മരിച്ചുകിടക്കുന്ന പുരുഷ പടയാളികളുടെ ദേഹങ്ങൾക്ക് ലംബമായി ആവേശത്തോടെ മുന്നേറുന്ന ലിബർട്ടി പ്രസരിപ്പിക്കുന്ന ഊർജം ചിത്രത്തെ ചലനാത്മകമാക്കുന്നു. ചിത്രത്തിന്റെ കേന്ദ്രബിന്ദുവായ ചിത്രം പ്രകാശ പൂർണമായാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഡെലാക്വേയുടെ ഏറ്റവും പ്രശസ്തമായ രചനയാണ്‌ 'ലിബർട്ടി ലീഡിങ് ദി പീപ്പിൾ'. ജൂലൈ വിപ്ലവത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഡെലാക്വേ ഈ ചിത്രം രചിച്ചശേഷം സ്വന്തം സഹോദരന് ഇങ്ങനെ എഴുതി: " എൻറെ മൗഢ്യം മാറിവരുന്ന. കഠിന പ്രയത്നത്തിന് നന്ദി, ഞാനൊരു പുതിയ വിഷയം സ്വീകരിച്ചു. എനിക്ക് പൊരുതാൻ കഴിഞ്ഞില്ലെങ്കിലും എന്റെ രാജ്യത്തിനുവേണ്ടി ചിത്രം വരയ്ക്കാൻ കഴിഞ്ഞു".

പ്രശസ്ത ചരിത്ര പണ്ഡിതനായ എറിക് ഹോബ്സ് ബാ (Eric Hobsbawm) മിന്റെ
ഏജ് ഓഫ് റെവല്യൂഷൻ (Age of Revolution) എന്ന പുസ്തകത്തിന്റെ മുഖചിത്രമായി ചേർത്തിരിക്കുന്നത് ലിബർട്ടി ലീഡിങ് ദി പീപ്പിൾ ആണ്. ഈ ചിത്രം ജോർജ് ആംതേയിൽ എന്ന സംഗീതജ്ഞന്റെ ആറാം സിംഫണിക്ക് പ്രചോദനമായിട്ടുണ്ട്.

[caption id="attachment_36879" align="alignnone" width="477"]image-2
ഊജിൻ ഡെലാക്വ ഒരു സെൽഫ് പോട്രേറ്റ്, കടപ്പാട്: വിക്കിമീഡിയ കോമൺസ്[/caption]

ഫെര്‍ഡിനന്റ് വിക്ടർ ഊജ്ൻ ഡെലാക്വേ (Ferdinand Victor Eugene Delacroix) എന്ന ഫ്രഞ്ച് റൊമാന്റിക് പെയിന്റർ 1798 ഏപ്രിൽ 26 ന് ഷാറെന്റണി(Charenton)ൽ ആണ് ജനിച്ചത്. ചാൾസ് ഫ്രാൻസിസ് ഡെലാക്വേ (Charles Fransis Delacroix) എന്നാണ് അച്ഛന്റെ പേര്. അമ്മ വിക്ടോയിർ ഒയ്‌ബെൻ (Victoire Oeben). ഊജ്ന്റെ പതിന്നാലാം വയസ്സിൽ അമ്മ മരിച്ചു. ചെറുപ്പം മുതൽ ചിത്രം വരയ്ക്കുന്ന ശീലമുണ്ടായിരുന്ന ഊജ്ൻ ഒരു പെയിന്റർ എന്ന നിലയിൽ ശ്രദ്ധ നേടുന്നത് 1824 ൽ രചിച്ച 'ഷിയോയിലെ കൂട്ടക്കൊല' (massacre at chios) എന്ന ചിത്രത്തോടെയാണ്. തുർക്കികൾക്കെതിരായ ഗ്രീക്കുകാരുടെ സ്വാതന്ത്ര്യ പോരാട്ടത്തിനിടയിൽ തുർക്കികൾ നടത്തുന്ന ഒരു ഗ്രീക്ക് കൂട്ടക്കൊലയാണ് ഈ ചിത്രത്തിൻറെ വിഷയം. ഈ ചിത്രത്തോടെ ഊജ്ൻ ഡെലാക്വേ ഒരു പ്രധാനപ്പെട്ട റൊമാന്റിക് പെയിന്ററായി പേരെടുത്തു. Journal d'Eugene Delacroix എന്നപേരിൽ ഒരു നല്ല പ്രസിദ്ധീകരണം അദ്ദേഹത്തിന്റേതായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ജർമ്മൻ കലാ വിമർശകനായ ജൂലിയസ് മെയ്‌ർ പറഞ്ഞത് ഈ പ്രസിദ്ധീകരണം യുവ ചിത്രകാരന്മാരുടെ ബൈബിൾ ആയിരിക്കും എന്നാണ്. 1863 ആഗസ്റ്റ് 13 ന് അറുപത്തഞ്ചാം വയസ്സിൽ ഊജ്ൻ ഡെലാക്വേ അന്തരിച്ചു.