ഇടനാടന്‍ ചെങ്കല്‍ കുന്നില്‍ പച്ചക്കറി വിളയുന്നു; പ്രകൃതി സൗഹൃദ കൃഷിയുമായി കണ്ണൂരിലെ കൂട്ടായ്മ

മട്ടന്നൂരിന് സമീപം കൊടോളിപ്രം ഗ്രാമത്തിലെ കാപ്പൂക്കാടിലാണ് കൂടാളി കൃഷിഭവന് കീഴിലുള്ള 'കൊടോളിപ്രം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍' മഴക്കാല പച്ചക്കറി വിളയിക്കുന്നത്. വിശാലമായ 12 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ ഫാമില്‍ പതിനഞ്ചോളം പച്ചക്കറി ഇനങ്ങളാണുള്ളത്.

ഇടനാടന്‍ ചെങ്കല്‍ കുന്നില്‍ പച്ചക്കറി വിളയുന്നു; പ്രകൃതി സൗഹൃദ കൃഷിയുമായി കണ്ണൂരിലെ കൂട്ടായ്മ

ഉത്തര മലബാറിന്റെ തനത് പ്രകൃതി സവിശേഷതയാണ് ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍. ചെങ്കല്‍ ഖനനവും മണ്ണെടുപ്പും മൂലം നശിക്കുന്ന ചെങ്കല്‍ കുന്നുകളില്‍ പച്ചക്കറി നട്ട് നൂറുമേനി വിളയിക്കാമെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. കണ്ണൂര്‍ മട്ടന്നൂരിന് സമീപം കൊടോളിപ്രം ഗ്രാമത്തിലെ കാപ്പൂക്കാടിലാണ് കൂടാളി കൃഷിഭവന് കീഴിലുള്ള 'കൊടോളിപ്രം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍' മഴക്കാല പച്ചക്കറി വിളയിക്കുന്നത്. വിശാലമായ 12 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഈ ഫാമില്‍ പതിനഞ്ചോളം പച്ചക്കറി ഇനങ്ങളാണുള്ളത്.


കൃഷി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം

എങ്ങനെയാണ് കൃഷിയിലേക്ക് തിരിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ ഒരു നാട്ടിന്പുറത്തുകാരന്റെ എല്ലാ നന്മകളോടും കൂടി അശോകന്‍ പറയുന്നു, കൃഷി ചെറുപ്പം മുതല്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് .  മാതാപിതാക്കള്‍ക്കൊപ്പം വയലില്‍ പച്ചക്കറി നട്ടും വെള്ളം നനച്ചും വിളവെടുത്തതും ഞാറു നട്ടും ഒക്കെ വളര്‍ന്നവരാണ് എല്ലാവരും. മുതിര്‍ന്നപ്പോള്‍ മറ്റു തൊഴിലുകള്‍ പലതും ചെയ്തെങ്കിലും ഒടുവില്‍ കൃഷിയിടത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു. പതിനഞ്ചംഗ ക്ലസ്റ്റര്‍ രൂപീകരിച്ചു കൊണ്ട് കൃഷി വകുപ്പിന്റെ കൂടി സഹായത്തോടെ വയലിലാണ്  കൃഷി ആരംഭിച്ചത്. ശാസ്ത്രീയ കൃഷി രീതികള്‍ ഉപയോഗിച്ചതിനാല്‍ തന്നെ നല്ല വിളവും കിട്ടി.

[caption id="attachment_39615" align="alignnone" width="640"]ashokan അശോകൻ പച്ചക്കറിത്തോട്ടത്തിൽ[/caption]

പാടത്ത് നിന്നും കുന്നിന്‍ ചെരിവിലേക്ക്


പാടത്ത് വേനല്‍ക്കാല കൃഷി മാത്രമേ നടക്കൂ. മാര്‍ച്ചിലാരംഭിച്ച് മെയ്മാസത്തില്‍ അവസാനിക്കും. ഇതിനിടയില്‍ മെയ് മാസത്തില്‍ വേനല്‍ കനത്താല്‍ ചെടികളെല്ലാം കരിഞ്ഞു പോവും. മഴക്കാലത്ത് പാടത്ത് വെള്ളം കയറും. അങ്ങനെയാണ് അശോകനും കൂട്ടരും കാപ്പൂക്കാടിന്റെ ചെരിവിലെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങുന്നത്.

iadakkal

ഇവിടത്തെ മണ്ണിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും കാരണം എല്ലാ ചെടികള്‍ക്കും കൃത്യമായി വെള്ളം ലഭിക്കും. ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വേണ്ടത്ര സൂര്യപ്രകാശവും ഓരോ വിളകള്‍ക്കും ലഭിക്കും. വേനലിന്റെ അവസാനത്തില്‍ ഇവിടെ വീണുകിടക്കുന്ന കരിയിലകള്‍ കത്തിച്ചും കുറ്റിച്ചെടികള്‍ വെട്ടി മണ്ണില്‍ ചേര്‍ത്തും നിലമൊരുക്കുന്നതിനാല്‍ തന്നെ ചാരവും പച്ചില വളവും പുറത്ത് നിന്ന് വാങ്ങേണ്ടതില്ല.

vegtble

തൊഴിലാളികളുടെ ലഭ്യതക്കുറവാണ്  പലരെയും കൃഷിയില്‍ നിന്ന് പിന്നോട്ടടുപ്പിക്കുന്ന ഘടകം. എന്നാല്‍ ക്ലസ്റ്റര്‍ കണ്‍വീനറായ അശോകനും അംഗങ്ങളായ ഗോവിന്ദനും വിനോദും സജീവനും ആണ് ഇവിടത്തെ മുഴുവന്‍ സമയ ജോലിക്കാര്‍. പാവലും പടവലവും ചുരങ്ങയും താലോറിയും ഉള്‍പ്പെടെ അഞ്ചോളം പന്തല്‍ പച്ചക്കറികളും വെണ്ട, മുളക്, വഴുതന, തക്കാളി,ചീര തുടങ്ങി പത്തോളം മറ്റിനങ്ങളും ഈ തോട്ടത്തിലുണ്ട്. വിവിധ ഇനങ്ങള്‍ കൃഷി ചെയ്യുന്നതിനാല്‍ ഏതെങ്കിലും ഒരു ഇനത്തിന് വിലയിടിഞ്ഞാലും മറ്റു ഇനങ്ങള്‍ കൊണ്ട് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നതിനാൽ നഷ്ടമുണ്ടാകില്ലെന്നു വിനോദ് പറഞ്ഞു.

ജൈവകൃഷിയല്ല, ശാസ്ത്രീയ കൃഷി

പൂര്‍ണമായ അര്‍ത്ഥത്തില്‍ ജൈവകൃഷി എപ്പോഴും സാധ്യമല്ലെന്ന നിലപാടാണ് അശോകന്. ചിലയിടങ്ങളില്‍ മണ്ണില്‍ പല ഘടകങ്ങളും അപര്യാപ്തമായിരിക്കും, അത്തരം ഘട്ടങ്ങളില്‍ കൃത്യമായ മണ്ണ് പരിശോധന നടത്തി ആ ഘടകങ്ങള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടി വരും. അതിന് പലപ്പോഴും ജൈവവളം കൊണ്ട് സാധിക്കില്ല. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ ഡോളോമൈറ്റ് ചേര്‍ക്കും. പിന്നീട് ഒന്നോ രണ്ടോ ദിവസത്തിനു ശേഷം കോഴിക്കാഷ്ടം ചേര്‍ത്ത് ഇളക്കി മറിക്കും.

[caption id="attachment_39623" align="alignnone" width="640"]veg ഫിറമോൺ കെണി[/caption]

കീടനിയന്ത്രത്തിന് ഫിറമോണ്‍ കെണിയാണ് ഉപയോഗിക്കുന്നത്. സമീപത്ത് മറ്റു വിളകളോ കൃഷിഭൂമിയോ ഇല്ലാത്തതിനാല്‍ തന്നെ കീടങ്ങളുടെ ശല്യം കുറവാണ്. ഹൈബ്രിഡ് വിത്തിനങ്ങളാണ് ഉപയോഗിക്കുന്നത്. വിത്തിട്ടു കഴിഞ്ഞാല്‍ അവ തിന്നാനെത്തുന്ന പ്രാവിന്‍കൂട്ടങ്ങളെയും മറ്റു കിളികളെയും ഓടിക്കണം. മൃഗങ്ങളുടെ ശല്യം കുറവാണെങ്കിലും വല്ലപ്പോഴും പന്നി എത്തും. പന്നിയെ തുരത്താനായി ഇഴയടുപ്പമുള്ള കമ്പിവേലി നിര്‍മിച്ചിട്ടുണ്ട് തോട്ടത്തിന് ചുറ്റും.

ഭൂസംരക്ഷണത്തിന്റെ ഉത്തമ മാതൃക

ഇടനാടന്‍ ചെങ്കല്‍കുന്നുകളുടെ പ്രത്യേകത നിറയെ സുഷിരങ്ങളോട് കൂടിയ ലാറ്ററൈറ്റിന്റെ സാന്നിധ്യമാണ്. ഒരുപാട് വെള്ളം സംഭരിച്ചു വെക്കാന്‍ കഴിവുള്ളവയാണ് ഇത്തരം കുന്നുകള്‍. ചെങ്കല്‍ ഖനനവും മറ്റു കയ്യേറ്റങ്ങളും  കുന്നുകളെ തകര്‍ക്കാന്‍ തുടങ്ങിയതോടെ ഇത്തരം പ്രദേശങ്ങളില്‍ വരള്‍ച്ച സര്‍വ്വസാധാരണമായിത്തുടങ്ങി. ചെങ്കല്‍ കുന്നുകളില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന പച്ചക്കറി കൃഷി നടത്തുന്നത് കൂടുതല്‍ ജലം കുന്നിലേക്ക് ആഴ്ന്നിറങ്ങാനും വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാനും കഴിയും.

ഇനിയും വേണം സര്‍ക്കാര്‍ സഹായങ്ങള്‍

ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഇപ്പോള്‍ ഈ ക്ലസ്റ്ററിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ചെങ്കല്‍ കുന്നുകളിലെ മഴക്കാല കൃഷി വ്യാപിപ്പിക്കുന്നതിന് കൂടി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. വിദഗ്ധ പഠനം നടത്തി ഇത്തരം കൃഷി വ്യാപിപ്പിച്ചാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇടനാടന്‍ കുന്നുകളില്‍ നിന്നുമാത്രം മലബാറിന് ആവശ്യമായ മുഴുവന്‍ പച്ചക്കറിയും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം പച്ചക്കറി കൃഷി കൂട്ടായ്മക്ക് സ്ഥിരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടു വരേണ്ടതുണ്ട്.