എടിഎം തട്ടിപ്പ്: ഒരു റൊമേനിയക്കാരൻ പിടിയിൽ; പിടിയിലായത് മുംബെയിൽ

എടിഎം തട്ടിപ്പുകേസിലെ ഒരു റൊമേനിയക്കാരനെ മുംബെയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. മരിയോ ഗബ്രിയേലാണ് പിടിയിലായത്.

എടിഎം തട്ടിപ്പ്: ഒരു റൊമേനിയക്കാരൻ പിടിയിൽ; പിടിയിലായത് മുംബെയിൽ

എടിഎം തട്ടിപ്പുകേസിലെ ഒരു റൊമേനിയക്കാരനെ മുംബെയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. മരിയോ ഗബ്രിയേലാണ് പിടിയിലായത്. മുംബെയിലെ സ്റ്റേഷൻ പ്ലാസ എടിഎമ്മിൽ നിന്ന് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൌണ്ടിലെ 100 രൂപ പിൻവലിച്ച് ഇറങ്ങുമ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് കവർച്ച സംഘത്തിലെ പ്രധാനിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കാൻ സാധിച്ചത് കേരള പോലീസിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി.


കഴിഞ്ഞ ദിവസം വൈകുന്നേരം 6.22നാണ് പണം പിൻവലിച്ച വിവരം മെസേജായി അരുണിൻറെ മൊബൈലിലെത്തിയത്. നെറ്റ് ബാങ്കിംഗ് വഴി അക്കൌണ്ടു പരിശോധിച്ചപ്പോൾ മുംബെയിൽ നിന്നാണ് പണം പിൻവലിച്ചത് എന്നു മനസിലായി. ഉടൻതന്നെ അരുൺ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി വിവരം നൽകി. വെള്ളയമ്പലത്തെ തട്ടിപ്പ് നടന്ന എസ്ബിഐ എടിഎം കൌണ്ടർ ഉപയോഗിച്ചവരിൽ അരുണും ഉണ്ടായിരുന്നു. ഇങ്ങനെയാണ് അരുണിന്റെ കാർഡു വിവരങ്ങൾ കവർച്ചാ സംഘത്തിനു ലഭിച്ചത്.

മുംബൈയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഗബ്രിയേലിന്റെ താമസം. ഇയാളെ ബുധനാഴ്ച തന്നെ കേരളത്തില്‍ എത്തിച്ചേക്കും. സംഘത്തിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന മൂന്നു റുമാനിയന്‍ സ്വദേശികളെ പൊലീസ് ഇതിനകം തിരിച്ചറിഞ്ഞു. ബോഗാ ബ്ളിന്‍ ഫോറില്‍, ക്രിസ്റ്റീന്‍ വിക്ടര്‍, ഇലി എന്നിവരാണ് അവർ. ഇവർക്കു വേണ്ടി കേരള പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധരടങ്ങിയ നാല്‍പതംഗ സംഘമാണ് കേസന്വേഷിക്കുന്നത്. തലസ്ഥാനത്ത് വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്ബിഐ എടിഎം കൌണ്ടറിലെ സിസിടിവിയില്‍നിന്ന് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇവരാണ് തലസ്ഥാനത്തെത്തി കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും വ്യക്തമായി. രാജ്യാന്തരസംഘം കവര്‍ച്ചയ്ക്കുപിന്നിലുള്ളതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതികള്‍ക്കായി കേരള പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

Read More >>