ആറന്മുളയിലെ പുഞ്ചപ്പാടങ്ങളില്‍ നവംബര്‍ മുതല്‍ നെല്‍കൃഷി ആരംഭിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ ഉറപ്പ്

ആറന്മുളയിലെ കര്‍ഷകരുമായി നടന്ന പൊതു സംവാദത്തിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആറന്മുള പാടങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിശദമായി പഠിച്ച് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആറന്മുളയിലെ പുഞ്ചപ്പാടങ്ങളില്‍ നവംബര്‍ മുതല്‍ നെല്‍കൃഷി ആരംഭിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ ഉറപ്പ്

വിമാനമിരമ്പലുണ്ടാകില്ല. പകരം പാര്‍ത്ഥസാരഥിക്കരികില്‍ ഇളംവെയിലേറ്റ് തിളങ്ങുന്ന പൊന്‍നെല്‍ക്കതിരുകള്‍ വിളയും- ആറന്മുളക്കാര്‍ക്ക് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റെ ഉറപ്പ്. ആറന്മുളയിലെ പുഞ്ചപ്പാടങ്ങളില്‍ നവംബര്‍ മുതല്‍ നെല്‍കൃഷി ആരംഭിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രസഖ്യാപനം നിറഞ്ഞ കൈയടിയോടെ ജനങ്ങള്‍ സ്വീഏകരിക്കുകയായിരുന്നു.

ആറന്മുളയിലെ കര്‍ഷകരുമായി നടന്ന പൊതു സംവാദത്തിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആറന്മുള പാടങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിശദമായി പഠിച്ച് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിലെ സാങ്കേതികവിദഗ്ധരുടെ സഹായവും ഇതിനുണ്ടാകുമെന്നും എന്നാല്‍ കൃഷിക്ക് നിലവിലുള്ള തടസ്സങ്ങള്‍ നീക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ചുമതലയാണെന്നും അദ്ദേഹം അറിയിച്ചു.


ആറന്മുളയില്‍ കൃഷി ഇറക്കുന്നത് സംബന്ധിച്ച് ഇനിയും വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കര്‍ഷകരിലേറെപ്പേര്‍ സ്ഥലത്ത് കൃഷിഭൂമി ഒരുക്കുന്നതിലെ ആശങ്കകള്‍ പങ്കുവെച്ചു. ഇതിനായുണ്ടാകുന്ന ഭീമമായ ചെലവിനെപ്പറ്റി ചൂണ്ടിക്കാണിച്ച പ്രദേശവാസികള്‍ കൃഷിയിടം ഒരുക്കുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടു. പുഞ്ചയിലെ വെള്ളം നിയന്ത്രിക്കുന്നതിന് പന്നിവേലിച്ചിറയില്‍ ഷട്ടര്‍ ഇടുന്നതിനെപ്പറ്റിയും മന്ത്രിയുമായി ചര്‍ച്ച നടന്നു.

ആറന്മുളയില്‍ കാര്‍ഷികജീവിതം തിരിച്ചെത്തുന്നതിന് എന്തു സഹായവും വാഗ്ദാനം ചെയ്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി രംഗത്തെത്തി. വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ മന്ത്രി മുന്‍കൈയെടുക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. മാത്രമല്ല കൃഷിയിറക്കാന്‍ ഉടമ തയ്യാറായാല്‍ കൃഷി ചെയ്യാന്‍ തൊഴിലാളിയെ കിട്ടുമോയെന്ന ആശങ്കയും കര്‍ഷകര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ആശങ്കകളെ ദൂരീകരിച്ച മന്ത്രി തൊഴിലുറപ്പ് വഴി ഒരുപരിധിവരെ പരിഹാരമാകുമെന്ന ആത്മവിശ്വാസവും കര്‍ഷകര്‍ക്ക് നല്‍കി.