മലയാളിയുടെ നെയ്‌റോസ്റ്റ് നിവിന്‍ പോളിയും മസാല ദോശ ജയസൂര്യയുമാണെങ്കില്‍ കൂടെ കിട്ടുന്ന ഉഴുന്ന് വട അജു വര്‍ഗ്ഗീസല്ലേ? അജു മനസ്സ് തുറക്കുന്നു

വിനീത് ശ്രീനിവാസന്‍റെ പ്രഥമ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് അജു വര്‍ഗ്ഗീസ്‌ മലയാള സിനിമ ലോകത്ത് എത്തുന്നത്..

മലയാളിയുടെ നെയ്‌റോസ്റ്റ് നിവിന്‍ പോളിയും മസാല ദോശ ജയസൂര്യയുമാണെങ്കില്‍ കൂടെ കിട്ടുന്ന ഉഴുന്ന് വട അജു വര്‍ഗ്ഗീസല്ലേ? അജു മനസ്സ് തുറക്കുന്നു

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് അജു വര്‍ഗ്ഗീസ്. ആ ചിത്രത്തിലെ കുട്ടു മുതല്‍ ഈയിടെ പുറത്തിറങ്ങിയ പ്രേതത്തിലെ ഡെന്നി കൊക്കന്‍ വരെ 65ഓളം കഥാപാത്രങ്ങള്‍...

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ അജു വര്‍ഗ്ഗീസ് നാരദ ന്യൂസിന് അനുവദിച്ച അഭിമുഖം...


 • ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും കാണാതെ പോകുന്ന ഒരു ടൈറ്റില്‍ കാര്‍ഡുണ്ട്, 'ഓണ്‍ലൈന്‍ പ്രോമോഷന്‍സ്' അജു വര്‍ഗീസ്‌.


അത്തരം ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ പ്രമുഖ മാധ്യമങ്ങള്‍ ഒന്നും നമ്മുടെ സ്വന്തമല്ലല്ലോ... ഒരു പരിധി കഴിഞ്ഞ് നമ്മളെ പ്രൊമോട്ട് ചെയ്യാന്‍ നമ്മളേയുള്ളൂ. എന്നെ ആകര്‍ഷിക്കുന്ന എന്തും, എന്റെ പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. കലാമൂല്യമുള്ള സിനിമകള്‍, പാട്ടുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ട്രോളുകള്‍ അങ്ങനെയെല്ലാം എന്‍റെ പേജ് വഴി കുറച്ചു പേരിലേക്ക് കൂടിയെത്തുന്നുവെങ്കില്‍ അത് അതിന്‍റെ സൃഷ്ടാക്കള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരില്ലേ?

പിന്നെ ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്  ഒരു താരമെന്ന ലേബലില്‍ നിന്നുകൊണ്ടല്ല. മറിച്ച് സിനിമാ പ്രേക്ഷകന്‍ അല്ലെങ്കില്‍ കലാപ്രേമി എന്ന നിലയിലാണ്. അതുകൊണ്ടു തന്നെ നല്ല കലാസൃഷ്ടികള്‍ എന്നിലൂടെ നാലു പേരിലേക്ക് എത്തുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

 • അജുവിന്റെ പ്രൊമോഷന്‍സ് നിര്‍മാതാവിന് ഒരു കൈത്താങ്ങാണോ? 


എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ നടത്തിപ്പില്‍ ഏറ്റവും പ്രാധാന്യമേറിയ വ്യക്തി അതിന്റെ നിര്‍മ്മാതാവാണ്. എത്ര മികച്ച തിരക്കഥയുണ്ടെങ്കിലും സംവിധായകനുണ്ടെങ്കിലും,  ഒരു നിര്‍മ്മാതാവില്ലാതെ സിനിമ നടക്കില്ല. സിനിമയ്ക്ക് വേണ്ടി വരുന്ന ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വരുന്നത് നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ നിന്നുമാണ്. ഒരു സിനിമ മികച്ചതാകുന്നത് അതിന്റെ നിര്‍മ്മാതാവ് ആ സിനിമയ്ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കുമ്പോഴാണ്. അങ്ങനെ എന്റെ ടേസ്റ്റിന് യോജിക്കുന്ന ഒരു സിനിമ വരുമ്പോള്‍ അതു പ്രൊമോട്ട് ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം, അതുകൊണ്ടു രണ്ടുപേര്‍ കയറി ആ ചിത്രം കണ്ടാല്‍, അവിടെക്കിട്ടുന്ന പൈസ നിര്‍മ്മാതാവിന് പോകും. നിര്‍മാതാവിന് ചെയ്തു കൊടുക്കാന്‍ സഹായിക്കുന്ന ചേതമില്ലാത്ത ഉപകാരമല്ലേ, അത്?

 •  സോഷ്യല്‍ മീഡിയും അജുവും തമ്മിലുള്ള കെമിസ്ട്രി?  


സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. മോശം സിനിമകള്‍ ചെയ്തു നില്‍ക്കുന്ന സമയമാണെങ്കില്‍ സോഷ്യല്‍ മീഡിയ നമ്മുടെ ഏറ്റവും വലിയ ശത്രുവാണ് എന്നതിന് സംശയമില്ല. ചെയ്യുന്നതെല്ലാം നല്ല സിനിമയാകണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷെ എല്ലാ ചിത്രങ്ങളും നമ്മള്‍ ഉദ്ദേശിക്കുന്നതു പോലെ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നില്ല. അത്തരം അവസരങ്ങളില്‍ സോഷ്യല്‍ മീഡിയ നമുക്ക് ബാധ്യതയാണ്. അതേ സമയം, ഹിറ്റ്‌ സിനിമകളുടെ ഭാഗമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നമുക്ക് രാജകീയ പരിഗണയാണു ലഭിക്കുന്നത്.

പിന്നെ ട്രോളുകളെ ട്രോളുകളായി കണ്ട് അവ ഷെയര്‍ ചെയ്യുന്നതു വഴി ലഭിക്കുന്നത് ഭീകര പ്രൊമോഷനാണ്. അത്തരം പ്രൊമോഷനുകള്‍ സിനിമയ്ക്ക് ഒരുപാടുപകാരം ചെയ്യും. അതുകൊണ്ട് ഇനിയും ട്രോളുകള്‍ വരട്ടെ, ഞാന്‍ ഷെയര്‍ ചെയ്യാം...

 • ഇപ്പോള്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ട്രോളുകളിലും അജുവുണ്ട്. ഇവയെല്ലാം ആദ്യം ഷെയര്‍ ചെയ്യുന്നതും താങ്കള്‍ തന്നെയാണ്.


ഐസിയു, ട്രോള്‍മലയാളം, ട്രോള്‍ മോളിവുഡ് അടക്കമുള്ള ട്രോള്‍ ഗ്രൂപ്പുകളെ ഞാന്‍ സ്നേഹിക്കാനും ഫോളോ ചെയ്യാനും പ്രധാന കാരണം അവരുടെ ട്രോളുകളില്‍ അടങ്ങിയിരിക്കുന്ന '
ക്രിയേറ്റിവിറ്റി
' തന്നെയാണ്. ക്രിയേറ്റിവിറ്റി മാത്രമല്ല, ഒരു പരിധി വരെ ഒരു സിനിമ ചെയ്യുമ്പോള്‍ നമ്മള്‍ ഇവരെ കുറിച്ച് ചിന്തിക്കുന്നു. ഒരു സീന്‍ ചെയ്യുമ്പോള്‍ ഇത് ട്രോള്‍ ചെയ്യപ്പെടുമോ എന്ന് നമ്മള്‍ ആലോചിക്കുന്നു. ഇത്തരം ട്രോളുകളില്‍ നിന്ന് വരുന്ന ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഞാന്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷേ അവ ഒരിക്കലും വ്യക്തിപരമോ മുന്‍വിധികളോട് കൂടിയതോ ആകരുത്.

 • വെള്ളിമൂങ്ങ, അടി കപ്പ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം, ആന്‍ മരിയ കലിപ്പിലാണ്, പ്രേതം, അങ്ങനെ മൌത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ഹിറ്റായ ഒരുപിടി ചിത്രങ്ങള്‍...


സോഷ്യല്‍ മീഡിയയുടെ പുറത്തു നിന്നു ചിന്തിച്ചാല്‍ മൌത്ത് റിവ്യൂകളാണ് ഏറ്റവും വലിയ പ്രൊമോഷന്‍. കാരണം ഈ റിവ്യൂകളില്‍ കള്ളമില്ല. ഒരാള്‍ക്ക് ശരിക്കും പടം ഇഷ്ടപ്പെട്ടാല്‍ മാത്രമേ അയാള്‍ അതിനെക്കുറിച്ച് നല്ലതു പറയുകയുള്ളൂ. മറ്റേത് റിവ്യൂകളെ അവിശ്വസിച്ചാലും പെയ്ഡ് റിവ്യൂകള്‍ എന്നു കുറ്റപ്പെടുത്തിയാലും മൌത്ത് റിവ്യൂകളെ ആ ഗണത്തില്‍ പെടുത്താന്‍ സാധിക്കില്ല. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാതെ വരുന്ന ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുമ്പോള്‍ കാണാന്‍ ആളു വേണം, അതിനു സോഷ്യല്‍ മീഡിയ പ്രോമോഷന്‍സ് ഒരു ഘടകമാണ്. അതിനപ്പുറം ആ ചിത്രം വിജയിക്കണമെങ്കില്‍ മൌത്ത് പബ്ലിസിറ്റി അനിവാര്യമാണ്.

 • കഴിഞ്ഞ കുറച്ചു കാലമായി ഹോട്ട് ടോപ്പിക്കായി നില്‍ക്കുന്ന 'സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങള്‍' ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വയലന്‍സിനും സ്ത്രീവിരുദ്ധപരാമർശങ്ങൾക്കുമൊക്കെ  കത്തി വയ്ക്കുന്ന ബോര്‍ഡ്, മലയാള സിനിമയില്‍ ഇന്ന് കൂടുതലായി കണ്ടു വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കത്തി വയ്ക്കണ്ടേ? അജു അങ്ങനെ ചില ചിത്രങ്ങളില്‍  ഭാഗമായിട്ടുണ്ടല്ലോ


ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. എങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായം സെന്‍സറിംഗ് വേണമെന്നു തന്നെയാണ്. സിനിമ എന്നാല്‍ ഒരേ സമയം വിനോദവും വ്യവസായവുമാണ്. നല്ല സിനിമകള്‍ വിജയിക്കണമെങ്കില്‍ കുടുംബ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തണം. 
അവരുടെ മുന്നിലേക്ക് സെന്‍സര്‍ ചെയ്യാതെ ചിത്രങ്ങള്‍ എത്തിയാല്‍ കുടുംബങ്ങള്‍ തീയറ്ററുകളില്‍ വരുന്നത് കുറയും, അത് ഇന്‍ഡസ്ട്രിയെ ബാധിക്കും.


'റിയല്‍ ലൈഫ്' സിനിമകള്‍ വേണ്ടെന്നല്ല, മറിച്ച് അത്തരം സിനിമകള്‍ ആ പണി അറിയാവുന്നവര്‍ മാത്രം ചെയ്യുക, അറിയാത്തവര്‍ അത്തരം സിനിമകള്‍ ചെയ്‌താല്‍ അത് സമൂഹത്തില്‍ പല പ്രശ്നങ്ങളുമുണ്ടാക്കും.

 • ഒരു നടന്‍ സിനിമയുടെ ഭാഗമായി ഒരുപാട് വിവാഹങ്ങള്‍ കഴിക്കാറുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് അവയുടെ രൂപയും ഭാവവും ഒക്കെ മാറാറുമുണ്ട്. എന്നാല്‍ 'സ്വന്തം വിവാഹ വീഡിയോ' ഒരു ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉപയോഗിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് അജു.


റാഫി സാര്‍ ഒരുക്കിയ 'റിംഗ് മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് അത് സംഭവിച്ചത്. റിംഗ് മാസ്റ്റര്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകമായിരുന്നു എന്റെ കല്യാണം. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പുതിയ ഡ്രസ് പോലും ഞാന്‍ എടുത്തിരുന്നില്ല. അലക്കിത്തേച്ച വസ്ത്രം വേണമെന്നു മാത്രമേ എനിക്കു നിര്‍ബന്ധമുള്ളു. പക്ഷെ അന്ന് ഭാഗ്യത്തിനെല്ലാം കിട്ടി. അങ്ങനെ ഓടിക്കിതച്ചെത്തി വിവാഹം കഴിച്ച ശേഷം റാഫി സാറുമായി സംസാരിക്കുന്ന വേളയിലാണ്  റിംഗ് മാസ്റ്ററിലെ പീറ്റര്‍ എന്ന എന്‍റെ കഥാപാത്രത്തിന് ഒരു 'ടെയില്‍ എന്‍ഡ്' വേണമെന്ന് അദ്ദേഹം പറയുന്നത്. പീറ്റര്‍ കല്യാണമൊക്കെ കഴിച്ച് വലിയ സംവിധായകനാകുന്നതാണ് ടെയില്‍ എന്‍ഡ് എന്നു പറഞ്ഞ ശേഷം എന്‍റെ കല്യാണ വീഡിയോ അതിലേക്ക് ഉപയോഗിക്കുകയായിരുന്നു.

പിന്നീട് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' വന്നപ്പോള്‍ എന്റെ മക്കളും അഭിനയിച്ചു. ദുബായില്‍ വച്ചുള്ള ചിത്രീകരണമായതിനാലും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന സിനിമയായിരുന്നതിനാലും എല്ലാവരുടെയും കുടുംബം ദുബായില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് കുട്ടികള്‍ ആ സിനിമയിലേക്ക് എത്തുന്നത്.

 • ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ചിത്രീകരണം കാണാന്‍ നിറയെ മലയാളികള്‍. 39 ദിവസത്തെ ഷൂട്ട്‌. ആളെ മാറ്റാന്‍ അജു എന്ന നടന്‍ / സഹ സംവിധായകന്‍ ഏറെ പാടുപെട്ടോ?  


അത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ തവണയും ആളെ മാറ്റാന്‍ ചെല്ലുമ്പോള്‍ അവര്‍ പറയുന്നത്, മാറിത്തരണമെങ്കില്‍ കൂടെ നിന്ന് സെല്‍ഫി എടുക്കണമെന്നാണ്. തൊട്ടാല്‍ പൈസ പോകുന്ന ദുബായില്‍ ചെന്ന്  ഷൂട്ട്‌ ചെയ്യുന്ന വേളയില്‍ വിനീത് എന്നെ ആളെ മാറ്റാന്‍ വിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് നാട്ടുകാരുടെ ഒപ്പം സെല്‍ഫി എടുത്തു നില്‍ക്കുന്ന എന്നെയാണ്.

 • വിനീതിന്റെ തിരക്കഥയില്‍ നിവിന്‍ നിര്‍മ്മിച്ച്‌ അജു നായകനാകുന്ന ചിത്രം. ഇങ്ങനെ ഒരു സ്വപ്നം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?


ഇങ്ങനെ ഒരു സ്വപ്നം ഇതുവരെ കണ്ടിട്ടില്ല. പക്ഷെ കേട്ടപ്പോള്‍ നല്ല രസം തോന്നുന്നുണ്ട്. എനിക്ക് നടന്മാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഭയങ്കര ഇഷ്ടമാണ്.

ദിലീപേട്ടന്റെ ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സ്, ശ്രീനിവാസന്‍ സാര്‍-മുകേഷേട്ടന്‍ സഖ്യത്തിന്റെ ലൂമിയര്‍ ഫിലിംസ്, ആസിഫ് അലിയുടെ ആദംസ്, ജയേട്ടന്റെ ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്, ചാക്കോച്ചന്റെ ഉദയ തുടങ്ങി നടന്മാര്‍ നയിക്കുന്ന നിര്‍മ്മാണ കമ്പനികള്‍ ഒരുക്കിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

 • സോഷ്യല്‍ മീഡിയ പ്രൊമോഷന്‍സില്‍ അജുവിനെ പോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജയസൂര്യ. സ്വന്തം സിനിമയും കൂട്ടുകാരുടെ സിനിമയും അദ്ദേഹം ഒരുപോലെ പ്രൊമോട്ട് ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, അജുവിന്റെ കുടുംബവും അഭിനയിച്ചു. ഇനി നിങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വ്യത്യാസമെന്നു പറയുന്നത് നിര്‍മ്മാണമാണ്.  


നിര്‍മ്മാണം രണ്ടു രീതിയില്‍ ചെയ്യാം; സ്വന്തം പണം മുടക്കിയും മറ്റൊരാളുടെ പണം കൊണ്ടും. തല്‍ക്കാലം നമ്മുടെ കയ്യില്‍ കാശില്ലാത്തതു കൊണ്ട് ആ മേഖലയിലേക്കില്ല.

 • തിരക്കഥ മുഴുവന്‍ വായിച്ച ശേഷം സിനിമ തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോള്‍ ഉള്ള മിക്ക താരങ്ങളും. അവിടേയും അജു വ്യത്യസ്തനാണ്...


വ്യത്യസ്തതയ്ക്ക് വേണ്ടിയല്ല, എനിക്ക് തിരക്കഥയേക്കാള്‍ കഥ കേള്‍ക്കാനാണിഷ്ടം. ഞാന്‍ അതാണ്‌ കൂടുതല്‍ ആസ്വദിക്കുന്നത്. ഒരു സിനിമ കണ്ടിറങ്ങിവരുന്ന ഒരാള്‍ അയാളുടെ സുഹൃത്തിന് കഥ പറഞ്ഞു കൊടുക്കും പോലെ കഥ കേള്‍ക്കാനാണ്‌ എനിക്കു താല്‍പര്യം.

പിന്നെ കഥ പറയാന്‍ വരുന്ന സംവിധായകര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. നമ്മളെ ഏതു രീതിയിലാണ് അവര്‍ ആ സിനിമയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നു മനസിലാക്കാന്‍ അപ്പോള്‍ സാധിക്കും. കാരണം നമ്മളെക്കാള്‍ നന്നായി ആ സിനിമ അവര്‍ക്കറിയാം. അതിലെ ഓരോ രംഗവും കഥാപാത്രവും എങ്ങനെയാകണം എന്താകണമെന്ന് അവര്‍ക്ക് ഉത്തമബോധ്യം കാണും. ഇടയ്ക്കു നിന്ന് ചെന്നുകയറുന്ന നമ്മളെക്കാള്‍ തുടക്കം മുതല്‍ കഥ മനസ്സില്‍ കൊണ്ടുനടക്കുന്ന അവരുമായി ചെലവഴിക്കുന്ന നിമിഷങ്ങളിലൂടെ കഥയിലും കഥാപാത്രത്തിലും അവര്‍ക്കുള്ള വിശ്വാസം നമുക്ക് മനസ്സിലാകും.

ചില അവസരങ്ങളില്‍ അതു വിജയിക്കണമെന്നില്ല. എന്നിരുന്നാലും ഞാന്‍ തിരഞ്ഞെടുക്കുന്ന 90% ചിത്രങ്ങളും സംവിധായകരുടെ കൂടെ സമയം ചെലവഴിച്ച ശേഷമാണ്. ചിലപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് തെറ്റാണ് എന്നു തോന്നാറുണ്ട്, മുഴുവന്‍ തിരക്കഥയും കേട്ടിട്ടു വേണം കമ്മിറ്റ് ചെയ്യാന്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്, പക്ഷെ അങ്ങനെയായാല്‍ നമ്മുടെ ചിന്ത സിനിമയുടെ ടോട്ടാലിറ്റിയെ പറ്റി മാത്രമാകും. അതിനു പകരം അഭിനയിക്കാന്‍ പോകുന്ന സീനിനെ പറ്റി മാത്രം മനസിലാക്കി ആ സീന്‍ എങ്ങനെ മികച്ചതാക്കാം എന്നു മാത്രം ചിന്തിക്കാനാണ് എനിക്കിഷ്ടം.

പിന്നെ ഓരോ സിനിമാപ്രേമിയും കൊതിയോടെ കാത്തിരിക്കുന്ന ചില സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടല്ലോ, അവയുടെ ഭാഗമാകാന്‍ ഞാനും അതിയായി ആഗ്രഹിക്കാറുണ്ട്.

 • ഏത് തരം ചിത്രങ്ങളോടാണ് അജുവിന് താല്‍പര്യം?


ശ്രീനി സാറും പ്രിയന്‍ സാറും ഒക്കെ മലയാളികള്‍ക്ക് സമ്മാനിച്ച പോലെയുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഥയയ്ക്കും കോമഡിക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. കിലുക്കം, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം, വെള്ളാനകളുടെ നാട്, വന്ദനം, ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്.

സ്വതവേ നല്ല മടിയനായത് കൊണ്ടും ഒരു കാലത്ത് ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ടും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ്‌ എന്റെ ഇഷ്ടകഥാപാത്രവുമാണ്.

 • ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചുവെന്ന് പറഞ്ഞു, ഇപ്പോഴും അതില്‍ ഒരു ആഗ്രഹം കൂടെ കൊണ്ട് നടക്കുന്നുണ്ടോ? 


ഒരു ഹോട്ടല്‍ തുടങ്ങണമെന്ന് നല്ല ആഗ്രഹമുണ്ട്. ഞാനൊരു ഭക്ഷണപ്രിയനാണ്. പക്ഷെ പാചകം ഇഷ്ടമല്ല. ഇനിയെന്നെങ്കിലും സിനിമയില്‍ നിന്ന് 'ഔട്ട്‌' ആയാല്‍ സിനിമയില്‍ തന്നെ കാറ്ററിംഗ് നടത്തി ജീവിക്കാമല്ലോ?

 • 65 ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേത് എന്ന് ചോദിക്കുന്നത് ക്ലീഷേയാണ്. എങ്കിലും...


മലര്‍വാടിയിലെ കുട്ടു തന്നെയാണ് എന്റെ ഇഷ്ട കഥാപാത്രം. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് കുട്ടുവിന്റെ വേഷത്തിലാണ്. അത് കൊണ്ട് തന്നെ ആ കഥാപാത്രമാണ് എനിക്ക് ഏറ്റവും സ്പെഷ്യല്‍.

 • ചെയ്ത കഥാപാത്രങ്ങളില്‍ കുട്ടുവിനെയാണ് ഇഷ്ടമെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഈ അടുത്തുകണ്ട കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്, ചാര്‍ളിയെയാണോ സുധിയെയാണോ അതോ സികെ രാഘവനെയാണോ?


രാഘവന്‍ ചെയ്തത് മമ്മൂക്കയാണ്. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ  ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ ഇവരുടെ ഒരു എക്സ്പ്രഷന്‍ പോലും പാളിപ്പോകില്ല. തനിയാവര്‍ത്തനം തൊട്ടു നമ്മള്‍ കാണുകയാണ്, മമ്മൂക്കയുടെ മികച്ച വേഷങ്ങള്‍. അതുകൊണ്ടു തന്നെ സി കെ രാഘവന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വളരെ ഈസിയായി അദ്ദേഹം രാഘവനെ പൂര്‍ണതയില്‍ എത്തിച്ചു.

അതേ സമയം, സുധിയുടെ കാര്യത്തില്‍  നമ്മള്‍ കാണുന്നത് ജയേട്ടന്‍ എന്ന നടന്റെ വളര്‍ച്ചയാണ്. ഡബ് ചെയ്യാന്‍ ഏറെ പാടുള്ള ഒരു വേഷം കൂടിയായിരുന്നു സുധി. മിമിക്രിയും കോമഡിയുമൊന്നും ചേരാതെ സുധിയുടെ വികാരങ്ങളും വിചാരങ്ങളുമെല്ലാം കലര്‍ത്തി ആ കഥാപാത്രത്തെ വിജയകരമായി അവതരിപ്പിക്കാന്‍ ജയേട്ടന് സാധിച്ചു. രാഘവനെ മമ്മൂക്ക സ്വതസിദ്ധമായ ശൈലിയില്‍ വളരെ എളുപ്പത്തില്‍ അവതരിപ്പിച്ചപ്പോള്‍ മമ്മൂക്കയും ലാലേട്ടനുമൊക്കെ നമുക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട് ജയേട്ടന്‍ ചെയ്ത വേഷമാണ് സുധി. ആ കഥാപാത്രത്തിന് വേണ്ടി അദ്ദേഹമെടുത്ത അദ്ധ്വാനം വളരെ വലുതാണ്‌.

ചാര്‍ളിയില്‍ ദുല്‍ഖറിന്റെ പ്രകടനം പ്രശംസനീയമാണ്. അദ്ദേഹം ആ വേഷത്തോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. ചാര്‍ളി ആകാശത്തു പറന്നു നടക്കുന്ന മിസ്റ്റിക് ടച്ചുള്ള കഥാപാത്രമാണ്. എന്നാല്‍ സുധി പ്രതിബന്ധങ്ങള്‍ക്കെതിരേ ഒറ്റയ്ക്കു പോരാടേണ്ടിവരുന്ന സാധാരണക്കാരനായ യുവാവാണ്. ഇവിടെ താരതമ്യപ്പെടുത്തലുകള്‍ക്ക് സ്ഥാനമില്ല.

 • സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ പറ്റി എന്താ അഭിപ്രായം?


അവാര്‍ഡ്‌ പ്രഖ്യാപിച്ചാല്‍ വിവാദമുണ്ടാവുമല്ലോ. ഞാന്‍ സിനിമ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടേ ഇത് കാണുന്നതാണ്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും വരും. ഒട്ടനവധി ചിത്രങ്ങള്‍ കാണുന്ന ജൂറി, ആ നിമിഷം അവര്‍ക്കു നല്ലത് എന്ന് തോന്നുന്ന ചിത്രങ്ങള്‍ക്ക് അവാര്‍ഡ്‌ കൊടുക്കുന്നു. എല്ലാവരും അതിനോട് യോജിക്കണമെന്നില്ല.

 • കഥ ഇഷ്ടപ്പെട്ടിട്ടും നായകന്‍ പോരാ എന്നു പറഞ്ഞു സിനിമ വേണ്ടെന്ന് വച്ച നായികമാര്‍ മലയാളം സിനിമയിലുണ്ട്. അജുവിന് അങ്ങനെ ഒരു അനുഭവമുണ്ടോ?


എന്നെ സംബന്ധിച്ചിടത്തോളം ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കാരണം മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പരസ്ക്കാരം നേടി നില്‍ക്കുന്ന സമയത്താണ് റിമ കല്ലിങ്കല്‍ എന്റെ നായികയായി 'സക്കറിയയുടെ ഗര്‍ഭിണികളി'ല്‍ വരുന്നത്. സൂപ്പര്‍ താരത്തിന്റെ നായികയായി താന്‍ അഭിനയിക്കുവെന്ന് റിമ ഒരിക്കലും പറഞ്ഞില്ല. പിന്നെ, നായികമാര്‍ക്ക് അങ്ങനെ ഒരു തോന്നല്‍ വരുന്നതില്‍ തെറ്റു പറയാന്‍ സാധിക്കില്ല, കാരണം സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ പടം ചെയ്‌താല്‍ മാത്രമേ അവരുടെ കരിയര്‍ വളരുകയുള്ളു. അത് നമ്മുടെ ഒരു സിസ്റ്റമായി കഴിഞ്ഞു. ആ സിസ്റ്റം മാറാതെ അവര്‍ മാത്രം മാറി ചിന്തിച്ചിട്ട് കാര്യമില്ല.

 • അതിഥി വേഷങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ കടന്നു പോകുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇന്നുള്ള യുവ താരങ്ങളില്‍ ഏറ്റവുമധികം അതിഥി വേഷങ്ങള്‍ ചെയ്തിട്ടുള്ളത് അജുവല്ലെ? മാണിക്യക്കല്ല്, നേരം, മായമോഹിനി, ബൈസൈക്കിള്‍ തീവ്സ്, ആട്, മത്തായി കുഴപ്പക്കാരനല്ല, ബെന്‍, ലോഹം, പുതിയ നിയമം, ഒപ്പം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അതിഥി വേഷം


ആടില്‍ എനിക്ക് മുഴുനീള വേഷമായിരുന്നു. പക്ഷെ മറിയംമുക്കും വടക്കന്‍ സെല്‍ഫിയും വന്നതു കാരണം ആ വേഷം എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. ആ വേഷമാണ് ധര്‍മേട്ടന്‍ (ധര്‍മജന്‍) ചെയ്ത ക്യാപ്റ്റന്‍ ക്ലീറ്റസ്. മാണിക്യക്കല്ല് ഒഴിവാക്കി കഴിഞ്ഞാല്‍ ബാക്കിയെല്ലാം സുഹൃത്തുക്കളുടെ ചിത്രങ്ങളാണ്.

ലോഹത്തിലേയും ഒപ്പത്തിലേയും വേഷങ്ങള്‍ ഞാന്‍ രഞ്ജിത് സാറിന്റെയും പ്രിയന്‍ സാറിന്റെയുമടുത്ത് നിന്ന് ചോദിച്ചു വാങ്ങിയതാണ്. അവരുടെ സിനിമയില്‍ അഭിനയിക്കാനുള്ള കൊതികാരണമാണ് ആ വേഷങ്ങള്‍ ഞാന്‍ ചോദിച്ചു വാങ്ങിയത്.

 • ഒരുപാട് അതിഥി വേഷങ്ങള്‍ ചെയ്ത അജു അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച അതിഥി വേഷമേതാണ്? 


ആന്‍ മറിയയിലെ ദുല്‍ഖറിന്റെ വേഷം. ആ ചിത്രത്തിലെ ആ വേഷം അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അവിടെ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച യുവനടന്‍ വന്നപ്പോള്‍ ചിത്രത്തിന്റെ ലെവല്‍ ആകെ മാറി. ആന്‍ മറിയയുടെ ഇനിഷ്യല്‍ കളക്ഷന് കാരണം ദുല്‍ഖര്‍ തന്നെയാണ്. പിന്നീടാണ് ചിത്രം കണ്ടു ഇഷ്ടപ്പെട്ടവര്‍ നേരത്തെ പറഞ്ഞ പോലെ മൌത്ത് പബ്ലിസിറ്റിയിലൂടെ അതിനെ വലിയൊരു വിജയമാക്കി മാറ്റുന്നത്.

 • പ്രേതത്തിലെ ഡെന്നി കോക്കന്‍; നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുമ്പോഴും കിട്ടുന്ന വാക്കിൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പ്രയോഗിച്ച് സുഹൃത്തുക്കളെ വട്ടാക്കുന്ന എഞ്ചിനിയറിംഗ് ഡ്രോപ് ഔട്ട്. ആ വേഷത്തെ കുറിച്ച്...


പ്രേതത്തില്‍ ആദ്യം ഞാന്‍ ചെയ്യാനിരുന്നത് ഗോവിന്ദ് പത്മസൂര്യ ചെയ്ത ഷിബുവെന്ന കഥാപാത്രമാണ്. പിന്നീട് അതു മാറി ഷറഫ് ചെയ്ത പ്രിയലാലായി. അവിടെ നിന്നുമാണ് ഡെന്നി കോക്കനില്‍ എത്തുന്നത്. പതിവില്‍ നിന്നു മാറി കുറച്ചു സീരിയസ് റോള്‍ ചെയ്യാന്‍ രഞ്ജിത്തേട്ടന്‍ പറഞ്ഞത്തില്‍ നിന്നുമാണ് ഞാന്‍ ഡെന്നി കോക്കനില്‍ എത്തിയത്. പിന്നെ ഡെന്നിയെന്ന കഥാപാത്രത്തിന് ഈ സ്വഭാവ സവിശേഷതകള്‍ എല്ലാം നല്‍കിയത് രഞ്ജിത്തേട്ടനാണ്. അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങള്‍ അതേ പോലെ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്.

സിനിമയില്‍ വേഷപ്പകര്‍ച്ചയുടെ കാര്യത്തില്‍ ഞാന്‍ ആരാധിക്കുന്നവര്‍ കുട്ടേട്ടന്‍ (വിജയ രാഘവന്‍), സിദ്ധിഖിക്ക, നെടുമുടി വേണു സാര്‍ എന്നിവരാണ്. അവരെ മനസ്സില്‍ കണ്ടിട്ടാണ് ഞാന്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ഇന്‍പുട്ട് കൊടുക്കുന്നത്. ബാക്കിയെല്ലാം സംവിധായകന്റെ കഴിവാണ്.

 • നിഷ്കളങ്കനായ കുട്ടുവില്‍ തുടങ്ങി തരികിടയായ കുട്ടേട്ടന്‍ വരെ... മലയാള സിനിമാ ലോകത്ത് അജു തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു...


വിനീതിന്റെ സൃഷ്ടിയാണ് കുട്ടു. അവിടെ നിന്ന് കുട്ടന്‍ വരെയുള്ള യാത്രയില്‍ ഒരുപാടു സംവിധായകരുടെ കരസ്പര്‍ശമുണ്ട്. ഒരുപാടു മികച്ച സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനും ആരാധിക്കുന്ന ഒത്തിരി അഭിനേതാക്കളുടെ ഒപ്പം സ്ക്രീന്‍ പങ്കിടാനും സാധിച്ചു. ഇനിയും ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്.

 • മലയാളിയുടെ നെയ്‌റോസ്റ്റ് നിവിന്‍ പോളിയും മസാല ദോശ ജയസൂര്യയുമാണെങ്കില്‍ കൂടെ കിട്ടുന്ന ഉഴുന്ന് വട അജു വര്‍ഗീസല്ലേ? സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഒരു ട്രോളാണ്. 


ഇത്തരം രസകരമായ ട്രോളുകള്‍ എനിക്കിഷ്ടമാണ്. പിന്നെ ഉഴുന്ന് പഴകാത്തിടത്തോളം ഉഴുന്നുവട രുചിയോടെ കഴിക്കാം.

 • അജുവിന്റെ കരിയറില്‍ ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയ ഒരു വേഷമുണ്ടോ?


നമ്മള്‍ തിരഞ്ഞെടുക്കുന്ന എല്ലാ സിനിമകളും ഹിറ്റ്‌ ആകുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ വേണ്ട എന്നു തോന്നിയ ഒരു കഥാപാത്രമില്ല. എങ്കിലും ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന് മേജര്‍ രവി എന്ന പേര് വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

 • പുതിയ ചിത്രങ്ങള്‍


ഒപ്പം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ഉദയയുടെ കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ, ഒരേ മുഖം, ഗോദ, ഓമനക്കുട്ടന്‍, അവരുടെ രാവുകള്‍, ഇത്രയുമാണ് ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പടങ്ങള്‍. ഇതില്‍ ഗോദയും ഒരേ മുഖവുമാണ് ത്രൂ ഔട്ട്‌ വേഷങ്ങള്‍. ബാക്കിയെല്ലാം ചെറിയ റോളുകളാണ്.

(തയ്യാറാക്കിയത്: അനന്ത ഗോപന്‍/ അനീഷ്‌ ലാല്‍)

Read More >>