അഷ്ടമിരോഹിണി ആഘോഷങ്ങള്‍ നടത്തേണ്ടത് തെരുവിലല്ല: കൊച്ചു കുട്ടികളെ തെരുവില്‍ ഇറക്കി വര്‍ഗീയ വിഷം കുത്തി നിറയ്ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

രാഷ്ട്രീയത്തിനു അതീതമായി ജനങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നുണ്ട്.എന്നാല്‍ കൃഷ്ണനെ തെരുവില്‍ കൊണ്ടുവന്ന് വിശ്വാസികളെ ആര്‍എസ്എസ്‌വത്കരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

അഷ്ടമിരോഹിണി ആഘോഷങ്ങള്‍ നടത്തേണ്ടത് തെരുവിലല്ല: കൊച്ചു കുട്ടികളെ തെരുവില്‍ ഇറക്കി വര്‍ഗീയ വിഷം കുത്തി നിറയ്ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങളെ ചൊല്ലിയുളള ആര്‍എസ്എസ്, സിപിഐ(എം) വാക്‌പോര് തുടരുന്നു. അഷ്ടമിരോഹിണി ആഘോഷങ്ങള്‍ നടത്തേണ്ടത് തെരുവിലല്ലെന്നും ക്ഷേത്രങ്ങളിലാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു. കുട്ടികളെ തെരുവില്‍ ഇറക്കി വര്‍ഗീയ വിഷം കുത്തി നിറയ്ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ശ്രീകൃഷ്ണവേഷം കെട്ടി കോപ്രായമാണ് ഇവര്‍ കാണിച്ചു കൂട്ടുന്നത്. നിഷ്‌കളങ്കരായ ഈ കുട്ടികളെ ഇനി ആര്‍എസ്സിന്റെ ശാഖകളിലായിരിക്കും കാണാന്‍ സാധിക്കുകയെന്നും കോടിയേരി പറഞ്ഞു.


ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഐ(എം) നടത്തിയ സാംസ്‌കാരിക സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ശ്രീകൃഷ്ണവേഷത്തിന്റെ മറവില്‍ കുട്ടികളെ ആയുധധാരികളാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജന്മാഷ്ടമിയുടെ പേരില്‍ ശ്രീകൃഷ്ണ ജയന്തിയെ ആര്‍എസ്എസ് വത്‌കരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സംഘപരിവാറിന്റെ ഈ നീക്കത്തെ പ്രതിരോധിക്കാനുളള ശ്രമങ്ങളാണ് സിപിഐഎം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ ഇന്ന് എസ്എന്‍ഡിപിയെയും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ജാതി പറയാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് അതിനുളള അവസരം നല്‍കണം. ഇതിനുളള നിയമനിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിനു അതീതമായി ജനങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നുണ്ട്.എന്നാല്‍ കൃഷ്ണനെ തെരുവില്‍ കൊണ്ടുവന്ന് വിശ്വാസികളെ ആര്‍എസ്എസ്‌വത്കരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ആര്‍എസ് എസും ഐഎസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഐഎസ് ഇന്ത്യയിലെത്താന്‍ പ്രധാന കാരണവും ആര്‍എസ്എസാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധി വധത്തില്‍ ഗോഡ്‌സെക്ക് പങ്കുണ്ടെന്ന പരാമര്‍ശം രാഹുല്‍ തിരുത്തിയതെന്നും കോടിയേരി പറഞ്ഞു.

നവോത്ഥാന നായകന്‍മാരായ ചട്ടമ്പി സ്വാമി, അയ്യങ്കാളി, ശ്രീനാരായണ ഗുരു എന്നിവരെയെല്ലാം സമുദായത്തിന്റേയും മതത്തിന്റേയും സ്വാമിമാരായി ചിത്രീകരിക്കുകയാണ്. അവരുടെ വാക്കും ജീവിതവും ദുര്‍വ്യാഖ്യാനിച്ച് സംഘപരിവാര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ ഈ നീക്കത്തെ പ്രതിരോധിക്കാനുളള ശ്രമങ്ങളാണ് സിപിഐ(എം) നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.