അവതാരകയെ കടന്നു പിടിച്ച സൈബർ പൊലീസ് മുൻ മേധാവിക്കെതിരെ കേസെടുത്തു

കൊല്ലം സ്വദേശിയായ അവതാരക നല്‍കിയ പരാതിയില്‍ കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് കേസ്.

അവതാരകയെ കടന്നു പിടിച്ച സൈബർ പൊലീസ് മുൻ മേധാവിക്കെതിരെ കേസെടുത്തു

കൊച്ചി: കൊല്ലത്ത് കേരള പൊലീസിന്റെ കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനിടെ അവതാരകയെ കടന്നു പിടിച്ച എസിപി വിനയകുമാര്‍ നായര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിയായ അവതാരക നല്‍കിയ പരാതിയില്‍ കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് കേസ്.

തിരുവനന്തപുരം ഹൈടെക് സെല്ലിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയകുമാര്‍ നായര്‍ക്കെതിരെ വകുപ്പു തല നടപടിക്ക് ഐജി മനോജ് എബ്രഹാം ശുപാര്‍ശ നല്‍കിയിരുന്നു. അതേ തുടര്‍ന്ന് ഹൈടെക്ക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്ഥാനത്തുനിന്ന് വിനയകുമാറിനെ ഡിജിപി നീക്കം ചെയ്തിരുന്നു. ഐജി മനോജ് ഏബ്രഹാം അന്വേഷിച്ച് സംഭവത്തെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നത്.


വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയാണ് വിനയകുമാര്‍ അവതാരകയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. കൊല്ലത്ത് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിന്റെ അവസാന ദിവസം വേദിയുടെ ഇടനാഴിയില്‍ വെച്ച് ഡിവൈഎസ്പി വിനയകുമാര്‍ നായര്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അവതാരകയോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതായും മോശമായി സംസാരിച്ചതായും ആരോപണമുണ്ടായിരുന്നു. പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പി പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പരാതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോടു നിര്‍ദേശിച്ചു. പരാതിയില്‍ വസ്തുതയുണ്ടെന്ന് അന്വേഷണത്തില്‍ മനസിലായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാം നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. മന്ത്രി ഇപി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് വിനയകുമാര്‍ നായര്‍.

Read More >>