'ബാഹുബലി - 2' : ഫസ്റ്റ് ലുക്ക് പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23-ന്

ഫസ്റ്റ് ലുക്കില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുങ്ങുന്നുണ്ട് എന്ന് സംവിധായകന്‍ രാജമൌലി

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് നായകന്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23-ന് പുറത്തുവിടുന്നു.

എസ് എസ് രാജമൌലി സംവിധാനം നിര്‍വ്വഹിച്ച 'ബാഹുബലി-ദി ബിഗിനിംഗ്' ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയതും ഒപ്പം പ്രദര്‍ശനവിജയം നേടിയതുമായ ചിത്രമാണ്. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, നാസര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം മികച്ച ചിത്രത്തിനുള്ള അറുപത്തിമൂന്നാമത് ദേശീയ പുരസ്ക്കാരം നേടിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗമായ 'ബാഹുബലി- ദി കണ്‍ക്ലൂഷനെ'ക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

ഫസ്റ്റ് ലുക്കില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുങ്ങുന്നുണ്ട് എന്ന് സംവിധായകന്‍ രാജമൌലി മാധ്യമങ്ങളോട് വ്യക്തമാക്കി. ചിത്രത്തിന്‍റെ കഥയെ സംബന്ധിച്ച ഒരു പ്രധാന സൂചന ഫസ്റ്റ് ലുക്കിലൂടെ പുറത്തുവിടുമെന്നാണ് അറിയാന്‍ കഴിയുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരുന്നു.