ഒളിമ്പിക് വനിതാ ഫുട്ബോള്‍: സ്വീഡന്‍, കാനഡ, ബ്രസീല്‍, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം; കാല്‍പ്പന്തുകളിയില്‍ പുരുഷന്‍മാര്‍ ഇന്നിറങ്ങും

ഒളിമ്പിക് പുരുഷ ഫുട്ബോളില്‍ ഇന്ന് ആതിഥേയരായ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍സമയം രാത്രി 12.30നാണ് മത്സരം.

ഒളിമ്പിക് വനിതാ ഫുട്ബോള്‍: സ്വീഡന്‍, കാനഡ, ബ്രസീല്‍, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം; കാല്‍പ്പന്തുകളിയില്‍ പുരുഷന്‍മാര്‍ ഇന്നിറങ്ങും

റിയോ ഡി ജനീറോ: കാല്‍പ്പന്തുകളിയുടെ നാട്ടിലെത്തിയ കായിക മാമാങ്കത്തിന് വനിതകളുടെ ഫുട്ബോള്‍ മത്സരത്തിലൂടെ തുടക്കം. പുരുഷ ഫുട്ബോളിനെന്ന പോലെ വനിതകള്‍ക്ക് പ്രായഭേദമില്ലാത്തതിനാല്‍ അത്യന്തം ആവേശകരമായിരുന്നു ഇന്നലെ നടന്ന മത്സരങ്ങള്‍. ആദ്യദിനം നടന്ന പോരാട്ടങ്ങളില്‍ സ്വീഡനും കാനഡയും ആതിഥേയരായ ബ്രസീലും ജര്‍മനിയും അമേരിക്കയും ഫ്രാന്‍സും വിജയം കണ്ടു.

ആദ്യദിനത്തില്‍ ആറു മത്സരങ്ങളാണ് നടന്നത്. സ്വീഡനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ആദ്യമത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളോടെ സ്വീഡന്‍ വിജയതീരമണഞ്ഞു. 76-ആം മിനിറ്റില്‍ ഫിഷര്‍ നില്ലയായിരുന്നു ഗോള്‍ കണ്ടെത്തിയത്.

കാനഡയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡ വിജയിച്ചു. ബെക്കി ജാനെനും സിന്‍ക്ലയര്‍ ക്രിസ്റ്റിയനുമായിരുന്നു സ്‌കോറര്‍മാര്‍. ചൈനയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു വനിതാ ഫുട്ബോളില്‍ അതിഥേയരായ ബ്രസീലിന്റെ ജയം. മോണിക്ക, ആന്‍ഡ്രിയാസ് ആല്‍വ്സ്, ക്രിസ്റ്റിയാനെ എന്നിവരാണ് ഗോള്‍ നേടിയത്.
താരതമ്യേന ദുര്‍ബലരായ സിംബാബ്വെയെ 6-1 എന്ന ഗോള്‍ ക്രമത്തിലാണ് ജര്‍മന്‍ വനിതകള്‍ കീഴര്‍ക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അമേരിക്ക ന്യൂസിലന്‍ഡിനെ കീഴടക്കിയപ്പോള്‍ ഫ്രാന്‍സ് കൊളംബിയയെയും ആദ്യദിനം കീഴടക്കി. ഏക പക്ഷീയമായ നാലുഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം.

ബ്രസീല്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ
ഒളിമ്പിക് പുരുഷ ഫുട്ബോളില്‍ ഇന്ന് ആതിഥേയരായ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍സമയം രാത്രി 12.30നാണ് മത്സരം. 23 വയസിന് മേല്‍ പ്രായമുള്ള മൂന്നുപേര്‍ക്ക് മാത്രം കളിക്കാന്‍ അനുമതിയുള്ള പുരുഷ ഫുട്ബോളില്‍ ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ഇറങ്ങുന്നത് തന്നെയാകും കാല്‍പ്പന്തുകളിയുടെ ലോകത്തെ ഗാരിഞ്ചയുടെ പേരിലുള്ള സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുക.
ഒളിമ്പിക്സിലെ ഫുട്ബോള്‍ സ്വര്‍ണ്ണം കിട്ടാക്കനിയായ ആതിഥേയര്‍ക്ക് ഇത് ജീവന്‍മരണ പോരാട്ടം കൂടിയാണ്. അഞ്ചുതവണ ലോകചാമ്പ്യന്‍മാരായിട്ടും ഒരു തവണ പോലും ഒളിമ്പിക്സ് ഫുട്ബോള്‍ സ്വര്‍ണ്ണം അണിയാന്‍ ആയിട്ടില്ലെന്ന ദുഷ്പേര് മാറ്റുക കൂടിയാകും അവരുടെ ലക്ഷ്യം. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പ്രധാനമായ കോപ്പ അമേരിക്കയില്‍ പോലും സൂപ്പര്‍താരം നെയ്മറിനെ ഇറക്കാതെ സ്വന്തം നാട്ടില്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ കളിക്കാനിറക്കാന്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനം എടുത്തതിന് പിന്നിലും കാരണം ഇതുതന്നെ.

ചാമ്പ്യന്‍മാരായിട്ടില്ലെങ്കിലും മൂന്നുതവണ ആതിഥേയര്‍ റണ്ണറപ്പുകളായിട്ടുണ്ട്. നെയ്മറെ കൂടാതെ ബയേണ്‍ മ്യൂണിക്ക് താരം ഡഗ്ലസ് കോസ്റ്റ, ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ പ്രാസ് എന്നിവരാണ് ഒളിമ്പിക് ടീമില്‍ ഇറങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍.
ഇതേസമയം 2008ല്‍ ബെയ്ജിങില്‍ നടന്ന ഒളിമ്പിക്സില്‍ മെസി ഉള്‍പ്പെട്ട അര്‍ജന്റൈന്‍ ടീം കിരീടമണിഞ്ഞിരുന്നു. എട്ടുഗോള്‍ നേടിയ കാര്‍ലോസ് ടെവസിന്റെ മികവിലായിരുന്നു അന്നത്തെ സ്വര്‍ണ്ണനേട്ടം. ഏയ്ഞ്ചല്‍ ഡി മരിയ, യുവാന്‍ റോമന്‍, റിക്വല്‍മി, മഷറാനോ, സെര്‍ജിയോ റോമെറോ എന്നിവരും ബെയ്ജിങിലെ അര്‍ജന്റൈന്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് ലോകഫുട്ബോളിലെ മികച്ച താരങ്ങളായെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയിക്കാനായില്ലെന്നതും ഏറ്റവുമൊടുവില്‍ കോപ്പ അമേരിക്കയിലെ തോല്‍വിയും മെസിയുടെയും മഷറാനോയുടെയും വിരമിക്കലും ലോക ഫുട്ബോളിന് തന്നെ കണ്ണീര്‍ വീഴ്ത്തി.
പുതുതാരങ്ങളെ കണ്ടെത്താന്‍ ഒളിമ്പിക് ഫുട്ബോള്‍ ഉപകരിക്കുമെന്ന് തന്നെയാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവം. കാല്‍പ്പന്തുകളിയുടെ തറവാട്ടുമുറ്റത്ത് നടക്കുന്ന ഒളിമ്പിക്സില്‍ സ്വര്‍ണ്ണം അണിയുന്ന യുവാക്കള്‍ പിന്നീട് ലോകം കീഴടക്കുമെന്ന് തന്നെ കരുതാം.

ബ്രസീല്‍ - ദക്ഷിണാഫ്രിക്ക മത്സരം കൂടാതെ എ ഗ്രൂപ്പിലെ തന്നെ ഇറാഖും ഡെന്‍മാര്‍ക്കും ഇന്ന് ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം. ബി ഗ്രൂപ്പില്‍ നാളെ പുലര്‍ച്ചെ 3.30ന് സ്വീഡനും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും. നൈജീരിയയും ജപ്പാനും തമ്മിലുള്ള മത്സരം രാവിലെ 6.30നും നടക്കും.