ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച കേസ്: പ്രതിചേര്‍ക്കേണ്ടത് ജീവനക്കാരെ നിയമിച്ച ഏജൻസികളെയെന്ന് ഐഡിബിഐ ബാങ്ക്

ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇരുവരും കരാര്‍ ജീവനക്കാരാണ്. കരാര്‍ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും ഏജന്‍സികളെ പ്രതിചേര്‍ക്കണമെന്നും ബാങ്ക് മറുപടി നല്‍കുകയായിരുന്നു.

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച കേസ്: പ്രതിചേര്‍ക്കേണ്ടത് ജീവനക്കാരെ നിയമിച്ച ഏജൻസികളെയെന്ന് ഐഡിബിഐ ബാങ്ക്

കണ്ണൂര്‍: തലശേരിയിലെ ഐഡിബിഐ ബാങ്ക് ജീവനക്കാരി വില്‍ന വിനോദ് ജോലിക്കിടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന വാദവുമായി ബാങ്ക് വീണ്ടും രംഗത്ത്. വെടികൊണ്ട് മരിച്ച വില്‍നയെയും കുറ്റക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രനെയും നിയമിച്ചത് ഏജന്‍സികള്‍ ആണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നുമാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ ബാങ്ക് പറയുന്നത്.


വില്‍ന വെടിയേറ്റ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ കുടുംബം ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. നേരത്തെ തന്നെ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച വിശദമായ മറുപടിയിലാണ് പ്രതി ചേര്‍ക്കേണ്ടത് ബാങ്കിനെ അല്ലെന്നും അവരെ നിയമിച്ച ഏജന്‍സികളെയാണെന്നും ഐഡിബിഐ ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ ഉള്ള ഈ കേസ് എടുക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അധികാരമില്ലെന്ന വാദവും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.

വില്‍നയെ ബംഗളുരുവിലെ ക്വസ്റ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഐഡിബിഐ ബാങ്കില്‍ നിയമിച്ചത്. കുറ്റക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രനെ നിയമിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ഐഎസ്എസ്ഡിബി എന്ന സെക്യൂരിറ്റി ഏജന്‍സിയുമാണ്. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇരുവരും കരാര്‍ ജീവനക്കാരാണ്. കരാര്‍ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും ഏജന്‍സികളെ പ്രതിചേര്‍ക്കണമെന്നും ബാങ്ക് മറുപടി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു ഏജന്‍സികള്‍ക്കും നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

ബാങ്കിങ് മേഖലയിലെ ഔട്‌സോഴ്‌സിംഗ്, കരാര്‍ വ്യവസ്ഥകളെക്കുറിച്ചുള്ള സുപ്രധാനമായ കേസായി ഈ പ്രശ്‌നം മാറുമെന്ന സൂചനകള്‍ ആണ് ഇപ്പോള്‍ ലഭിക്കുന്നത്. ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ഉള്‍പ്പെടെ ആരും ഈ വിഷയത്തെക്കുറിച്ച് നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

Read More >>