ദീപ ബഷീറിന്റെ മകൾ തന്നെ!

എനിക്ക് സംശയമില്ല, ദീപ ബഷീറിന്റെ മകൾ തന്നെയാണ് (ഷാഹിന സമ്മതിച്ചാലും ഇല്ലെങ്കിലും!) കുഞ്ഞനിയന്മാരും അനിയത്തികളും അപ്പിയിടുമ്പോൾ കേമരാകുന്നതു വിവരിക്കുന്ന 'പ്രതീക്ഷയുടെ മൂന്നു ദിവസങ്ങൾ' മാത്രം മതി ബഷീറിന്റെ ഡി എൻ എയുടെ തെളിവായി. കെ എം ഷെരീഫ് എഴുതുന്നു.

ദീപ ബഷീറിന്റെ മകൾ തന്നെ!

കെ എം ഷരീഫ് 

സുഹൃത്ത് ദാമോദർ പ്രസാദിന്റെ ടൈംലൈനിൽ ദീപ നിശാന്തിന്റെ പുതിയ പുസ്തകത്തെ പറ്റി നല്ല അടിപിടി നടക്കുന്നിടത്ത് ഞാൻ ഒന്നിടപെട്ടു. ഇന്നലെയാണ്. ഇരുപത്തിനാല് മണിക്കൂറിനകം നടപടി എടുക്കും എന്ന് പറഞ്ഞു. നടപടി ഇതാ:

വാക്ക് വാക്കാണ്. ഇരുപത്തിനാല് മണിക്കൂറിനകം തന്നെ ദീപയെ (വായനക്കാരുടെ) കോടതിയിൽ ഹാജരാക്കുന്നു. പഴയ കേസിലാണ്. 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ' ആണ് തൊണ്ടി. എന്റെ വിദ്യാർഥിനി ഷഹനാസിന്റെ സഹായത്തോടെ ഇന്നലെ മാതൃഭൂമി ബുക്ക്സ്റ്റാളിൽ നിന്ന് വാങ്ങി. പുതിയ കേസിലെ തൊണ്ടി (നനഞ്ഞു തീർത്ത മഴകൾ) വരാൻ ഇനിയും ഒരാഴ്ച ആകും എന്ന് ഡി സി ബുക്‌സിലെ ഷാഹിന പറഞ്ഞു.


ഇത് എഫ്ഐആർ മാത്രമാണ്. ഒരു പാട് പേജുകൾ വരുന്ന കുറ്റപത്രം മുഴുവൻ ഇവിടെ പോസ്റ്റിയാൽ കോടതിക്ക് ബോറടിക്കും എന്നത് കൊണ്ട് ചെയ്യുന്നില്ല. 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ' എന്ന ശീർഷകം എനിക്ക് മനസ്സിലായില്ല. അത് ന്യായീകരിക്കുന്ന കാല്പനികത പുസ്തകത്തിൽ ഇല്ല. ഈ കാല്പനികതയെ ആണ്
റഫീക്ക് ഇബ്രാഹിം
(ന്യായമായും) കഠിനമായി വിമർശിച്ചത്. 'ഓർമ്മകളെ, സമയമളന്നു ജീവിക്കുന്നതിനിടയിൽ നിങ്ങളെന്നിൽ നിന്നും ഓടി മറയരുതെ' എന്ന ഒറ്റപ്പെട്ട വാചകം കവറിൽ കൊടുത്തത് പുസ്തകത്തിന്റെ ചെലവ് കൂട്ടാനായിരിക്കും (എന്റെ കയ്യിൽ ഇരിക്കുന്നത് ഒൻപതാം പതിപ്പാണ്). പുസ്തകത്തിൽ ഞാൻ വായിച്ചത് ഭൂതകാലത്തിന്റെ കുന്നോളം പോന്ന വേവുകളാണ്. അവയെ അതിജീവിക്കുന്ന വലിയ ചിരിയും. വികെഎന്നുമായി ദീപക്ക് അവിഹിതബന്ധമുണ്ടെന്ന് പുസ്തകത്തിന് അവതാരിക ('സുന്ദരമായ മുഖത്തിനു ഒരു പൊട്ട്') എഴുതിയ രേഖ കെ എന്ത് കണ്ടിട്ടാണ് സൂചിപ്പിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. സ്വന്തം എഴുത്തിൽ കാല്പനികതയെ പുറന്കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച രേഖ ദീപയുടെ പുസ്തകത്തെ വിവരിക്കാൻ പന്ന കാല്പനിക ഭാഷ പ്രയോഗിക്കുക എന്ന വൃത്തികേട് ചെയ്തത് എന്തിനാണ് എന്നും മനസ്സിലായില്ല. ജീവിതത്തിന്റെ വേവും അതിനെ അതിജീവിക്കുന്ന ചിരിയും വികെഎന്നിൽ എവിടെയാണുള്ളത്? അത് ബഷീറിലല്ലേ നിറഞ്ഞു നിൽക്കുന്നത്?.

എനിക്ക് സംശയമില്ല, ദീപ ബഷീറിന്റെ മകൾ തന്നെയാണ് (ഷാഹിന സമ്മതിച്ചാലും ഇല്ലെങ്കിലും!) കുഞ്ഞനിയന്മാരും അനിയത്തികളും അപ്പിയിടുമ്പോൾ കേമരാകുന്നതു വിവരിക്കുന്ന 'പ്രതീക്ഷയുടെ മൂന്നു ദിവസങ്ങൾ' മാത്രം മതി ബഷീറിന്റെ ഡിഎൻഎയുടെ തെളിവായി. ഒരു കാര്യം സത്യസന്ധമായി പറയട്ടെ.: കെ ആർ മീരയുടെ ആരാച്ചാരും, സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖവും കൃത്രിമത്വവും ജാഡയും കൊണ്ട് വായന നിറുത്തി എന്റെ പാട്ടിനു പോയതാണ്. ദീപയുടെ പുസ്തകം കട്ടൻ ചായ കുടിച്ചു ഇന്നലെ രാത്രി മുഴുവൻ വായിച്ചു തീർത്തു . ഒരിക്കൽ പോലും ബോറടിച്ചില്ല. ജോയ്‌സിയും സുധാകർ മംഗളോദയവും വായിച്ചതും പഴയ പ്ലേബോയ് റഹ്മാന്റെ സിനിമ കണ്ടതും മറ്റും എത്ര തെളിഞ്ഞ ഭാഷയിലാണ് വിവരിക്കുന്നത്!.

അവരെ ഓർക്കുമ്പോഴും അവരുടെ ലോകത്ത് നിന്ന് എത്രയോ അകലെയാണ് ദീപ. ജാതിയേയും തെറിവാക്കുകളെയും പറ്റിയുള്ള ദീപയുടെ കുറിപ്പുകൾ അസാധാരണമാണ്. പട്ടിണി കിടന്നാലും സ്‌കൂളിലെ ഉച്ചക്കഞ്ഞി കഴിക്കില്ലെന്ന് ശഠിച്ച ഉമ എന്ന സവർണ്ണ പെൺകുട്ടിയുടെ ചിത്രം അടുത്ത കാലത്തൊന്നും കാണാത്തതാണ്. ദീപയുടെ സ്‌കൂൾ കാലത്ത് (കാൽ നൂറ്റാണ്ടു മുൻപ് പോലും) അങ്ങനെയുള്ള കുട്ടികൾ ഉണ്ടായിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. കേരളീയ നവോത്ഥാനം എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ നല്ലൊരു രേഖയാണത് (അത് വായിച്ചപ്പോൾ സത്യം പറഞ്ഞാൽ ദീപയെ ഒരുമ്മ വെക്കാൻ തോന്നി. നിഷാന്ത് എന്ത് വിചാരിച്ചാലും വേണ്ടില്ല!).

ഡ്രൈവിംഗ് പഠിച്ചു പരാജയപ്പെട്ട ദീപ ഒരു വലിയ ബിംബം തന്നെയാണ്. 'ഒരു പ്രണയ കാല സംഘർഷത്തിനൊടുവിൽ'എന്ന് ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും തന്റെ പ്രണയത്തെ പറ്റി കൃത്യമായി ഒരൊറ്റ കുറിപ്പിലേ എന്തെങ്കിലും പറയുന്നുള്ളൂ. അത് തന്നെ പുകവലിവിരുദ്ധ ദിനവും (പൂ)വാലന്റൈൻ ദിനവുമായി ബന്ധപ്പെടുത്തി മാത്രം! സുസൻ ബാസ്‌നറ്റ് എഴുതിയ സിൽവിയ പ്ലാത്തിന്റെ ജീവചരിത്രത്തിൽ സിൽവിയയുടെയും ഭർത്താവ് കവി ടെഡ് ഹ്യൂസിന്റെയും ഏറ്റവും ധന്യമായ ഒരു കൂട്ടു മുഹൂർത്തം പറയുന്നത് അവർ ഒന്നിച്ചു അണുവായുധം കടത്തുന്ന വണ്ടി പിക്കറ്റ് ചെയ്യാൻ പോയതാണ്.

എങ്കിലും ദീപേ, നിഷാന്തുമായുള്ള ബന്ധത്തിന് വലിയ എതിർപ്പുണ്ടായി എന്ന് പറഞ്ഞിട്ടും എന്ത് കൊണ്ട് എന്ന് പറഞ്ഞില്ല. സുഹൃത്തുക്കൾക്ക് അറിയുമായിരിക്കും പക്ഷെ എന്നെപ്പോലുള്ള മാവിലായിക്കാരുടെ കാര്യമോ? എതിർപ്പിനു പിന്നിലെ ഒരു കാരണം ജാതിയായിരുന്നോ? എന്റെ പോലീസ് ബുദ്ധിയിൽ തോന്നുന്ന സംശയമാണ്!. 'നഷ്ടപ്പെടാത്ത ഒരു നഷ്ടബോധ' ത്തിൽ ഞാൻ പെട്ടെന്ന് ദീപയുടെ സ്ഥാനത്തായി.

പ്രണയമല്ല, സൌഹൃദമാണ് ആൺ-പെൺ ബന്ധങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്ന് ആ കുറിപ്പ് പറയുന്നു. ദീപയുടെ ആൺസുഹൃത്തിനെ പോലെ ഒന്നല്ല, അനേകം പെൺസുഹൃത്തുക്കൾ എനിക്കും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ ഉണ്ടായിരിക്കുന്നു. 'കാക്കപ്പുള്ളി' വായിച്ചു എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. തിരിച്ചറിയൽ അടയാളങ്ങൾ ഉണ്ടാക്കാൻ എനിക്ക് കഷ്ടപ്പെടേണ്ടി വന്നില്ല. വയലിലും കുന്നിലും പന്ത് കളിച്ചു നടന്ന എനിക്ക് നല്ല അര ഡസൻ മുറിവടയാളങ്ങൾ എങ്കിലും ഉണ്ടായിരുന്നു. വയസ്സറിയിച്ചപ്പോഴേക്കും പുറത്ത് പോയി കളിക്കുന്നതിൽ നിന്ന് അമ്മ വിലക്കിയത് കൊണ്ടാണല്ലോ ദീപക്ക് വള പൊട്ടിച്ച് കയ്യിൽ കുത്തി മുറിവുണ്ടാക്കേണ്ടി വന്നത്. ഈ പുസ്തകത്തിലെ ഏറ്റവും നല്ല കുറിപ്പ് ഏതാണെന്ന് ചോദിച്ചാൽ 'വീട്ടാനാകാത്ത ചില കടങ്ങൾ' ആണെന്ന് ഞാൻ പറയും.

സ്ത്രീപീഡന കഥകൾ കേട്ട് സ്വന്തം ശരീരത്തെ പേടിക്കുന്ന 'ഭീതി ജീവിതം' ശുപാർശ ചെയ്യുന്ന സദാചാര പോലീസിനെ ഒരൊറ്റ വെടി കൊണ്ടാണ് ദീപ വക വരുത്തുന്നത്. ഈയിടെ ഇറങ്ങിയ 'കലി' എന്ന ചിത്രത്തിലേ അതിനോട് താരതമ്യം ചെയ്യാൻ പറ്റിയ ഒരാഖ്യാനം ഉള്ളൂ. എന്നെ അലട്ടുന്ന ഒരു കാര്യം ഇനി ദീപ എങ്ങോട്ടാണ് പോകുന്നത് എന്നാണു.

മഴ നനഞ്ഞു വരുന്നതും കൂടി കണ്ടിട്ട് പറയാം . എഫ്ഐആർ ഇപ്പോൾ തന്നെ വളരെ നീണ്ടു പോയി ബാക്കി കുറ്റപത്രത്തിൽ പറയാം. ഏതായാലും ഒരു ഇരുപതു വർഷത്തേക്കെങ്കിലും പ്രതിയെ റിമാൻഡ് ചെയ്യാൻ ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു. .
NB; പുസ്തകത്തിലെ വലിയൊരു അഭാവം ബീഫിന്റെതാണ്. മഴ നനഞ്ഞു വരുമ്പോഴേക്ക് ഒരു പ്ലേറ്റ് ബീഫ് ചില്ലി കഴിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

Read More >>