പാടാം നമ്മുക്ക് പാടാം..

പാട്ട് പാടുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ അടുത്ത തവണ പാട്ട് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വെറുതെ മിണ്ടാതിരിക്കുവാന്‍ കഴിയില്ല എന്ന് തീര്‍ച്ച.

പാടാം നമ്മുക്ക് പാടാം..

പാട്ട് കേള്‍ക്കുന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാല്‍ പാട്ട് പാടുന്നത് ആരോഗ്യത്തെ സമ്മാനിക്കും എന്ന് എത്ര പേര്‍ക്കറിയാം? പാട്ട് പാടുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ അടുത്ത തവണ പാട്ട് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വെറുതെ മിണ്ടാതിരിക്കുവാന്‍ കഴിയില്ല എന്ന് തീര്‍ച്ച. 

പാട്ട് പാടുന്നത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും:

ഫ്രാങ്ക്ഫര്‍ട്ട് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പാട്ട് പാടുന്നത് ശരീരത്തിന്‍റെ പ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രൊഫഷണലായി ഗാനമേളകള്‍ നടത്തുന്നവരില്‍ പരിപാടിക്ക് മുന്‍പും അതിനു ശേഷവും നടത്തിയ രക്തപരിശോധനയുടെ ഫലമായിട്ടാണ് ഇത് കണ്ടെത്തിയതെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ഇമ്മ്യൂണോഗ്ലോബിന്‍ A എന്ന ആന്റിബോഡിയുടെ അളവ് പാട്ട് പാടി കഴിയുന്ന സമയത്ത് വളരെ വര്‍ദ്ധിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇത് പ്രതിരോധ ശക്തിക്ക് സഹായകരമാണ്.


ചെറിയ വ്യായാമത്തിന് സമമായ പ്രയോജനം:

ശ്വാസകോശസംബന്ധമായ പ്രയാസം അനുഭവിക്കുന്നവര്‍ തങ്ങളാല്‍ ആവും വിധം പാട്ട് പാടുന്നത് അവരുടെ ഡയഫ്രത്തിന്‍റെയും, ശ്വാശകോശത്തിന്റെയും വ്യായാമത്തിന് ഉതകും. ഇത് രോഗത്തിന്‍റെ കാഠിന്യത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് എരോബിക് കപ്പാസിറ്റിയെയും ഉയര്‍ത്തുന്നു.

കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പാട്ട് പാടുമ്പോള്‍ തൊണ്ടയിലെ പേശികള്‍ക്ക് വ്യായാമം ലഭിക്കുന്നതിനാല്‍ ഉറക്കത്തിലെ കൂര്‍ക്കംവലി കുറയാന്‍ ഉള്ള സാധ്യതകള്‍ ഏറെയാണ്‌.

മാനസികമായ പിരിമുറുക്കത്തിന് അയവ് സംഭവിക്കുന്നു

ഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ അതിനൊപ്പം മൂളുന്നത് എന്തുക്കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചെവിക്കുള്ളിലെ സാക്കുലസ് എന്ന ചെറിയ ഒരു ഭാഗം സംഗീതം ആസ്വദിക്കുമ്പോള്‍ സന്തോഷകരമായ സന്ദേശങ്ങള്‍ തലച്ചോറിനു കൈമാറുന്നത് കൊണ്ടാണിത്. പാടാന്‍ എത്ര അറിയാത്ത ആളാണെങ്കില്‍ കൂടിയും ചെറുതായി ഒന്നു മൂളി പോകുന്നത് തലച്ചോര്‍ നല്‍കുന്ന ഈ സന്തോഷത്തിന്‍റെ പ്രതിഫലനമാണ്. ഇത് ഒരാള്‍ക്ക്‌ കൂടുതല്‍ ഊര്‍ജ്ജസ്വലത പകര്‍ന്നുകൊടുക്കും എന്ന് പറയേണ്ടതില്ലെലോ. ഇത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാക്കുന്നു.

സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുന്നു:

പൊതുസദസ്സില്‍ പാടാന്‍ നിങ്ങള്‍ പ്രശസ്തനായ ഒരു പാട്ടുകാരന്‍ അല്ല എന്നുള്ളതായിരിക്കും നിങ്ങളുടെ ചിന്ത. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സദസ്സില്‍ ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തരുത്. പാട്ട് ഇപ്പോഴും ശ്രുതിയും താളവും മാത്രമല്ല. അത് ചിലപ്പോഴൊക്കെ ബന്ധങ്ങള്‍ കൂട്ടിയിണക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ്.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു:

ഒരു പാട്ട് തനിക്കറിയാവുന്ന വിധത്തില്‍ പാടിത്തീര്‍ത്തു കഴിയുമ്പോള്‍ മനസ്സിലുണ്ടാകുന്ന സന്തോഷവും അതില്‍ നിന്നുണ്ടാകുന്ന ആത്മവിശ്വാസവും നേരിട്ട് അറിയേണ്ടുന്ന കാര്യമാണ്.
പ്രശസ്തനായ ഒരു ഗായകന്‍ ആകുന്നതിലല്ല കാര്യം, പാട്ട് പാടുക, സന്തോഷിക്കുക എന്നുള്ളത് മാത്രമാകട്ടെ പ്രധാനം.

Story by