രജിനി സിനിമകളില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയ ആഭാസങ്ങള്‍

രജിനി എന്ന ഇമേയ്ജ് അഥവാ ബ്രാന്‍ഡ്‌ ഉണ്ടായി വന്ന വഴികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക രസാവഹമാണ്. ഒരു വില്ലനില്‍ നിന്ന് തമിഴ് സിനിമ ഐക്കണ്‍ എന്നതിലേയ്ക്കും അവിടന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമായും പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായും രജിനിയുടെ വളര്‍ച്ച എന്നത് തമിഴ് സിനിമയുടെ വളര്‍ച്ച കൂടിയാണ്. ആര്‍ ജെ സലിം എഴുതുന്നു.

രജിനി സിനിമകളില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയ ആഭാസങ്ങള്‍

ആര്‍ ജെ സലിം

രാഷ്ട്രീയം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് അധികാര / കക്ഷി രാഷ്ട്രീയം എന്നതിനപ്പുറം, വിശാലാര്‍ത്ഥത്തില്‍, മനുഷ്യനെ പൊതുവില്‍ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചുറ്റുപാടുകളോട് അവന്‍ എടുക്കുന്ന  പൊതുനിലപാടുകള്‍ എന്ന്കൂടിയാണ്. കലകള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതാകണം എന്ന് മഹാരഥന്മാര്‍ പറയുമ്പോള്‍ കലയ്ക്കു മേല്‍ സൂചിപ്പിച്ച രാഷ്ട്രീയധാരണയില്‍ നിന്ന് ഏറെ അകലം പാലിക്കുക സാധ്യമല്ല. അതുപക്ഷേ ആര് ഭരിക്കുന്നു എന്നോ ഏതു പാര്‍ടി നല്ലതെന്നോ എന്നുള്ള ലഘു രാഷ്ട്രീയമല്ല, മറിച്ച് പ്രധാനപ്പെട്ട ഓരോ വിഷയങ്ങളിലും പൊതു നിലപാടുകള്‍ എടുക്കുക, സമൂഹത്തിന്റെ ജീര്‍ണ്ണതകളെ ചോദ്യം ചെയ്യുക, നശീകരണ പ്രവണതകളെ സംബോധന ചെയ്തു ജനങ്ങളെ ബോധവാന്മാര്‍ ആക്കുക,നവീകരിക്കുക, അവന്റെ വികാരങ്ങളോട് മറയില്ലാതെ സംവദിക്കുക എന്നിങ്ങനെയുള്ളവകൂടി പൊതുവില്‍ കലയുടെ ഏതാനും ചില ഉദ്ദേശ്യ ലക്ഷ്യങ്ങളായി കാണാവുന്നതാണ്. സിനിമ പുതിയ കാലത്തിന്റെ പുത്തന്‍ കലയാകുമ്പോള്‍ അതിലെ രാഷ്ട്രീയവും പ്രാധാന്യമര്‍ഹിക്കുന്നതാകുന്നു.


രജിനി സിനിമകളുടെ   ഒളിച്ചുകടത്തുന്ന രാഷ്ട്രീയ ആഭാസങ്ങള്‍

ഓരോ ദേശത്തെയും സിനിമകള്‍ അതതു ദേശത്തെ സംസ്കാരം അറിഞ്ഞോ അറിയാതെയോ പേറുന്നുണ്ട്. ചൈനീസ്/ ജാപ്പനീസ് സിനിമകളിലെ ആയോധന കലകളുടെ അമിത സാന്നിധ്യം, മോഡേണ്‍ അമേരിക്കന്‍/ ഹോളിവുഡ് സിനിമകളിലെ മറച്ചുവെക്കപ്പെടാത്ത, മുന്‍വിധികള്‍ ഇല്ലാത്ത  ലൈംഗികതയും അതിനു ഉദാഹരണങ്ങളാണ്. ഇവയൊക്കെയും ഈ ദേശങ്ങളിലെ സാംസ്‌കാരിക തുടര്‍ച്ച തന്നെയാണ്. അതേസമയം ഇന്ത്യന്‍ സിനിമ ഇന്നും ചില നിശ്ചിത ചുറ്റുവട്ടങ്ങളില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയിട്ടില്ല. ആണ്‍കോയ്മയുടെ ആഘോഷവും പെണ്‍ജീവിതത്തിന്റെ രണ്ടാംതര വല്‍ക്കരണവും നമ്മുടെ സിനിമകളില്‍ ഇന്നും സജീവമാണ്. പ്രത്യേകിച്ച് നമ്മുടെ മുന്‍നിര കച്ചവട സിനിമകളില്‍. രജിനിയുടെ സിനിമകളും വ്യത്യസ്തമല്ല. കൈകാര്യം ചെയ്യുന്ന ഒരു വിഷയത്തിനെ സംബന്ധിച്ചും ആഴത്തിലുള്ള ഇടപെടലുകള്‍ നടത്താത്ത, ആണിന്റെ ശക്തിയെ പര്‍വതീകരിച്ചും പെണ്ണിന്റെ ജീവിതത്തിനെ ഭൂമിയോട് ഉപമിച്ചും ആ ആഭാസവ്യായാമം ഇന്നും തുടരുന്നു. (കബാലിയെ ഒരു പരിധിവരെ മാറ്റി നിര്‍ത്താം.)

ആണ്മയുടെ പൊതു മുട്ടാപ്പോക്കുകള്‍ ഗ്ലോറിഫൈ ചെയ്തു നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സിനിമകള്‍ ഒന്നിന് പുറകെ മറ്റൊന്നായി കരിയറിന്റെ മുക്കാല്‍ ഭാഗവും ചെയ്തുകൂട്ടിയ രജിനിയുടെ സിനിമയായ അപൂര്‍വ്വ രാഗങ്ങള്‍ കൈകാര്യം ചെയ്തത് അദ്ദേഹത്തിന്റെ ഫില്മോഗ്രഫിയിലെത്തന്നെ ഏറ്റവും പുരോഗമനപരമായ ആശയമാണ് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. സമൂഹം ഒരിക്കലും അംഗീകരിക്കാത്ത, പ്രായമുള്ള  സ്ത്രീയും ചെറുപ്പക്കാരനായ ആണും തമ്മിലെ പ്രണയത്തെക്കുറിച്ചായിരുന്നു അപൂര്‍വ്വ രാഗങ്ങള്‍ സംസാരിച്ചത്.

പിന്നീടുള്ള രജിനി സിനിമകളിലെ സ്ത്രീ വിരുദ്ധത എണ്ണണമെങ്കില്‍ത്തന്നെ  നാല് കാല്‍ക്കുലേറ്ററുകള്‍ അധികം വങ്ങേണ്ടി വരും. അത്രക്കുണ്ട് അതിന്റെ തോത്. അതിനെയൊക്കെ സമര്‍ത്ഥമായി മറച്ചു പിടിക്കുന്നതോ ? അദ്ദേഹത്തിന്റെ അങ്ങേയറ്റം ശൈലീവല്‍ക്കരിക്കപ്പെട്ട അഭിനയവും ! രജിനി ഒരാഘോഷം പോലെ കൊണ്ട് നടക്കുന്ന ഒരു സാധാരണ തമിഴന്റെ ബാഹ്യരൂപം തന്നെയാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെ ഏറ്റവും കൂടുതല്‍ സഹായിച്ച ക്യാപ്പിറ്റലും. (തമിഴ് സ്ത്രീയെ യഥാര്‍ഥമായി ഇതുവരെയും തമിഴ് സിനിമ, അതിന്റെ മുഖ്യധാരയില്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.) അവിടം മുതല്‍ ഒരു ലെയ്മാന്‍  തമിഴന്‍ രജിനിയില്‍ സ്വയം കണ്ടെത്തി തുടങ്ങുന്നു.

1992 ഇല്‍ പുറത്തിറങ്ങിയ മന്നന്‍ സിനിമയില്‍ മെക്കാനിക്കായ ഭര്‍ത്താവ്കാരണം ആ കമ്പനിയിലെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന അയാളുടെ ഭാര്യ ജോലി ഉപേക്ഷിച്ചു വീട്ടമ്മയായി മാറുന്നത്, 1994 ഇറങ്ങിയ വീരാ യിലെ നായകന്റെ ദ്വിഭാര്യാത്വം, പടയപ്പയിലെ രജിനി- രമ്യാ പോരാട്ടം, എന്നിങ്ങനെ രജിനി സിനിമകളിലെ മുഴച്ചു നില്‍ക്കുന്ന സെക്സിസം അനവധിയാണ്. അങ്ങനെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്റ്റൈല്‍ മന്നന്റെ ഹിറ്റ്‌ സിനിമകളെല്ലാം വളരെ സാമ്പ്രദായിക ആണ്‍ പെണ്‍ പോരാട്ടങ്ങള്‍ തന്നെയാണ്. പക്ഷെ ഇതിലെയൊക്കെ രാഷ്ട്രീയ ശരികേടും ലിംഗ വിവേചനവും വലിയ ഒരളവു വരെയും ചോദ്യം ചെയ്യപ്പെടാതെ പോയതും, അതേസമയം ആഘോഷിക്കപ്പെടുകയും ചെയ്തത് രജിനിയുടെ താരത്തിളക്കത്തിന്റെ, അവതരണ മികവിന്റെ മാത്രം ബലത്തിലാണ്. നല്ല തിളക്കമുള്ള പേപ്പര്‍ വെച്ച് പൊതിഞ്ഞ അമേദ്യം പോലെ.

rajinikanth_finalപ്രേക്ഷകനെ സംബന്ധിച്ച് അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവന്റെ താരം ചെയ്യുമ്പോഴാണ് അവന്‍ കൈയ്യടിക്കുന്നത്. അല്ലെങ്കില്‍ അവന്‍ ചെയ്യാനാഗ്രഹിക്കുന്നതും അവനു ചെയ്യാന്‍ കഴിയാത്തതും ചെയ്യാനാണ് അവനൊരു താരത്തിനെ ആവശ്യമായി വരുന്നത്. എത്രത്തോളം വലിയ രീതിയില്‍ അവന്റെ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും ഒരു താരം നിറവേറ്റുന്നോ അത്രത്തോളം വലിയ താരമായി അയാള്‍മാറുന്നു. രജിനിയുടെ കാര്യവും ഭിന്നമല്ല. ആപ്പിള്‍ തൊലിച്ച പോലത്തെ ചര്‍മ്മമുള്ള നായികമാരെ തലങ്ങും വിലങ്ങും പ്രേമിക്കുന്ന, അവരെ പുറകെ നടത്തിക്കുന്ന, അവരുടെ ഹുങ്കിന് കടിഞ്ഞാണ്‍ ഇടുന്ന, അവര്‍ക്ക്  നിരന്തരം തന്റെ “ആണത്ത”ത്തിന്റെ ഡിസ്പ്ലേ കൊടുക്കുന്ന, അങ്ങനെ ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത വിനോദ അഭിരുചികള്‍ ഉള്ള, ജീനില്‍ തന്നെ സ്ത്രീ വിരുദ്ധതയും ആണ്‍ മേല്‍കൊയ്മാ ഫാന്റസിയും കൊണ്ട് നടക്കുന്ന ഒരു ജനത പതിയെ അവരുടെ അത്തരം ആവശ്യങ്ങളോട് കണക്കറിഞ്ഞു പ്രതികരിച്ച നടനെ താരമാക്കി ഉയര്‍ത്തി, പിന്നീടു പാതി ദൈവവും ശേഷം മുഴു ദൈവവും ആക്കിത്തീര്‍ക്കുകയായിരുന്നു.

ബ്രാന്‍ഡ്‌ രജിനിയുടെസാമ്പത്തിക ശാസ്ത്രം

രജിനി എന്ന ഇമേയ്ജ് അഥവാ ബ്രാന്‍ഡ്‌ ഉണ്ടായി വന്ന വഴികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക രസാവഹമാണ്. ഒരു വില്ലനില്‍ നിന്ന് തമിഴ് സിനിമ ഐക്കണ്‍ എന്നതിലേയ്ക്കും അവിടന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമായും പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായും രജിനിയുടെ  വളര്‍ച്ച എന്നത് തമിഴ് സിനിമയുടെ  വളര്‍ച്ച കൂടിയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ്നാട്ടില്‍ രജിനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച സംഭവിക്കുമ്പോള്‍ അതിനു പാരലല്‍ ആയിട്ട് തെലുങ്കില്‍, അത്രയും വലിപ്പത്തിലൊ ചിലപ്പോഴൊക്കെ അതിലും വലിപ്പതിലോ ചിരഞ്ജീവി എന്ന മറ്റൊരു സൂപ്പര്‍ താര നിര്‍മ്മിതി നടക്കുന്നുണ്ടായിരുന്നു. രജിനി ഇന്ത്യയുടെ പുറത്തും മാര്‍ക്കറ്റ്‌ കണ്ടെത്തി വളര്‍ന്നപ്പോള്‍ പലപ്പോഴും ചിരഞ്ജീവിയുടെ വളര്‍ച്ച ഇന്ത്യയുടെ ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങി എന്ന് മാത്രം.

സിനിമ എന്ന ഇന്ഡസ്സ്ട്രിയുടെ അന്തര്‍ലീനമായ താരതിളക്കവും ഗ്ലാമറും ആര്‍ഭാടവും മാറ്റി നിര്‍ത്തി ആലോചിച്ചാല്‍ അതിലെ സാമ്പത്തിക ശാസ്ത്ര സമവാക്യങ്ങള്‍ മനസിലാക്കുക എളുപ്പമാണ്. കച്ചവട സിനിമ എന്ന് പറയുമ്പോള്‍ തന്നെ അവിടെ കലയെക്കാള്‍ കച്ചവടത്തിനാണ് മുന്‍‌തൂക്കം എന്ന് സൂചിപ്പിച്ച് കഴിഞ്ഞു. ഏതൊരു കച്ചവടം പോലെയും മാര്‍ക്കറ്റ്‌ അറിഞ്ഞു സപ്ലൈ ചെയ്യുന്നവനാണ്, അല്ലെങ്കില്‍ മാര്‍ക്കറ്റിന്റെ ആവശ്യങ്ങളെ അവര്‍ക്ക് മുന്പെയറിഞ്ഞു സമൃദ്ധമായി അത് നിറവേറ്റുന്നവനാണ് ഏറ്റവും മികച്ച കച്ചവടക്കാരന്‍. മേല്‍ സൂചിപ്പിച്ച സ്ത്രീ വിരുദ്ധതയും, ഇരുണ്ട നിറം ഗ്ലോറിഫൈ ചെയ്യലും, സ്റ്റൈലും, പാരമ്പര്യത്തെ മുറുക്കിപ്പിടിക്കുന്നതും, ഉഴൈപ്പു കൊണ്ട് ഉന്നതിയില്‍ എത്തുന്ന സ്ഥിരം  രജിനി ഫോര്‍മുലയും അത് സാമാന്യ ജനങ്ങള്‍ക്ക്‌ നല്‍കുന്ന പ്രതീക്ഷയും എല്ലാം രജിനിയിലെ യൂട്ടിലിട്ടി വര്‍ധിപ്പിക്കുന്നു. അദ്ദേഹം ഒരു ബ്രാന്‍ഡ്‌ ആയി മാറുന്നതും അങ്ങനെയാണ്. അവിടെ കിട്ടുന്നത്, അതേ അളവില്‍ അതേ തൂക്കത്തില്‍ അതേ വിശ്വാസ്യതയില്‍ മറ്റൊരിടത്ത് ലഭിക്കുക അസാധ്യമായി തോന്നുന്നു എന്നിടത്താണ് രജിനിയിലെ വിപണി മൂല്യം വര്‍ദ്ധിക്കുന്നത്. തമിഴന്റെ ലോക വ്യാപനം അവന്റെ അഭിരുചികളെയും കടല്‍ കടത്തിവിട്ടു. ഒരുപക്ഷെ തമിഴ് ഡയസ്പോറയുടെ ഏറ്റവും വലിയ ഇന്‍ഡിവിജ്വല്‍ സിനിമയായിരിക്കും, സിനിമയിലോ രജിനിയും! ഈ ലോകവ്യാപനവും രജിനി എന്ന ബ്രാണ്ടിന്റെ മൂല്യം പല ഇരട്ടി വര്‍ദ്ധിപ്പിച്ചു. അങ്ങനെ അങ്ങേയറ്റം സ്വത്വബോധമുള്ള, തമിഴ് ദേശീയത ഒരു വികാരമായി കൊണ്ട് നടക്കുന്ന ഒരു സാധാരണ തമിഴനെ സംബന്ധിച്ച് അവന്‍ ചുരുട്ടിയെടുക്കുന്ന ചുരുക്കം ചില കാര്യങ്ങളില്‍ ഒന്നായി രജിനി മാറി. അവന്റെ ദേശത്തോടും സംസ്കാരത്തോടുമുള്ളഅവന്റെ ബന്ധം മുറിയാതിരിക്കാനും അവയോടു നേര്‍ക്കുനേര്‍ നിന്ന് ഇടപഴകാനുള്ള അവന്റെ അവസരങ്ങള്‍ കൂടി ആയിരുന്നു അവനെ സംബന്ധിച്ച് രജിനി സിനിമകള്‍.

സിനിമയ്ക്കു പുറത്തെ രജിനി

സിനിമാബാഹ്യമായിപ്പോലും രജിനി അയാളുടെ ബ്രാണ്ടിന്റെ  മാറ്റുകൂട്ടുന്നു എന്നത് ശ്രദ്ധേയമാണ്. വിഗ് വെയ്ക്കാതെ നടക്കുന്ന നടനെന്ന ഖ്യാതിയും, വലിയ തോതില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരമെന്ന പേരും, എന്നും മഹാന്മാരില്‍ എന്നും അടിച്ചേല്‍പ്പിച്ചിട്ടുള്ള   അതിവിനയം എന്ന മഹദ് ഗുണവും വേണ്ടപോലെ വേണ്ടിയ അളവില്‍ അദ്ദേഹം പൊതുജീവിതത്തില്‍ പ്രദര്‍ശിപ്പിച്ചു പോരുന്നുണ്ട്. അവയുടെയൊക്കെ സാധുത പലപ്പോഴായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിലെ ഏറ്റവും മുന്തിയ നിരക്ക് ഈടാക്കുന്ന കല്യാണ മണ്ഡപവും ഹൈ ക്ലാസ് സ്കൂളും രജിനിക്ക് സ്വന്തമായുണ്ട്. രജിനിയുടെ ഫാന്‍സായ സാധാരണക്കാര്‍ക്ക് എത്തിനോക്കാന്‍ പോലും സാധിക്കാന്‍ പറ്റാത്ത ഇടങ്ങള്‍ ആണവ.

rajinikanth-21സ്വയം ഒരു ദൈവമായി അവരോധിക്കാന്‍ ശ്രമിച്ച ബാബ ഇറങ്ങിയപ്പോള്‍ അതിനോട് അനുബന്ധിച്ച് ലാഭക്കൊയ്ത്തിനായി നടത്തിയ ഗിമ്മിക്കുകള്‍ എത്ര അരോചകമായിരുന്നു എന്ന് അത് കണ്ട ഫാന്‍സ്‌ അല്ലാത്തവര്‍ക്ക് ഓര്‍ക്കുന്നുണ്ടാവും. പക്ഷെ ആ രജിനിയെ തമിഴര്‍ക്കു അറിയില്ല, അറിയുകയും വേണ്ട. ബാബ ലോഗോയുള്ള തൊപ്പി, ഷൂ ഹാന്‍ഡ്‌ ബാഗ്‌ എന്നിങ്ങനെ ബാബയെ ഒരു ബിംബമായി ഉയര്‍ത്തിക്കാണിക്കാനും അതുവഴി പണം സമ്പാദിക്കാനും രജിനി ഇറക്കിയ മൂന്നാംകിട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അയാളുടെ   ബ്രാണ്ടിന്റെ വിലയിടിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അവയെല്ലാം മൌനം കൊണ്ടും നീണ്ട ഇടവേളകള്‍ കൊണ്ടും സമര്‍ത്ഥമായി രജിനി മറികടക്കുന്നു. ഒരിടവേള കഴിഞ്ഞ് വരുന്ന രജിനി സിനിമക്ക് അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമയുടെ പ്രകടനം ഒരു വിഷയമേ അല്ലാതായി കഴിഞ്ഞിരിക്കുന്നു. ഒരേസമയം ബാധ്യതയും അവസരവും അതുണ്ടാക്കുന്നു.

അടുത്തത് : രജിനി -ഇനിയെന്ത് ? അവശേഷിപ്പിക്കുന്ന സാദ്ധ്യതകള്‍ (അവസാന ഭാഗം)