പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ബിലാല്‍ ഖാസി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ ബിലാല്‍ ഖാസി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

വെടിയേറ്റതിനെ തുടര്‍ന്ന് ഖാസിയെ പ്രവേശിപ്പിച്ച ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.


സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ചാവേറാക്രമണ് നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ഭുക്തിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെഹറീക് ഐ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി), ജമാത് ഉല്‍ അഹ്‌റാര്‍ എന്നീ സംഘടനകള്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

Read More >>