ഉനയുടെ മുന നീളുന്നത്

പ്രക്ഷോഭകാരികൾ തെരുവിലും, സർക്കാർ വാഹനങ്ങൾക്ക് മുകളിലും, സ്ഥാപനങ്ങൾക്ക് മുമ്പിലും ഒക്കെയായി കൊണ്ട് തള്ളുന്ന ലോഡ് കണക്കിന് വരുന്ന കാലികളുടെ ശവങ്ങൾ ഓരോന്നും ഓരോ പ്രതീകങ്ങളാണ്; ദുഷിച്ച ഒരു വ്യവസ്ഥയുടെ മാലിന്യങ്ങളൊക്കെയും പെറുക്കി അതിന്റെ പുറമ്മോടി നിലനിർത്തിയിരുന്ന മനുഷ്യർ നിശബ്ദമായി ഏറ്റെടുത്ത് പോന്നിരുന്ന തങ്ങളുടെ അടിമത്തത്തെയും, വിധേയത്വത്തെയും ഉപേക്ഷിക്കാൻ തുടങ്ങുന്നു എന്നതിന്റെ പ്രതീകം. വിശാഖ് ശങ്കർ എഴുതുന്നു.

ഉനയുടെ മുന നീളുന്നത്

വിശാഖ് ശങ്കർ

"Mahars and Chamars should stop removing the dead bodies of buffaloes and cows. 'Mahars and Chamars. Don't eat carryon' was a slogan, which was raised by me. Some thirty years ago, I launched this Movement on these issues. This somehow immensely offended our Hindu friends.

I asked them, "You take the milk from the cows and buffaloes, and when they are dead you expect us to remove their dead bodies. Why? If you can carry the dead bodies of your mothers to cremate, why do you not carry the bodies of your 'mother-cows' yourself? When I put this question to the Hindus, they felt offended."

അംബേഡ്കറിന്റെ പ്രശസ്തമായ നാഗ്പൂർ പ്രസംഗത്തിന്റെ ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സമയോചിതമായ ഈ ഓർമ്മപ്പെടുത്തലിന് ഫെയ്സ്ബുക്ക് ചങ്ങാതി സുരേഷ് കുമാറിന് നന്ദി.

അരനൂറ്റാണ്ട് മുമ്പ്, 1956 ഒക്ടോബർ 14ന് ബുദ്ധമതം സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായ ചത്ത പശുവിന്റെ ദേഹം സംസ്കരിക്കുന്ന പണി ഉപേക്ഷിക്കുവാനുള്ള ആഹ്വാനത്തെ അന്ന് ഹിന്ദുത്വ ശക്തികൾ നേരിട്ടത് അംബേഡ്കർ അവർണ്ണരുടെ അന്നം മുടക്കുകയാണ് എന്ന വാദം മുൻ നിർത്തിയാണ്. അത് അവരിൽ പലരെയും ആശയ കുഴപ്പത്തിൽ ആക്കുകയും ചെയ്തു.

"My Untouchable brethren felt confused, as to where I was leading them."

ഇന്ന് ദളിതർ ചത്ത പശുവിന്റെ ദേഹം തെരുവിലും, സർക്കാർ സ്ഥാപനങ്ങൾക്കുമുമ്പിലും, വാഹനങ്ങൾക്ക് മേലെയും ഉപേക്ഷിച്ചുകൊണ്ട് നടത്തുന്ന സമരം തെളിയിക്കുന്നത് സുരേഷ് കുമാർ നിരീക്ഷിക്കുന്നത് പോലെ "അന്നത്തെ ആശയക്കുഴപ്പം മാറിക്കിട്ടിയ ഒരു വലിയ ദളിത് സമൂഹമാണ് ഇന്ന് ഗുജറാത്തിലും ഇന്ത്യയിലൊട്ടാകെയും ചത്ത പശുക്കളെ ആയുധമാക്കി പ്രക്ഷോഭം നടത്തുന്നത്.


പ്രിയപ്പെട്ട ബാബാസാഹബ്, താങ്കൾ അവരെ നേരായ വഴിക്ക് തന്നെയാണ് നയിച്ചത്!" എന്ന് തന്നെയാണ്.

അവർണ്ണനെന്ന ആവശ്യം

ശുദ്ധിയും അശുദ്ധിയും എന്ന ദ്വന്ദ്വത്തെ സ്ഥാപനവൽക്കരിക്കുന്ന യുക്തി പദ്ധതികളാണ് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ ആധാരശില തന്നെയും. വിരാട് പുരുഷ സങ്കല്പത്തിൽ തന്നെയും അതുണ്ട്. പാദത്തിൽ നിന്ന് പിറന്നവർ ശ്രേണിയിൽ ഏറ്റവും താഴെയാകുന്നതിൽ വാസ്തുപരമായ യുക്തികൾ കൂടാതെ ശുദ്ധാശുദ്ധ സങ്കല്പങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കേവല ശരീരശാസ്ത്ര യുക്തികളും ഉണ്ട്. അവർണ്ണരാകട്ടെ ഈ ഉച്ചനീച വ്യവസ്ഥയ്ക്കും പുറത്താണ്. അതുകൊണ്ട് തന്നെ അവരിലെ അശുദ്ധി മേല്പറഞ്ഞ നിർമ്മാണ ബന്ധിയും, ജീവശാസ്ത്ര ബന്ധിയുമായ കേവല യുക്തികൾക്ക് പോലും പുറത്താണ്. ചില മനുഷ്യർ അവർണ്ണരായി, വ്യവസ്ഥകൾക്കെല്ലാം പുറത്ത് ജീവിക്കേണ്ടിവരുന്നെങ്കിൽ അതിന് കാരണം അതി ഭൗതികമാണ്!

ഗോ മാതാവാണ്. അത് പാലുതരുന്നു. അതുപയോഗിച്ച് തൈരും, വെണ്ണയും, നെയ്യുമൊക്കെ ഉണ്ടാക്കുന്നു. അതിന്റെ ചാണകം നിലവും ഭിത്തിയും മെഴുകാനും, വിറകിന് പകരം തീ കത്തിക്കാൻ ഉപയോഗിക്കാവുന്ന ഒന്നായും ഒക്കെ ഉപയോഗിക്കുന്നു. എങ്ങനെ നോക്കിയാലും ഉപകാരമുള്ള ഒരു ജീവി തന്നെ. കാല്പനികമായി സമീപിച്ചാൽ മാതാവെന്ന രൂപകത്തിന് ഗോവ് യോഗ്യ തന്നെയാണ്. അപ്പോൾ എരുമയോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. തൽക്കാലം അതവിടെ നിൽക്കട്ടെ, നമുക്ക് പശുവിൽ തന്നെ തുടരാം.

അടിമുടി വിശുദ്ധമായ ഈ മൃഗം പക്ഷേ മരിക്കുന്നതോടെ അശുദ്ധമായി തീരുന്നു. അതോടുകൂടെ ജന്മനാ വിശുദ്ധരായ സവർണ്ണർക്ക് അത് തൊട്ടുകൂടാത്തതായി തീരുന്നു. എന്നാൽ ശവം പശുവിന്റെ ആയാലും, എലിയുടെ ആയാലും ജീർണ്ണിക്കും. അതോടെ ദുർഗന്ധമുണ്ടാകും. അതുകൊണ്ട് ഇതിനെ ആരെങ്കിലും സംസ്കരിക്കുകയും വേണം. വ്യവസ്ഥയ്ക്ക് അതിന് പുറത്തുള്ള അവർണ്ണർ ആവശ്യമായി തീരുന്നത് ഇവിടെയാണ്. ശുദ്ധാശുദ്ധ സങ്കൽപ്പങ്ങൾ ഉല്പാദിപ്പിക്കുന്ന തൊട്ടുകൂടാത്ത മാലിന്യങ്ങളെ സംസ്കരിക്കാൻ ഒരു സാമൂഹ്യ ഉപകരണം; അതാണ് പ്രാന്തങ്ങളിൽ നിലനിർത്തപ്പെടുന്ന അവർണ്ണർ.

സ്ഥാപനവൽക്കരിക്കപ്പെടുന്ന ശുദ്ധാശുദ്ധങ്ങൾ

ഗോവ് വിശുദ്ധ മാതാവാണെങ്കിലും മരിക്കുന്നതോടെ അത് അശുദ്ധമായി മാറുന്നു. അതിന്റെ സംസ്കരണം ഒരു സാമൂഹ്യ ആവശ്യവും. അതിനുള്ള പരിഹാരമാണ് അവർണ്ണർ. പക്ഷേ അവർ അത് ചെയ്യുന്നതിനെ ഒരു സാമൂഹ്യ ധർമ്മം നിരവേറ്റുന്നു എന്ന ഉപഭോഗപരമായ പരിപ്രേക്ഷ്യത്തിൽ പോലുമല്ല ഹിന്ദുത്വ വ്യവസ്ഥ കാണുന്നത് എന്നതാണ് ഏറ്റവും വിചിത്രം. അശുദ്ധികളെ സംസ്കരിക്കാൻ അവർണ്ണർ വേണം, എന്നാൽ ആ പ്രവർത്തിയിലൂടെ അവർ കൂടുതൽ അശുദ്ധരും, അസ്പൃശ്യരും ആയി തീരുന്നു!

കാർഷിക ഉല്പാദന വ്യവസ്ഥയുടെ ഗുണഭോക്താക്കൾ പൂർണ്ണമായും സവർണ്ണരായിരിക്കുന്ന അവസ്ഥയിൽ അവിടെയ്‍ക്കൊന്നും പ്രവേശനം പോലുമില്ലാത്ത മനുഷ്യർക്ക് ചത്ത കന്നുകാലികളുടെ മാംസം പോലും വിരുന്നാക്കി മാറ്റേണ്ടിവരുന്ന ഗതികേടിനെ കുറിച്ച് അംബേദ്‍കറെ പോലെ നമ്മുടെ സമകാലികനായ കാഞ്ചാ ഏലയ്യയും എഴുതിയിട്ടുണ്ട്. ഇതിൽ നിന്ന് ചുരുങ്ങിയത് ഒരു കാര്യമെങ്കിലും വ്യക്തമാകുന്നു. അതായത് മുമ്പ് അവർണ്ണരിൽ വ്യവസ്ഥ കൊണ്ട് തള്ളിയ സാമൂഹിക ശുചീകരണ ചുമതലയുടെ പ്രതിഫലമായി ചത്ത കന്നുകാലികളുടെ മാംസം ഭക്ഷിക്കുക, തുകൽ ഉരിച്ചെടുക്കുക തുടങ്ങിയ ആനുകൂല്യങ്ങളെങ്കിലും ഉണ്ടായിരുന്നു എന്ന്. അതുകൂടി ചേർത്താവണമല്ലോ അസ്പൃശ്യരായ മനുഷ്യരിൽ നിന്ന് അവരുടെ പരിമിതമായ അതിജീവന മാർഗ്ഗങ്ങളും കവരുകയാണെന്ന സവർണ്ണ വാദം ഉണ്ടാകുന്നത്.

കല്പിതമായ ശുദ്ധാശുദ്ധികളെ സ്ഥാപനവൽക്കരിച്ചുകൊണ്ട് ഒരു കൊടിയ സാമൂഹ്യ അനീതിയ്ക്ക് സാധൂകരണ യുക്തികൾ നിർമ്മിക്കുകയായിരുന്നു എങ്കിലും മുൻകാല ഹിന്ദുത്വത്തിന് പ്രായോഗികവും, ഉപഭോഗപരവുമായ ചില തിരിച്ചറിവുകൾ എങ്കിലും ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. മോഡി രാജ്യം തുറന്ന് വിട്ട ഹിന്ദുത്വ ഫ്രിഞ്ച് ഗ്രൂപ്പുകൾക്ക് അത് പോലുമില്ല എന്ന് ഗുജറാത്തിലെ ഉനയിൽ നടന്ന സംഭവം തെളിയിക്കുന്നു.

ഉനയുടെ മുന നീളുന്നത്

ചത്ത പശുവിന്റെ തോലുരിക്കുകയായിരുന്ന നാല് മനുഷ്യരെ പൊടുന്നനേ ഇരച്ചുവന്ന ഒരു സംഘം ഗോഹത്യ ആരോപിച്ച് പിടിച്ചുകൊണ്ട് പോവുക.വാഹനത്തിൽ കെട്ടിയിട്ട് അടുത്തുള്ള പട്ടണത്തിലേക്ക് കൊണ്ടുപോയി അവിടത്തെ പോലീസ് സ്റ്റേഷന്റെ തൊട്ടുമുന്നിൽ വച്ച് പട്ടാപ്പകൽ തല്ലി ചതയ്ക്കുക! ഇതൊന്നും പോരാഞ്ഞ് ആ പൈശാചിക കൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്തി അഭിമാനപൂർവ്വം സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക! ഇത് എന്താണ് സൂചിപ്പിക്കുന്നത്? തങ്ങൾ ചെയ്യുന്നത് സാമൂഹ്യവും, നൈതികവുമായ ഒരു കൊടും കുറ്റകൃത്യമാണെന്ന് അവർക്ക് മനസിലാകുന്നില്ല എന്നല്ലേ? മാത്രമല്ല, തങ്ങളുടെ സമൂഹത്തിൽ ആരെങ്കിലും അങ്ങനെ കരുതുമെന്ന് അവർ സംശയിക്കുന്നുപോലുമില്ല എന്നല്ലേ?

ഇന്ത്യയിലെ ഒരു പ്രമുഖ സംസ്ഥാനം, വ്യവസായ കേന്ദ്രം, വികസന മാതൃക, രാഷ്ട്രപിതാവിന്റെയും, നിലവിലെ പ്രധാനമന്ത്രിയുടെയും നാട് ഒക്കെയാണ് ഗുജറാത്ത്. ആ നിലയ്ക്ക് ഇന്ത്യയുടെ ചരിത്രത്തെ, പാരമ്പര്യ മാഹാത്മ്യങ്ങളെ ഒക്കെ വലിയ നിലയിൽ പ്രതിനിധീകരിക്കുന്ന ഒരു നാടിന്റെ പൊതുബോധം പോലും ഉനയിൽ നടന്നത് പോലെയുള്ള ഭീകര പ്രവർത്തനങ്ങളെ ധാർമ്മികവും, സാംസ്കാരികവുമായ ജനകീയ ജാഗ്രതയുടെ പ്രതീകമായാണ് കാണുന്നത്. അതിന്റെ തെളിവാണ് പട്ടാപ്പകൽ പട്ടണ നടുവിൽ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ വച്ച് നടന്നിട്ടും അത്തരം ഒരു നീച കൃത്യത്തോട് ആരും പ്രതികരിച്ചില്ല, തടയാൻ ശ്രമിച്ചില്ല എന്നത്.


ഉനയുടെ മുന നീളുന്നത് ആ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട കുറെ വ്യക്തികളിലേയ്ക്ക് മാത്രമല്ല. അത് ചൂണ്ടുന്നത് നമ്മുടെ നാഗരികതയ്ക്ക്, സംസ്കാരത്തിന്, നൈതിക, ജനാധിപത്യ ബോധത്തിന് നേരെയാണ്.

ചരിത്രമെഴുതുന്ന ജനകീയ മുന്നേറ്റം

ഉന സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഗുജറാത്തിലെ ദളിത് സമൂഹം ഉയർത്തിക്കൊണ്ടുവന്ന പ്രക്ഷോഭം സമീപകാല ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു അദ്ധ്യായമാവുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആധാരമായ ശുദ്ധാശുദ്ധ സങ്കല്പങ്ങളും, അതിന്റെ അടിസ്ഥാനത്തിൽ അവർ കെട്ടിപ്പടുത്ത സാമൂഹ്യ ഘടനയും ആ പ്രക്ഷോഭത്തിന്റെ മാരകമായ പ്രഹര ശേഷിയ്ക്ക് മുന്നിൽ ആടി ഉലയുന്നു എന്നതിന്റെ രാഷ്ട്രീയ സാക്ഷ്യം തന്നെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി.

പ്രശ്നം ഇവിടെയും അവസാനിക്കുന്നില്ല. പ്രക്ഷോഭകാരികൾ തെരുവിലും, സർക്കാർ വാഹനങ്ങൾക്ക് മുകളിലും, സ്ഥാപനങ്ങൾക്ക് മുമ്പിലും ഒക്കെയായി കൊണ്ട് തള്ളുന്ന ലോഡ് കണക്കിന് വരുന്ന കാലികളുടെ ശവങ്ങൾ ഓരോന്നും ഓരോ പ്രതീകങ്ങളാണ്; ദുഷിച്ച ഒരു വ്യവസ്ഥയുടെ മാലിന്യങ്ങളൊക്കെയും പെറുക്കി അതിന്റെ പുറമ്മോടി നിലനിർത്തിയിരുന്ന മനുഷ്യർ നിശബ്ദമായി ഏറ്റെടുത്ത് പോന്നിരുന്ന തങ്ങളുടെ അടിമത്തത്തെയും, വിധേയത്വത്തെയും ഉപേക്ഷിക്കാൻ തുടങ്ങുന്നു എന്നതിന്റെ പ്രതീകം.

ഹേ മഹാ സംസ്കാരമേ നിന്റെ ജീർണ്ണതകളെ ഇനി നീ തന്നെ സംസ്കരിച്ചുകൊള്ളുക എന്ന് ചത്ത കിടപ്പിൽ വിളിച്ച് പറയുന്നുണ്ട് ഓരോ പയ്യും, എരുമയും. അവരുടെ ഒച്ച ഇനി നമ്മുടെ നാഗരികത അനുഭവിക്കുക അഴുകിയ മാംസത്തിന്റെ ഉഗ്ര ഗന്ധത്തിലൂടെയാവും. മൂക്ക് പൊത്തുക തന്നെവേണം നാം, നമ്മുടെ സംസ്കാരത്തെ ഓർത്ത്, പൈതൃകത്തെ ഓർത്ത്.