സൂര്യപുത്രി തിരിച്ചുവരുന്നു മഞ്ജുവിന്റെ കൂടെ

ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷം അമലയും സൈറാബാനു എന്ന പോസ്റ്റ് വുമണിനെ മഞ്ജുവും അവതരിപ്പിക്കുന്നു

സൂര്യപുത്രി തിരിച്ചുവരുന്നു മഞ്ജുവിന്റെ കൂടെ

മഞ്ജു വാര്യര്‍ക്കൊപ്പം ദക്ഷിണേന്ത്യയുടെ സ്വപ്ന നായികയും മലയാളത്തിന്‍റെ സ്വന്തം സൂര്യപുത്രിയുമായ അമല  തിരിച്ചുവരുന്നു. പുതുമുഖ സംവിധായകനായ ആന്‍റണി സോണി സംവിധാനം ചെയ്യുന്ന "കെയര്‍ ഓഫ് സൈറാബാനു" എന്ന സിനിമയിലൂടെയാണ് "എന്‍റെ സൂര്യപുത്രി" യിലൂടെ മനം കവര്‍ന്ന താരത്തിന്‍റെ തിരിച്ചുവരവ്. ചിത്രത്തില്‍ വീട്ടമ്മയായി മഞ്ജുവും അഭിഭാഷകയായി അമലയും എത്തുന്നു.

ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷം അമലയും സൈറാബാനു എന്ന പോസ്റ്റ് വുമണിനെ മഞ്ജുവും അവതരിപ്പിക്കുന്നു. ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് ചിത്ര പശ്ചാത്തലം. ചിത്രത്തില്‍ "കിസ്മത്തിലെ" നായകന്‍ ഷെയ്ന്‍ നിഗം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ വേഷമില്ലെങ്കിലും വിക്ടര്‍ ജോര്‍ജ്ജ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറുമായി സാമ്യമുള്ളൊരു അദൃശ്യ കഥാപാത്രവും സിനിമയിലുണ്ട്. "എന്‍റെ സൂര്യപുത്രിക്ക്" എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തെ ഇളക്കിമറിച്ച അമല 1993 ല്‍  തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ വിവാഹം ചെയ്തതോടെ സിനിമയോടു യാത്ര പറഞ്ഞിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ അമലയ്ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഈ അവസരം അവിസ്മരണീയമാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.


മലയാളം തന്‍റെ പ്രിയപ്പെട്ട ഭാഷയാണെന്നും ഏറെക്കാലത്തിനു ശേഷം അവിടേയ്ക്കുള്ള മടങ്ങിവരവ് വല്ലാത്ത ഗൃഹാതുരത നല്‍കുന്നുവെന്നും അമല പറഞ്ഞു. തിരിച്ചുവരവില്‍ തനിക്കൊപ്പമുള്ളത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നടിമാരിലൊരാളാണെന്നും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അമല പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ആന്‍റണി സോണി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു. ആര്‍.ജെ.ഷാനാണ് തിരക്കഥ. സംഭാഷണം ബിപിന്‍ ചന്ദ്രനും. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.