വിശുദ്ധ വധശിക്ഷയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നൈതികതയും

കൊലപാതകങ്ങളിൽ ഏർപ്പെടുന്ന അണികൾ ഉള്ളതിനാൽ വധശിക്ഷയെ എതിർക്കരുത് എന്നു പറയുന്നത് കൊലപാതകം തടയണം എന്ന ഉദ്ദേശത്തിലല്ല. മറിച്ച് ഭരണകൂടത്തിന്റെ കിരാതമായ ശിക്ഷാനടപടി നിലനിർത്തണം എന്ന അധീശവർഗ്ഗ താത്പര്യത്തിലാണ്. കൊലപാതകം ക്രിമിനൽ കുറ്റമാണെന്നും അത് രാഷ്ട്രീയ പ്രവർത്തനമല്ലെന്നുമുള്ള ബോധ്യമാണ് എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും ഭരിക്കേണ്ടത്. ഭരണകൂടം നടത്തുന്ന കൊലപാതകം വിശുദ്ധ കൊലപാതകം ആവുന്നില്ല.

വിശുദ്ധ വധശിക്ഷയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നൈതികതയും


ഒരു ഡൈലമയെ കുറിച്ചാണ് പറയുന്നത്. ഇക്കഴിഞ്ഞ രണ്ടുദിവസമായി ഫേസ്ബുക്കിലും പൊതുസമൂഹത്തിലും ഉയർന്ന ഒരു വിമർശനമാണ് വിവക്ഷ. വധശിക്ഷ സംബന്ധിച്ച സിപിഐ(എം) നിലപാടും നാദാപുരത്തു നടന്ന relaliatary killingഉം തമ്മിലെ പൊരുത്തക്കേടിനെ കുറിച്ചായിരുന്നു വിമർശമത്രയും. കോടതി വെറുതെ വിട്ടയാളെ സിപിഐ(എം) തെളിവോ വിചാരണയോ കൂടാതെ ശിക്ഷിക്കുന്നു എന്നായിരുന്നു മറ്റൊരു വിമർശനം.

അടുത്തടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ രണ്ടറ്റത്ത് ഓരോ പ്രതികാരക്കൊലപാതകം വീതമാണുണ്ടായത്. അതിൽ ആദ്യത്തേതു മാത്രമാണ് ഈ ചർച്ചയത്രയും ഉയർത്തിയത്. രണ്ടാമത്തേതാവട്ടെ, രാഷ്ട്രീയഛവിയുണ്ടായിരുന്നെങ്കിലും കേവലം ഗുണ്ടാപ്പകയായി പത്രത്താളുകളിൽ ഒതുങ്ങിപ്പോവുകയായിരുന്നു. പാവം ഗുണ്ടകൾക്കു മാത്രം ചോദിക്കാനും പറയാനും ആളില്ലല്ലോ!

തൂണേരിയിലെ ഷിബിൻ എന്ന 19കാരനെ 2015 ജനുവരി 22നു കൊല്ലുകയും ആറുപേരെ ഗുരുതരമായി പരിക്കേൽപ്പിക്കയും ചെയ്ത കേസിലെ 17 പ്രതികൾ വിചാരണയ്ക്കൊടുവിൽ വിട്ടയയ്ക്കപ്പെട്ടിരുന്നു. സംഭവസമയത്തു പ്രാർപൂർത്തിയാവാഞ്ഞ പ്രതിയുടെ വിചാരണ ജൂവനൈൽ കോടതിയിൽ നടന്നുവരികയാണ്. കേസിലെ മുഖ്യപ്രതി തെയ്യംപാടി ഇസ്മായേൽ, സഹോദരൻ മുനീർ എന്നിവരെ ശിക്ഷാവിധിക്കുശേഷം താരപരിവേഷത്തോടെ എഴുന്നള്ളിക്കുന്ന പോസ്റ്റുകൾ മുസ്ലീം ലീഗ് അനുഭാവികളുടെ ഫേസ്ബുക് സ്ട്രീമുകളിൽ നിറഞ്ഞു. ഫ്ളക്സ് ബോർഡുകളിൽ പണക്കൊഴുപ്പ് എടുത്തുകാട്ടുന്ന വേഷവിധാനങ്ങളിലും വാഹനങ്ങളുടെ പശ്ചാത്തലത്തിലും ഇസ്മായേൽ തിളങ്ങി. അവർക്കെതിരായ കൊലവിളികൾ സിപിഐ(എം) അനുഭാവികളുടെ ഫേസ്ബുക് സ്ട്രീമുകളിലും നിറഞ്ഞുനിന്നു.

ഇത്തരം ആഘോഷങ്ങളും പോർവിളികളും ഇതാദ്യമായിരുന്നില്ല. കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ ആഹ്ലാദിച്ച മാർക്സിസ്റ്റ് പാർട്ടി അണികളും പോർവിളിച്ച ആർഎസ്എസുകാരും ധാരാളമായിരുന്നു. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും ആർഎംപി - സിപിഐ(എം) അണികൾ തമ്മിലുള്ള പോർവിളികൾ ഏറെക്കാലം നീണ്ടുനിന്നു. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കൊടിസുനിയുടെയും കൂട്ടരുടെയും ജയിൽചിത്രങ്ങൾ വീരാരാധനയോടെ പങ്കുവയ്ക്കപ്പെട്ടു.

അതേസമയം ഇതിനിടയിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തായി ഒട്ടേറെ മാർക്സിസ്റ്റ് പാർടി പ്രവർത്തകർ കൊലക്കത്തിക്കിരയായി. മകനെത്തേടിവന്ന് അച്ഛനെ കൊന്നിട്ടുപോയ സംഭവം വരെ തിരുവനന്തപുരത്തുണ്ടായി. ഇതടക്കം ഭൂരിഭാഗം കേസുകളിലും പ്രതികൾ ആർഎസ്എസുകാരായിരുന്നു. അവയിൽ പലതും മാദ്ധ്യമശ്രദ്ധയിൽ കാര്യമായി വരുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. ചില ആഖ്യാനങ്ങൾക്കു നിരക്കാത്തതാണ്, അവ എന്നതാവാം കാരണം.  ഇക്കാര്യം സജീഷ് നാരായണനോളം വ്യക്തമായി എഴുതിയ വേറെയാരെയും മലയാളം ഓൺലൈൻ ലോകത്ത് ഇതെഴുതുന്നയാളിനു പരിചയമില്ല. സജീഷിന്റെ വരികൾ ഇങ്ങനെയായിരുന്നു.

നിങ്ങൾക്ക് അബ്ദുൾ ഷെരീഫിനെ അറിയുമോ?
ദീപുവിനെ അറിഞ്ഞവർ ആരെങ്കിലും ഉണ്ടോ?
മനോജ് കുമാർ എന്ന് കേട്ടിട്ടുണ്ടോ?
സജിൻ എന്ന പയ്യ...

Posted by Sajeesh Narayan on 25 July 2016


അസമമായ നീതിയെ കുറിച്ചുള്ള ബോധം ഉറപ്പിക്കുന്ന കാര്യമാണിത്. ആ ബോധമാണു നിയമവാഴ്ചയിലുള്ള വിശ്വാസത്തെ ഇളക്കുന്നതും നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്നതും. ഭരണകൂടം ഇല്ലാതാക്കേണ്ടത്, അതിനുള്ള സാഹചര്യമാണ്.

കൊലപാതകങ്ങളും അതിനുശേഷമുള്ള പരസ്പരമുള്ള പോർവിളികളും സംഘർഷത്തെ ആഴമുള്ള മുറിവുകളാക്കുന്നു. സോഷ്യൽ മീഡിയയ്ക്കു മുമ്പ് ഇതു പ്രദേശത്ത് ഒതുങ്ങിനിൽക്കുന്ന കാര്യമായിരുന്നെങ്കിൽ ഇന്ന് അതങ്ങനെയല്ല. പാനൂരിലൊരു കൊലപാതകം നടന്നാൽ അതിനു പ്രതികാരം ചെയ്യണമെന്ന ആഹ്വാനം വരുന്നതു തിരുവനന്തപുരത്തുനിന്നാവാം. കൊലപാതകം നടന്നതിന്റെ വിജയഘോഷം മുഴങ്ങുന്നതു ബഹറിനിൽ നിന്നാവാം. കൊല്ലപ്പെട്ടവനെ നായ്ക്കുസമാനം ഇകഴ്ത്തുന്നത് ചെന്നൈയിലിരുന്നാവാം. ഈ തരത്തിൽ പ്രതികാരവാഞ്ചയെ സോഷ്യൽ മീഡിയ ലോകമെങ്ങുമെത്തിക്കുന്നുണ്ട്.

ഇതൊക്കെ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതോ കൂടുതൽ കുറ്റകൃത്യങ്ങളെ ജനിപ്പിക്കുന്നതോ ആയ സംഗതികളാണ്. കൊലപാതകത്തെ കുറ്റകൃത്യമായെണ്ണാതെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഉദാത്താനുഭവമാക്കിയും തങ്ങളും സഹപ്രവർത്തകർക്കുവേണ്ടി കൊല്ലപ്പെടുവാൻ തയ്യാറായവരാണെന്ന് ഊറ്റംകൊണ്ടും കൊലയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ നൈരാശ്യം പങ്കുവച്ചുമൊക്കെയാണു പോസ്റ്റുകൾ വരുന്നത്. അവയ്ക്കെതിരെ കർശനമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. സമാധാനം പുലരുന്ന സമൂഹത്തിന് അത് അത്യാവശ്യമാണ്. രാഷ്ട്രീയക്കാരുടെ പോർവിളികളേക്കാൾ അഹസഹ്യമാണ് തങ്ങൾ ഇന്നവരുടെകൂടെയാണെന്നു ബോധ്യപ്പെടുത്താനുള്ള, അകലങ്ങളിലിരുന്നുകൊണ്ടുള്ള ഈ അഭ്യാസം. അത് നിർത്തലാക്കിയേ തീരു. അല്ലാതെ സ്കോർ സെറ്റ്ലിങ് നിൽക്കില്ല.

ഷിബിൻ വധക്കേസിൽ മൂന്നാംപ്രതിയായി പേരുചേർക്കപ്പെട്ടിരുന്ന നാദാപുരം താഴെകുനിയിൽ കാളിയറമ്പത്ത് അസ്ലം അന്ന (20) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് വണ്ടന്നൂരിൽ മേലാറന്നൂർ സ്വദേശിയായ സുരേഷ് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടു.

തമലം റിസർവ് ബാങ്ക് ക്വാട്ടേഴ്സിനു സമീപം 2013 സെപ്റ്റംബർ 4 ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്ക് പൂജപ്പുര തമലം കാമരാജ് നഗർ കൊച്ചുതോപ്പുവീട്ടിൽ ഡി ബിനുമോൻ (36) കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു സുരേഷ് കുമാർ. സിപിഎമ്മിൽ നിന്നു ബിജെപിയിൽ പോയ ആളായിരുന്നു ബിനുമോൻ. സുരേഷ് കുമാറാകട്ടെ, ആ കൊലപാതകം നടക്കുന്ന സമയത്ത് സിഐടിയു തൊഴിലാളിയുമായിരുന്നു. ആ കൊലപാതകത്തിൽ പങ്കെടുത്തതായി ആർഎസ്എസ് ആരോപിക്കുന്ന പൂടൻ ബിജു എന്നയാളുടെ കാല് ഇതേ ബിനുമോന്റെ നേതൃത്വത്തിൽ വെട്ടിയരിഞ്ഞതാണ്. ഇത്തരം പശ്ചാത്തലവിവരങ്ങൾ നിലനിർത്തിയാൽ തന്നെ ഇവരുടെ കൊലപാതകത്തിൽ പ്രത്യക്ഷമായ രാഷ്ട്രീയ നിറം ഇല്ലായിരുന്നു. ഗുണ്ടാപ്പിരിവു സംബന്ധിച്ച തർക്കമാണ് ആദ്യ കൊലപാതകത്തിൽ കലാശിച്ചത്. മുൻകാല സംഘർഷങ്ങളുടെ culmination ആയിരുന്നു, കൊലപാതകം. അതിന്റെ പ്രതികാരമാണ് കഴിഞ്ഞദിവസം ഉണ്ടായത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബിനുമോൻ കൊല്ലപ്പെട്ടപ്പോൾ തന്നെ ആർഎസ്എസ് പേജുകളിൽ കൊലയാളികൾക്കെതിരായ പരസ്യമായ വധാഹ്വാനങ്ങൾ ഉയർന്നിരുന്നു. വിശ്വസംവാദ് കേന്ദ്ര കേരള എന്ന പേജിൽ ഇതെഴുതുമ്പോഴും കിടപ്പുണ്ട്, പരസ്യമായ പോർവിളികളും പകരം ചോദിക്കുമെന്നുള്ള പ്രതിജ്ഞകളും. അതിനെതിരെ ഒരു നടപടിയുമുണ്ടായില്ല എന്നതുകൊണ്ടുതന്നെയാണ് ഇന്ന് പ്രതികാരക്കൊലയും ഉണ്ടായത്.

മേലാറന്നൂരിലെ സുരേഷ് കുമാറിന്റെ കാര്യത്തിലെന്നപോലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ എഴുതിച്ചേർക്കപ്പെടുന്ന കൊലപാതകങ്ങളിൽ പലതിനും കക്ഷിരാഷ്ട്രീയബാഹ്യമായ കാരണങ്ങളുണ്ട്. പ്രാദേശികമായ ഗുണ്ടാരാജും അതിലെ അധോലോകസമാനമായ മൂപ്പിളമത്തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട അധികാരപ്രയോഗങ്ങളും ലൈംഗികവിഷയങ്ങളും ഒക്കെ അതിൽ പെടും. കണ്ണൂർ – കോഴിക്കോട് ജില്ലകളുടെ അതിർത്തിയിൽ നടക്കുന്ന ചില കൊലപാതക പരമ്പരകളിൽ മാത്രമാണ് എണ്ണമൊപ്പിക്കാൻ വേണ്ടി സിപിഐ(എം) ആയതുകൊണ്ടു മാത്രമോ ആർഎസ്എസ് ആയതുകൊണ്ടു മാത്രമോ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുള്ളത്. ആളുമാറി കൊലചെയ്യപ്പെട്ട കേസുകളും ഇല്ലാതില്ല. അല്ലാത്തിടങ്ങളിൽ കൊല്ലപ്പെട്ടയാളുടെ പാർട്ടി അഫിലിയേഷനപ്പുറം അയാളുടെയോ അയാൾമൂലം ഉറക്കം കെട്ടവരുടെയോ സാമൂഹ്യാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശവക്കച്ചയ്ക്കടിയിൽ മറയ്ക്കപ്പെടും. നാദാപുരത്തെ കൊലപാതകങ്ങളിലും സാമ്പത്തികനില ഘടകമായി വരുന്നുണ്ട് എന്നത് പതുക്കെപ്പറയേണ്ട കാര്യമല്ല.

രാഷ്ട്രീയ കൊലപാതകങ്ങൾ എന്നല്ല, എല്ലാ കൊലപാതകങ്ങളും ഒഴിവാക്കേണ്ടതാണ്. അതൊരു ideal position ആണ്. ideal situationനിൽ മാത്രം സാധ്യമാവുന്നത്. survival gameൽ ഏർപ്പെട്ടവരുടെ അടുത്ത് ആദർശവാദവുമായി ചെന്നാൽ അവർ നിങ്ങളെ ഒരാട്ടാട്ടും.

എല്ലാവരും പരസ്പരം ബഹുമാനിച്ചും പ്രശ്നങ്ങളുണ്ടാക്കാതെയും സമശീർഷരായി വിളയാടുന്ന സുന്ദരസുരഭില ലോകത്ത് കൊലപാതകങ്ങളുണ്ടാവില്ല. എന്നാൽ അതു പ്രകൃതിനിർദ്ധാരണത്തിന്റെ സ്വാഭാവികനീതിക്കു വഴങ്ങുന്നതല്ല. കോൺഫ്ലിക്റ്റും സ്ട്രെസും അതിനോടുള്ള എക്സ്ട്രീം ആയ പ്രതികരണങ്ങളും ജീവാണുതലത്തിൽ തന്നെയുണ്ട്.

Microcosm: E.Coli and the New Science of Life എന്ന ഒരു കുഞ്ഞു പുസ്തകമുണ്ട്. Carl Zimmer എഴുതിയത്. അതിൽ ഇ-കോളി എന്ന ബാക്റ്റീരിയ ഓരോ stressful situationsൽ പ്രതികരിക്കുന്നതെങ്ങനെ എന്നു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂട്ടആത്മഹത്യകൾ, ചാവേർ സ്ഫോടനങ്ങൾ, അതിവേഗതയിലുള്ള മ്യൂട്ടേഷനുകൾ, അഡ് ഓപ്പറോണുകൾ ചില എൻസൈമുകളുടെ ഉത്പാദനം പൊടുന്നനെ സ്വിച്ച് ഓൺ ചെയ്യുകയും മറ്റുചിലവ സ്വിച്ച് ഓഫ് ആക്കുകയും ചെയ്യുന്നത്, അവ ഉത്പാദിപ്പിക്കുന്ന ടോക്സിക് പ്രോട്ടീനുകൾ കെമിക്കൽ വെപ്പൺ ആയി ഉപയോഗിക്കപ്പെടുന്നത്, കോളനികളുടെ മെഷ് സ്ഥാപിക്കുന്നത്, ഒരേ തലമുറയിലെ തന്നെ ബാക്ടീരിയകൾ ആന്റി ബയോട്ടിക്കുകളോടു പ്രതികരിക്കുന്ന വിധം, തുടങ്ങി അതിൽ പറയുന്നതെന്തും ജീവിവർഗ്ഗത്തിലെ മുകൾത്തട്ടിൽ നിൽക്കുന്ന മനുഷ്യവർഗ്ഗത്തിനും ബാധകമാണ്. അത്തരം പെരുമാറ്റ വൈചിത്ര്യങ്ങൾക്ക് നിലനില്പുമായി അഭേദ്യബന്ധമുണ്ട്.

ശാസ്ത്രം ഉപയോഗിച്ച് കുറ്റകൃത്യത്തെ വെള്ളപൂശാൻ ശ്രമിക്കുകയല്ല. കാര്യങ്ങളെ അതിന്റെ പെർസ്പെക്റ്റീവിൽ കാണാൻ ശ്രമിക്കുകയാണ്. പത്തൊൻപതുകാരനായ ഒരു പയ്യനെ മഴുകൊണ്ടു വെട്ടിക്കൊന്ന കേസിലെ പ്രതികളെയെല്ലാം കോടതി വിചാരണ നടത്തി വെറുതെ വിടുന്നു. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ മതിയായ തെളിവു ഹാജരാക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതാണു കാരണം. ഈ പരാജയം വെറുതെയുണ്ടാവുന്നതല്ലല്ലോ. ഷിബിൻ വധക്കേസ് കൈകാര്യം ചെയ്ത രീതിയും അതിനുമുമ്പു നടന്ന ഷുക്കൂർ വധക്കേസ് കൈകാര്യം ചെയ്ത രീതിയും കണ്ടാൽ ഇരട്ടനീതി വെളിവാകും.

അവിടംകൊണ്ടും തീർന്നില്ല. ഷിബിൻ വധക്കേസിൽ വെറുതെ വിട്ട പ്രതികൾക്കൊരുക്കിയ സ്വീകരണവും അവരെ വീരപരിവേഷത്തോടെ സോഷ്യൽ മീഡിയയിലടക്കം എഴുന്നള്ളിച്ചുനടന്നതും ഒക്കെ അധികാരവും പൊതുബോധവും മാദ്ധ്യമപിന്തുണയും ഒരുമിച്ചു കൈയടക്കിയാൽ എന്തുമാകാമെന്നും അവർക്കു നിയമമൊന്നും ബാധകമല്ല എന്നുമുള്ള ബോധം സൃഷ്ടിക്കും. നിയമവാഴ്ച തകരുന്നു എന്നു കാണുമ്പോൾ സ്വാഭാവിക പ്രതികരണമെന്നോണം നിയമം സ്വയം നടപ്പിലാക്കാനുള്ള ശ്രമം aggreived ആയ കക്ഷികളിൽ നിന്നുണ്ടാവും. അതുകൂടുതൽ നിയമ ലംഘനങ്ങളിലേക്കു നയിക്കും.

മറിച്ച് അന്നു ഷിബിനെ കൊന്നവരെ ശിക്ഷിക്കാവുന്ന തരത്തിൽ പൊലീസ് പെരുമാറിയിരുന്നെങ്കിൽ ഇതുണ്ടാകുമായിരുന്നില്ല. നാദാപുരത്തു നടന്ന കലാപത്തോടും അതേ രീതിയിൽ തന്നെ നീങ്ങണമായിരുന്നു. പകരം നിയമം നിയമത്തിന്റെ വഴിക്ക് എന്നു പ്രസ്താവനയിറക്കുകയും നിയമം അധികാരമുള്ളവന്റെ ഇംഗിതത്തിനനുസരിച്ചു നീങ്ങുകയും ചെയ്യുമ്പോൾ അനിഷ്ടകരമായതു സംഭവിക്കും.

ഇത്തരം സംഭവങ്ങളിൽ ഏതൊരു കൂട്ടത്തിനും തങ്ങളിലൊരാളുടെ സുരക്ഷയോളം തന്നെ പ്രധാനമാണ് തങ്ങളുടെ സാഹോദര്യത്തെ ഭേദിച്ചവരോടുള്ള പ്രതികാരവും. ആ പ്രതികാരവാഞ്ചയിൽ കൂടിയാണ്, ആ കൂട്ടം അതിന്റെ സംഘബലം നിലനിർത്തുന്നത്. അതിൽ ജനാധിപത്യമൂല്യങ്ങൾ തിരയുന്നത് അസംബന്ധമാണ്.

പകയുടെ ഒരു പ്രശ്നം അത് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സമഭാവനയുടെയോ ആർഎസ്എസുകാർ അവകാശപ്പെടുന്ന വിശ്വപുരുഷന്റെയോ ലീഗുകാർ ഉന്നയിക്കുന്ന സാഹോദര്യത്തിന്റെയോ കോൺഗ്രസുകാർ പറയുന്ന വിശ്വമാനവികതയുടെയോ പരിധിക്കു പുറത്താണെന്നതാണ്. പക ജനിക്കുന്നതോടെ ഇല്ലാതാവുന്നത് ഈ സങ്കല്പങ്ങൾ കൂടിയാണ്.

അതുകൊണ്ടാണ് ഷിബിനെ നഷ്ടപ്പെട്ടപ്പോൾ തോന്നിയ ആത്മരോഷം അസ്ലം കൊല്ലപ്പെടുമ്പോൾ മാർക്സിസ്റ്റുകൾക്ക് ഉണ്ടാവാത്തത്. അതുകൊണ്ടാണ് അസ്ലത്തിന്റെ കൊലപാതകത്തെ ചൊല്ലി കണ്ണീർ പൊഴിക്കുന്ന ലീഗുകാർ ഷിബിന്റെ കൊലപാതകത്തെ അബദ്ധത്തിൽ സംഭവിച്ചത് എന്ന മട്ടിൽ ലഘൂകരിക്കുന്നത്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഗാഥകൾ ഫ്രറ്റേണിറ്റിക്കുള്ളിൽ മാത്രമാണ്. പുറത്തോട്ട് ശത്രുവിന്റെ തല തകർക്കുന്ന പോരാളിയുടെ വീര്യമാണ്. ഇത് ഒരു പ്രശ്നമെന്ന നിലയിൽ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പക വീട്ടാനുള്ളതാണ് എന്നാണ് സോഷ്യൽ മീഡിയയിലെ ന്യായം. തെയ്യംപാടി ഇസ്മായീലിന് ആദരാഞ്ജലികൾ എന്ന പോസ്റ്റർ ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ പറന്നു നടക്കുന്നു. അതായത്, മൂന്നാം പ്രതിയെ കൊന്ന ശേഷം 'അടുത്ത നമ്പർ നിന്റെയാടാ' എന്ന പരസ്യഭീഷണിയാണ് മുഴങ്ങുന്നത്. നിയമവാഴ്ചയോടു തരിമ്പെങ്കിലും ബഹുമാനമുള്ള ഒരു പൊലീസ് സംവിധാനത്തിനും ഇതു നോക്കിനിൽക്കാനാവില്ല. പക്ഷെ ഇതിനോളം തന്നെ ഗൗരവമുള്ളതാണ് ഇസ്മായീലിനെ വീരനായകനാക്കി പെരുന്നാളാശംസകൾ നേരുന്ന ഫ്ലക്സുകൾ. അസ്ലത്തിന്റെ കൊലപാതകത്തിലേക്കു വഴിതെളിച്ച വിദ്വേഷം ആളിക്കത്തിക്കുന്നതിൽ ആ ഫ്ളക്സുകൾക്കും പങ്കുണ്ടായിരുന്നു. നടപടിയെടുക്കുമ്പോൾ അതു വച്ചവർക്കെതിരെയും നടപടി ഉണ്ടാവേണ്ടതാണ്.

രാഷ്ട്രീയ കക്ഷികളുടെ അണികളിൽ നിറഞ്ഞുനിൽക്കുന്ന ഈ വിദ്വേഷം പൊതുസമൂഹത്തിലുണ്ടാക്കുന്ന negative vibe കാണാതിരുന്നുകൂടാ. ഭരണം കൈയിലുള്ള സമയത്തു തീരെ പൊറുക്കാവതല്ല, ഈ പങ്കം. സിപിഐ(എം) അക്രമകാരികളാണെന്ന കഥ രാജ്യം മുഴുക്കെ എത്തിക്കാൻ ആർഎസ്എസ് കച്ചകെട്ടുന്ന സമയത്ത് ആ ആഖ്യാനത്തിനു ശക്തിപകരുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കയാണ് കാമ്യം. പിണറായി വിജയന്റെ വിജയാഘോഷപ്രകടനം പോലും കലക്കി കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചത് ഒന്നും കാണാതെയല്ല. ആ കെണിയിലേക്കു വീണുകൊടുക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ.

വാസ്തവത്തിൽ ഇനിയൊരു കൊലപാതകം ചെയ്യാൻ മടിക്കുംവിധത്തിൽ ശക്തമായ നടപടികളെടുത്തു മുന്നോട്ടുപോകാൻ കൈയിലുള്ള പൊലീസ് സംവിധാനത്തെ ഉപയോഗിക്കാമെന്നിരിക്കെ പൊലീസിങ് സ്വയം നടപ്പാക്കാൻ ശ്രമിക്കുന്നിടത്തോളം മണ്ടത്തരം വേറെയില്ല. ഇതാണു വിപ്ലവമെന്നു ധരിച്ചുപോയാൽ ആരോടു പറയാനാണ്?

ആരെങ്കിലും അതിനെ അപലപിക്കുമെന്നായാൽ ഉടനെ തുറുപ്പുചീട്ട് പുറത്തെടുക്കുകയായി. അവരാരും കൊലചെയ്തപ്പോൾ നിങ്ങൾ ശബ്ദിച്ചില്ലല്ലോ, ഇപ്പോൾ ശബ്ദിക്കുന്നത് ഏകപക്ഷീയമല്ലേ എന്നാണു ചോദ്യം. ശബ്ദിക്കുന്നവരെല്ലാം 'ഉത്തമ'ന്മാരാണെന്നാണു തീർപ്പ്. കൊലപാതകം നടത്തിയതിനെ ന്യായീകരിക്കുന്നതിൽ തങ്ങൾക്കൊപ്പം പങ്കുകാരാവുകയോ അല്ലാത്ത പക്ഷം നിശബ്ദത പാലിക്കുകയോ ചെയ്യാനുള്ള സാമൂഹ്യസമ്മർദ്ദം സൃഷ്ടിക്കുകയാണവിടെ.

എല്ലാവരും പാർടിക്കാരായ ഇടത്തുനിന്നു വരുന്നയൊരാൾക്ക് അതിലൊന്നും ഒരു പ്രശ്നവും കാണാനാവില്ല. എന്നാൽ പാർടി ന്യൂനപക്ഷമായ ഇടങ്ങളിൽ അതുണ്ടാക്കുന്ന ഡാമേജിനെ അവർക്കു സങ്കല്പിക്കാനുമാവില്ല. അത്തരക്കാരെ നിലയ്ക്കു നിർത്താത്തിടത്തോളം കാലം ഈ രാഷ്ട്രീയകക്ഷിയെ സംബന്ധിച്ച ചില വലതുപക്ഷധാരണകൾ തിരുത്തപ്പെടാതെ തന്നെ കിടക്കും.

അതെന്തുമാവട്ടെ. രാഷ്ട്രീയ പ്രതിയോഗികളെ സിപിഐ(എം) വധശിക്ഷയ്ക്ക് വിധേയമാക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണകൂടം നടത്തുന്ന വധശിക്ഷയ്ക്കെതിരെ പ്രതികരിക്കാൻ അവർക്ക് അവകാശമില്ല എന്നുമാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും കുമ്മനം രാജശേഖരനും എന്നുവേണ്ട സോഷ്യൽ മീഡിയയിലെ ശരാശരി രാഷ്ട്രീയ ബുദ്ധിജീവി വരെ വിലയിരുത്തുന്നത്. തങ്ങൾ വധശിക്ഷയെ അനുകൂലിക്കുന്നതിനാൽ തങ്ങൾക്ക് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ അവകാശമുണ്ട് എന്നാണോ അപ്പോൾ ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും ഒക്കെ നിലപാട്?

കൊലപാതകം രാഷ്ട്രീയകാരണങ്ങളാലായാലും മറ്റു കാരണങ്ങളാലായാലും ക്രിമിനൽ പ്രവർത്തിയാണെന്നു കാണണം. ഒരിനം കൊലപാതകത്തെ അപേക്ഷിച്ചു മറ്റൊരിനം കൊലപാതകത്തിന് യാതൊരു മേന്മയും അവകാശപ്പെടാനില്ല. സ്വത്തുതർക്കത്തിന്റെ പേരിലായാലും അപഥസഞ്ചാരത്തിന്റെ പേരിലായാലും വിശ്വാസവഞ്ചനയുടെ പേരിലായാലും രാഷ്ട്രീയഭിന്നതയുടെ പേരിലായാലും കോടതിവിധിയുടെ പേരിലായാലും കൊലപാതകം അപലപനീയമാണ്.

രാഷ്ട്രീയസംഘർഷങ്ങളുടെ ബാക്കിപത്രമായ പ്രതികാരനടപടികളും പ്രതികാരക്കൊലപാതകങ്ങൾ പോലും ഒരു തരത്തിലും ഒരു ഭരണകൂടം അതിന്റെ പ്രജകൾക്കുമേൽ ചുമത്തുന്ന വധശിക്ഷയെ ന്യായീകരിക്കാനുള്ള പഴുതല്ല. ഭരണകൂടവും പൗരസമൂഹവും ഒരേ പ്രതലത്തിൽ നിൽക്കുന്നവരല്ല. സിപിഐ(എം) കൊലപാതകം നടത്തിയാൽ ശിക്ഷിക്കാൻ നിയമമുണ്ട്. ആർഎസ്എസ് കൊലപാതകം നടത്തിയാലും ശിക്ഷിക്കാൻ നിയമമുണ്ട്. അതേ സമയം ഭരണകൂടം വധശിക്ഷ നടപ്പാക്കിയാൽ ശിക്ഷിക്കാൻ നിയമമില്ല. വളരെ അസമമായ പ്രതലമാണത്.

മുമ്പൊരിക്കൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നും ഏതാനും ഖണ്ഡികകൾ കടംകൊള്ളുകയാണ്.
ജീവന്‍കൊടുക്കാന്‍ കഴിയാത്ത ഭരണകൂടം എന്തിന്റെ പേരിലായാലും ഒരു ജീവന്‍ എടുക്കുന്നതു സ്റ്റേറ്റ് ചെയ്യുന്ന കൊലപാതകം തന്നെയാണു. പരിഷ്കൃതമായ സമൂഹത്തിനു ചേര്‍ന്നതല്ല, അത്.

വധശിക്ഷയില്‍ ഇല്ലാതെയാവുന്നതാണു കുറ്റകൃത്യങ്ങള്‍ എന്ന ധാരണ അബദ്ധമാണ്. അങ്ങനെയെങ്കില്‍ ലോകത്തു യുദ്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. ശിക്ഷയെ സംബന്ധിച്ചു നമ്മുടെ പ്രാഥമിക ധാരണ തന്നെ തിരുത്തേണ്ടതുണ്ട്. ഒരു തെറ്റ് തിരുത്തുന്നതിനാണു ശിക്ഷയിലൂടെ പരിശ്രമിക്കേണ്ടത്. അല്ലാതെ ഭരണകൂടം അനുവര്‍ത്തിക്കുന്ന മറ്റൊരു തെറ്റിലൂടെ അതിനെ ന്യൂട്രലൈസ് ചെയ്യുകയല്ല, ആധുനികസമൂഹം ചെയ്യേണ്ടത്. അവനെ ക്രൂശിക്കുക എന്ന മുറവിളികള്‍ക്കു ചെവികൊടുക്കാതെ ഈ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു കൈകഴുകാനുള്ള സത്യസന്ധതയെങ്കിലും നാമാര്‍ജ്ജിക്കേണ്ടതുണ്ട്.

എത്രതന്നെ വലിയ കുറ്റം ചെയ്തവരാണെന്നുവരികിലും ഒരു ദേശം അതിന്റെ പ്രജകളെ / പൌരന്മാരെ അതിന്റെ പേരില്‍ കൊലയ്ക്ക് എറിഞ്ഞുകൊടുക്കുന്നതിനേക്കാളും ഹീനമായ മറ്റൊരു കുറ്റകൃത്യമുണ്ടാവില്ല. ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം പരമമായ അധികാരകേന്ദ്രം എന്നുപറയുന്നതു ഭരണകൂടമായിരിക്കേ, ആ അധികാരസ്ഥാനത്തുനിന്നു നിവര്‍ത്തിക്കുന്ന ശിക്ഷാവിധി പ്രതികാരത്തിന്റെ യുക്തി ആവാതിരിക്കേണ്ടതുണ്ട്. അതാണു ജനാധിപത്യം ആവശ്യപ്പെടുന്ന സമത.

പ്രാഥമികമായും അതിന്റെ പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ബാധ്യതയാണു ദേശരാഷ്ട്രത്തിനുള്ളത്. അവിടെ സംഭവിക്കുന്ന ഓരോ കുറ്റകൃത്യവും ഈ ബാധ്യതയെ പരാജയപ്പെടുത്തുകയാണ്. അതിനിടയാക്കിയവരും പൌരന്മാര്‍ തന്നെയാണെന്നിരിക്കെ, മരിച്ചുപോവുകയോ കൊല്ലപ്പെടുകയോ ചെയ്ത ഒരാള്‍ക്കുപോലും ജീവന്‍ തിരികെക്കൊടുക്കാന്‍ ന്യായാധിപര്‍ക്കോ ഭരണകൂടത്തിനോ ദേശരാഷ്ട്രത്തിനോ ആവില്ലെന്നുമിരിക്കെ, അതു പറിച്ചെടുക്കാന്‍ വെമ്പുന്നതില്‍ അനീതിയുണ്ട്. തങ്ങള്‍ക്കു നല്‍കാനാവാതെയിരുന്ന ഒരു കാര്യം നഷ്ടപ്പെടാന്‍ ഇടയാക്കിയവരോടു ചെയ്യുന്ന പ്രതികാരമായി ശിക്ഷ മാറുന്നതിലൂടെ ആ കുറ്റകൃത്യം ചെയ്തവര്‍ക്കു തിരുത്താനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല, ആ സാഹചര്യത്തെ അതേപടി നിലനിര്‍ത്തുന്നതിലൂടെ അതേ കുറ്റകൃത്യം മറ്റാളുകളിലൂടെ വീണ്ടുമാവര്‍ത്തിക്കാനുള്ള സാധ്യതയെ അവശേഷിപ്പിക്കുകകൂടിയാണു ചെയ്യുന്നത്.

പശ്ചാത്താപലേശമില്ലാത്ത കൊടുംകുറ്റവാളികളെ സമൂഹത്തില്‍ നിന്നു ദീര്‍ഘകാലത്തേക്കു മാറ്റിനിര്‍ത്താന്‍, അവരുടെ പലവിധത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കാനും നിയന്ത്രണവിധേയമാക്കാനും നിലവില്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ അവയെ സമയത്തും കാലത്തും നടപ്പാക്കുക എന്നതേ ചെയ്യേണ്ടതായുള്ളൂ. പ്രതികാരമല്ല, തിരുത്താണു ശിക്ഷയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് എപ്പോഴുമോര്‍ക്കുക.

ക്രിമിനൽ കുറ്റങ്ങളിൽ നിയമം നടപ്പിലാക്കേണ്ടത് ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളുടെയും പൗരസമൂഹത്തിന്റെ തന്നെയും താത്പര്യമാണ്. സിപിഐ(എം) പ്രതിസ്ഥാനത്താകുന്ന ഘട്ടങ്ങളിൽ കേരളത്തിൽ അതു നടക്കുന്നുമുണ്ട്. മാദ്ധ്യമങ്ങൾ അതുറപ്പാക്കുന്നുണ്ട്. അതേ സമയം മുസ്ലീം ലീഗോ കോൺഗ്രസോ ആർഎസ്എസോ നടത്തുന്ന കൊലപാതകങ്ങളിൽ അതു പലപ്പോഴും നടക്കാറുമില്ല. കോൺഗ്രസ് ഗ്രൂപ്പുവഴക്കിനെ തുടർന്നു തൃശ്ശൂരിലുണ്ടായ തുടർക്കൊലപാതകങ്ങൾ കെപിസിസിയുടെ കോടിക്കു മുന്നിൽ ഇല്ലാതായതോർമ്മിക്കുക.

പാടത്തെ പണിയും വരമ്പത്തെ കൂലിയും ഒരേപോലെ നിൽക്കേണ്ടതുണ്ട്. പാടത്തു പണി തുടരുകയും കൂലിയില്ലാതിരിക്കുകയും ചെയ്യുന്നത് നെൽക്കതിരുകളുടെ തലപ്പുകൾ അരിയാനുള്ളതാണെന്ന ഉറപ്പിക്കലാണ്. മാർക്സിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണെന്ന ഉറപ്പിക്കലാണ്. അതിൽ ഒരു ശരികേടുണ്ട്.

വരമ്പത്തു കൂലി നൽകുന്നത് പാടത്തു പണികിട്ടിയവരാകുന്നതാണു പ്രശ്നം. അത് നിയമപാലകർ ചെയ്യേണ്ടതാണ്. കൈയിലുള്ള അധികാരത്തെ അതിനായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കൊലപാതകങ്ങളിൽ ഏർപ്പെടുന്നവർക്കു ശിക്ഷ ലഭിക്കുമെന്നുറപ്പാക്കിയാൽ തന്നെ ഇതിനു ശമനമുണ്ടാവാം.

കൊലപാതകങ്ങളെ അപലപിക്കുമ്പോഴും രാഷ്ട്രീയസംഘർഷങ്ങളാലോ ഇതരകാരണങ്ങളാലോ കൊലപാതകങ്ങളുണ്ടാവുന്നതിനെ നിഷേധിക്കാനാവില്ല. അതേ സമയം ഭരണകൂടത്തിന്റെ പ്രാഥമിക കർത്തവ്യം ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക എന്നതാണ്. വധശിക്ഷയാവട്ടെ, അതിനെ കയ്യൊഴിയലാണ്. അല്ല, അട്ടിമറിക്കലാണ്.

മറ്റുള്ളവർക്ക് അപകടകാരിയായ ഒരാളെ ക്വാരന്റൈൻ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. അതിനുമപ്പുറം അയാളെ ഭൂമുഖത്തുനിന്നേ ഇല്ലാതാക്കണം എന്ന നിർബന്ധം ഭരണകൂടത്തിനു ചേർന്നതല്ല. ജന്മംകൊടുക്കാനാവാത്ത ഒരു സംവിധാനം ജീവൻ നശിപ്പിക്കുന്ന പരിപാടിയായി വധശിക്ഷയെ മനസ്സിലാക്കേണ്ടതുണ്ട്.

രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന കൊലപാതകങ്ങളിലും ഇതേയുക്തി ബാധകമാണ്. കാരണം രാഷ്ട്രീയപാർട്ടികൾക്കും ജീവൻ കൊടുക്കാനാവില്ല. എന്നാൽ രാഷ്ട്രീയകക്ഷികളെ - അതിന്റെ നേതാക്കന്മാരെ - കൊലപാതകക്കുറ്റത്തിനു വിചാരണ ചെയ്യാനും ശിക്ഷിക്കാനും സാധിക്കും. വിദ്വേഷ പ്രചാരണം നടത്തുന്ന അണികൾക്കെതിരെ കേസ് എടുക്കാൻ സാധിക്കും. ഭരണകൂടം നടപ്പാക്കുന്ന വധശിക്ഷയിൽ കോടതിക്കെതിരെയോ ആരാച്ചാർക്കെതിരെയോ പൊലീസിനെതിരെയോ ആഭ്യന്തരമന്ത്രാലത്തിനെതിരെയോ അത്തരമൊരു നടപടി സാധ്യമല്ല. അത് വലിയ വ്യത്യാസമാണ്.

ആയതുകൊണ്ടുതന്നെ വധശിക്ഷയെ അപലപിക്കുന്ന സിപിഐ(എം) നിലപാടിൽ ഇരട്ടത്താപ്പ് ആരോപിക്കുന്നതിൽ കാര്യമില്ല. അതും ചില കൊലപാതകങ്ങളിൽ ആ പാർട്ടിയിലെ അംഗങ്ങൾ പ്രതികളാക്കപ്പെടുന്നതും തമ്മിൽ ഒരു താത്പര്യസംഘർഷവും ഉടലെടുക്കുന്നില്ല.

കൊലപാതകങ്ങളിൽ ഏർപ്പെടുന്ന അണികൾ ഉള്ളതിനാൽ വധശിക്ഷയെ എതിർക്കരുത് എന്നു പറയുന്നത് കൊലപാതകം തടയണം എന്ന ഉദ്ദേശത്തിലല്ല. മറിച്ച് ഭരണകൂടത്തിന്റെ കിരാതമായ ശിക്ഷാനടപടി നിലനിർത്തണം എന്ന അധീശവർഗ്ഗ താത്പര്യത്തിലാണ്. കൊലപാതകം ക്രിമിനൽ കുറ്റമാണെന്നും അത് രാഷ്ട്രീയ പ്രവർത്തനമല്ലെന്നുമുള്ള ബോധ്യമാണ് എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും ഭരിക്കേണ്ടത്. ഭരണകൂടം നടത്തുന്ന കൊലപാതകം വിശുദ്ധ കൊലപാതകം ആവുന്നില്ല.

(അഭിപ്രായങ്ങൾ ലേഖകന്റേത്. നാരദാ ന്യൂസിന്റെ എഡിറ്റോറിയൽ നിലപാടല്ല)

Read More >>