'ബിരിയാണി'ക്കഥയിലെ നെല്ലും പതിരും

വിശക്കുന്നവന്റെ, വിശന്നു മരിച്ചവന്റെ കഥയാണ് 'ബിരിയാണി' എന്ന് ഒറ്റ വായനകൊണ്ട് തന്നെ ഒരു സാധാരണ വായനക്കാരന്‍ തീര്‍പ്പിലെത്തുമ്പോഴും, അതിലെ ഓരോ വാക്കുകളെയും, പേരുകളെയും, എന്തിനേറെ ചെറിയ പരാമര്‍ശങ്ങളെ പോലും മത/ജാതി/ഉപജാതികള്‍ ഉപയോഗിച്ച് വിമര്‍ശിച്ച് കഥയെ ദുര്‍വായന നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കെട്ടകാലത്തിലൂടെയാണ് ഈ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. അഹല്യ വൈദേഹി എഴുതുന്നു.അഹല്യ വൈദേഹി

എഴുത്ത് ഒരു സർഗപ്രക്രിയയാണ്. എഴുതിത്തീരുന്നതോടെ എഴുത്തുകാരന് തന്റെ രചനയിലുള്ള അധികാരം നഷ്ടപ്പെടുന്നു. ആ രചനയെ പിന്നീട് പരിപോഷിപ്പിക്കണോ, പരിക്ഷീണിപ്പിക്കണോ എന്നുള്ളത് വായനക്കാരന്റെ കാര്യമാണ്. അല്ലെങ്കിൽ അവന്റെ അവകാശവും, കടമയുമാണ്. ഏതൊരു എഴുത്തുകാരനും തന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വൈയക്തികമോ രാഷ്ട്രീയമോ ആയ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കും. ആ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് അയാൾ ഓരോ രചനകളും എഴുതി പൂർത്തിയാക്കുന്നതും. എഴുത്ത് ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഓരോ കാലഘട്ടത്തിലും എഴുത്തുകാരൻ അറിഞ്ഞും അറിയാതെയും പലപ്പോഴും സർഗ്ഗാത്മക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗഭാക്കാവുന്നുമുണ്ട്. അതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. മലയാള സാഹിത്യത്തിലും ഈ ഉദാഹരണങ്ങളുണ്ട്.

നിരന്തരമായ വായനയിലൂടെ മാത്രമെ ഒരു രചനയ്ക്ക് അതിന്റെ രാഷ്ട്രീയം ഉറക്കെ സംസാരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു രചനയെ സംബന്ധിച്ച് അതിന്റെ വിവിധ തലങ്ങളിലെ വായന നല്ലതാണ്. അത് കൂടുതൽ വായിക്കപ്പെടുന്നതിനുതകുന്നു. സാധാരണഗതിയിൽ കഥ വായിക്കാത്തവർ പോലും തിരഞ്ഞ് പിടിച്ച് വായിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എഴുതിയ 'ബിരിയാണി' എന്ന കഥയാണ് ഈ കുറിപ്പിന് അടിസ്ഥാനം. അടുത്ത കാലത്ത് രചനയുടെ രാഷ്ട്രീയം സംബന്ധിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കഥയാണ് 'ബിരിയാണി'. കഥയുടെ വായന തീർത്തും വായനക്കാരെ അടിസ്ഥാനപ്പെടുത്തി മാത്രം രൂപപ്പെടുന്ന ഒന്നാണ്. അതിൽ എഴുത്തുകാരനോ അല്ലെങ്കിൽ മറ്റാർക്കുമോ ഒരു സ്വാധീനവും ചെലുത്താനില്ല താനും.

കഥ എങ്ങനെ വായിക്കണം എന്നുള്ളത് ഒരു വായനക്കാരന്റെ സ്വാതന്ത്ര്യം തന്നെയാണ്. എഴുത്തുകാരൻ പാകപ്പെടുത്തിയ അതേ അച്ചിലിട്ട് തന്നെ വായിക്കണമെന്ന നിർബന്ധബുദ്ധിയൊന്നും ഇവിടെ സാധ്യമല്ല. 'ബിരിയാണി' സന്തോഷ് എച്ചിക്കാനം എന്ന കഥാകൃത്തിന്റെ മികച്ച കഥയാണ് എന്ന അഭിപ്രായം എനിക്കില്ല. എങ്കിൽകൂടിയും ഈ അടുത്ത കാലത്ത് വായനക്കാരനോട് കൃത്യമായി സംവദിക്കപ്പെട്ട ഒരു കഥയാണിതെന്ന് പറയാതിരിക്കാനും വയ്യ. കൊമാലയും പന്തിഭോജനവുമെല്ലാം സന്തോഷിന്റെ ഇതിനേക്കാൾ മികച്ച കഥകളാണെന്ന അഭിപ്രായമാണ് എനിക്ക് (എന്റെ അഭിപ്രായമാവണം മറ്റുള്ളവർക്ക് എന്ന് കരുതുന്നുമില്ല. അതെല്ലാം ഞാൻ നേരത്തെ പറഞ്ഞ വായനക്കാരന്റെ സ്വാതന്ത്ര്യത്തിലുൾപ്പെടും).

biriyani_santhosh-echikkanamവിശക്കുന്നവന്റെ, വിശന്നു മരിച്ചവന്റെ കഥയാണ് 'ബിരിയാണി' എന്ന് ഒറ്റ വായനകൊണ്ട് തന്നെ ഒരു സാധാരണ വായനക്കാരൻ തീർപ്പിലെത്തുമ്പോഴും, അതിലെ ഓരോ വാക്കുകളെയും, പേരുകളെയും, എന്തിനേറെ ചെറിയ പരാമർശങ്ങളെ പോലും മത/ജാതി/ഉപജാതികൾ ഉപയോഗിച്ച് വിമർശിച്ച് കഥയെ ദുർവായന നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കെട്ടകാലത്തിലൂടെയാണ് ഈ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം ദുർവായനകളാണ് ഈ അടുത്ത കാലത്ത് കലാ സാഹിത്യരംഗം ഏറെ ഭയന്നുകൊണ്ടിരിക്കുന്നതും; പെരുമാൾ മുരുകനും, ജിംഷാറുമെല്ലാം അതിന്റെ ഇരകളുമാണ്.

വളരെക്കാലം മുമ്പ് കൊച്ചുബാവ ഇറച്ചി എന്ന പേരിൽ ഒരു കഥയെഴുതിയിരുന്നു. വിശപ്പിന്റെ ആകുലതയും, അത് തീർക്കുന്ന ഭീതിതമായ അവസ്ഥയുമെല്ലാം അന്ന് ആ കഥയിലൂടെ കൊച്ചുബാവ വരച്ചിടുകയുണ്ടായി. എന്നാൽ ബിരിയാണി എന്ന കഥ ഇവിടെ പ്രസക്തമാവുന്നത് ഈ കാലഘട്ടത്തിന്റെ കഥയായതുകൊണ്ടാണ്. കൊച്ചുബാവ എഴുതിയതും, സന്തോഷ് എഴുതിയതും വിശപ്പിനെ കുറിച്ച് തന്നെ. പക്ഷേ, കഥാപരിസരം രണ്ടിലും വ്യത്യസ്തമായിരുന്നു. വായനക്കാരന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സന്തോഷിന്റെ ഈ കഥയ്ക്ക് എന്തുകൊണ്ടാണ് മുസ്ലീം വിരുദ്ധത ആരോപിച്ച് നൽകുന്നത്? ചിന്തിക്കേണ്ട വിഷയമാണത്. ഹിന്ദുവായ സന്തോഷ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രമേയം സ്വീകരിച്ചത് എന്ന ചോദ്യം വരെ ഉയരുന്നുണ്ട്. ഹൈന്ദവ കുടുംബങ്ങളിലെ ധൂർത്ത് കാണാതെ മുസ്ലീം കുടംബങ്ങളിലെ ധൂർത്തിനെ കുറിച്ചെഴുതുന്നതുകൊണ്ട് സന്തോഷ് എച്ചിക്കാനമെന്ന കഥാകൃത്ത് ഒരു സംഘപരിവാറുകാരനാക്കുന്നു. എന്ത് യുക്തിയാണത്? ഒരു എഴുത്തുകാരൻ അയാളുടെ ജാതി/മതം അടിസ്ഥാനപ്പെടുത്തി മാത്രമേ എഴുതാവൂ എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്?

എംടി 'നിർമാല്യം' എഴുതിയത് കണ്ടില്ലേ എന്ന ചോദ്യവും, എന്തുകൊണ്ടാണ് എംടി ഒരു വെളിച്ചപ്പാടിനെ അടിസ്ഥാനമാക്കി എഴുതിയത് എന്നും, എന്തുകൊണ്ട് അദ്ദേഹം കുത്ത് റാത്തീബിനെകുറിച്ച് എഴുതിയില്ല എന്നുള്ള പ്രസ്താവവുമൊക്കെ ഉയരുമ്പോൾ ഒന്ന് തിരിച്ചും ചോദിക്കേണ്ടതുണ്ട്. ഇന്ന് സന്തോഷ് ഇതേ നിർമ്മാല്യമാണ് എഴുതിയിരുന്നത് എങ്കിൽ ഇപ്പറയുന്ന അവസ്ഥ തന്നെയാവുമോ ഉണ്ടായിരുന്നത്? വായനയുടെ ഒരു വികേന്ദ്രീകരണം സംഭവിക്കുക എന്നുള്ളത് സന്തോഷകരമായ ഒരു കാര്യം തനെയാണ്. എന്നാൽ ഇക്കാണുന്ന പോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും, കൃതിയെ വികലമായ വായനകൾ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് ആ വായനക്കാരൻ കൃതിയോടും, എഴുത്തുകാരനോടും എന്തിനേറെ സാഹിത്യത്തോട് പോലും ചെയ്യുന്ന വലിയ പാതകമാണ്.

ഇക്കാലത്താണ് ബഷീർ 'ഭഗവത് ഗീതയും കുറെ മുലകളും' എഴുതിയതെങ്കിൽ മേൽപ്പറഞ്ഞ വായനയുടെ രീതിശാസ്ത്രങ്ങളെ അധികരിച്ച് അദ്ദേഹമൊരു തീവ്ര ഇസ്ലാമിസ്റ്റ് ആയിരുന്നു എന്ന് വിലയിരുത്തേണ്ടി വരില്ലേ? ഹിന്ദു ഹിന്ദുവിന്റെ കഥ മാത്രം പറയണമെന്നും, മുസ്ലീം മുസ്ലീമിന്റെ കഥ മാത്രം പറയണമെന്നും, ക്രിസ്ത്യാനി ക്രിസ്ത്യൻസിന്റെ കഥ മാത്രം പറയണമെന്നുമുള്ള ഒരു വാദമാണ് ഇതിന്റെ പുറകിൽ നിന്ന് വായിച്ചെടുക്കാനാവുക. ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ് അയാൾ ആരുടെ കഥയാണ് പറയേണ്ടത് എന്നുള്ളത്. അയാൾ എന്ത് ക്രാഫ്റ്റ് സ്വീകരിക്കണം എന്നുള്ളതും അയാളുടെ സ്വാതന്ത്ര്യമാണ്. എന്ന് കരുതി എന്തും എഴുതാമെന്നല്ല. വിമർശനത്തോട് അസഹിഷ്ണുതയുമില്ല.

പക്ഷേ, വിമർശനം എന്നത് പേരുകൾ നോക്കിയോ, ജാതി/മതം നോക്കിയോ ആവരുതെന്ന് മാത്രം. അതിസൂക്ഷ്മമായ വായനകളാണ് ഇത്തരം സന്ദർഭത്തിൽ അത്തരക്കാർ നടത്തേണ്ടത്. എന്നാലത് ചെയ്യാതെ ഉപരിപ്ലമായ രീതിയിൽ ആ കഥയെ തീർത്തും ന്യൂനപക്ഷ വിരുദ്ധമെന്ന് ആക്ഷേപിക്കുകയും, എതിർക്കുകയും ചെയ്യുന്നു. എഴുത്തുകാരനെ പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കി മാറ്റുന്നു. ചില അധികാരപ്രയോഗ സന്ദർഭങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു കൃതിയെ അത് ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്ന് എത്ര വേഗമാണ് ഇത്തരക്കാർ മാറ്റി നിർത്തിയത്. ധൂർത്ത്, വിശപ്പ് എന്നീ രണ്ട് പദങ്ങൾ ഈ ചർച്ചകൾക്കിടയിൽ എവിടെയെങ്കിലും കടന്നുവരുന്നുണ്ടോ? ഇല്ല. ഈ കഥ പ്രാഥമികമായി ചർച്ച ചെയ്യുന്നത് ഈ രണ്ട് വിഷയങ്ങളെയാണ്. എന്നാൽ കഥയെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങൾ മുഴുവൻ കഥയിലെ കഥാപാത്രമായ കലന്തൻ ഹാജിയെ കുറിച്ചും, അയാൾ കെട്ടിയ നാല് ബീവിമാരെ കുറിച്ചും, അവരുടെ വീട്ടിൽ നടന്ന കല്യാണത്തെ കുറിച്ചും, ബസുമതി അരികൊണ്ടുണ്ടാക്കിയ ബിരിയാണിയെ കുറിച്ചുമാണ്. അത് തന്നെയാണ് ഈ വായനയുടെ ദുരന്തം.

നാല് കെട്ടിയ കലന്തൻ ഹാജി, ഇതൊരു ന്യൂനപക്ഷ വിരുദ്ധമായ പ്രയോഗമാണത്രെ. എങ്ങനെയാണത് ന്യൂനപക്ഷവിരുദ്ധമാവുന്നത്? കഥ എന്നത് തീർത്തും സാങ്കല്പികമായ ഒന്നാണ്. യാഥാർത്ഥ്യങ്ങളെ തന്നെയാണ് കൂടുതലും ഉൾക്കൊള്ളിക്കാൻ എഴുത്തുകാർ ശ്രമിക്കുന്നതും. പഴയ നായർ സംബന്ധങ്ങളെ കുറിച്ച് ചിത്രീകരിക്കുമ്പോൾ അതാരും ഭൂരിപക്ഷവിരുദ്ധതയാണ് എന്ന ആക്ഷേപം പറഞ്ഞു കേട്ടിട്ടില്ല. കലന്തൻ ഹാജി എന്ന കഥാപാത്രം ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്നു എന്ന പരാതിയുമില്ല. പക്ഷേ, ന്യൂനപക്ഷ വിരുദ്ധമാണത്രെ. ഹിന്ദു കല്യാണങ്ങളിലും ഇതുപോലെ നിരവധി ഭക്ഷണസാധനങ്ങൾ ബാക്കി വന്നത് കുഴിച്ചുമൂടുന്നുണ്ട്. എന്നിട്ടും സന്തോഷിന് മുസ്ലീം പ്രമേയം മാത്രമേ എഴുതാനായുള്ളു എന്നത് മറ്റൊരാക്ഷേപം. എന്താണിതിനൊക്കെ മറുപടി പറയേണ്ടത്? കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ച് നിലനിൽക്കുന്ന പൊതുബോധങ്ങളെ സ്ഥാപിച്ചെടുക്കാൻ സന്തോഷ് എച്ചിക്കാനം ശ്രമിക്കുന്നു എന്നാണ് ഒരു ആരോപണം. അതിന് വിമർശകൻ 'മുസ്ലിങ്ങൾ ബഹുഭാര്യാത്വം ഉള്ളവരാണ്. ഈ മുൻവിധിയിൽ നിന്നാണ്, ''ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം.' എന്ന പ്രസ്താവന വരുന്നത് എന്ന് പറയുന്നു.

biriyani_santhosh-echikkanam_1ഇതേ പ്രസ്താവമുള്ള എത്ര കഥകൾ മലയാളസാഹിത്യത്തിലും സിനിമയിലും നമ്പൂതിരി സമുദായത്തിന്റെ പേരിൽ വന്നിട്ടുണ്ട്. അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള വസ്തുതകളാണ്. ആ വസ്തുതകളെ സാങ്കല്പികമായ ഇടങ്ങളിലേക്ക് പ്ലേസ് ചെയ്തുകൊണ്ടാണ് ഒരു കഥ പിറവിയെടുക്കുന്നത്. കഥ ഒരു ചരിത്രനിർമ്മിതിയല്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത. ഗൾഫ് പണം കൊണ്ട് മുസ്ലീങ്ങൾ ധനികരായി എന്ന പൊതുബോധത്തെ കഥാകൃത്ത് ഇവിടെ ഉപയോഗിക്കുന്നു എന്ന് പുറകെ മറ്റൊരാരോപണവും വരുന്നുണ്ട്. പ്രാദേശികമായി ഈ പ്രസ്താവത്തിൽ മാറ്റമുണ്ടാവാം. കഥ നടക്കുന്ന സ്ഥലം, കാലം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ കഥാപാത്രത്തെയും എഴുത്തുകാരൻ തെരെഞ്ഞെടുക്കുന്നത്. ഒരു ഡോക്യുമെന്റേഷൻ ആണ് ഈ വിധത്തിൽ സൃഷ്ടിക്കപ്പെടുന്നത് എങ്കിൽ വിമർശകരുന്നയിച്ച എല്ലാം തന്നെ ശരിയാണ് താനും. അല്ലാത്തിടത്തോളം ഇതൊരു ദുർവായന മാത്രമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവ് എന്നതാണ് ക്രാഫ്റ്റും ഭാഷയുമല്ല സാഹിത്യം എന്ന അവരുടെ പ്രസ്താവന.

ക്രാഫ്റ്റും ഭാഷയുമില്ലാതെ എങ്ങനെയാണ് ഒരു നല്ല കഥ ഉണ്ടാവുന്നത്? ഏതൊരു സൃഷ്ടിക്കും വേണ്ടതും ഒഴിച്ചുനിർത്താനാവാത്തതുമായ ഘടകങ്ങളാണവ. അവയല്ല ഒരു കഥയ്ക്ക് വേണ്ടത് എങ്കിൽ ഒരു ലേഖനം ആണ് ടി കക്ഷികൾ പ്രതീക്ഷിക്കുന്നത് എന്ന് സാരം. അതായത്, അവർ ഉദ്ദേശിക്കുന്നത് ഇതൊരു കഥയല്ല എന്നു തന്നെയാണെന്ന് വേണം കരുതാൻ. പെരുമാൾ മുരുകൻ നേരിട്ട അവസ്ഥ എന്തായിരുന്നു എന്നുള്ളത് എവിടെയോ ഒരിക്കൽ വായിച്ചിട്ടുണ്ട്. സാഹിത്യവുമായി വലിയ അകലം പാലിച്ചിരുന്ന ഒരു സമൂഹമായിരുന്നു തമിഴിലെ ഭൂരിപക്ഷം വരുന്ന ആളുകൾ. എന്നാൽ ഇടക്കാലത്ത് തമിഴ് വായനക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് സംഭവിച്ചു. തമിഴ് സാഹിത്യത്തിന് നല്ലൊരു തിരിച്ചു വരവായിരുന്നത്രെ അക്കാലയളവ്. എന്നാൽ വായനയുടെ ശീലങ്ങളെ തിരിച്ചറിയാനുള്ള ശേഷി/പാകം ആ വായനക്കാർക്കില്ലായിരുന്നു. എഴുത്തുകാർ ഒരു തലത്തിലും, വായനക്കാർ മറ്റൊരു തലത്തിലുമായിരുന്നു നിലനിന്ന് പോന്നത്.

കേരളത്തിലായിരുന്നെങ്കിൽ ഒരു ചലനവുമില്ലാതെ പോകുമായിരുന്ന കൃതിയായിരുന്നു പെരുമാൾ മുരുകന്റേത്. എന്നാൽ അവിടെ സംഭവിച്ചത് നേരെ തിരിച്ചും. അതായത് വായനക്കാരന് ആ കൃതി സംവേദനം ചെയ്യപ്പെട്ടത് മറ്റൊരു രീതിയിലായിരുന്നു എന്ന്. അതവന്റെ ദൈവത്തെ അപകീർത്തിപ്പെടുത്തുന്നതായി മാറി. ലോകത്ത് ഇന്ന് നിരവധി സിദ്ധാന്തങ്ങളുണ്ട്. അത് വച്ച് ഏത് രീതിയിൽ വേണമെങ്കിലും ഒരു രചനയെ വായിക്കാം. രചനയെ മാത്രമല്ല, ഒരാളുടെ ഭാഷയെ, നോട്ടത്തെ എന്തിനേറെ അയാളുടെ ചലനത്തെ പോലും അധികാരപ്രയോഗങ്ങളുടെ ഭാഗമായി കൊണ്ട് നാനാവിധ രാഷ്ട്രീയഭാഷ്യങ്ങൾ കല്പിച്ച് നൽകാം. പക്ഷേ, അതിന് പുറകെ വരുന്ന രാഷ്ട്രീയ/സാംസ്‌കാരികചലനങ്ങൾ എപ്രകാരമായിരിക്കും എന്നുള്ളതിനെ കുറിച്ചുള്ള ജാഗ്രത കൂടിയുണ്ടാവണമെന്ന് മാത്രം. അതില്ലാതെ നിർദോഷമായ വസ്തുതകളെ വളച്ചൊടിക്കുമ്പോൾ അതുപയോഗിക്കാനും, അതിനെ പ്രചരിപ്പിക്കാനും ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഒരുപാടാളുകളുണ്ടെന്നത് കൂടി ഓർത്താൽ നന്ന്. വീണ്ടുമൊരു നവോത്ഥാനകാലത്തേക്ക് തിരിഞ്ഞ് നടക്കാനുള്ള ശേഷി ഒരുപക്ഷേ ഇനി മലയാളത്തിനുണ്ടായേക്കണമെന്നില്ലെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

അതുകൊണ്ട് സാദാ ബിരിയാണി 'തലശേരി' ബിരിയാണിയാക്കാതെ ആസ്വദിച്ച് കഴിച്ച് നമുക്ക് പിരിയാം.


Read More >>