ഒളിമ്പിക് ഫുട്ബോള്‍: ആദ്യറൗണ്ടില്‍ അര്‍ജന്റീന പുറത്ത്

ഒളിമ്പിക് പുരുഷ ഫുട്ബോളില്‍ ആതിഥേയരായ ബ്രസീല്‍ കൊളംബിയയെയാണ് ക്വാര്‍ട്ടറില്‍ നേരിടുക. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിനാണ് മത്സരം. കൊറിയയും ഹോണ്ടുറാസും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഞായറാഴ്ച രാത്രി 12ന് നടക്കും

ഒളിമ്പിക് ഫുട്ബോള്‍: ആദ്യറൗണ്ടില്‍ അര്‍ജന്റീന പുറത്ത്

റിയോ: അതിഥേയരായ ബ്രസീലും കൊളംബിയ, കൊറിയ, ഹോണ്ടുറാസ്, നൈജീരിയ, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, ജര്‍മ്മനി എന്നീ ടീമുകളും ഒളിമ്പിക് പുരുഷ ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, ആദ്യറൗണ്ടില്‍ പുറത്താകുകയെന്ന നാണക്കേടില്‍ അര്‍ജന്റീന മുങ്ങി. ഇന്നലെ ഹോണ്ടുറാസിനെതിരെ  നടന്ന അവസാന മത്സരത്തില്‍ 1-1 എന്ന സ്‌കോറിന് അര്‍ജന്റീന സമനില പിടിച്ചെങ്കിലും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനായില്ല.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ അള്‍ജീരിയയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിക്കുകയും ചെയ്തെങ്കിലും മൂന്നാം മത്സരത്തിലെ സമനില അര്‍ജന്റൈന്‍ യുവനിരയെ അയല്‍പക്കത്ത് നടക്കുന്ന ലോക കായിക മാമാങ്കത്തില്‍ നിന്നും പുറത്താക്കി. 75-ആം മിനിറ്റില്‍ ഹോണ്ടുറാസിന്റെ ആന്റണി ലോസാനോയാണ് അര്‍ജന്റീന - ഹോണ്ടുറാസ് മത്സരത്തില്‍ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ഇന്‍ജ്വറി ടൈമില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ (93-ആം മിനിറ്റില്‍) മൗറീഷ്യോ മാര്‍ട്ടിനെസ് നേടിയ ഗോളിലാണ് അര്‍ജന്റീന പരാജയത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ടത്. ഇല്ലെങ്കില്‍ രണ്ട് തോല്‍വിയെന്ന നാണക്കേടോടെ കളം വിടേണ്ടിവരുമായിരുന്നു.

ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും രണ്ടാം മത്സരത്തില്‍ ഇറാഖിനോടും സമനിലയില്‍ കുരുങ്ങിയ ബ്രസീല്‍ മൂന്നാം മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളിന്റെ മികവിലൂടെയാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്. 26-ആം മിനിറ്റിലും 80-ആം മിനിറ്റിലുമായി ഇരട്ട ഗോള്‍ നേടിയ ഗബ്രിയേല്‍ ബാര്‍ബോസയുടെയും ഓരോ ഗോള്‍ വീതം നേടിയ ഗബ്രിയേല്‍ ജീസസിന്റെയും(40-ആം മിനിറ്റില്‍) ലുവാന്റെയും (50-ആം മിനിറ്റില്‍) കളിമികവിലാണ് ആതിഥേയരുടെ വിജയം.
അള്‍ജീരിയയും പോര്‍ച്ചുഗലും തമ്മില്‍ നടന്ന മത്സരം 1-1 എന്ന നിലയില്‍ സമനിലയിലാണ് കലാശിച്ചത്. പോര്‍ച്ചുഗലിന് വേണ്ടി പാഷ്യന്‍സ്യയും അള്‍ജീരിയയ്ക്ക് വേണ്ടി മുഹമ്മദ് ബെന്‍കാബിലയും ഗോള്‍ നേടി. അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തിയാണ് ഫിജിയെ ജര്‍മ്മനി മടക്കിയത്. എതിരില്ലാത്ത പത്തുഗോളുകള്‍ക്കായിരുന്നു ജര്‍മ്മന്‍ യുവനിരയുടെ വിജയം. മെക്സിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊറിയ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. നൈജീരിയയെ കൊളംബിയ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. സ്വീഡന്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയും ഇറാക്കും തമ്മിലുള്ള മത്സരം 1-1 എന്ന നിലയില്‍ സമനിലയിലായി.
ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ

ഒളിമ്പിക് പുരുഷ ഫുട്ബോളില്‍ ആതിഥേയരായ ബ്രസീല്‍ കൊളംബിയയെയാണ് ക്വാര്‍ട്ടറില്‍ നേരിടുക. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിനാണ് മത്സരം. കൊറിയയും ഹോണ്ടുറാസും തമ്മിലുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഞായറാഴ്ച രാത്രി 12ന് നടക്കും. നൈജീരിയയും ഡെന്‍മാര്‍ക്കും തമ്മിലാണ് മൂന്നാം ക്വാര്‍ട്ടര്‍ മത്സരം. ജര്‍മ്മനിയും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടുന്ന നാലാം ക്വാര്‍ട്ടര്‍ ഞായറാഴ്ച പുലര്‍ച്ചെ ആറിന് നടക്കും.

Read More >>