രജിനിയെന്ന താരവും പാതിദൈവവും

എങ്ങനെയാണ് ഭാരതത്തിന്റെ തെക്കേ അറ്റത്തെ ഒരു പ്രാദേശിക ഭാഷ മാത്രമായ തമിഴില്‍ രജിനി എന്ന പ്രതിഭാസം രൂപപ്പെടുന്നത്? ഒരു താരരാജാവിന് വേണ്ട ഗുണഗണങ്ങൾ രജിനിയുടെ ദ്രവീഡിയൻ നിറത്തിൽ ഒത്തുചേർന്നതെങ്ങനെ? രജിനിയെന്ന താരത്തെക്കുറിച്ചും സിനിമകളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ലേഖന പരമ്പരയിലെ ആദ്യലേഖനം: ആർ ജെ സലിം എഴുതുന്നു.

രജിനിയെന്ന താരവും പാതിദൈവവും

ആര്‍ ജെ സലിം

"ഏം വഴീ... തനീ വഴി"

രജിനി അയാളുടെ സിനിമാ ജീവിതത്തില്‍ പറഞ്ഞിട്ടുള്ള ഏറ്റവും പോപ്പുലര്‍ വണ്‍ ലൈനറുകളില്‍, അയാളുടെ താരസ്വരൂപത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന വരികളില്‍ ഒന്നാണിത്. അക്ഷരാര്‍ത്ഥത്തില്‍ ഇപ്പറഞ്ഞത്‌ തന്നെയാണ് രജിനിയുടെ താര ജീവിതം; ഒരു ഒറ്റയാന്‍ വഴി.

രജിനികാന്തിനെ സൂപ്പര്‍ സ്റ്റാറായി ഔദ്യോഗികമായി പ്രഖ്യാപിച്ച 1978 ഇല്‍ പുറത്തിറങ്ങിയ ഭൈരവി മുതല്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ്‌ വാല്യൂ സമാനതകള്‍ ഇല്ലാത്ത ഉയരത്തിലെത്തിച്ച (ഓരോ സിനിമ കഴിയുമ്പോഴും അതങ്ങനെയാണ്)ഇപ്പോഴിറങ്ങിയ കബാലി വരെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന രാക്ഷസീയമായ കരിയറില്‍ അയാള്‍ നേടാത്ത വിജയങ്ങളില്ല, എത്തിപ്പിടിക്കാത്ത ഉയരങ്ങളില്ല. ഒരു തെന്നിന്ത്യൻ താരശരീരത്തിന് എത്താൻ പറ്റുന്ന ദൂരങ്ങളെപ്പോലും അമ്പരിപ്പിക്കുന്നതാണ് രജിനിയുടെ വഴി.


എങ്ങനെയാണ് ഭാരതത്തിന്റെ തെക്കേ അറ്റത്തെ ഒരു പ്രാദേശിക ഭാഷ മാത്രമായ തമിഴില്‍ രജിനി എന്ന പ്രതിഭാസം രൂപപ്പെടുന്നത്? അന്വേഷിക്കപ്പെടേണ്ട സംഗതിയാണ്.

ആരാധനാ മൂര്‍ത്തികള്‍ ഉണ്ടാകാനുള്ള സാധ്യത എല്ലായെപ്പോഴും ഇന്ത്യന്‍ ഭാഷാ സിനിമകള്‍/അല്ലെങ്കില്‍ ഇന്ത്യയില്‍ മാസ് അപ്പീലുള്ള എന്തും കാത്തു സൂക്ഷിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരുത്തരം. രാഷ്ട്രീയം, സിനിമ, സ്പോര്‍ട്സ് (മതത്തിന്റെ കാര്യം പിന്നെ പറയണ്ടല്ലോ) എന്നിങ്ങനെ എല്ലാറ്റിലും ആ സാധ്യത ഉറങ്ങിക്കിടക്കുന്നുണ്ട്.

ഗോത്രരീതികൾ വിട്ടുമാറാത്ത, മതാത്മകത സജീവമായ, ജനാധിപത്യത്തിനെക്കാളും രാജഭരണ പ്രവണതകള്‍ കൂടുതലുള്ള ഒരു ജനതയാണ് ഭാരതത്തിലേത്. അതുകൊണ്ട് തന്നെ ഇവിടെ വിഗ്രഹങ്ങള്‍ക്ക് പഞ്ഞമില്ല. ഓരോ പ്രാദേശിക പരിധിയിലും, അവിടത്തെ ഓരോ മേഖലയിലും അങ്ങനെയുണ്ടായ വിഗ്രഹങ്ങള്‍ അനവധിയാണ്.

മലയാളത്തിന്റെ മോഹന്‍ലാലും മമ്മൂട്ടിയും വരെ അങ്ങനെയുണ്ടായവരാണ്. പക്ഷെ അവിടെയൊക്കെ രജിനി വ്യത്യസ്തനാകുന്നത് അയാളുടെ അതിശയകരമായ റീച്ചാണ്. സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ ബാഹുല്യം വെച്ച് നോക്കുമ്പോള്‍ ഒരുപക്ഷേ ഹിന്ദിയിലായിരുന്നു ഒരു രജിനികാന്ത് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ എന്ന് വാദിക്കാം. പക്ഷേ ഒരു ഭാഷ സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ അജഗജാന്തരമുള്ള സംസ്കാര വൈവിധ്യം ആയിരിക്കണം അങ്ങനെയൊരു വിഗ്രഹ നിര്‍മ്മിതിയെ ഹിന്ദിയില്‍ ഉണ്ടാകുന്നതില്‍ നിന്നും  തടഞ്ഞത്.

ജനപ്രിയ കലയിലെ രജിനി പ്രതിഭാസം ഡീക്കോഡ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിത്വമായ, ലോകത്ത് അന്‍പതിനായിരത്തില്‍പ്പരം ഫാന്‍ ക്ലബ്ബുകളുള്ള, ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളുടെ വശത്താക്കാന്‍ കൊതിക്കുന്ന, അതേസമയം രാഷ്ട്രീയ പ്രവേശനം ഒരു മിസ്റ്ററിയാക്കി കൊണ്ടുനടക്കുന്ന, ഇറങ്ങുന്ന ഓരോ സിനിമയും ഇറങ്ങുന്നതിനു മുന്‍പുതന്നെ നൂറും ഇരുനൂറും കോടികള്‍ നേടുന്ന, താരം എന്നതില്‍ നിന്നുയര്‍ന്നു ഒരു ഡെമി ഗോഡ് എന്ന നിലയിലേക്ക് വളര്‍ന്ന രജിനി കാന്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നത് തമിഴന്റെ സിനിമയില്‍ മാത്രമല്ല.

സിനിമയില്‍ക്കൂടി, അതിന്റെ പ്രതിച്ഛായ നിര്‍മ്മിതിയില്‍ക്കൂടി രജിനി വളര്‍ന്നത്‌ ദ്രാവിഡ സ്വത്വത്തിന്റെ പങ്കുപറ്റലിലേക്കാണ്. അതുവഴിയാണ് തമിഴന്റെ സാംസ്കാരിക ബിംബമായി രജിനി വളർന്നത്. എത്ര വളർന്നാലും തമിഴന്റെ ഡെപ്പാംകൂത്ത് ആഘോഷതിമിർപ്പുകളിൽ ഒതുങ്ങിനിന്ന ഒരാൾകൂടിയാണ് രജിനി. മലയാളത്തിന്റെ മഹാനടന്മാരെ തീയറ്ററിന്റെ ചൂരിലല്ലാതെ കാണാൻ കഴിയാത്ത ഒരു ചലച്ചിത്രസംസ്കാരം നിലനിൽക്കുന്ന കേരളത്തിൽനിന്ന് ഇത് ആലോചിക്കാൻ പോലും സാധ്യമല്ല.

കൃത്യമായി പറഞ്ഞാല്‍ എംജിആര്‍ അമര്‍ന്നിരുന്നിരുന്ന തലൈവര്‍ കസേരയിലെ ന്യായപ്രകാരമുള്ള അവകാശി കമല്‍ ഹാസനായിരുന്നു. ഒരു സാധാരണ തമിഴന് ഫാന്റസിയായ പലതും ഇവരില്‍ എടുത്തു കാണിക്കപ്പെട്ടിരുന്നു എന്നത് തന്നെയാണ് ഇവര്‍ തമ്മിലെ വലിയ സാമ്യത. അങ്ങനെയൊരു ഡയനാമിക്സിലെയ്ക്ക് രജിനി വരുന്നത് വളരെ അപ്രതീക്ഷിതമായാണ്.  കമലിനെ തമിഴന്‍ ആരാധിച്ചത്  അയല്‍ വീട്ടിലെ ബെൻസിനോട് എന്ന പോലെ ആയിരുന്നെങ്കില്‍ രജിനിയെ അവന്‍ സ്നേഹിച്ചത് സ്വന്തം വീട്ടിലെ അംബാസിഡര്‍ പോലെ ആയിരുന്നു. വലിയൊരു വൈകാരിക തലമുണ്ട് അതിനു.

രജിനികാന്ത് പക്ഷെ എംജിആര്‍ എന്ന തങ്ക വിഗ്രഹത്തിന്റെ കടക വിരുദ്ധമായ അവതാരമാണ്. ശാരീരിക ലക്ഷണങ്ങള്‍ മുതല്‍, സിനിമയിലെ ആദ്യകാല ഇമേയ്ജ് മുതല്‍ രാഷ്ട്രീയ ചായ്വ് വരെ, എംജിആര്‍ പ്രതിനിധീകരിച്ച തമിഴനെ ആയിരുന്നില്ല രജിനി ഒരു തരത്തിലും പ്രതിനിധീകരിച്ചത്.

നല്ല ഗുണങ്ങള്‍ മാത്രമുള്ള വീര പരിവേഷമുള്ള കഥാപാത്രങ്ങളോടാണ് സാധാരണ തമിഴിനെപ്പോലെ സൈക്കി പേറുന്ന ഒരു ജനത ഐക്യപ്പെടെണ്ടത്. അവിടെയും രജിനിയുടെ മുന്നില്‍ ആ സമവാക്യവും കീഴ്മേല്‍ മറിഞ്ഞു. പിന്നീട് പക്ഷേ രജിനിയും ആ വഴിയെ തന്നെ നടന്നു എന്നുള്ളത് ചരിത്രം.

തുടക്കം

1950 ഡിസംബര്‍ 12ന് കര്‍ണാടകയില്‍ ജനിച്ച മറാത്തി മാതൃഭാഷയായുള്ള ശിവാജിറാവ് ഗെയ്‌ക്ക് വാദ് എന്ന ഇന്നത്തെ രജിനി കാന്ത് കര്‍ണാടക സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനില്‍ കണ്ടക്‌ടറായി ജോലി ചെയ്തിരുന്നു എന്നൊക്കെ കുട്ടികള്‍ക്ക് വരെ അറിയാവുന്ന ചരിത്രമാണ്‌.

അഭിനയം പഠിക്കാനായി ഇരുപത്തഞ്ചാമത്തെ വയസ്സില്‍ അഡയാര്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന അദ്ദേഹം1975ല്‍ കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ക്യാന്‍സര്‍രോഗിയുടെ ചെറുവേഷം അഭിനയിച്ചു കൊണ്ട് രജനീകാന്ത് എന്ന പുതിയ പേരിലേക്കും സ്വത്വത്തിലേക്കും അവിടം കൊണ്ട് അദ്ദേഹം പതിയെ മാറുകയാണ്‌ ഉണ്ടായത്.

നിരവധി സിനിമകളില്‍ ചെറുവേഷങ്ങളിലും അതിലധികവും പ്രതിനായക വേഷങ്ങളിലുമാണ് അക്കാലത്ത് രജനീ കാന്ത് അഭിനയിച്ചിരുന്നത്.

[caption id="attachment_36112" align="alignleft" width="220"]അപൂർവ്വരാഗങ്ങളുടെ പോസ്റ്റർ അപൂർവ്വരാഗങ്ങളുടെ പോസ്റ്റർ[/caption]

കെ ബാലചന്ദറിനെ തന്റെ ഗുരുവായി രജനീകാന്ത് വിശേഷിപ്പിക്കുമ്പോഴും ബാലചന്ദര്‍ ആ സ്ഥാനം സ്നേഹപൂര്‍വ്വം നിരസിക്കുന്നു. രജിനിയുടെ വഴി അയാള്‍ തന്നെ കണ്ടെത്തിയതാണ് എന്നും അതിലെ തന്റെ പങ്കു തുച്ഛമാണ് എന്നും ബാലചന്ദര്‍ അതിനു കാരണമായി പറയുന്നു. പക്ഷേ ബാലചന്ദര്‍ സ്വയം ക്രെഡിറ്റ് ഏറ്റെടുക്കാത്ത ഒരു സംഗതിയാണ് രജിനിയുടെ ശരീര ഭാഷയും അഭിനയ ശൈലിയും സ്റ്റൈലൈസ് ചെയ്തതിലെ അദ്ദേഹത്തിന്റെ പങ്ക്. രജിനിയുടെ പരിമിതികള്‍ അയാളേക്കാള്‍ നന്നായി അറിയാവുന്ന ബാലചന്ദര്‍ അയാള്‍ക്ക് നല്‍കിയ ആറ്റി കുരുക്കിയ സംഭാഷണവും അയാളുടെ ചടുലമായ സ്ക്രീന്‍ മൂവ്മെന്‍സ് കൃത്യമായി പകര്‍ത്തുന്ന ഷോട്ട് കൊമ്പോസിഷനും രജിനിയെ ഇന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു.

ഇക്കാരണം കൊണ്ട് തന്നെ  രജിനി അന്നുവരെ തമിഴന്‍ കാണാത്ത ഒരു പ്രത്യേക ശൈലി തന്റെതായി അവതരിപ്പിച്ചു കൈയ്യടി നേടി.

രജിനി കാന്തിനു സിനിമയില്‍ ഒരു ഗോഡ്ഫാദര്‍ ഉണ്ടെങ്കില്‍ അത് സംവിധായകന്‍ എസ് പി മുത്തുരാമനാണ്. മുത്തുരാമനാണ്1977ല്‍ ഭുവന ഒരു കേള്‍വിക്കുറി എന്ന തന്റെ സിനിമയില്‍ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ രജനിക്ക് കൊടുത്തത്. അതുവരെയും നെഗേട്ടീവ് വേഷങ്ങള്‍ ചെയ്തിരുന്ന രജിനിയുടെ ഇമേയ്ജ് തന്നെ മാറ്റി മറിക്കുന്നത് മുതുരാമനാണ്. ഇവര്‍ ഒരുമിച്ചു 1990 വരെ മാത്രം 24 സിനിമകള്‍ ആണ് ഇറങ്ങിയത്‌. മിക്കവയും സൂപ്പര്‍ ഹിറ്റ്‌.

അങ്ങനെ ഓരോ സിനിമ കഴിയുന്തോറും രജിനിയുടെ പ്രേക്ഷകന്റെ മനസ്സിലെ ചിത്രം നല്ലവനില്‍ നിന്ന് നല്ലവനില്‍ നല്ലവനായി മാറുകയായിരുന്നു. എൺപതുകളിലെ തുല്യ ശക്തികളുടെ കിട മത്സരത്തില്‍ നിന്ന് മാറി തൊണ്ണൂറുകള്‍ ആയപ്പോഴേക്കും കമല്‍ ഹാസന്‍ രജിനിക്ക് പുറകില്‍ രണ്ടാമനായി കഴിഞ്ഞിരുന്നു. അതൊരു പരിധി വരെ ഇരുവരുടെയും സിനിമാ അഭിരുചികളുടെയും കൂടി ഫലമാണ്‌ എന്ന് തന്നെ പറയണം. ഇൻഡസ്ട്രിയില്‍ ചിലവഴിച്ച വര്‍ഷങ്ങള്‍ ഇരുവരുടെ ഉള്ളിലെയും ആത്മ സാക്ഷാത്കരത്വരയെ രണ്ടു തരത്തിലാണ് വഴി നടത്തിയത്.

കരിയറിന്റെ വിവിധ ദശകള്‍

രജിനിയുടെ കരിയറിനെ വിശാലാര്‍ത്ഥത്തില്‍ മൂന്നായി തരം തിരിക്കാം എന്ന് തോന്നുന്നു.  1975 ഇല്‍ ഇറങ്ങിയ അപൂര്‍വരാഗങ്ങള്‍ മുതല്‍ 1995 ഇല്‍ ബാഷ ഇറങ്ങുന്നതിനു മുന്‍പ് വരെയാണ് ആദ്യ ഘട്ടം. പുതുമുഖത്തില്‍ നിന്ന് വില്ലന്‍ ഇമേജിലേയ്ക്ക്, വില്ലനില്‍ നിന്ന് താരത്തിലേക്ക്, താരത്തില്‍ നിന്ന് വിഗ്രഹ രൂപത്തിലേക്ക്. പക്ഷെ ബാഷ ഇറങ്ങുന്നത് വരെ ഈ വിഗ്രഹ രൂപത്തിന് ഒരു അന്തിമഘടന ഇല്ലായിരുന്നു എന്ന് കൂടി മനസ്സിലാക്കേണ്ടതാണ്.

1995 ഇല്‍ ബാഷ ഇറങ്ങുന്നു. തമിഴ് സിനിമയുടെ ജാതകം തന്നെ അതോടെ മാറി മറിയുന്നു.  ബാഷ രജിനിയുടെ മാത്രമല്ല തമിഴ് സിനിമാ ലാന്‍ഡ്സ്കെയ്പ് തന്നെ അട്ടിമറിച്ച സിനിമയാണ്. അവിടംകൊണ്ട് രജിനിയെന്ന താരത്തില്‍ നിന്ന് രജിനിയെന്ന വിഗ്രഹത്തിലേക്കുള്ള വളര്‍ച്ച പൂര്‍ണ്ണമായി കഴിഞ്ഞിരുന്നു. ഇനിയൊരു താരത്തിനു സ്വപ്നം കാണാവുന്നതിലും ഉയരത്തില്‍ രജിനി അപ്പോഴേക്കും എത്തിപ്പെട്ടിരുന്നു.

Rajinikanth_1ബാഷ മുതല്‍ ശിവാജി വരെയാണ് രണ്ടാം ഘട്ടം. അഭിനേതാക്കളിലെ താരം രജിനിയും സംവിധായകരിലെ താരം ശങ്കറും ആദ്യമായി ഒന്നിച്ച സിനിമ. ശങ്കര്‍ അതുവരെയുള്ള തന്റെ കരിയരിനുള്ളില്‍ തന്റെ സിനിമകള്‍ക്കായി തന്റേതായ അനുപാതത്തില്‍ ഒരു ഓവര്‍സീസ് മാര്‍ക്കറ്റ്‌  ഷെയര്‍ കൈവശപ്പെടുത്തിയിരുന്നു. ആ ശങ്കര്‍ രജിനിയുമായ് കൈകോര്‍ത്തപ്പോള്‍ ഇരുവരുടെയും മാര്‍ക്കറ്റ്‌ വാല്യൂ പരസ്പരം ഗുണിച്ചതു പോലെയുള്ള റിസള്‍ട്ട്‌ ആണ് നല്‍കിയത്. രജിനിയുടെ താരപ്രഭാവം ശങ്കര്‍ അങ്ങേയറ്റം ഉപയോഗിച്ചു. ഒരേ സമയം മൂവായിരം സ്ക്രീനുകളില്‍ ശിവാജി പ്രദര്‍ശനത്തില്‍ എത്തും എന്നൊരു വാര്‍ത്തവരെയുണ്ടായിരുന്നു. അത് ശരിയാണെങ്കില്‍ ശങ്കര്‍ നടത്തിയത് ചില്ലറ ചാട്ടമൊന്നുമല്ല.

ശിവാജിയ്ക്ക് ശേഷം രജിനിക്കും ശങ്കറിനും അതിന്റെ താഴെയുള്ളോരു സിനിമ ചെയ്യുക അസാധ്യമായി മാറി. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയവന്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന അതേ ശൂന്യത. ആ അങ്കലാപ്പില്‍ രജിനിയുടെയും ശങ്കറിന്റെയും തീരുമാനങ്ങള്‍ പലപ്പോഴായി തെറ്റി. പക്ഷെ ശരിയായി മാര്‍ക്കറ്റ്‌ ചെയ്യുന്ന ഒരു രജിനി സിനിമ ഇന്നും പല വലിയ വെബ്‌സൈറ്റുകളുടെയും സര്‍വറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

കബാലിയില്‍ എത്തി നില്‍ക്കുന്ന രജിനി പ്രതിഭാസം ശിവാജിയില്‍ നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഒരു ഡെമിഗോഡ് എന്നതില്‍ നിന്നും ഗോഡ് തന്നെ ആയി മാറിയിരിക്കുന്നു. തെറ്റുകള്‍ മനുഷ്യന് പറ്റുക സ്വാഭാവികം, പക്ഷെ ദൈവങ്ങളെ നമ്മള്‍ തെറ്റുകള്‍ ചെയ്യാന്‍ അനുവദിക്കാറില്ല എന്ന് പറയുന്നതുപോലെയാണ് രജിനിയുടെ ഇപ്പോഴത്തെ സ്ഥിതി.

സമ്മിശ്ര പ്രതികരണം നേരിട്ട കബാലി പോലും ആരാധകര്‍ക്ക് താങ്ങാനാകുന്നില്ല എന്നത് അതിന്റെ തെളിവാണ്.

അടുത്ത ഭാഗത്തില്‍: രജിനിസിനിമകളിലെ പറയാതെ പറയുന്ന രാഷ്ട്രീയം.