പഴഞ്ചന്‍ ടെക്നോളജിയും പഴകിയ യന്ത്രവും പിന്നെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും

മോഷ്ടാക്കള്‍ റൊമാനിയ എന്ന രാജ്യത്തില്‍ നിന്നെത്തിയ നാല് പേര്‍

പഴഞ്ചന്‍ ടെക്നോളജിയും പഴകിയ യന്ത്രവും പിന്നെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും

തിരുവനന്തപുരം: ഹോളിവുഡ് സിനിമകളില്‍ ഒക്കെ കാണും പോലെയുള്ള ഹൈടെക് മോഷണം. മോഷ്ടാക്കള്‍  റൊമാനിയ എന്ന രാജ്യത്തില്‍ നിന്നെത്തിയ നാല് പേര്‍. വണ്ടിയും വള്ളവും വിമാനവും പിടിച്ചു ഈ നാല് പേര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ എത്തി വിദഗ്തമായി ഒരു മോഷണം നടത്തി മടങ്ങിയെങ്കില്‍, നമ്മുടെ നാടിനെ കുറിച്ച് അവര്‍ക്ക് നല്ല ധാരണയുണ്ടാവണം.

ഇത്തരമൊരു കൊള്ളയ്ക്ക് ഇതിലും വലിയ സാധ്യതകളുള്ള നഗരങ്ങളെല്ലാം ഉപേക്ഷിച്ച് ഇവർ എന്തിനായിരിക്കും തിരുവന്തപുരത്തെ എടിഎം കൗണ്ടർ തന്നെ തിരഞ്ഞെടുത്ത് എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിളാണ്, പഴഞ്ചന്‍ ടെക്നോളജിയും  പഴകിയ യന്ത്രവും.


ലോകത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും എടിഎം സംവിധാനങ്ങൾ ഹൈടെക്കിലേക്ക് മാറിയപ്പോഴും ഇവിടെ പഴയ സംവിധാനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. ഇവിടെ വന്ന്  ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ച കള്ളന്മാര്‍ക്ക് അത് കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നു കാണില്ലയെന്ന്‍ നമുക്ക് അനുമാനിക്കാം.

ഇവിടെ വന്ന് ക്യാമറയും സ്ഥാപിച്ചു മെഷീനിലെ വയറും മുറിച്ച് പെന്‍ ഡ്രൈവും വച്ചിട്ടും  ബാങ്ക് അധികൃതർ ഒന്നും അറിഞ്ഞില്ലയെന്നത് അവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ തെളിവാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ എടിഎമ്മുകളില്‍ ഒന്ന്, ബാങ്കിനോട് ചേര്‍ന്നിരിക്കുന്ന എടിഎം, എന്നിവയായിട്ട് കൂടി ഇവിടെ മോഷണം നടന്നുവെന്നത് മോഷ്ടാക്കളുടെ കഴിവിനും ധൈര്യത്തിനുമുള്ള അംഗീകാരമാണ്.

എടിഎമ്മിന്റെ ഡേറ്റാ കേബിൾ വേർപെടുത്തി വൈഫൈ സൗകര്യമുള്ള റൗട്ടർ സ്ഥാപിച്ച് അതുവഴി ഫോണിലേക്ക് ഇടപാടുകാരുടെ വിവരങ്ങൾ കൈമാറിയായിരുന്നു തട്ടിപ്പ്. വൈഫൈ വഴിയും പെൻഡ്രൈവ് ഉപയോഗിച്ചും റൗട്ടറിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. ആവശ്യത്തിന് പണവും ചോർത്തി. എന്നാൽ ഇടപാടുകാർ പരാതിപ്പെടുമ്പോൾ മാത്രമാണ് സുരക്ഷാവീഴ്ച ബാങ്കുകാർ അറിയുന്നത്. ഇവരെയാണ് ജാഗരൂകര്‍ എന്ന് വിളിക്കേണ്ടത്..!

റുമാനിയയില്‍ മോഷ്ടിക്കാന്‍ എടിഎം ഇല്ലാത്തത് കൊണ്ടാണോ അവര്‍ ഇങ്ങോട്ട് കെട്ടും കെട്ടി വന്നതെന്ന് ചോദിച്ചാല്‍, അവിടത്തെ അവസ്ഥ ഇവിടത്തെ പോലെയല്ല. യൂറോപ്യൻ രാജ്യങ്ങൾ അടുത്തകാലത്തായി മാഗ്നറ്റിക് എടിഎം ഒഴിവാക്കി ചിപ് സംവിധാനങ്ങളിലേക്കു മാറി. ഇതോടെ അവിടെ അല്ലറ ചില്ലറ എടിഎം തട്ടിപ്പുകള്‍ നടക്കാതെയായി. ഇനി എന്ത് ചെയ്യുമെന്നു ഗൂഗിള്‍ ചെയ്ത കള്ളന്മാര്‍, ഇന്ത്യയുടെ ടെക്നോളജി സംവിധാനത്തെ കുറിച്ച് മനസിലാക്കി ഇങ്ങോട്ട് വിമാനം കയറിയതാവാനാണ് സാധ്യത.

അടികുറിപ്പ്: ലോകത്ത് നടക്കുന്ന 90%  ഹൈടെക് എടിഎം മോഷണങ്ങള്‍ക്ക് പിന്നിലും റുമാനിയക്കാരാണ് എന്നാണ് കണക്കുകള്‍ സൂച്ചിപിക്കുന്നത്.

Read More >>