താനൂരില്‍ വീണ്ടും പോലീസിന് നേരെ ലീഗ് ആക്രമണം; ഡിവൈഎസ്‌പിയും എസ്ഐയും ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്ക്

ആക്രമിച്ചത് മുന്നൂറോളം വരുന്ന ലീഗ് പ്രവർത്തകർ. തിരൂർ ഡിവൈഎസ്‌പി വി സന്തോഷിന് ഗുരുതര പരിക്ക്.

താനൂരില്‍ വീണ്ടും പോലീസിന് നേരെ ലീഗ് ആക്രമണം; ഡിവൈഎസ്‌പിയും എസ്ഐയും ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരിനടുത്ത് ഉണ്യാല്‍ ആലിന്‍ചുവട് കടപ്പുറത്ത് പോലീസിനു നേരെ വീണ്ടും ലീഗ് ആക്രമണം. മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തിരൂര്‍ ഡിവൈഎസ്‌പി വി സന്തോഷ്, താനൂര്‍ എസ് ഐ സുമേഷ് സുധാകര്‍ ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. മുഖത്തും കൈക്കും പരിക്കേറ്റ ഡിവൈഎസ്‌പിയുടെ നില ഗുരുതരമാണ്.

കഴിഞ്ഞ മാസം 16 നും ലീഗുകാര്‍ ഇവിടെ പോലീസിനെ ആക്രമിച്ചിരുന്നു. അന്ന് എസ് ഐ സുമേഷ് സുധാകര്‍ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.


ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് സിപിഐ(എം) പ്രവര്‍ത്തകരുടെ കടകളും വീടുകളും തകര്‍ക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തില്‍ മുഖത്തും കൈക്കും പരിക്കേറ്റ തിരൂര്‍ ഡിവൈഎസ്‌പി കെ വി സന്തോഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ എസ് ഐ സുമേഷ് സുധാകര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അലോഷ്യസ്, എ ആര്‍ ക്യാമ്പിലെ ഡി കെ മധു, മനോജ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിറമരുതൂര്‍ മങ്ങാട്ട് ഞായറാഴ്ച്ച ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ നില്‍ക്കുമ്പോഴാണ് ആലിന്‍ ചുവടില്‍ സംഘര്‍ഷം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവിടെയെത്തിയ പോലീസിനെ കണ്ടതോടെ മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. മൂന്ന് പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് എസ് ഐ സുമേഷ് സുധാകറിന് പരിക്കേറ്റത്.

കഴിഞ്ഞ മാസം 16 രാത്രി പത്ത് മണിയോടെ കല്ലും ഇരുമ്പുവടിയും ഉപയോഗിച്ച് താനൂര്‍ ചാത്തപ്പടിയിലും പോലീസിനു നേരെ ലീഗ് ആക്രമണം നടത്തിയിരുന്നു. അന്ന് എസ് ഐ സുമേഷ് സുധാകറിന്റെ കാലിനും കയ്യിനും പരിക്കേറ്റിരുന്നു. അഡീഷണല്‍ എസ് ഐ അഭിലാഷ്, പോലീസുകാരായ ജിനേഷ്, അഭിലാഷ് എന്നിവര്‍ക്കാണ് അന്ന് പരിക്കേറ്റത്.

താനൂരില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ ലീഗ്- സിപിഎം സംഘര്‍ഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല.

Read More >>