വായനയുടെ പിരിയൻ ഗോവണികൾ

ദേവദാസ് എന്ന കഥാകാരൻ മരണത്തിന്റെ നിർവ്വചന നിർമ്മാതാവാണ്. അതുകൊണ്ടാണ് ‌ഡിൽഡോയിലും മരണസഹായിയിലുമൊക്കെ മരണത്തിന്റെ തത്ത്വശാസ്ത്രത്തെയും കലാശാസ്ത്രത്തെയും കുറിച്ചുള്ള ഒഴിയാത്ത അന്വേഷണങ്ങൾ സംഭവിക്കുന്നത്. 'അവനവൻ തുരുത്തി'ലെ കഥകൾ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. സുനില്‍ സി ഇ എഴുതുന്നു

വായനയുടെ പിരിയൻ ഗോവണികൾ

സുനിൽ സി ഇ

കഥയിലെ വന്ധ്യതയുടെ ചരിത്രത്തെ ഭാഷകൊണ്ടും പ്രമേയം കൊണ്ടും അവതരണംകൊണ്ടും മറികടക്കാനാണ് ‌ദേവദാസ് ‌ശ്രമിക്കുന്നത്. സമകാലിക മലയാള വാരിക - എം.പി നാരായണപിള്ള സ്മാരക ചെറുകഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കഥകളിൽ ഒന്ന് 'കുളവാഴ'യായിരുന്നു. കഥയിൽ പ്രതിപാദനവിപ്ലവത്തിന് വഴിമരുന്നിടാൻ ഈ കഥയ്ക്ക് ‌കഴിയുന്നു. മെയിൽഷോവനിസത്തിന്റെ കടുത്ത മര്യാദ ലംഘനങ്ങളെ ഒരു സാമൂഹികക്കരാർ സിദ്ധാന്തമുപയോഗിച്ചാണ് ‌ദേവദാസ് ചികിത്സിക്കുന്നത്.


പുരുഷമേധാവിത്വത്തിനെതിരേ ഗതിവേഗമുള്ള ഭാവനകളെയയയ്ക്കാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി നാം മനസ്സിലാക്കേണ്ടതുണ്ട്. പുരുഷമേധാവിത്വത്തിനെതിരെ ഗതി വേഗമുള്ള ഭാവനകളെയയയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി മനസ്സിലാക്കേണ്ടതുണ്ട്. പുരുഷാധിപത്യത്തിന്റെ ഇടപെടലുകളെ കൗതുകപൂർവ്വം അവതരിപ്പിക്കുന്ന കഥയിൽ സംസ്ക്കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന തെരുവായി സ്ത്രീയെ വിഭാവനം ചെയ്യുന്നു. ദേവദാസിന്റെ പെൺകഥകളിൽ ഏറ്റവും തീവ്രവും തീഷ്ണവുമായ അവതരണമികവുള്ളത് ‌കുളവാഴയ്ക്കാണ്.

ജീവിക്കുന്ന കാലത്തെ പ്രശ്നങ്ങൾ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം പുരുഷാധിപത്യത്തിന്റെ വിഷമുള്ളുകളെ ക്രമാനുഗതമായി ഊരിയെടുക്കുന്നതാണ് ‌നാം കാണുന്നത്. ഗർഭസ്ഥശിശുവിനോട് സല്ലപിച്ചുകൊണ്ട് അവർ പിടിച്ചു നിർത്തുന്നത് സ്വന്തം ജീവിതത്തെ തന്നെയാണ്. പുതിയലോകത്തിന്റെ അസ്ഥിരതകളുടെ ചുഴലിക്കാറ്റ് ഗർഭാശയഭിത്തികൾക്കുള്ളിൽ കഴിയുന്ന ഒരു കുഞ്ഞും അനുഭവിക്കുന്നുണ്ടെന്ന് ‌ശിശുവിലൂടെ പറയാൻ ശ്രമിക്കുന്നു. ഇന്നു നാം നേരിടുന്ന ഒരുപടു പ്രശ്നങ്ങളെ കുത്തിക്കെട്ടിളക്കി ‌വിരിച്ചുപിടിച്ചു കാണിക്കാൻ 'കുളവാഴ'യ്ക്കാവുന്നു. ഇതു ഗൗരവപരമായ കാലവായനയ്ക്കുള്ള പിരിയൻ ഗോവണിയാണ്.

ഏകാന്തതയുടെ മുറിവുകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് 'ചാച്ചാ' എന്ന കഥയിലുള്ളത്. ഈ കഥയിലെ എട്ടു വയസ്സുകാരനായ കഥാപാത്രം പക്വതയുള്ള സ്വരത്തിന്റെ വാഹകനാണ്. സ്വപ്നങ്ങളും ഭ്രമാത്മകമായ അനുഭവങ്ങളും സ്മരണകളും നിറഞ്ഞ ഈ മായികഭൂമിയെ ഒരു എട്ടുവയസ്സുകാരൻ എങ്ങനെ നിരീക്ഷിക്കുന്നുവെന്നതിന്റെ തെളിവെടുപ്പുകൂടിയാണ് ഈ കഥ.

ഒരുപാട് കോടതിക്കഥകളും പോലീസ് കഥകളും മലയാളത്തിലുണ്ടായിട്ടുണ്ട്. അതുപോലെ പയ്യൻകഥകളും കുട്ടിക്കഥകളും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷെ കുട്ടി പ്രമേയമായി വരുന്ന മലയാളത്തിലെ ശ്രദ്ധേയമായ കോടതിക്കഥയാണ് 'ചാച്ചാ'. നെഹ്രുവിനെ ആക്രമിക്കാൻ ശ്രമിച്ച ബാബുറാവു ലക്ഷ്മണിന്റെ ജീവിതത്തെ അനാവരണം ചെയ്യുന്ന ഈ കഥ ചരിത്രബോധത്തിലേയ്ക്ക് നമ്മെ നയിക്കുന്നു. ചരിത്രത്തിന്റെ മൗനങ്ങളെ ചോദ്യം ചെയ്യുന്ന കഥാകൃത്തിനെയാണ് നാം ഓരോ വരികൾക്കിടയിലും ‌കണ്ടുമുട്ടുന്നത്. ബാബുറാവു ‌ലക്ഷ്മൺ എന്ന പ്രതി എന്തിനാണ് ജവഹർലാൽ ‌നെഹ്രുവിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഒരിടത്തും പറയാത്തതിന്റെ കാരണം അന്വേഷിക്കൽ എന്നതിനപ്പുറം കാരണമില്ലാത്ത ആക്രമണങ്ങളുടെ ചരിത്രമന്വേഷിക്കലായി 'ചാച്ചാ' മാറുന്നിടത്താണ് അത് ഇൻഫർമേറ്റീവ് കഥയായി പരിഭാഷപ്പെടുത്തുന്നത്.

തത്ത്വചിന്തകനായ എറിക് ‌ഹെല്ലർ പ്ലേറ്റോയുടെ റിപ്പബ്ലിക്കിലെ 'ഗുഹയ്ക്കുള്ളിലെ തടവുകാർ' എന്ന സെഗ്മെന്റിന്റെ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. അതിലെ തടവുകാർ വിധിയെക്കുറിച്ച് ബോധവാന്മാരാണ്. അവർ തടവുകാരാണെന്ന് അവർ മനസ്സിലാക്കുന്നു. അവരുടെ തടവു ജീവിതത്തെ ഓർത്ത് അവർ ഉരുകുന്നില്ല. അവരെ പിന്തുടരുന്ന ഏറ്റവും വിഷമം പിടിച്ച ‌വികാരം തങ്ങളുടെ ജയിൽ ജീവിതത്തിന്റെ സത്യാവസ്ഥകൾ അറിയുക എന്നതാണ്. ‌ചാച്ചായിലെ തടവിന്റെ നുകം വളഞ്ഞിരിക്കുന്നത് ആദ്യം മനസ്സിലാക്കുന്നത് ഒരു എട്ടുവയസ്സുകാരനാണ്. ഭയാനകവും സങ്കീർണ്ണവുമായ അനുഭവങ്ങക്കെ ഒപ്പിയെടുക്കാനും പ്രതിഫലിപ്പിക്കാനും ദേവദാസ് സൃഷ്ടിക്കുന്ന ഈ കഥാപാത്രം ലോകത്തിന്റെ പുതിയ മുഖങ്ങളെയാണ് അനാവരണം ചെയ്യുനത്.

ഇവിടെ ഭാവന പുതിയ കഥാഭാഷ്യം പാറ്റേൺ ഡിസൈൻ ചെയ്യുന്നതും അതിനെ മോടിപിടിപ്പിക്കുന്നതും ചരിത്രത്തിനു പുറത്തു പോയിട്ടാണ്. ആനന്ദ് ‌ചരിത്രത്തിനകത്ത് ‌പ്രത്യേക താവളമുണ്ടാക്കി ‌ഭാവനയെ ബലപ്പെടുത്തുമ്പോൾ നാം അതിനെ ഫിക്ഷണൽ റിയലിസം എന്നൊരു ബ്രാൻഡിൽ കൊണ്ടുവെച്ചു വായിക്കുകയാണ് പതിവ്. ദേവദാസ് ഇവിടെ ചരിത്രത്തെ മെലിപ്പിച്ചെടുക്കുകയും യാഥാർത്ഥ്യത്തെ കട്ടിയുള്ള അങ്കികൾ ധരിപ്പിക്കുകയും ചെയ്യുന്നു. ചരിത്രം ഇവിടെ തലകുത്തി നിൽക്കുന്ന സിംഹാസനമാണ്.

The art of killing എന്ന പുസ്തകം മരണം എന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ‌സംസാരിക്കുന്നത്. മരണം ഒരു കലയാകുന്നത് അത് സ്വാതന്ത്ര്യത്തോടുകൂടി സംഭവിക്കുമ്പോഴാണ്. ഒരുപാട് മരണപ്രമേയ കഥകൾ എഴുതുന്ന കഥാകൃത്താണ് ദേവദാസ്. 'നാടകാന്തം' എന്ന കഥവായിക്കുമ്പോൾ ‌The art of killing എന്ന സത്തയേക്കാൾ The philosphy of killing എന്ന നിഗമനത്തിലേയ്ക്കാണ് എത്തുന്നത്.

മരണത്തിന്റെ ഇരുണ്ട ലാവണ്യങ്ങലെക്കുറിച്ച് ഒരുപാട് സാഹിത്യസൃഷ്ടികൾ ഷോപ്പനോവർ, ബകുനിൻ, സ്റ്റേൺ തുടങ്ങിയവർ നടത്തിയിട്ടുണ്ട്. നാടകാന്തം മരണത്തിന്റെ ദർശനപരമായ കാഴ്ചപ്പാടുകൾകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. മരണം എന്ന പ്രമേയത്തിലൂടെ ദീർഘയാതനകളുടെ ദുരന്തകാലം കലയുടെ രൂപത്തിലൂറ്റെ ആവിഷ്ക്കരിക്കുക എന്നതൊരു ചെറിയ കാര്യമല്ല. മരണത്തെ ‌ലഘുവായി നിവ്വചിക്കാനാവില്ലെന്ന് ദേവദാസ് വാദിക്കുന്നു, മരണത്തിന്റെ സരോവരങ്ങളിലേയ്ക്ക് കറുത്ത പക്ഷികളായി പറക്കുന്ന വാക്കുകളെ ദർശനങ്ങളിലേക്കു പിടിച്ചുകൊണ്ടിടുന്നു, മരണമെന്ന ബോധപരമായ ആഭിമുഖ്യത്തിന് മറ്റൊരു സുപ്രധാന രേഖയുണ്ടാകുന്നു., മരണം സർഗാത്മകമായ ആഘാതമാണെന്ന് തിരിച്ചറിയിക്കുന്നു.

ചിന്തയുടെ യാന്ത്രികമായ ക്രമത്ക്കരണങ്ങൾകൊണ്ടല്ല ദേവദാസ് ‌മരണപ്രമേയ കഥകൾ സൃഷ്ടിക്കുന്നത്. യാന്ത്രിക നിയമങ്ങൾകൊണ്ട് ഒരാൾക്ക് വളരെക്കുറച്ച് ‌മരണപ്രമേയങ്ങളെ മാത്രമേ കൈകാര്യം ചെയ്യാൻ ‌ക‌ഴിയൂ. ‌'അവനവൻ ‌തുരുത്ത്' എന്ന ശീർഷകം കേൾക്കുമ്പോൽ തന്നെ അതൊരു പ്രാദേശിക ദുഖത്തിന്റെ ഗന്ധമാണ് അനുഭവിപ്പിക്കുന്നത്.

[caption id="attachment_37046" align="alignleft" width="300"]സുനില്‍ സി ഇ
സുനില്‍ സി ഇ[/caption]

ഐസക്ക് എന്ന കഥാപാത്രം ഏകാന്തതയുടെ പ്രതീകമാണ്. അയാൾ കൊയ്തെടുത്ത ഏകാന്തതയുടെ വിളവ് രേഖപ്പെടുത്താൻ വിനിയോഗിക്കുന്ന പ്രസ്താവനകളാകട്ടെ സമകാലിക കാലത്തിന്റെ ദൃശ്യപ്പെരുമയാണ്. സകലവിധ ഇരുട്ടുകളും ഒരാളെ പൊതിയുന്നതെങ്ങനെയെന്നും ഏകാന്തത എന്ന പൊണ്ണത്തടി ഒരാളെ വരിഞ്ഞു മുറുക്കുന്നതെങ്ങനെയെന്നുമൊക്കെ അറിയണമെങ്കിൽ അവനവൻ തുരുത്തിലെ ഇടവരികളെ (ഇടവഴികളെ) പരിചയപ്പെടേണ്ടതുണ്ട്. ആത്മഹത്യ ഒരു പരീക്ഷണമാണെന്നെഴുതിയത് ‌ഷോപ്പനോവറാണ്. പക്ഷെ മരണത്തെക്കുറിച്ചുള്ള ‌കാലസങ്കൽപ്പങ്ങൾ ഈ കഥയിൽ ദിവ്യകലാപങ്ങളായി മാറുന്നു. വൈപ്പിൻ മദ്യദുരന്തമൊക്കെ പരാമർശവിധേയമാകുന്ന ഈ കഥയിലെ മറ്റൊരു പ്രധാനവിഷയം മനുഷ്യനെ പൊതിഞ്ഞു നിൽക്കുന്ന പ്രതികാരദാഹം എന്ന അധാർമ്മികസ്വഭാവമാണ്. പ്രതികാരദാഹമാണ് ‌കൊലപാതകത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് പറയാൻ ഇവിടെ വഴിയൊരുക്കുന്നത്. ‌

എന്നാൽ താൻ പിന്നിട്ടത് ‌ദുരൂഹതയുടെ ഒരു ദ്വീപാണെന്ന്, ദുഖത്തിന്റെ കറുത്ത കനികൾ തിന്നു കഴിയുന്ന താൻ തനിക്കു തന്നെ ഭാരമായി മാറുന്നതിലെ ആകുലതകൾ ഐസക്ക് തിരിച്ചറിയുന്നു. മരണവും ജീവിതവും ആത്മപ്രകാശത്തിന്റെ അസാധ്യതകളായി മാറ്റുക എന്നത് എഴുത്തിലെ മാജിക്കാണ്. ഏത് എപ്പോൾ തിരഞ്ഞെടുക്കപ്പെടണമെന്നത് ‌ദാർശനികനായ ‌കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിന് പുറത്തുകടക്കുമ്പോഴാണ് ‌വായനക്കാരൻ ‌തിരിച്ചറിയുന്നത്.

ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കാൻ അവസരം നൽകുന്ന ഒരു സുഷിരം പോലുമില്ലാത്ത ഭിത്തികൾകൊണ്ടു സുരക്ഷിതമാക്കപ്പെട്ട ഒരു പ്രണയത്തിന്റെ മനശാസ്ത്ര വിശകലനങ്ങളാണ് ‌'അഗ്രഹസ്തം'. ഈ കഥയ്ക്ക് ഒരു അടച്ചിട്ട ലോകമുണ്ട്. പ്രണയത്തിന്റെ ലോകം അടഞ്ഞതാണെന്നും, രതി അടമാനങ്ങൾക്കുള്ളിൽ സംഭവിക്കുന്ന ‌ശാരീരികാത്ഭുതമാണെന്നും സൈമൺ-പത്മിനി എന്നീ കഥാപാത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുകയാണ് ‌ദേവദാസ്. ‌പ്രണയം എന്ന പാനപാത്രത്തെ രഹസ്യമായി അനുഭവിച്ച് ‌തൃപ്തിയടയുകയാണ് സൈമൺ.

പ്രണയത്തോട് ‌ദിവ്യമായ കൂറു പുലർത്താൻ കഴിയാത്തതിന്റെ സാക്ഷ്യമായി സൈമൺ മാറുകയാണിവിടെ. പ്രണയത്തിന്റെ പീഡാനുഭവങ്ങളിൽ ലഹരി കണ്ടെത്താൻ കഴിയാത്ത ‌പത്മിനി ‌തന്റെ ആഗ്രഹങ്ങൾ ബോധിപ്പിക്കുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞുമാറുന്ന സൈമൺ യാഥാർത്ഥ്യങ്ങൾ മനുഷ്യരെ രസിപ്പിക്കില്ല എന്ന ‌തത്ത്വബോധത്തിലേയ്ക്കാണ് നയിക്കുന്നത്. പ്രണയം എന്ന അവസ്ഥഐവിടെ പരീക്ഷണശാലയിൽവെച്ച് പ്രതിക്രിയകൾക്ക് വിധേയപ്പെടുന്നു. പ്രണയത്തിന് സുപരിചിതമായൊരു വൃത്തികേടായി തരംതാണിരിക്കുന്നതിനാൽ യാതൊരു വിധത്തിലുള്ള ‌ത്യാഗവും അത് ആവശ്യപ്പെടുന്നില്ലെന്ന തീർച്ചയിലേയ്ക്കാണ് കഥ നമ്മെ നയിക്കുന്നത്. ശരീരങ്ങളുടെ ഭരണകൂടം രതിയല്ല, മറിച്ച് പ്രണയമാണെന്ന് അഗ്രഹസ്തം ചൂണ്ടിക്കാണിക്കുന്നു.

ദേവദാസിന്റെ 'നഖശിഖാന്തം' എന്ന കഥ 'നരകം' എന്ന ഇന്റ്യൂറ്റീവ് സ്പെയ്സിനെക്കുറിച്ചാണ് ‌സംസാരിക്കുന്നത്. ദൈവം മനുഷ്യനെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നത് സുഖിക്കാൻ‌വേണ്ടിയാണ് എന്നെഴുതിയത് ഗ്രാസിയ ദിലൈഡയാണ്. സുഖിക്കാൻ ഭൂമിയിലേയ്ക്ക് അയച്ച മനുഷ്യരെ തിരിച്ചു വിളിച്ചിട്ടാണ് സ്വർഗവും നരകവും വീതിച്ചു നൽകുന്നത്. ഈ നൽകലിലെ പുരാണരേഖകളാണ് നഖശിഖാന്തത്തെ ശ്രദ്ധേയമാക്കുന്നത്. നരേന്ദ്ര കോഹ്‌ലിയും അമിത്‌ഷായും പുരാണ പുനർനിർമ്മാണത്തിന്റെ അപ്പോസ്തലന്മാരായി നിലനിൽക്കുമ്പോഴാണ് പുരാണത്തിന്റെ പിൻബലത്തിൽ നിർമ്മിക്കപ്പെട്ട അത്ഭുത സിംഫണിയായി നഖശിഖാന്തത്തിലെ നരകം മാറുന്നത്.

യമനും ചിത്രഗുപ്തനും ഒക്കെ നിരന്തരമായി പുരാണകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവരുടെ പ്രമേയമാണെന്ന് ധരിച്ചുവെച്ചിട്ടുള്ള നമ്മുടെ ബോധവീടുകളിലേയ്ക്കാണ് പരേതരുടെ ശിക്ഷയും കാലവും രേഖപ്പെടുത്തുന്ന ഒരു കഥ ദേവദാസ് തുറന്നു വെക്കുന്നത്. പുരാണത്തെ വാക്കുകളുടെ പുതിയ കല സൃഷ്ടിക്കാനാണ് ദേവദാസ് വിനിയോഗിക്കുന്നത്. നമ്മുടെ നരക സങ്കൽപ്പങ്ങളെ അതുവഴി അട്ടിമറിക്കുകയും ചെയ്യുന്നു. നരകസംവാദങ്ങളുടെ കഥയെന്നു പറയുമ്പോഴും ഭൂമിയിൽ മനുഷ്യർ അനുഷ്ഠിക്കേണ്ടുന്ന സുകൃതങ്ങളെക്കുറിച്ച് നഖശിഖാന്തം വാചാലമാകുന്നു. ചിത്രഗുപ്തനെകൊണ്ട് ദേവദാസ് ലോകത്തോടു പറയിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ‌'അസത്യം പറയുന്നവർക്കുള്ള നരകം വേറേയുണ്ടെന്ന് മറക്കരുത്' എന്നു പറയുന്നതാണ്, അങ്ങനെ കഥയിലെ ഓരോ പ്രസ്താവനകളും പുരാണത്തിനപ്പുറമുള്ള പാഠപുസ്തകമായി മാറുന്നു.

നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ ഏറ്റവും പുതിയ കഥാപുസ്തകമായ ‘അവനവന്‍ തുരുത്തിലെ; കഥകളെ നിരീക്ഷിക്കാന്‍ ഇത്തരം ഒരു ആമുഖം ആവശ്യമാണെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നു. കഥയ്ക്ക് വെളിയിലുള്ള ജീവിതത്തെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥാകൃത്താണ് ദേവദാസ്. നാം ജീവിക്കുന്ന സംസ്ക്കാരം കഥകളാൽ ചുറ്റപ്പെട്ട ഒരു പ്രമിസ്സാണ്‌. അവിടെ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഏകാന്തതയെക്കുറിച്ചുമൊക്കെ പുതിയ വെളിപാടുകൾ സംഭവിക്കുന്നു. അതിൽ ചില യാഥാർത്ഥ്യങ്ങൾ ചിലരെ അടിമുടി വേട്ടയാടാറുണ്ട്.

ദേവദാസ് എന്ന കഥാകാരൻ മരണത്തിന്റെ നിർവ്വചന നിർമ്മാതാവാണ്. അതുകൊണ്ടാണ് ‌ഡിൽഡോയിലും മരണസഹായിയിലുമൊക്കെ മരണത്തിന്റെ തത്ത്വശാസ്ത്രത്തെയും കലാശാസ്ത്രത്തെയും കുറിച്ചുള്ള ഒഴിയാത്ത അന്വേഷണങ്ങൾ സംഭവിക്കുന്നത്. 'അവനവൻ തുരുത്തി'ലെ കഥകൾ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നത് അതുകൊണ്ടാണ്.

(ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച വി.എം ദേവദാസിന്റെ ‘അവനവന്‍ തുരുത്ത്’ എന്ന കഥാസമാഹാരത്തിന് നിരൂപകനായ സുനില്‍ സി.ഇ എഴുതിയ അനുബന്ധ പഠനത്തിൽ നിന്ന്)

Read More >>