ഒളിമ്പിക് സുവര്‍ണ്ണ പ്രതീക്ഷകളിലേക്ക് വില്ലുകുലച്ച് ദീപികയും കൂട്ടരും വെള്ളിയാഴ്ചയിറങ്ങും

അമ്പെയ്ത്തില്‍ നിരവധി വര്‍ഷങ്ങളായി കൊറിയന്‍ ആധിപത്യമാണെങ്കിലും ദീപിക കുമാരിയും ലക്ഷ്മിറാണി മാജിയും ബോംബെയ്യാ ദേവിയും അടങ്ങുന്ന വനിതാ സംഘം റിയോയില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഒളിമ്പിക് സുവര്‍ണ്ണ പ്രതീക്ഷകളിലേക്ക് വില്ലുകുലച്ച് ദീപികയും കൂട്ടരും വെള്ളിയാഴ്ചയിറങ്ങും

നിരഞ്ജന്‍

റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്. പത്തോളം മെഡല്‍ നേടുകയെന്ന സ്വപ്നവുമായാണ് രാജ്യം കായിക താരങ്ങളെ ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് അയച്ചിട്ടുള്ളത്. അവര്‍ക്ക് തുണയായി 120 കോടി വരുന്ന ജനതയുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. വര്‍ദ്ധിത സ്വപ്നങ്ങളുമായി റിയോയിലെത്തിയ 120 അംഗ ഇന്ത്യന്‍ സംഘത്തില്‍ നിന്നും ആദ്യം കളത്തിലിറങ്ങുന്നത് ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള അമ്പെയ്ത്ത് ടീമാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് നടക്കുന്ന റാങ്കിംഗ് റൗണ്ടിലാണ് ടീം ആദ്യമായി ഇറങ്ങുക. പ്രാഥമിക റൗണ്ടായ റാങ്കിംഗ് റൗണ്ടില്‍ മുന്നേറിയാല്‍ മാത്രമേ പിന്നീടുള്ള മത്സരങ്ങളിലേക്ക് ടീമിന് യോഗ്യത നേടാനാകൂ. പുരുഷ വ്യക്തിഗത വിഭാഗത്തില്‍ അഥാനു ദാസും വെള്ളിയാഴ്ച റാങ്കിംഗ് റൗണ്ടില്‍ മത്സരിക്കുന്നുണ്ട്.


അമ്പെയ്ത്തിലെ പ്രതീക്ഷകള്‍

അമ്പെയ്ത്തില്‍ നിരവധി വര്‍ഷങ്ങളായി കൊറിയന്‍ ആധിപത്യമാണെങ്കിലും ദീപിക കുമാരിയും ലക്ഷ്മിറാണി മാജിയും ബോംബെയ്ലാ ദേവിയും അടങ്ങുന്ന വനിതാ സംഘം റിയോയില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ വനിതാ ടീം ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന പടലപ്പിണക്കവും മറ്റും ഇന്ന് അലട്ടുന്നില്ലെന്നതും ടീമെന്ന നിലയില്‍ കാണിക്കുന്ന ഒത്തിണക്കവും തന്നെയാണ് മെഡല്‍പ്രതീക്ഷ നല്‍കുന്നത്.

[caption id="attachment_34403" align="alignleft" width="300"]deepika
ദീപിക കുമാരി[/caption]

കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ റിക്കര്‍വ് വിഭാഗത്തില്‍ വനിതാ അമ്പെയ്ത്ത് ടീം വെള്ളി അണിഞ്ഞിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ റഷ്യയോട് ടൈബ്രേക്കറിലാണ് ടീം പരാജയപ്പെട്ടത്. ഉത്തേജക വിവാദങ്ങളില്‍ കുടുങ്ങി റിയോയിലേക്ക് ഈ റഷ്യന്‍ ടീം വരുന്നില്ലെന്നത് മറ്റൊരു കാര്യം. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ റിക്കര്‍വ് ടീം സ്വര്‍ണ്ണം നേടിയിരുന്നു. കളിമികവ് തന്നെയാണ് ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള വനിതാ അമ്പെയ്ത്ത് ടീമിന്റെ കൈമുതല്‍. കണ്ണും മനസും നല്‍കുന്ന ഏകാഗ്രത കൈകളിലൂടെ അസ്ത്രവിദ്യയില്‍ പ്രതിഫലിച്ചാല്‍ വനിതകള്‍ എയ്തിടുന്നത് സ്വര്‍ണ്ണം തന്നെയാകും. പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ യോഗ്യത നേടിയ അഥാനു ദാസിന് പ്രതിബദ്ധങ്ങളേറെയുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് തന്നെയാണ് ഇന്ത്യന്‍ ക്യാമ്പിന്റെ വിശ്വാസം.

ദീപിക കുമാരി

ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ടീം വിഭാഗത്തില്‍ വെള്ളിയും വ്യക്തിവിഭാഗത്തില്‍ വെങ്കലവും. 2011 മുതല്‍ പങ്കെടുത്ത ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ നാലെണ്ണത്തിലും രജതമെഡല്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണം. 21 കാരിയായ ദീപിക കുമാരിയുടെ നേട്ടങ്ങള്‍ക്ക് രാജ്യം ഈ വര്‍ഷം പത്മശ്രീ നല്‍കി ആദരിച്ചു.

ബ്രസീലിലേക്ക് തിരിച്ച ഇന്ത്യന്‍ സംഘത്തിന്റെ സുവര്‍ണ്ണ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്ന താരമായ ദീപിക, ഓട്ടോറിക്ഷാ ഡ്രൈവറായ ശിവ് നാരായണ്‍ മഹാതോയുടെയും റാഞ്ചി മെഡിക്കല്‍ കോളേജിലെ നഴ്സായ ഗീതയുടെയും മകളാണ്. 15-ആം വയസില്‍ അമേരിക്കയിലെ ഒഡ്ഗനില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി. മകളുടെ കഴിവുകള്‍ കണ്ട് മാതാപിതാക്കള്‍ ജാര്‍ഖണ്ഡ് മുഖ്യന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ടെയുടെ ഭാര്യ നടത്തുന്ന അമ്പെയ്ത്ത് അക്കാഡമിയില്‍ ചേര്‍ത്തു. പിന്നീട് ടാറ്റ അമ്പെയ്ത്ത് അക്കാഡമിയേക്ക് ചേക്കേറി. ഇവിടെ നിന്നാണ് ദീപിക കുമാരി എന്ന സുവര്‍ണ്ണ താരത്തിന്റെ യഥാര്‍ത്ഥ ഉദയം. 2012ല്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയ താരത്തിന് പക്ഷെ ലണ്ടന്‍ ഒളിമ്പിക്സ് മത്സരങ്ങളില്‍ ശോഭിക്കാനായില്ല. ബ്രിട്ടീഷ് താരം ആമി ഒലിവറിനെതിരെ കീഴടങ്ങി അന്ന് പുറത്താകുകയായിരുന്നു. ഇപ്പോള്‍ ലോക റാങ്കിംഗില്‍ 12-ആം സ്ഥാനത്താണ് ദീപിക.

കൊറിയന്‍ ആധിപത്യം

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി അമ്പെയ്ത്ത് മത്സരങ്ങളിലെ കൊറിയന്‍ ആധിപത്യമാണ് അവര്‍ക്ക് ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ കഴിഞ്ഞ മൂന്നു തവണയും ആദ്യ പത്തില്‍ ഇടം നേടിക്കൊടുക്കുന്നത്. റിയോയിലേക്ക് തിരിക്കുമ്പോഴും വില്ല് കുലയ്ക്കുന്നവരില്‍ തന്നെയാണ് കൊറിയയുടെ മെഡല്‍പ്രതീക്ഷ. 1988ലെ സോള്‍ ഒളിമ്പിക്സില്‍ അമ്പെയ്ത്ത് ഉള്‍പ്പെടുത്തിയ ശേഷമുള്ള 36 സ്വര്‍ണ്ണത്തില്‍ 19ഉം നേടിയത് കൊറിയന്‍ സംഘമാണ്. കൊറിയന്‍ വനിതകളാണ് ഇതില്‍ ഏഴും എയ്തിട്ടത്. ഇപ്പോഴത്തെ വനിതാ വ്യക്തിഗഗത ചാമ്പ്യന്‍ കി ബോ ബെയുടെ നേതൃത്വത്തില്‍ റിയോയില്‍ എത്തുമ്പോഴും മെഡല്‍ വാരാമെന്ന് തന്നെയാകും കൊറിയന്‍ സ്വപ്നം. പുരുഷവിഭാഗം ലോക ഒന്നാം നമ്പര്‍ താരം കിം വൂജിന്‍, ക ബോ ചാന്‍, ലീ സ്യൂങ് യുന്‍ എന്നിവരാണ് കൊറിയന്‍ പുരുഷ ടീമിലെ അംഗങ്ങള്‍. കി ബോ ബെ, മിസുന്‍ ചാങ്, ചാങ് ഹ്യെ ജിന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് വനിതാ ടീം. ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന എതിരാളികളും ഈ കൊറിയന്‍ സംഘം തന്നെയാകും.