ഇസ്രയേലിലെ 'ബാർ' കഥകൾ

പറയുമ്പോൾ ദൈവത്തിന്റെ നാട് ഇസ്രയേലാണ്. കേരളത്തിന് അതൊരു ബ്രാൻഡ് നെയിം മാത്രമാണ്. ദൈവത്തിന്റെ നാട്ടിൽ മദ്യപാനമോ എന്ന് മൂക്കത്ത് വിരൽവെയ്ക്കാൻ വരട്ടെ, ഇത് ഇസ്രയേലിൽ നിന്നുള്ള ബാർ കഥകളാണ്. ബേസിൽ പി ദാസ് എഴുതുന്നു.

ഇസ്രയേലിലെബേസിൽ പി ദാസ്

ആഘോഷങ്ങളുടെ  കാര്യത്തില്‍  ജൂതരെ  വെല്ലാന്‍  വേറൊരു  ജനതയുമുണ്ടാവുമെന്ന്   തോന്നുന്നില്ല. വര്‍ഷത്തില്‍  പത്ത്  പ്രധാന  ആഘോഷങ്ങളാണ്  ജൂതര്‍ക്കുള്ളത്. നമ്മുടെ  ദീപാവലി  പോലെ  ദീപങ്ങളുടെ  ഉത്സവമുണ്ടിവിടെ. ഹാനുക്ക  എന്നാണു  പേര്. കഴിഞ്ഞ  വർഷം ഹാനുക്ക  ആഘോഷരാവില്‍ പങ്കെടുക്കാന്‍ ഇസ്രായേലി  സുഹൃത്ത് മിക്കി  എന്ന്  ഞങ്ങള്‍  വിളിക്കുന്ന  മിഖായേല്‍ വീട്ടിലേക്കു ക്ഷണിച്ചു. ഒരു ഇസ്രയേലി ആഘോഷം അടുത്ത് കാണാനുള്ള അവസരം എന്തായാലും പാഴാക്കാൻ തോന്നിയില്ല. നേരെ മിക്കിയുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു.  മിക്കിയുടെ  മാതാപിതാക്കളും മക്കളും കൊച്ചുമക്കളും  എല്ലാമായി  ബഹളമയമാണ്  വീട്. ഡൈനിംഗ്  ടേബിളില്‍ ഭക്ഷണ പാത്രങ്ങള്‍  നിരന്നു. വീഞ്ഞ്  കുപ്പി തുറന്നു  മിക്കി  എല്ലാവരുടെയും  ഗ്ലാസ്സുകളില്‍  വീഞ്ഞ് നിറച്ച്  മുന്നിലെത്തിച്ചു. ഗ്ലാസ്സുകള്‍  കയ്യിലെടുത്ത്  ഉയര്‍ത്തിപ്പിടിച്ച് ലെഹായിം (ചിയേര്‍സ് ) എന്നുറക്കെ പറഞ്ഞുകൊണ്ട്  വീഞ്ഞ്  മൊത്തിക്കുടിക്കുന്നത് കൌതുകത്തോടെ  നോക്കിയിരുന്ന  ഒരാളുണ്ടായിരുന്നു  സദസ്സില്‍, മിക്കിയുടെ   രണ്ടരവയസ്സുകാരന്‍ കൊച്ചുമകന്‍. നോക്കിയിരുന്നവന്‍ കൊതിയോടെ  ചോദിച്ചു. സാബാ  മാ സേ (അപ്പൂപ്പാ  എന്താ  ഇത് )


സേ  യായിന്‍  ബൂബാ (ഇത്  വീഞ്ഞാണ്  കുഞ്ഞുവാവേ ) എന്ന് മുത്തച്ഛന്റെ  മറുപടി.

അനീ  ഗം  റോസ്തെ  യായിന്‍ (എനിക്കും  വേണം  വീഞ്ഞ് ) എന്ന്  കൊച്ചുമകന്‍. ഇരുപത്   ശതമാനം  ആല്‍ക്കഹോള്‍ പ്രൂഫുള്ള വൈന്‍  ആണ്  ഗ്ലാസ്സുകളില്‍. ലഹരിയുള്ള  വീഞ്ഞിനൊപ്പം ആചാരങ്ങളുടെ  ഭാഗമായി  മാത്രം  ഉപയോഗിക്കാനുള്ള  ലഹരിയില്ലാത്ത മധുരമുള്ള  വീഞ്ഞുണ്ട് സമീപത്തെ  വേറൊരു കുപ്പിയില്‍. മിക്കി  കൊച്ചുമകന്റെ  മുന്നിലെ  ഗ്ലാസെടുത്ത് മധുരമുള്ള  മുന്തിരിച്ചാര്‍ ഒരു ഗ്ലാസ്  പകര്‍ന്നു  നല്‍കി. കൊച്ചുമകന്‍ ഗ്ലാസ്സെടുത്തുയർത്തി ലെഹായിം  എന്ന് പറഞ്ഞു കൊണ്ട്  മുന്തിരിച്ചാര്‍  ഒരു കവിള്‍  നുണഞ്ഞു.

പിന്നെക്കണ്ടത് മിക്കിയുടെ  മുഖത്തേയ്ക്കു കുഞ്ഞിക്കവിള്‍ നിറഞ്ഞിരുന്ന മുന്തിരിച്ചാര്‍ പറന്നിറങ്ങുന്നതാണ്. സേ ലോ യായിന്‍ (ഇത്  വീഞ്ഞല്ല )  എന്നൊരു  വിശദീകരണവും  കുഞ്ഞുവായില്‍ നിന്ന് പിന്നാലെ  വന്നു. അന്ന് ബോധ്യമായി രണ്ടര വയസിൽ തുടങ്ങുന്നതാണ് ഇസ്രയേൽ ജനതയും വീഞ്ഞും (മദ്യവും) തമ്മിലുള്ള ബന്ധം.

ഇത്രയും  പറഞ്ഞത്  ഇസ്രായേലികളും  മദ്യവും  തമ്മിലുള്ള ബന്ധം  അത്രമേലുണ്ട് എന്ന്  പറയാനാണ്.

ഇസ്രായേലില്‍  ആണ്  ജോലി  ചെയ്യുന്നത്  എന്ന്  പറയുമ്പോള്‍ അവിടെ  മദ്യമൊക്കെ കിട്ടുമോ, വിശുദ്ധനാടല്ലെ  എന്ന് ചോദിച്ച  നിരവധി സുഹൃത്തുക്കള്‍  എനിക്കുണ്ട്. നാട്ടിലെ ശുദ്ധപാവം  നസ്രാണികളുടെ  ധാരണ ഇസ്രായേല്‍ യേശു ജനിച്ച്  മരിച്ച വിശുദ്ധ നാടായത് കൊണ്ട് ഇവിടം മദ്യവിമുക്തമായ  ശാന്ത  സുന്ദര  ഭൂമി  എന്നാണ്.

ലഹരി  നുരയുന്ന വൈനില്ലാതെ ഒരാഘോഷവും ജൂതര്‍  ആരംഭിക്കാറില്ല. വൈന്‍ ഇവര്‍ക്ക്  ഭക്ഷണത്തിന്റെ  ഭാഗമാണ്. മേല്‍ത്തരം  വൈന്‍  ഉല്‍പ്പാദിപ്പിക്കുന്ന നൂറോളം വൈനറികള്‍  ഇസ്രയേലിലുണ്ട്. പ്രതിവര്‍ഷം അന്‍പത് മില്യൺ ബോട്ടിലാണ് ശരാശരി  ഉല്‍പ്പാദനം. വൈന്‍  കയറ്റുമതിയിലൂടെയുള്ള വാര്‍ഷിക വരുമാനം  മാത്രം നൂറ്റിനാല്‍പ്പത് മില്യൺ  ഡോളറില്‍ ഏറെയാണ്‌. ഇസ്രായേലികളുടെ  ശരാശരി  വൈന്‍  ഉപയോഗം ആളൊന്നിന്  വര്‍ഷം നാലര ലിറ്റര്‍  എന്ന  കണക്കിലാണ്. ലോകത്തെ  ഏറ്റവും വലിയ വീഞ്ഞ് കുടിയന്മാര്‍  എന്ന്  പേരുകേട്ട അര്‍ജന്റീനക്കാരുടെ  ഒപ്പത്തിനൊപ്പം.

ഗലീലി ഉള്‍പ്പെടുന്ന  ഗോലാന്‍ മലനിരകളാണ്‌ വീഞ്ഞുല്‍പ്പാദനത്തിന്റെ  മുഖ്യകേന്ദ്രം. ഗോലാന്‍  പ്രവിശ്യയിലെ മണ്ണും കാലാവസ്ഥയും മുന്തിരി കൃഷിക്കും  വീഞ്ഞുല്‍പ്പാദനത്തിനും  ഏറ്റവും  മികച്ചതാണ്. ഇതിനു  പുറമേ ഇസ്രയേലിന്റെ  തെക്കേ  അറ്റത്തെ  നെഗേവിലും വന്‍തോതിലുള്ള മുന്തിരികൃഷിയും  വീഞ്ഞുല്‍പ്പാദനവുമുണ്ട്.

രാജ്യത്തെ ആകെ  മുന്തിരി  ഉല്‍പ്പാദനത്തിന്റെ അമ്പതു  ശതമാനവും കാര്‍മല്‍ വൈന്‍യാർഡ്‍സ് വകയാണ്. ഇസ്രായേലിലെ  വീഞ്ഞുല്‍പ്പാദനത്തിന്റെ  മുക്കാല്‍  പങ്കും രാജ്യത്ത് പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന  കാര്‍മല്‍  വൈനറികളാണ് വഹിക്കുന്നത്. ഒന്നേകാല്‍  നൂറ്റാണ്ടു പഴക്കമുള്ള  കാര്‍മല്‍ വൈനറിയാണ് നിലവിലുള്ള  വീഞ്ഞുല്‍പ്പാദന കേന്ദ്രങ്ങളില്‍  ഏറ്റവും പഴയതും വലുതും. 1882 ല്‍ എഡ്മണ്ട്  രോത്ചില്‍ഡ് ടെല്‍ അവീവിനടുത്ത്  റിഷോന്‍ലെസ്യോനിലാണ്  കാര്‍മല്‍  വൈനറിയുടെ പ്രവര്‍ത്തനം  ആരംഭിക്കുന്നത്. റിഷോന്‍ ലെസ്യോനിലെ വൈനറിയാണ്  ഇസ്രായേലിലെ  ഏറ്റവും  വലിയ  വൈനറിയും. ഇസ്രായേലിന്റെ  ആദ്യ  പ്രധാനമന്ത്രി ബെന്‍ ഗൂരിയോന്‍ ഈ  വൈനറിയിലെ ജോലിക്കാരന്‍  ആയിരുന്നു  എന്ന ചരിത്രം കൂടിയുണ്ട് .

എല്ലാ  ആഴ്ചാവസാനങ്ങളിലും ആചരിക്കുന്ന  സാബത്ത്  ആയാലും, മറ്റെന്ത് ആഘോഷങ്ങളായാലും ഒഴിവാക്കാനാവാത്ത  ഘടകം  വീഞ്ഞാണ്. ജൂതരുടെ കുഞ്ഞുങ്ങള്‍ക്ക്  ജനിച്ച്  ആഴ്ചകള്‍ക്കുള്ളിലാണ്  ചേലാകര്‍മ്മം നടത്തുക. ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്ന  ജൂത പുരോഹിതന്‍ കരയുന്ന  കുഞ്ഞിന്‍റെ വായിലേക്ക് ആചാരത്തിന്റെ  ഭാഗമായി വിരലില്‍  മുക്കി  നുണയാന്‍  നല്‍കുന്നത് വീഞ്ഞാണ്. അമ്മിഞ്ഞപ്പാല്‍ രുചിക്കപ്പുറം ഓരോ ജൂതനും  ആദ്യമറിഞ്ഞ രുചി വീഞ്ഞിന്റെതാണ് .

വീഞ്ഞിനു പുറമേ എല്ലാ   ഇസ്രയേലികളുടെ വീടുകളിലും സൂക്ഷിക്കുന്ന  മദ്യമാണ്  അറാക്ക്. സെപ്തംബര്‍ ഒക്ടോബര്‍  മാസങ്ങളില്‍  വിളവെടുക്കുന്ന പ്രത്യേക  പരിചരണം  നല്‍കിയ  മുന്തിരി ഉടച്ച്  ബാരലുകളില്‍ മൂന്നാഴ്ച  സൂക്ഷിച്ച് വാറ്റിയെടുത്ത  മദ്യത്തിലേക്ക് പ്രത്യേക  അളവില്‍  പെരുംജീരകം  ചേര്‍ത്ത്  വീണ്ടും  വാറ്റി തയ്യാറാക്കുന്നതാണ്  അറാക്ക്. അറാക്ക്  മദ്യം  എന്നതിലുപരിയായി മരുന്നായാണ് ഇസ്രായേലികള്‍  ഉപയോഗിക്കുന്നത്. നിറമില്ലാത്ത അറാക്കില്‍  വെള്ളം  ചേര്‍ത്താല്‍ പാല്‍ നിറമായി  മാറും. പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള അനെത്തോള്‍ (
anethole
) എന്ന സുഗന്ധതൈലമാണ് ഈ  നിറം മാറ്റത്തിന്  കാരണമത്രേ .

അറാക്ക്  എന്ന പേര്  കേള്‍ക്കുമ്പോള്‍  ആന്റണി പൂര്‍വ്വ കേരളത്തിലെ പട്ട ഷാപ്പുകളിലെ പട്ടച്ചാരായത്തിന്റെ  രുചിയും  മണവും ഓര്‍മ്മവരുന്നവര്‍ ക്ഷമിക്കുക. ഇസ്രായേലി  അറാക്ക് രുചിയുടെയും  മണത്തിന്റെയും കാര്യത്തില്‍ മുമ്പനാണ്,വമ്പനാണ്.

വീഞ്ഞ്  അചാരത്തിനായും, അറാക്ക്  ആരോഗ്യത്തിനായും  ഉപയോഗിക്കുന്നവര്‍  ലഹരിക്ക്‌  വേണ്ടി  ആശ്രയിക്കുന്നത് ബിയറും വിസ്കിയും വോഡ്കയുമൊക്കെത്തന്നെ.

സ്വദേശി  ബിയര്‍  ആയ  ഗോള്‍ഡ്‌ സ്റ്റാര്‍  ആണ്  ഇസ്രായേലികളുടെ പ്രിയ  പാനീയം. ഗോള്‍ഡ്‌ സ്റ്റാറും  മക്കാബിയുമാണ് സ്വദേശി  ബിയറുകള്‍. ആഗോള  ഭീമന്മാരുടെ ഹെയ്നിക്കെയ്നും, കാല്സ്ബര്‍ഗും, ടുബോര്‍ഗുമെല്ലാം വിപണിയിലുണ്ട്. പച്ചക്കറിക്കടയിലും മെഡിക്കല്‍ സ്റ്റോറിലുമല്ലാതെ എല്ലാ  കടകളിലും  ബിയറും മദ്യവും  ലഭ്യമാണെന്ന്  മാത്രമല്ല കടകള്‍ക്ക്  മുന്നില്‍ തന്നെ  ഇരുന്നു  കഴിക്കാനുള്ള  സൌകര്യവുമുണ്ട്. ഇനി റോഡിലൂടെ  നടന്നു  കഴിക്കണം  എന്നുള്ളവര്‍ക്ക്  അതുമാവാം. രാവിലെ  ആറു  മണി മുതല്‍  രാത്രി  പതിനൊന്നു  മണി വരെ മദ്യം  ലഭിക്കും.

പതിനൊന്നു  മണിക്ക്  ശേഷം  മദ്യം  കഴിക്കെണ്ടവര്‍ക്കായി രാത്രി മുഴുവന്‍  തുറന്നിരിക്കുന്ന  പബ്ബുകളും, ബാറുകളുമുണ്ട് എല്ലാ  പട്ടണങ്ങളിലും. പബ്ബുകള്‍  യുവ തലമുറയുടെ  ആഘോഷ  കേന്ദ്രമാണ്. പാട്ടും, നൃത്തവുമെല്ലാമായി രാവെളുക്കുവോളം ഉത്സവാന്തരീക്ഷമാണ് പബ്ബുകളില്‍.

പബ്ബുകള്‍ക്കും  ബാറുകള്‍ക്കും  പുറമേ ബിയറും  വൈനും  കഴിക്കണം  എന്നുള്ളവര്‍ക്ക്  ബ്ര്യൂവറികളില്‍  പോകാം. ബോട്ടില്‍  ചെയ്ത്  വരുന്ന  ബിയറും  ബ്ര്യൂവറിയിലെ  ബിയറും  തമ്മില്‍ ആനയും  ആടും  പോലുള്ള  വ്യത്യാസമാണ്. ബ്ര്യൂവറികളില്‍  ബിയറിനു വില  അല്പം  കൂടുമെങ്കിലും അത്  നുണഞ്ഞു  കഴിയുമ്പോഴാണു വിജയ്‌ മല്യയൊക്കെ കുപ്പിയിലാക്കി  ബിയര്‍  എന്ന്  നമ്മളെ  കുടിപ്പിച്ചത്  വെറും  ഗോമൂത്രമായിരുന്നെന്നു തിരിച്ചറിയുക.

ഒളിച്ചും  പതുങ്ങിയുമിരുന്നു ആരെയും  അറിയിക്കാതെ കഴിച്ച്  വീട്ടില്‍  പോകേണ്ട  സാധനമാണ്  മദ്യം  എന്ന  മലയാളിയുടെ  മദ്യ സദാചാരമൊന്നു  മാത്രമാണ് മലയാളിയെ പെരുംകുടിയന്മാരാക്കി  മാറ്റുന്നത്. എവിടെയും  എപ്പോഴും മദ്യം  ലഭിക്കുന്ന  ഈ  നാട്ടില്‍  മദ്യ ലഹരിയില്‍  കാലിടറി, നാക്ക്  കുഴഞ്ഞു  നടക്കുന്ന സ്വദേശികളില്‍  ഒരാളെ കാണാന്‍ പതിനായിരത്തില്‍  ഒന്നിനെ  തിരയണം. നാല്  വര്‍ഷത്തെ  ഇസ്രായേല്‍  വാസത്തിനിടയില്‍  മേല്‍പ്പറഞ്ഞ  മുഴുക്കുടിയന്മാരെ   വിരലില്‍  എണ്ണാവുന്ന പാകത്തില്‍  മാത്രമാണ്  കണ്ടത് .

മതാചാരത്തിന്റെ ഭാഗമായി  പെസഹ  ആചരിക്കുന്ന  ഒരാഴ്ച പുളിപ്പിച്ച ഭക്ഷണം ഉപയോഗിച്ചുകൂട എന്നത്  കൊണ്ട്  ആ  സമയത്ത്  മാത്രമാണ്  ഇസ്രായേലില്‍  ബിയര്‍  ലഭ്യമല്ലാത്തത്. ബിയറിനു  മാത്രമേ  വിലക്കുള്ളു, അതും  ജൂതരുടെ  കടകളില്‍  വില്‍ക്കില്ല എന്ന്  മാത്രം.റഷ്യക്കാര്‍  നടത്തുന്ന  സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിരവധിയുണ്ടിവിടെ, അക്കാലത്ത്  അവിടെ ബിയര്‍  ലഭ്യമാണ്.

മദ്യം  നിരോധിച്ചും, ബാര്‍  അടച്ചും  നാട്  നന്നാക്കാന്‍ നടക്കുന്ന ഭരണക്കാരെയും, പിന്താങ്ങികളെയും ഒരു  മദ്യ  പഠനയാത്രയായി ഇവിടെ  കൊണ്ട് വന്നാല്‍  തീരാവുന്ന അസുഖമേ നിരോധന വാദക്കാര്‍ക്കുള്ളൂ. മദ്യരഹിത  മനോഹര ഇസ്രായേല്‍  എന്ന  സപ്നം  കാണാന്‍  ഇസ്രയേലികളെ  പഠിപ്പിക്കാന്‍  രാഷ്ട്രപിതാക്കന്മാരൊന്നുമിവിടെ ഇല്ലായിരുന്നു എന്നത്  കൊണ്ട് ഈ  രാജ്യത്ത്  മദ്യംമൂലം  അരാജകത്വമോ  അരക്ഷിതാവസ്ഥയോ  ഉണ്ടാകുന്നില്ല. മദ്യപാനം  ആരോഗ്യത്തിനു  ഹാനികരം  എന്ന  മുന്നറിയിപ്പോടെ  കുറിപ്പ്  ചുരുക്കാം .

Read More >>