ജോലി: ബിയര്‍ കുടി; ശമ്പളം: 43 ലക്ഷം രൂപ

വെറുതെ ഇരുന്നു ബിയര്‍ കുടിക്കുന്നതിന് ശമ്പളം 43 ലക്ഷം രൂപ

ജോലി: ബിയര്‍ കുടി; ശമ്പളം:  43 ലക്ഷം രൂപ

അമേരിക്കയില്‍ യുവാക്കളെ ആകര്‍ഷിച്ച ഒരു രസികന്‍ ജോലിയുണ്ട്. ജോലിയുടെ പേര് ബിയര്‍ സ്‌പെഷ്യലിസ്റ്റ്. രാജ്യത്തെ എല്ലാ മദ്യ നിര്‍മ്മാണ ശാലകളും സന്ദര്‍ശിച്ച് ബിയര്‍ രുചിച്ചു നോക്കുക എന്നതാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിന്‍റെ ജോലി.

64,650 ഡോളര്‍ (43 ലക്ഷം ഇന്ത്യന്‍ രൂപ) ശമ്പളമുള്ള ഈ ജോലി സ്മിത്‌ സോണിയന്‍ ഇന്‍സ്റ്റ്യൂട്ടിന്‍റെ ഭാഗമായ  നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയിലാണ്. മൂന്ന് വര്‍ഷത്തെ വേക്കന്‍സിയിലേക്കാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നത്.


"അമേരിക്കയുടെ ചരിത്രത്തിന്റെ ഭാഗമാണ് ബീയര്‍. രാജ്യത്തിന്റെ പ്രധാന വ്യവസായങ്ങളില്‍ ഒന്നായ ബീയര്‍ വ്യവസായത്തെ അതിന്‍റെ തനിമയോടുകൂടി കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കുന്നത്. ഇവര്‍ ബീയര്‍ കുടിച്ചു അതിന്‍റെ ഗുണമേന്മ വിലയിരുത്തും". സ്മിത്‌ സോണിയന്‍ ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ സുസന്‍ ഇവാന്‍സ് പറയുന്നു.

മ്യുസിയത്തില്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റിന്‍റെ പോസ്റ്റില്‍ ആളെ നിയമിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതും ആയിരക്കണക്കിന് പേരാണ് ജോലിക്കായി മുന്നോട്ട് വന്നിട്ടുള്ളത്. അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം മ്യുസിയത്തിന്‍റെ വെബ്‌സൈറ്റ് ക്രാഷ് ആയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ്‌ 10 വരെ ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കും.

വെറുതെ ചെല്ലുന്ന ആര്‍ക്കും ഈ ജോലി ലഭിക്കുകയില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ബീയര്‍ വ്യവസായത്തില്‍ പാണ്ഡിത്യവുമുള്ളവര്‍ക്കാണ് ജോലി.