പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ അയിത്തവും തൊട്ടുകൂടായ്മയും: പാചകക്കാരിയ്ക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍

മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ സ്ഥിരം പാചകക്കാരിയ്ക്കെതിരെ പരാതി തന്നിരുന്നുവെന്ന് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതർ സ്ഥിരീകരിച്ചു. പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. പരാതി കൊടുത്ത കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സ് നടത്തിയതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.

പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ അയിത്തവും തൊട്ടുകൂടായ്മയും: പാചകക്കാരിയ്ക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍

പാലക്കാട്: അയിത്തവും തൊട്ടുകൂടായ്മയും ആരോപിച്ച് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ സ്ഥിരം പാചകക്കാരിയ്ക്കെതിരെ പരാതി തന്നിരുന്നുവെന്ന് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സ്ഥിരീകരണം. പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. പരാതി കൊടുത്ത കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ്സ് നടത്തിയതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.


കുട്ടികള്‍ നല്‍കിയ പരാതി അന്വേഷിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നടപടികള്‍ക്കായി അയച്ചു നല്‍കും. അന്വേഷണം നടന്നു വരികയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടികള്‍ക്കായി അയച്ചു കൊടുക്കാനേ കഴിയുകയുള്ളുവെന്നും ചൈല്‍ഡ് ലൈനിന് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിലപാട്.

മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ താമസക്കാരായ കുട്ടികള്‍ക്ക് സ്ഥിരം പാചകക്കാരിയിൽ നിന്ന്
തൊട്ടുകൂടായ്മയും അയിത്തവും
അനുഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നാരദ ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ തൊടുന്നതിനെ മുമ്പെ അവര്‍ കഴിക്കും. കുട്ടികള്‍ പൊട്ടിച്ച ബിസ്‌ക്കറ്റ് പാക്കറ്റില്‍ നിന്ന് ഒരു ബിസ്‌ക്കറ്റ് പോലും എടുത്തു കഴിക്കില്ല. ഉച്ഛിഷ്ടം കഴിക്കാറില്ലെന്നാണ് ഇതുസംബന്ധിച്ച് അവര്‍ പറയുന്ന കാരണമത്രേ. കുട്ടികള്‍ക്ക് കിട്ടുന്ന റേഷന്‍ കിട്ടിയില്ലെങ്കിലും തനിക്ക് കിട്ടണമെന്ന് ശഠിക്കും. മുട്ടയും ബിസ്‌ക്കറ്റുമെല്ലാം തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട്ടിലേക്കു കൊണ്ടു പോകും. പലപ്പോഴും ചപ്പാത്തിയും മറ്റും പാതി വേവിച്ച് നല്‍കും.

വേവിക്കാത്ത ചപ്പാത്തി തന്നത് സംബന്ധിച്ച് പത്താം ക്ലാസ്സിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം വാര്‍ഡനോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി പറഞ്ഞ കുട്ടിയെ സ്ഥിരം പാചകക്കാരി ശകാരിച്ചു. ' നിന്നെയൊക്കെ കെട്ടിച്ചു വിട്ടാലും പിറ്റേന്നു തന്നെ വീട്ടില്‍ കൊണ്ടാക്കും' എന്നൊക്കെ പറഞ്ഞാണ് അധിക്ഷേപിച്ചത്. തുടര്‍ന്ന് പത്തിലേയും ഒമ്പതിലേയും കുട്ടികള്‍ പ്രതിഷേധിച്ചു. കൃത്യമായി ജാതി വിവേചനം കാണിച്ച് കുട്ടികളെ അനാവശ്യമായി ശകാരിക്കുന്നതിനെതിരെ കുട്ടികള്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ ഇവര്‍ കൊഴിഞ്ഞാമ്പാറയില്‍ കുക്കായി ജോലി ചെയ്തിരുന്നപ്പോള്‍ അവിടേയും സമാനമായ വിധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഹോസ്റ്റലില്‍ കുട്ടികള്‍ ഇവര്‍ക്കെതിരെ സമരം നടത്തി. അവരെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിയാലേ തങ്ങള്‍ ഹോസ്റ്റലിലേക്ക് തിരിച്ചു കയറൂ എന്നു പറഞ്ഞാണ് സമരം തുടങ്ങിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം അന്ന് പരിഹരിച്ചത്.

നാലു വര്‍ഷം മുമ്പ് മുണ്ടൂരിലെ ഹോസ്റ്റലില്‍ ഇവര്‍ ജോലി ചെയ്തിരുന്നെങ്കിലും ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥലം മാറ്റിയിരുന്നു. കുട്ടികളും ഇവരുമായി യോജിച്ചു പോകാത്തതിനെ തുടര്‍ന്ന് മൂന്നു മാസത്തോളമായി പല ഉദ്യോഗസ്ഥരും അന്വേഷണത്തിനായി ഹോസ്റ്റലില്‍ വരുന്നുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഹോസ്റ്റലിലെ താല്‍ക്കാലിക വാര്‍ഡന്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഹോസ്റ്റലിന്റെ തന്നെ നല്ല അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലേക്ക് പ്രശ്‌നങ്ങള്‍ മാറിയിട്ടും നടപടിയുണ്ടാകാത്തതില്‍ കുട്ടികള്‍ക്കും മറ്റും ജീവനക്കാര്‍ക്കും പ്രതിഷേധമുണ്ട്.

Read More >>