ഭുവനേശ്വറില്‍ നിന്ന് ജര്‍മനിയിലേക്ക്; ബയേണ്‍ മ്യൂണിച്ചില്‍ പരിശീലനത്തിന് തയ്യാറെടുത്ത് ചന്ദന്‍ നായിക്കെന്ന പതിനൊന്നുകാരന്‍

. ജര്‍മ്മനിയില്‍ നടക്കാന്‍ പോകുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ചന്ദന്‍.

ഭുവനേശ്വറില്‍ നിന്ന് ജര്‍മനിയിലേക്ക്; ബയേണ്‍ മ്യൂണിച്ചില്‍ പരിശീലനത്തിന് തയ്യാറെടുത്ത് ചന്ദന്‍ നായിക്കെന്ന പതിനൊന്നുകാരന്‍

ഭുവനേശ്വറിലെ ദരിദ്ര ചേരിയില്‍ ജനിച്ച ചന്ദന്‍ നായിക്കെന്ന പതിനൊന്നുകാരന് ഇത് ആനന്ദത്തിന്റെ നിമിഷം. ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ ചന്ദന് ഇനി ജര്‍മ്മനിയിലെ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിനുവേണ്ടി കളിക്കാം. ബയേണ്‍ മ്യൂണിച്ച് അക്കാദമിയുടെ കളിക്കാരനായി ചന്ദന്‍ രണ്ട് മാസം ജര്‍മ്മനിയില്‍ ഉണ്ടാകും.

ഭുവനേശ്വറിലെ സബാര്‍ സാഹിയെന്ന ദരിദ്ര  ഗ്രാമാന്തരീക്ഷത്തിലാണ് ചന്ദന്‍ ജനിച്ചത്. ജര്‍മ്മനിയില്‍ നടക്കാന്‍ പോകുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ചന്ദന്‍. ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ചന്ദന്റെ കുടുംബം പുലര്‍ത്തുന്നത് അമ്മയാണ്. ചന്ദന്റെ അമ്മയുടെ കഷ്ടാപ്പാടുകള്‍ക്കുള്ള പ്രതിഫലമാണിത്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത വീട്ടില്‍ നിന്നാണ് ചന്ദന്‍ നായിക് ജര്‍മ്മനിയിലേക്ക് പറക്കുന്നത്.
'ചന്ദന്‍ വളരെ ചെറുതായിരുന്നപ്പോള്‍തന്നെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അതുകൊണ്ടുതന്നെ അവന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കി. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ചന്ദന് ഇവിടെ പരിശീലനം നല്‍കി വരുന്നുണ്ട്. ഒഡീഷയില്‍ നടന്ന സെലക്ഷന്‍ പരിപാടിയിലെ നിയമപ്രകാരം 14-16 വയസിനിടയിലുള്ളവരെയായിരുന്നു പരിഗണിച്ചത. എന്നാല്‍ പതിനൊന്നുകാരനായ ചന്ദന്റെ പ്രകടനം സെലക്ഷന്‍ കമ്മിറ്റിയെ അത്ഭുതപ്പെടുത്തി. അതുപോലെതന്നെ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയടക്കമുള്ളവരെ ചന്ദന്‍ അത്ഭുപ്പെടുത്തി.' ജര്‍മ്മനിയിലെ പരിശീലനം ചന്ദന് പുത്തന്‍ അനുഭവമായിരിക്കുമെന്ന് പരിശീലകന്‍ ജയദേവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഒരുപാട് സന്തോഷമുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി എനിക്ക് കളിക്കണം. എന്റെ പരിശീലകനോടും ഒരുപാട് നന്ദിയുണ്ട്' ചന്ദന്‍ പറയുന്നു.

ചന്ദനെ കണ്ടെത്തുമ്പോള്‍  ജനന സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. ആധാര്‍ കാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പാസ്പ്പോര്‍ട്ട് ലഭിക്കുന്നതിന് നല്ല സഹകരണം ലഭിച്ചു. അതുകൊണ്ട് ജര്‍മ്മന്‍ കോണ്സുലേറ്റില്‍ വിസക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തടസ്സമുണ്ടായില്ല. ജയദേവിന്റെ വാക്കുകള്‍.

വരുന്ന 25-ാം തിയ്യതി ചന്ദന്‍ ജര്‍മ്മനിയിലേക്ക് പറക്കും. ലോകം അറിയുന്ന പരിശീലകനായ ഫിലിപ്പ് ലാമിന്റെ കീഴിലാണ് ചന്ദന്‍ പരിശീലനം നേടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 120 കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച രീതിയിലുള്ള പരിശീലനം ചന്ദന് ലഭിക്കും. ലയണല്‍ മെസിക്ക് സമാനമായ ജീവിതമാണ് ചന്ദന്റേത്. അര്‍ജന്റീനയുടെ പ്രാന്തപ്രദേശത്തില്‍ നിന്നുമാണ് മെസി ഫുട്ബോള്‍ ഇതിഹാസമായി വളര്‍ന്നുവന്നത്.

ഫോട്ടോ കടപ്പാട്: എഎന്‍ഐRead More >>