ഇന്ത്യന്‍ പ്രതീക്ഷാഭാരവുമായി ടിന്റു ഇറങ്ങുന്നു; ലോകം കാത്തിരിക്കുന്നു സെമന്യയുടെ ഫിനിഷിങ്

പി ടി ഉഷയുടെ അരുമ ശിഷ്യയും ഇന്ത്യന്‍ പ്രതീക്ഷയുമായ ടിന്റുവിന് തന്റെ തന്നെ മികച്ച സമയം കുറിച്ചാല്‍ സെമിയിലേക്ക് കടക്കുക എളുപ്പമാകും. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്സിന്റെ സെമിയില്‍ കടന്ന ടിന്റു രണ്ടു മിനിറ്റില്‍ താഴെ 800 മീറ്റര്‍ ഓടിത്തീര്‍ത്ത രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്.

ഇന്ത്യന്‍ പ്രതീക്ഷാഭാരവുമായി ടിന്റു ഇറങ്ങുന്നു; ലോകം കാത്തിരിക്കുന്നു സെമന്യയുടെ ഫിനിഷിങ്

നിരഞ്ജന്‍

ഇന്ത്യന്‍ കായികലോകം ഇന്ന് ടിന്റു ലൂക്കയില്‍ കണ്‍പാര്‍ത്തിരിക്കുകയാണ്. ഒളിമ്പിക്സില്‍ വനിതകളുടെ 800 മീറ്ററിലെ മൂന്നാം ഹീറ്റ്സില്‍ ഇറങ്ങുന്ന ഇന്ത്യയുടെ അത്ലറ്റ് സെമിയിലേക്ക് കടക്കുമോ എന്നതാണ് ചര്‍ച്ചാവിഷയം. പി ടി ഉഷയുടെ അരുമ ശിഷ്യയും ഇന്ത്യന്‍ പ്രതീക്ഷയുമായ ടിന്റുവിന് തന്റെ തന്നെ മികച്ച സമയം കുറിച്ചാല്‍ സെമിയിലേക്ക് കടക്കുക എളുപ്പമാകും.
2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്സിന്റെ സെമിയില്‍ കടന്ന ടിന്റു രണ്ടുമിനിറ്റില്‍ താഴെ 800 മീറ്റര്‍ ഓടിത്തീര്‍ത്ത രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്.


2010ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്റല്‍ കപ്പിലാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 1:59:17 എന്ന സമയം ടിന്റു കുറിച്ചത്. 800 മീറ്ററില്‍ തന്റെ 15-ആം വയസില്‍ ഷൈനി വില്‍സണ്‍ കുറിച്ച 1:59:85 എന്ന സമയമാണ് ടിന്റു ലൂക്ക പഴങ്കഥയാക്കിയത്. 1:53:28 എന്നതാണ് ഈ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് എന്നറിയുമ്പോഴാണ് ടിന്റുവിന്റെ പരിശ്രമം തിരിച്ചറിയപ്പെടുക.

2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെങ്കലവും 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 4 - 400 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയ ഈ 27 വയസുകാരി 2015ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും അണിഞ്ഞിട്ടുണ്ട്. 2014ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ച ടിന്റൂ ലൂക്കയെന്ന ഈ പയ്യോളി എക്സ്പ്രസിന്റെ ശിഷ്യയില്‍ നിന്നും രാജ്യം ഇനിയും പ്രതീക്ഷ അര്‍പ്പിക്കുന്നു. ഇന്ന് വൈകീട്ട് 7.25ന് നടക്കുന്ന മൂന്നാം ഹീറ്റ്സില്‍ നിന്നും സെമിയിലേക്കും പിന്നീട് ഫൈനല്‍സിലേക്കും യോഗ്യത നേടാന്‍ ടിന്റുവിന് കഴിയട്ടെ എന്നാശംസിക്കാം, കാത്തിരിക്കാം...

ലോകം കാത്തിരിക്കുന്നത് സെമന്യയെ

ഇന്ത്യന്‍ കായിക ലോകം ടിന്റുവില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് മറ്റൊരാളെയാണ്.  ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യയെ. ലിംഗവിവാദത്തില്‍ കുടുങ്ങി കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ഒളിമ്പിക് സ്വര്‍ണ്ണം എന്ന ലക്ഷ്യവുമായാണ് ഇക്കുറി സെമന്യ റിയോയില്‍ എത്തിയിരിക്കുന്നത്. 800 മീറ്ററില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് റിയോയിലേക്ക് തിരിക്കും മുന്‍പേ താരം നയം വ്യക്തമാക്കിയിരുന്നു.

[caption id="attachment_37116" align="alignleft" width="223"]samena കാസ്റ്റർ സമന്യ[/caption]

ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദിനെ പോലെ തന്നെ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരുന്നു സെമന്യയുടെ ശരീരത്തിലും. ഇതേത്തുടര്‍ന്ന് വിലക്കും അപവാദവും മാനഹാനിയും നേരിട്ടു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ അത്ലറ്റിക് ഫെഡറേഷന്റെ ഉറച്ച പിന്തുണയോടെ പോരാടിയ സെമന്യക്ക് മുന്നില്‍ നീതി വഴിതുറന്നു. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഈ സംഭവ വികാസങ്ങളെല്ലാം അരങ്ങേറിയത്.
പുരുഷ ഹോര്‍മോണിന്റെ അളവ് വനിതാ കായിക താരങ്ങളുടെ ശരീരത്തില്‍ കൂടിയാല്‍ മരുന്ന് കഴിച്ച് നിയന്ത്രിക്കണമെന്ന ചട്ടം നീക്കുന്നതിന് തുണയായത് സെമന്യയെ പോലുള്ളവരുടെ പോരാട്ടങ്ങളാണ്. ദ്യുതി ചന്ദിനെ പോലുള്ളവര്‍ക്ക് പിന്നീട് വഴികാട്ടിയാകാനും സെമന്യക്ക് കഴിഞ്ഞുവെന്നത് താരത്തെ മഹനീയരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. ഈ സീസനില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിലും ദക്ഷിണാഫ്രിക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ട്രിപ്പിള്‍ നേടി ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്നതോടെ സെമന്യയെ മത്സരിപ്പിക്കരുതെന്ന വാദവുമായി മറ്റ് അത്ലറ്റിക് ഫെഡറേഷനുകളും താരങ്ങളും ആവശ്യം ഉയര്‍ത്തിയിരുന്നു. റോമിലും റബാത്തിലും നടന്ന മീറ്റുകളില്‍ 1:56:64 എന്ന സമയത്തോടെ 800 മീറ്റര്‍ ഓടിത്തീര്‍ത്തപ്പോള്‍ പ്രതിഷേധത്തിന് വീണ്ടും ശക്തി കൂടി.

ശരീരത്തില്‍ സ്വഭാവികമായി തന്നെ കൂടിയ അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ പുരുഷന്‍മാര്‍ക്ക് കിട്ടുന്ന ആനുകൂല്യം സെമന്യക്ക് ലഭിക്കുന്നുവെന്നതാണ് അവകാശവാദം. എന്നാല്‍ തനിക്കെതിരെ ഉയരുന്ന മുറവിളിയെ മനക്കരുത്ത് കൊണ്ട് നേരിടുന്ന താരം ഒളിമ്പിക്സില്‍ 800 മീറ്റര്‍ രണ്ടാം ഹീറ്റ്സില്‍ ഇന്നിറങ്ങും. 2009 ബര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ 18-ആം വയസില്‍ സ്വര്‍ണ്ണം അണിഞ്ഞതോടെ ലോകശ്രദ്ധ നേടിയ താരത്തിന് പിന്നാലെയെത്തിയ ലിംഗവിവാദവും വിലക്കും തിരിച്ചടിയായിരുന്നു. ആണോ പെണ്ണോ എന്ന പരിശോധനയും മറ്റുമായി ഒരു വര്‍ഷത്തോളം കരിയര്‍ നഷ്ടപ്പെട്ടു. പിന്നീട് നെല്‍സണ്‍ മണ്ടേല അടക്കമുള്ളവര്‍ പകര്‍ന്ന ധൈര്യവുമായി ട്രാക്കില്‍ ഇറങ്ങിയെങ്കിലും ഫോം കണ്ടെത്താനായില്ല. 2011 ലോക ചാമ്പ്യന്‍ഷിപ്പിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും വെള്ളി മാത്രമായിരുന്ന സമ്പാദ്യം. പിന്നീട് ഏറെ മങ്ങിപ്പോയ താരം ഇക്കുറി പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമ്പോള്‍ ലോകം അവളെ ഉറ്റുനോക്കുമെന്നുറപ്പ്. ജയിച്ചാലും തോറ്റാലും ചരിത്രമാകുന്ന മഹനീയരുടെ പട്ടികയിലെത്തിയ സെമന്യ ഇക്കുറി സ്വര്‍ണ്ണത്തോടെ മടങ്ങട്ടെ... വരുംകാല താരങ്ങള്‍ക്കും അത്ലറ്റിക്സിനും അതൊരു പാഠമാകും.