അടൂരിന് ഒരു മോശം പടം ചെയ്യാൻ അവകാശമില്ലേ?

ആദ്യം മുതൽക്കേ അടൂരിന് മലയാളപ്രേക്ഷകരുമായി ഒരു വിനിമയ വിടവുണ്ട്. അദ്ദേഹം പുതിയ വിനിമയ മാധ്യമങ്ങളോട് സംസാരിക്കാൻ പ്രാപ്തനുമല്ല. ഓരോരുത്തരുടെയും അപ്രീതി സമ്പാദിക്കാൻ വിദഗ്ദ്ധനുമാണ്. എന്തിന്, മുഖാമുഖം എന്ന ചലച്ചിത്രം മാത്രം മതിയല്ലോ അദ്ദേഹത്തെ ഇടതുപക്ഷ സെൻസിബിലിറ്റിക്ക് അസ്വീകാര്യനാക്കാൻ. ഇപ്പോഴും ആ വിധി അദ്ദേഹത്തെ പിന്തുടരുന്നു

അടൂരിന് ഒരു മോശം പടം ചെയ്യാൻ അവകാശമില്ലേ?സിവിക് ചന്ദ്രൻ

അടൂർ ഗോപാലകൃഷ്ണന്റെ ആദ്യചലച്ചിത്രമായ സ്വയംവരത്തിലെ നായികാ നായകന്മാരെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചലച്ചിത്രമായ എലിപ്പത്തായത്തിലെ കുടുംബപശ്ചാത്തലത്തിൽ പ്ലേസ് ചെയ്താൽ എങ്ങനെയിരിക്കും? അടൂരിന്റെ പുതിയപടമായ 'പിന്നെയും' ചെയ്യുന്നത് അതാണ്.

കേന്ദ്ര കഥാപാത്രത്തിന് ഇനിയും ജോലി ആയിട്ടില്ല. ഗൾഫിലേക്ക് ഒരു വിസ ശരിയായപ്പോഴാകട്ടെ അയാളെ പിടികൂടിയത് ഒരു വ്യാമോഹമാണ്. വലിയ തുകയ്ക്ക് ഒരു ഇൻഷുറൻസ് എടുക്കുക. എന്നിട്ട് മരിക്കുക. ചുമ്മാതെ മരിക്കുകയല്ല, വ്യാജമരണം സൃഷ്ടിക്കുക. മറ്റൊരു പേരിൽ മറ്റൊരു നാട്ടിൽ ആ ഇൻഷുറൻസ് തുകയുമായി സുഖമായി ജീവിക്കുക. ഇത് പുരുഷോത്തമൻ നായരുടെ മാത്രം വെറുമൊരു വ്യാമോഹമല്ല. ഭാര്യയെ ബോധ്യപ്പെടുത്താനായില്ലെങ്കിലും, ഭാര്യയുടെ അച്ഛനേയും സ്വന്തം അമ്മാവനെയും അത് ബോധ്യപ്പെടുത്താനായെന്നു മാത്രമല്ല, അവർ ആ കുറ്റകൃത്യത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു. ഒരു പക്ഷേ അവരും ഉള്ളിന്റെയുള്ളിൽ പുറംലോകത്തിന്റെ കൊതിപ്പിക്കുന്ന ജീവിതത്തിന്റെ ആരാധകർ ആയതുകൊണ്ടാകാം.

പിറ്റേന്ന് ഗൾഫിൽ പോകേണ്ടുന്ന ഒരു പാവത്താനാണ് ഇരയാകുന്നത്. ഭാര്യക്ക് പേറ്റുനോവ് തുടങ്ങിയപ്പോൾ ഡോക്ടറെതേടി റോഡിൽ ഹതാശനായി നിൽക്കുകയായിരുന്ന ആ പാവത്തിന് ടിക്കറ്റ് കിട്ടിയത് പരലോകത്തേക്ക്. എന്നാൽ, പദ്ധതി വൈകാതെ പൊളിയുന്നു. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടുപിടിക്കപ്പെടുന്നു. പുരുഷോത്തമൻ നായർ ജയിലിലാണ്. കൊലക്കുറ്റത്തിന് ജയലിലാകുന്നത് അയാളുടെ അച്ഛനും അമ്മാവനും! പോലീസ് മർദനത്തിൽ തകർന്ന് പൊന്നാങ്ങള കുട്ടേട്ടനും കിടപ്പിലാകുന്നു.

കൊല്ലപ്പെട്ടയാളുടെ മകൻ കോളേജിൽ പോകാനുള്ള സഹായത്തിനായി കാവ്യാ മാധവൻ അവതരിപ്പിക്കുന്ന നായികയെ സമീപിക്കുന്നതോടെ ചലച്ചിത്രം അവരുടെ നീതിബോധത്തിൽ പ്രവർത്തിച്ച് തുടങ്ങുന്നു. തിരിച്ചു വന്നു അവളെ സുഖജീവിതത്തിലേക്ക് ക്ഷണിക്കുന്ന നായരെ അവൾക്ക് സ്വീകരിക്കുവാനാകുന്നില്ല. അയാൾ അനിവാര്യമായ ദുരന്തത്തെ നേരിടാൻ ഒരുങ്ങുന്നു. ഇത്രയുമാണ് മുഖ്യധാരാപ്രേക്ഷകരെ തൻറെ ചലച്ചിത്രത്തിൽ ആദ്യമായി അഭിമുഖീകരിക്കുവാൻ ഒരുങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും'.

ആദ്യം മുതൽക്കേ അടൂരിന് മലയാളപ്രേക്ഷകരുമായി ഒരു വിനിമയ വിടവുണ്ട്. അദ്ദേഹം പുതിയ വിനിമയ മാധ്യമങ്ങളോട് സംസാരിക്കാൻ പ്രാപ്തനുമല്ല. ഓരോരുത്തരുടെയും അപ്രീതി സമ്പാദിക്കാൻ വിദഗ്ദ്ധനുമാണ്. എന്തിന്, മുഖാമുഖം എന്ന ചലച്ചിത്രം മാത്രം മതിയല്ലോ അദ്ദേഹത്തെ ഇടതുപക്ഷ സെൻസിബിലിറ്റിക്ക് അസ്വീകാര്യനാക്കാൻ. ഇപ്പോഴും ആ വിധി അദ്ദേഹത്തെ പിന്തുടരുന്നു. നവസാമൂഹിക മാധ്യമങ്ങൾ തികച്ചും നിഷേധാത്മകമാണ് അദ്ദേഹത്തോട്: 'ഇനിയൊരു ചലച്ചിത്രവുമായി വന്നേക്കരുത്' പോലും! 'സിനിമാപണി നിർത്തി കൈക്കോട്ട് കിളയ്ക്കാൻ പോയ്ക്കൂടായോ?' എന്നൊക്കെയാണ് നവമാധ്യമങ്ങളിലെ തിട്ടൂരങ്ങൾ.

നാം ഒരു ക്രിമിനൽ സമൂഹം എന്ന് പറഞ്ഞത് കോവിലനാണ്. 'ദുഷ്മൻ' നമ്മിൽ തന്നെയാണ് ഉള്ളത്. മറ്റെല്ലാ മുഖ്യധാരാ ചലച്ചിത്രങ്ങളും ന്യൂനപക്ഷങ്ങളെയോ ദളിതരെയോ ആണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായോ കുറ്റകൃത്യങ്ങൾക്ക് പ്രകോപിപ്പിക്കുന്നവരായോ അവതരിപ്പിക്കാറ്. ഒരു മധ്യവർഗ്ഗ സവർണ്ണകുടുംബത്തിലെ കുറ്റമനഃസ്ഥിതിയെ ആദ്യമായിട്ടാണ് നമ്മുടെ ഒരു ചലച്ചിത്രം സംബോധന ചെയ്യുന്നത്. താഹ മാടായി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ ചരിത്രപരമായ ആ പ്രാധാന്യവും ഈ ചലച്ചിത്രത്തിനുണ്ട്.

adoor_dilip_kavyaഇതിലെ ഫ്രെയിമുകളെയോ ലെൻസിന്റെ ആംഗിളിനെയോ സംഭാഷണത്തെയോ മെലോഡ്രാമയെയോ പറ്റിയുള്ള വിമർശനങ്ങൾ അതാത് നിലയിൽ സംജാതമാകാം. എന്നാൽ, സങ്കൽപ്പത്തിലുള്ള ഒരു ആദർശ മാസ്റ്റർപീസുമായി ഒരു അടൂർ ചലച്ചിത്രത്തെ താരത്മ്യം ചെയ്യുന്നതിൽ അർത്ഥമില്ല. അദ്ദേഹത്തിൻറെ ചലച്ചിത്രകാലവും ലോകവും അരനൂറ്റാണ്ട് പഴക്കമുള്ളതാണ്. സത്യജിത് റേയ്ക്കു ശേഷം ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഈ ചലച്ചിത്രകാരനെ ചലച്ചിത്രത്തിൻറെ ഹരിശ്രീ പഠിപ്പിക്കുവാൻ ദയവായി ശ്രമിക്കരുത്. ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ കൂടുതൽ കൂടുതൽ പ്രേക്ഷകരോട് സംസാരിക്കാനുള്ള ശ്രമത്തിന് മുൻപിൽ ശകുനം മുടക്കരുത്!

ഈ പടം ഇഷ്ടപ്പെടാത്ത, ക്ലാസ്സിക്കുകളുടെ ആരാധകരേ, മാസ്റ്റർപീസുകൾ മാത്രം കാണുന്നവരേ, ഈ പടം മോശമെങ്കിൽ, അടൂരിന് ഒരു മോശം പടം ചെയ്യാനും അവകാശമുണ്ടു സഖാക്കളേ. ചലച്ചിത്രോത്സവങ്ങളിൽ തടിച്ചുകൂടുന്ന ആൾക്കൂട്ടത്തിൽ ഭൂരിപക്ഷവും പ്രൊഡ്യൂസർമാരെ കിട്ടാത്തത് കൊണ്ട് സിനിമ ചെയ്യാനാകാത്തവരാണ് (അല്ല, നല്ല സിനിമകളെ ചെയ്ത് അടൂരിനെ മറിക്കടക്കൂ, പ്ലീസ്). ഇപ്പോൾ ഈ അടൂർ ചിത്രം സാധാരണ പ്രേക്ഷകരിൽ എത്തട്ടെ.

എന്തുകൊണ്ട് നാം കുറ്റവാളികൾ ആകുന്നു. നാം ചെയ്യുന്ന നമ്മുടെ സ്വന്തം കുറ്റകൃത്യങ്ങളുടെ ജീനുകൾ എവിടെയാണ്? സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇനിയും ഒന്നുമറിയില്ല ആർക്കും. നാം അയാളെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്, നമ്മുടെ സ്വന്തം നിലവറകളിൽ ഒന്നിൽ!

തയ്യാറാക്കിയത്: ഷീജ അനില്‍