നവീകരണത്തിനു കാത്തുകാത്ത് വേരിറങ്ങിയ ഒരു ഹോസ്റ്റൽ! കണ്ണൂരിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിനോട് പിഡബ്ല്യൂഡിക്ക് തൊട്ടുകൂടായ്മ; പട്ടികജാതിക്കാരോട് എന്തുമാകാമെന്നോ?

ശ്രീകണ്ഠാപുരത്തും തളിപ്പറമ്പിലും ഉൾപ്പെടെ നിരവധി ഹോസ്റ്റലുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാടക കെട്ടിടമായതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അത്യാവശ്യമായ ഉയരമുള്ള മതിൽ ഉൾപ്പെടെയുള്ളവ പല ഹോസ്റ്റലിലും ഇല്ല.

നവീകരണത്തിനു കാത്തുകാത്ത് വേരിറങ്ങിയ ഒരു ഹോസ്റ്റൽ! കണ്ണൂരിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിനോട് പിഡബ്ല്യൂഡിക്ക് തൊട്ടുകൂടായ്മ; പട്ടികജാതിക്കാരോട് എന്തുമാകാമെന്നോ?

പട്ടികജാതി വികസന വകുപ്പിനോട് പബ്ലിക് വർക്സ് ഡിപ്പാർട്ടമെന്റ് കാണിക്കുന്ന തൊട്ടുകൂടായ്മയുടെ ഉദാഹരണമാണ് കണ്ണൂർ നഗരമധ്യത്തിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ. തകർന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കെട്ടിടം പൊളിച്ചു പണിയാൻ പട്ടിക ജാതി വികസന വകുപ്പ് തയ്യാർ. വകുപ്പിൽ കാര്യങ്ങളൊക്കെ മുറയ്ക്ക് നടന്നു. പുതിയ കെട്ടിടത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കണം. അത് പൊതുമരാമത്തു വകുപ്പിനെ ഏല്പിച്ചിട്ട് വർഷങ്ങളായി. പിഡബ്ല്യൂഡിക്ക് അനക്കമില്ല.


മുൻ ജില്ലാ പട്ടിക ജാതി വികസന ഓഫീസറും നിലവിലുള്ള ഓഫീസറും പിഡബ്ലുഡി വകുപ്പിലേക്ക് നിരവധി തവണ എഴുത്തുകുത്തുകൾ നടത്തി. യാതൊരു ഫലവുമില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ ഈ വിഷയം ഉയർന്നു വരുമ്പോഴെല്ലാം വേഗത്തിൽ കാര്യങ്ങൾ നീക്കാം എന്ന ഉറപ്പു കിട്ടും. പക്ഷെ ഉറപ്പ് വിൺവാക്കായി തുടരും.

[caption id="attachment_34033" align="aligncenter" width="640"]ഹോസ്റ്റലിലേക്കുള്ള പ്രവേശന കവാടം ഹോസ്റ്റലിലേക്കുള്ള പ്രവേശന കവാടം[/caption]

കളക്ട്രേറ്റിൽ നിന്നും നടന്നെത്തേണ്ടുന്ന ദൂരമേ ഉള്ളൂ കണ്ണൂർ താണയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക്. വീതികൂടിയ പ്രധാന നിരത്തിൽ തന്നെയാണ് കെട്ടിടം. ചുറ്റുമതിലും, തുരുമ്പിച്ചതെങ്കിലും വലിപ്പമുള്ള ഗെയ്റ്റും ഉണ്ട്. പക്ഷെ അകത്തേക്ക് വണ്ടി കടക്കില്ല. റോഡരികിലെ ഡ്രെയിനേജിന് മുകളിൽ ചരിച്ചുവച്ച വീതികുറഞ്ഞ സ്ളാബിലൂടെ ബാലൻസ് ചെയ്തുവേണം അകത്തേക്ക് കയറാൻ. തീവ്രമായ ഒരുപാട് യാഥാർഥ്യങ്ങളെ പ്രതീകാത്മകമായി കാണിച്ചു തരുന്നുണ്ട് ഈ കവാടം തന്നെ.

നാൽപതോളം പേരെ താമസിപ്പിക്കാൻ കഴിയുന്ന നഗര ഹൃദയത്തിൽ തന്നെയുള്ള ഒരു സ്ഥാപനമാണ് ഇത്. പൊട്ടിപ്പൊളിഞ്ഞു നിൽക്കുന്ന മേൽക്കൂരയുൾപ്പെടെ തീർത്തും അപകടാവസ്ഥയിലാണ് കെട്ടിടം. അടുക്കളയിലും മെസ്സിലും ചുമരുകൾ പോലും ദ്രവിച്ച് നിൽക്കുകയാണ്. പുതിയ കെട്ടിടം ഉണ്ടാക്കാൻ പോകുകയാണെന്നും അതല്ല ഇപ്പോഴത്തെ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുകയാണെന്നും ഫണ്ട് പാസായിട്ടുണ്ടെന്നും ഒക്കെ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതുവരെ ഒരു അനക്കവും ഇല്ല.

[caption id="attachment_34034" align="aligncenter" width="640"]അടുക്കളയുടെ അവസ്ഥ ഇങ്ങനെ അടുക്കളയുടെ അവസ്ഥ ഇങ്ങനെ[/caption]

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗുരുതരമായ പകർച്ചപ്പനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പിടിപെട്ട് ഇവിടത്തെ നിരവധി താമസക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ വിഷയം മാധ്യമങ്ങളിൽ ഇടംപിടിക്കുകയും നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഹോസ്റ്റൽ സന്ദർശിക്കുകയും ഒക്കെ ചെയ്തു. പനി മാറിയതോടെ വാർത്തകളും നിന്നു, വാഗ്‌ദാനങ്ങളും എല്ലാവരും മറന്നു.

കാലാകാലങ്ങളിൽ കെട്ടിടത്തിന് നടത്തിയിട്ടുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളിൽ യാതൊരു ഗുണനിലവാരവും പാലിച്ചില്ല. നിലത്ത് പാകിയിട്ടുള്ള ടൈലുകൾ തേഞ്ഞു തീരാറായി. അടുക്കളയിൽ ആകട്ടെ, ടൈലുകൾ പൊട്ടിയടർന്നിരിക്കുന്നു. അടുക്കളയിൽ സ്റ്റവ് സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ ടൈൽ പതിച്ചിട്ടുപോലും ഇല്ല.

[caption id="attachment_34035" align="aligncenter" width="640"]
ടൈൽ പതിച്ചതിന്റെ കേമത്തം
ടൈൽ പതിച്ചതിന്റെ കേമത്തം[/caption]

മേൽക്കൂരയിൽ നിന്നുള്ള ചോർച്ച തടയാനായി ഫാൾസ് സീലിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അതും ചോർച്ചയുടെ വക്കിൽ ആണ്. നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്പോർട്സ് ഹോസ്റ്റലിന്റെ നവീകരണം തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലിനെ പാടെ അവഗണിക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്തത്.

[caption id="attachment_34036" align="aligncenter" width="640"]
മെസ് ഹോളിലെ ഭിത്തിയും ജനാലയും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായ നിലയിൽ
മെസ് ഹോളിലെ ഭിത്തിയും ജനാലയും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായ നിലയിൽ[/caption]

ജില്ലാ ആസ്ഥാനത്തെ ഹോസ്റ്റലിന്റെ അവസ്ഥയിൽ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ല ജില്ലയിലെ മറ്റിടങ്ങളിലും. മിക്കയിടങ്ങളിലും കെട്ടിടം തന്നെ വില്ലൻ. ശ്രീകണ്ഠാപുരത്തും തളിപ്പറമ്പിലും ഉൾപ്പെടെ നിരവധി ഹോസ്റ്റലുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് കാരണമെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വാടക കെട്ടിടമായതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ അത്യാവശ്യമായ ഉയരമുള്ള മതിൽ ഉൾപ്പെടെയുള്ളവ പല ഹോസ്റ്റലിലും ഇല്ല.

അഴീക്കോടുള്ള ഹോസ്റ്റലിന് വേണ്ടി കണ്ണൂർ ബ്ലോക് പഞ്ചായത്ത് കെട്ടിടം നിർമിച്ചിരുന്നുവത്രെ. അഴിമതിയിൽ മുങ്ങിയ നിർമാണം മൂലം വകുപ്പ് അത് ഏറ്റെടുത്തിട്ടില്ലെന്നും കെട്ടിടം അഴിമതിക്കേസിൽ പെട്ടതിനാൽ ഏറ്റെടുത്ത് പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാൻ കഴിയുന്നില്ലെന്നുമൊക്കെ വിവരം ലഭിച്ചതിനാൽ ഞങ്ങൾ അഴീക്കോട് സന്ദർശിച്ചു. അഴീക്കോട് നിവാസികൾക്ക്‌ അത്തരം ഒരു കെട്ടിടത്തെക്കുറിച്ച് അറിയില്ലെന്ന് മാത്രമല്ല, പൂട്ടിയിട്ട് ശോച്യാവസ്ഥയിൽ ആയ പട്ടിക ജാതി വികസന വകുപ്പിന്റെ നിരവധി കെട്ടിടങ്ങൾ - തൊഴിൽപരിശീലന കേന്ദ്രമുൾപ്പെടെ ഞങ്ങൾക്ക് കാണിച്ചു തരികയും ചെയ്തു!

പ്രതികൂലമായ സാഹചര്യങ്ങളിൽ പോലും സ്വന്തം നിലയ്ക്ക് കാര്യങ്ങൾ പരമാവധി ചെയ്യുന്ന ഉദ്യോഗസ്ഥരും വകുപ്പിൽ ഉണ്ട്. ഹോസ്റ്റൽ വാർഡന്റെ ജോലി എന്നത് സാങ്കേതികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഒരു ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു. 24 മണിക്കൂർ ഹോസ്റ്റലിൽ ഉണ്ടാവണമെന്നാണ് നിർദേശം. പക്ഷെ ഒരു തൊഴിലാളി നിയമത്തോടും അത് നീതി പുലർത്തുന്നില്ല. അതിൽ പ്രായോഗികത ഇല്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

[caption id="attachment_34037" align="aligncenter" width="640"]ചോർന്നൊലിക്കുന്ന ഭിത്തി ചോർന്നൊലിക്കുന്ന ഭിത്തി[/caption]

ഹോസ്റ്റലുകളിൽ ഇപ്പോൾ നിലവിലുള്ള വാച്ചർ എന്ന തസ്തികയെ ഡെപ്യൂട്ടി വാർഡൻ എന്ന തസ്തികയാക്കി മാറ്റണമെന്നും, വാർഡനും ഡെപ്യൂട്ടി വാർഡനും ഷിഫ്റ്റ് രീതിയിൽ ജോലിസമയം ക്രമീകരിക്കുന്നതാണ് നല്ലതെന്നും പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉദ്യോഗസ്ഥൻ നാരദാ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർ കണ്ണൂർ സ്വദേശികൾ ആണ്. കണ്ണൂർ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ നിയോജകമണ്ഡലം എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാണ്. ഇത്തവണ ജില്ലയിലെ പോസ്റ്റ് മെട്രിക് പ്രീ മെട്രിക് ഹോസ്റ്റലുകൾക്ക് ശാപമോക്ഷം ഉണ്ടാകും എന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്.

'കാട്ടിലെ തടി - തേവരുടെ ആന - വലിയെടാ വലി' എന്ന ആപ്തവാക്യം അനുസരിച്ച് നീങ്ങുന്ന വികസനപ്രവർത്തനങ്ങൾക്കിടയിൽ ഞെരുങ്ങിപ്പോകുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട്. ഒരു ഫയലിൽ ഒരു ജീവിതമുണ്ട് എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി ഈ വിഷയങ്ങളിൽ എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്നു കാണാം.

Read More >>