ഒളിമ്പിക്‌സില്‍ മോഷണവും അക്രമവും വ്യാപകം; ആശങ്കയില്‍ റിയോ

ഒളിമ്പിക് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ ആക്രമണത്തിനിരയായത് വലിയ ആശങ്കയാണ് ഒളിമ്പിക്‌സ് മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്.

ഒളിമ്പിക്‌സില്‍ മോഷണവും അക്രമവും വ്യാപകം; ആശങ്കയില്‍ റിയോ

ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് നടക്കുന്ന റിയോ ഡി ജനീറോയില്‍ അക്രമവും കവര്‍ച്ചയും വ്യാപകമാകുന്നു. ഒളിമ്പിക്‌സ് തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും ലക്ഷങ്ങളുടെ കവര്‍ച്ചയാണ് നടന്നത്.

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥ മേധാവിക്ക് നേരെയുണ്ടായ ആക്രമണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കത്തിയുമായി എത്തിയ അക്രമി സംഘം ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ പിന്നീട് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.


ഒളിമ്പിക് സുരക്ഷാ ഉദ്യോഗസ്ഥനായ ഫിലിപ് സീക്‌സസാണ് ആക്രമിക്കപ്പെട്ടത്. ഉദ്ഘാടന ചടങ്ങിന് ശേഷം മടങ്ങുകയായിരുന്ന ഫിലിപ്പിനെ മാരാക്കാന സ്റ്റേഡിയത്തിന് സമീപം നാലംഘ സംഘം കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു.

ഒളിമ്പിക് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ ആക്രമണത്തിനിരയായത് വലിയ ആശങ്കയാണ് ഒളിമ്പിക്‌സ് മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്.

88,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഒളിമ്പിക്‌സിനായി ബ്രസീല്‍ അധികൃതര്‍ അണിനിരത്തിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നായിരുന്നു മേയര്‍ എഡ്വാര്‍ഡോ പയസ് റിയോയെ വിശേഷിപ്പിച്ചതെങ്കിലും തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ വലിയ രീതിയിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോര്‍ച്ചുഗല്‍ വിദ്യാഭ്യാസ മന്ത്രിയും പിടിച്ചുപറിക്ക് ഇരയായി. മത്സരശേഷം ഹോട്ടലിലേക്ക് മടങ്ങുന്ന വഴി ആയുധവുമായെത്തിയ സംഘം കവര്‍ച്ച നടത്തുകയായിരുന്നു. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും പണവും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും കവര്‍ന്നാണ് അക്രമി സംഘം മടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് മാര്‍ഷ്യോ ലൂയിസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരാണ് ഏറ്റവും കൂടുതല്‍ കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. ഇവരുടെ ലക്ഷങ്ങള്‍ വില വരുന്ന ക്യാമറകളാണ് കവര്‍ച്ചാ സംഘം തട്ടിയെടുക്കുന്നത്.

ന്യൂസ് ഫോട്ടോഗ്രാഫറായ ബ്രെറ്റ് കോസ്റ്റ്‌ലേയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ക്യാമറായും ഉപകരണങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഒളിമ്പിക്‌സിനായി എത്തിയ ഗ്രീക്ക് ഉദ്യോഗസ്ഥന് 11,000 ഡോളര്‍ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് നഷ്ടമായത്.

ഇതിന് പിന്നാലെ രണ്ട് ഒസ്‌ട്രേലിയന്‍ തുഴച്ചില്‍ പരിശീലകരും കവര്‍ച്ചയ്ക്ക് ഇരയായി.

നാലോ അഞ്ചോ പേരായി എത്തുന്ന സംഘമാണ് കവര്‍ച്ച നടത്തുന്നത് എന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ചാ സംഘത്തെ നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിയോ പോലീസ് വ്യക്തമാക്കി.

Story by