ഒളിമ്പിക്സ് ഫുട്ബോള്‍: ബ്രസീല്‍, ജര്‍മ്മനി, ഹോണ്ടുറാസ്, നൈജീരിയ സെമിയില്‍

കൊറിയക്കെതിരെ ആല്‍ബെര്‍ട്ട് എലിസ് 59-ആം മിനിറ്റില്‍ നേടിയ ഗോളിന്റെ മികവിലാണ് ഹോണ്ടുറാസ് സെമിയിലേക്ക് പ്രവേശിച്ചത്. ഡെന്‍മാര്‍ക്കും നൈജീരിയയും തമ്മില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് നൈജീരിയ വിജയിച്ചു.

ഒളിമ്പിക്സ് ഫുട്ബോള്‍: ബ്രസീല്‍, ജര്‍മ്മനി, ഹോണ്ടുറാസ്, നൈജീരിയ സെമിയില്‍

നിരഞ്ജൻ

റിയോ: സൂപ്പര്‍താരം നെയ്മറിന്റെയും യുവതാരം ലുവാന്റെയും ഗോളിന്റെ പിന്‍ബലത്തില്‍ കൊളംബിയന്‍ യുവനിരയ്ക്കെതിരെ കാല്‍പ്പന്തുകളിയില്‍ ആതിഥേയര്‍ക്ക് ജയം. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയിച്ചത്. കൊറിയയെ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായി ഒരു ഗോളിന് തോല്‍പ്പിച്ച ഹോണ്ടുറാസാണ് സെമിയില്‍ ബ്രസീലിന് നേരിടാനുള്ളത്.

12-ആം മിനിറ്റില്‍ കൊളംബിയന്‍ താരം പാലഷ്യോ ഹെലിബെല്‍റ്റന്‍ ബ്രസീല്‍ താരത്തെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് അതിസുന്ദരമായി വലയിലേക്ക് നേരിട്ടെത്തിച്ചായിരുന്നു നെയ്മറിലൂടെ ബ്രസീല്‍ ആദ്യം മുന്‍പിലെത്തിയത്. 83-ആം മിനിറ്റിലായിരുന്നു ലുവാന്റെ അടുത്ത ഗോള്‍. കൊളംബിയയും ബ്രസീലൊപ്പം തന്നെ നന്നായി കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇതിനിടെ പലപ്പോഴും കൊളംബിയ പരുക്കന്‍ കളിയും പുറത്തെടുത്തു. ഇതേത്തുടര്‍ന്ന് ആറ് മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയന്‍ താരങ്ങള്‍ കണ്ടത്.


കൊറിയക്കെതിരെ ആല്‍ബെര്‍ട്ട് എലിസ് 59-ആം മിനിറ്റില്‍ നേടിയ ഗോളിന്റെ മികവിലാണ് ഹോണ്ടുറാസ് സെമിയിലേക്ക് പ്രവേശിച്ചത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ സമനിലയില്‍ കുടുക്കി ഹോണ്ടുറാസ് അര്‍ജന്റീനയ്ക്ക് പുറത്തേക്ക് വഴിയൊരുക്കിയിരുന്നു. കൊറിയയായിരുന്നു കൂടുതലും പന്ത് കൈയടക്കി വച്ചതെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ അവര്‍ വിജയിച്ചില്ല. 64 ശതമാനവും കൊറിയ പന്തടക്കി വച്ചപ്പോള്‍ വെറും 36 ശതമാനം മാത്രമാണ് ഹോണ്ടുറാസ് പന്ത് കൈയില്‍വച്ചത്.

ഡെന്‍മാര്‍ക്കും നൈജീരിയയും തമ്മില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് നൈജീരിയ വിജയിച്ചു. 16-ആം മിനിറ്റില്‍ ജോണ്‍ ഓബി മൈക്കിളും 59-ആം മിനിറ്റില്‍ അമിനു ഉമറും നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് നൈജീരിയ സെമി ബര്‍ത്ത് ഉറപ്പാക്കിയത്.

തങ്ങളുടെ യുവനിര തന്നെയാണ് ലോകത്തില്‍ ഏറ്റവും മികച്ചതെന്ന് തെളിയിക്കുംവിധമായിരുന്നു ക്വാര്‍ട്ടറില്‍ ജര്‍മന്‍ ടീമിന്റെ വിജയം. പറങ്കികള്‍ക്കെതിരെ ഏകപക്ഷീയമായ നാലു ഗോളുകളിലൂടെയാണ് ജര്‍മനി സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ പകുതിയുടെ ഇന്‍ജ്വറി ടൈമില്‍ സെര്‍ജി ഗ്‌നാര്‍ബിയും 57-ആം മിനിറ്റില്‍ മത്യാസ് ജിന്ററും 75-ആം മിനിറ്റില്‍ ഡേവി സെല്‍ക്കിയും 87-ആം മിനിറ്റില്‍ ഫിലിപ്പ് മാക്സുമാണ് ജര്‍മനിയുടെ സ്‌കോറര്‍മാര്‍. പോര്‍ച്ചുഗലിന്റെ മാനേയും ബ്രൂണോ ഫെര്‍ണ്ണാണ്ടസും കളിച്ചെങ്കിലും ലക്ഷ്യം നേടുന്നതില്‍ വിജയിച്ചില്ല. നൈജീരിയയും ജര്‍മ്മനിയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം വ്യാഴാഴ്ച രാത്രി ഒമ്പതിന് നടക്കും. ബ്രസീലും ഹോണ്ടുറാസും തമ്മിലുള്ള മത്സരം വ്യാഴാഴ്ച പുലര്‍ച്ചെ ആറിനാണ് നടക്കുക.

Read More >>